നിക്കോൺ സെഡ് മൗണ്ടിനായി രണ്ടു പുതിയ മാക്രോ ലെന്‍സുകള്‍ അവതരിപ്പിച്ചു. നിക്കോർ സെഡ് എംസി 105എംഎം എഫ്2.8 വിആര്‍എസ് എസ്, നിക്കോര്‍ സെഡ് എംസി 50 എംഎം എഫ്2.8 എന്നിവയാണ് ലെന്‍സുകള്‍. സെഡ് മൗണ്ടിനുള്ള ആദ്യ മാക്രോ ലെന്‍സുകളാണിവ. ഇവയ്ക്ക് 1:1 അനുപാതത്തിലുള്ള മാഗ്നിഫിക്കേഷനാണ് സാധിക്കുക. ഇവയില്‍ 105എംഎം ലെന്‍സിന് ഒരു പോര്‍ട്രെയ്റ്റ് ലെന്‍സായും ഉപയോഗമുണ്ട്. എന്നാല്‍, 50എംഎം ലെന്‍സിനെ എപ്പോഴും ക്യാമറയ്‌ക്കൊപ്പം പിടിപ്പിച്ചു നടക്കാവുന്ന ഒന്നായും കാണാം. കേവലം 260 ഗ്രാം ആണ് ഇതിന്റെ ഭാരം. നാനോ ക്രിസ്റ്റല്‍കോട്ടിങ്‌സ് ഉള്ള 105എംഎം ലെന്‍സിന് 999 ഡോളറാണ് വിലയെങ്കില്‍, 50എംഎം ലെന്‍സിന് 649.95 ഡോളറായിരിക്കും വില.
∙ ക്യാനന്‍ ആര്‍3 സോണി എ1നെ കടത്തിവെട്ടുമോ?
ക്യാനന്‍ തങ്ങളുടെ മിറര്‍ലെസ് ശ്രേണിയില്‍ പുറത്തിറക്കാനൊരുങ്ങുന്നത് ആര്‍3 എന്ന മോഡലായിരിക്കുമെന്ന് പ്രഖ്യാപിച്ചു. അതിവേഗ ഷൂട്ടിങ് സ്പീഡും മറ്റുമുള്ള ഈ മോഡലിന് 6000 ഡോളറില്‍ താഴെയായിരിക്കും വില. നിലവിലെ സ്റ്റില്ലും വിഡിയോയും ഷൂട്ടുചെയ്യാവുന്ന ക്യാമറകളില്‍ അദ്ഭുതപ്പെടുത്തുന്ന ടെക്‌നോളജി ഉള്‍ക്കൊള്ളിച്ചിറങ്ങിയ സോണി ആല്‍ഫാ 1 മോഡലിനെ വെല്ലുന്ന ഒന്നായിരിക്കുമോ ആര്‍3 എന്നത് ക്യാമറാ പ്രേമികള്‍ക്ക് ആകാംക്ഷ ഉണര്‍ത്തുന്ന കാര്യമാണ്. ആല്‍ഫാ 1 മോഡലിന് 50എംപി സെന്‍സറാണ് ഉള്ളത്. ആര്‍3യെക്കുറിച്ച് പല കാര്യങ്ങളും ക്യാനന്‍ പുറത്തുവിട്ടെങ്കിലും സെന്‍സര്‍ റെസലൂഷനെക്കുറിച്ച് മൗനം പാലിക്കുകയാണ് കമ്പനി. ആര്‍3യില്‍ അത്രയധികം മെഗാപിക്‌സലുള്ള സെന്‍സര്‍ ഉള്‍ക്കൊളളിച്ചേക്കില്ലെന്നാണ് അഭ്യൂഹം. ഇതൊരു 30.5 എംപിയോളം റെസലൂഷനുള്ള ക്യാമറ ആയിരിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഷൂട്ടിങ് സ്പീഡ്, ഓട്ടോഫോക്കസ് തുടങ്ങി മിക്ക മേഖലകളിലും ആല്‍ഫാ 1നൊപ്പമോ മെച്ചമോ ആയ പ്രകടനം പ്രതീക്ഷിക്കുകയും ചെയ്യാം.
∙ 8കെ വിഡിയോ ഷൂട്ടിങ്
ക്യാമറയില്‍ 8കെ വിഡിയോ ഷൂട്ടിങ് സാധ്യമാണോ എന്ന കാര്യവും ക്യാനന്‍ പറഞ്ഞിട്ടില്ല. ഇത് തന്ത്രപരമാണെന്നു കരുതുന്നു. ആര്‍5 ക്യാമറ 8കെയ്ക്ക് പ്രാധാന്യം നല്‍കി ഇറക്കിയതെങ്കിലും ഈ ഫീച്ചര്‍ ഉപയോഗിച്ചാല്‍ ക്യാമറ ചൂടാകുന്നു എന്നത് കമ്പനിക്ക് നാണക്കേടുണ്ടാക്കിയ കാര്യമാണ്. അതേസമയം, അത്യുഗ്രന്‍ സ്റ്റില്‍ ക്യാമറ എന്നോ മറ്റോ പറഞ്ഞ് അവതരിപ്പിച്ചിരുന്നെങ്കില്‍ ഇത്ര വിമര്‍ശനം ഏല്‍ക്കേണ്ടിവരില്ലെന്നാണ് പലരും പറയുന്നത്. എന്തായാലും ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് 8കെയുടെ കാര്യം കമ്പനി പറയാത്തതെന്നു കരുതുന്നവരും ഉണ്ട്.
∙ ആര്‍1 ആയിരിക്കും ക്യാനന്റെ ഏറ്റവും മികച്ച ക്യാമറ?
തങ്ങളുടെ ആര്‍ സീരീസിലെ ഏറ്റവും മികച്ച മോഡലായി ക്യാനന്‍ അവതരിപ്പിക്കാനിരിക്കുന്നത് ആര്‍1 മോഡല്‍ ആയിരിക്കാമെന്നും അഭ്യൂഹമുണ്ട്. ആര്‍1നും ആര്‍5നും ഇടയ്ക്കായരിക്കും ആര്‍3യുടെ സ്ഥാനം എന്നാണ് ചിലര്‍ വാദിക്കുന്നത്. ആര്‍1ല്‍ വളരെ റെസലൂഷന്‍ കൂടിയ സെന്‍സര്‍ ഉപയോഗിച്ചേക്കുമെന്നും കരുതുന്നു. എന്തായാലും സ്‌പോര്‍ട്‌സ്, വൈല്‍ഡ് ലൈഫ് ഷൂട്ടര്‍മാര്‍ക്ക് അത്യുഗ്രന്‍ പ്രകടനം പ്രതീക്ഷിക്കാവുന്ന മോഡലായരിക്കും ആര്‍3 എന്നു കരുതുന്നു.
∙ ആര്‍3, നിക്കോണ്‍ സെഡ് 9 മോഡലുകള്‍ വൈകും?
നിക്കോണ്‍ ഇന്നേവരെ അവതരിപ്പിച്ചതില്‍ വച്ച് ഏറ്റവും മികച്ച ക്യാമറയായിരിക്കും സെഡ്9 എന്നാണ് കരുതുന്നത്. ഈ മോഡലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യം കമ്പനി അറിയിച്ചു കഴിഞ്ഞു. എന്നാല്‍, ഇപ്പോഴത്തെ ആഗോള ചിപ്പ് ദൗര്‍ലഭ്യം പ്രതിസന്ധി നിക്കോണ്‍ കമ്പനിയെയും ബാധിച്ചിട്ടുണ്ട്. ക്യാനന്‍ ആര്‍3, നിക്കോണ്‍ സെഡ്9 തുടങ്ങിയ ക്യാമറകള്‍ക്ക് നിര്‍മാണ പ്രതിസന്ധിയുണ്ടന്നും വാര്‍ത്തകളുണ്ട്.
∙ സ്മാര്‍ട് ഫോണുകള്‍ക്ക് 50എംപി ഐസോസെല്‍ സെന്‍സറുമായി സാംസങ്
സ്മാര്‍ട് ഫോണുകള്‍ക്കായി സാംസങ് 50എംപി റെസലൂഷനുള്ള ഐസോസെല്‍ ജെഎന്‍1 സെന്‍സർ അവതരിപ്പിച്ചു. വ്യാവസായിക ആവശ്യത്തിനായി നിര്‍മിച്ച ലോകത്തെ ഏറ്റവും ചെറിയ പിക്‌സലുകള്‍ ആണ് ഇവയിലുള്ളത്. സെന്‍സറിന്റെ വലുപ്പം കുറയ്ക്കാനാണ് സാംസങ് ചെറിയ പിക്‌സലുകള്‍ ഉപയോഗിച്ചത്. ഐഎസ്ഒ സെന്‍സിറ്റിവിറ്റിയുടെ കാര്യത്തില്‍ മികവു പുലര്‍ത്തുമെന്നു കരുതുന്ന സെന്‍സറിന് 4കെ വിഡിയോ സെക്കന്‍ഡില്‍ 60 ഫ്രെയിം വരെ പിടിച്ചെടുക്കാനാകും. ഫുള്‍ എച്ഡി വിഡിയോ സെക്കന്‍ഡില്‍ 240 ഫ്രെയിമും റെക്കോഡ് ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കും.
∙ പ്രൊഫഷണലുകൾക്ക് ഡ്രോണുമായി സോണി
പ്രൊഫഷണല്‍ ഫൊട്ടോഗ്രഫര്‍മാര്‍ക്കായി സോണി പുറത്തിറക്കിയിരിക്കുന്ന എയര്‍പീക് എസ്1 ഡ്രോണിന് 9000 ഡോളറാണ് വിലയിട്ടിരിക്കുന്നത്. സോണിയുടെ മിറര്‍ലെസ് ക്യാമറകളും വഹിച്ച് പറന്ന് വിഡിയോ റെക്കോഡു ചെയ്യാനുള്ള ശേഷിയായിരിക്കും ഈ ഡ്രോണിനുണ്ടാകുക. ആല്‍ഫാ 9, എ7എസ്, എ7ആര്‍ സീരീസുകളിലെ ക്യാമറകള്‍ ഡ്രോണില്‍ പിടിപ്പിക്കാം. 8കെ വിഡിയോ റെക്കോഡു ചെയ്യാവുന്ന ആല്‍ഫാ 1 ക്യാമറയും ഡ്രോണില്‍ ഉപയോഗിക്കാം. മണിക്കൂറില്‍ 44.7 മൈല്‍ വേഗമുള്ള കാറ്റിനെ മറികടന്ന്, മണിക്കൂറില്‍ 55 മൈല്‍ വേഗം വരെ ആര്‍ജിക്കാനുള്ള കരുത്തുള്ള ഉപകരണമാണ് എയര്‍പീക് എസ്1.
വിവരങ്ങൾക്ക് കടപ്പാട്: നിക്കോൺ, സാംസങ്, സോണി
English Summary: Nikon announces first macro Z lenses: Nikkor Z MC 50mm f/2.8 & Nikkor Z MC 105mm f/2.8 VR S