ADVERTISEMENT

നാളിതുവരെ അവതരിപ്പിച്ചതില്‍ വച്ച് ഏറ്റവും മികച്ചൊരു ക്യാമറാ സങ്കല്‍പ്പമാണ് ചൈനീസ് കമ്പനിയായ യൊങ്ഗ്നുവോ (Yongnuo) യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. സ്മാര്‍ട് ഫോണ്‍ പ്രേമികളില്‍ പലര്‍ക്കും പരമ്പരാഗത ക്യാമറകള്‍ വലുപ്പം, ഭാരം, ഉപയോഗരീതിയും കൊണ്ട് ആകര്‍ഷകമാകാറില്ല. അതേസമയം, സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രഫിയുടെ ലാളിത്യം മികച്ച ഫൊട്ടോഗ്രാഫര്‍മാരെ പോലും ആകര്‍ഷിക്കാറുമുണ്ട്. പുതിയ സ്മാര്‍ട് ഫോണുകളില്‍ അടുത്ത കാലത്തായി കൊണ്ടുവന്നിരിക്കുന്ന കംപ്യൂട്ടേഷനല്‍ ഫൊട്ടോഗ്രഫിയുടെ മികവ് സാമാന്യം വലുപ്പമുള്ള ഒരു ക്യാമറാ സെന്‍സറിനൊപ്പം ലഭിച്ചിരുന്നെങ്കില്‍ എന്നായിരിക്കും ഫൊട്ടോഗ്രാഫര്‍മാര്‍ ആഗ്രഹിക്കുക. എന്നാൽ, സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രഫിയുടെ സാധ്യതകൾ ക്യാമറകളില്‍ കാണാനായെങ്കില്‍ എന്നായരിക്കും ഫോണ്‍ ഫൊട്ടോഗ്രഫി ഇഷ്ടപ്പെടുന്നവര്‍ കരുതുക. ഈ സാധ്യത മുന്നിൽകണ്ട് സ്മാര്‍ട് ഫോണ്‍, വ്‌ളോഗിങ് പ്രേമികളെ ആകര്‍ഷിക്കാനുള്ള ശ്രമമാണ് യൊങ്ഗ്നുവോ നടത്തിയിരിക്കുന്നത്. ക്യാമറയുടെ പ്രകടനം എങ്ങനെയിരിക്കുമെന്ന് അറിഞ്ഞിട്ടില്ലെങ്കിലും കമ്പനിയുടെ പരിശ്രമത്തെ പുകഴ്ത്താത്തവരില്ല. 

 

യൊങ്ഗ്നുവോ വൈഎന്‍450എം എന്നു പേരിട്ടിരിക്കുന്ന ക്യാമറ നിർമിക്കാന്‍ ഫോണിന്റെ ചേരുവകളാണ് ഉപയോഗിച്ചിരിക്കുന്നത്. ക്വാല്‍കം സ്‌നാപ്ഡ്രാഗനിന്റെ 8-കോറുള്ള, 2.2 ഗിഗാഹെട്‌സ് സിസ്റ്റം ഓണ്‍ ചിപ് 660 പ്രോസസര്‍ കേന്ദ്രീകരിച്ചാണ് ക്യാമറ നിര്‍മിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് 64ജിബി ആന്തരിക സംഭരണശേഷി, 256 ജിബി വരെ സംഭരണശേഷിയുള്ള മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്, നാനോ സിം സ്ലോട്ട് (2ജി, 3ജി, 4ജി), ഇരട്ട യുഎസ്ബി-സി പോര്‍ട്ടുകൾ, 3.5 എംഎം ഹെഡ് ഫോണ്‍/മൈക്രോഫോണ്‍ ജാക്ക്, വൈ-ഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി, 4400എംഎഎച് ബാറ്ററിയും ഉണ്ട്. പുതിയ ക്യാമറയ്ക്ക് 5-ഇഞ്ച് വലുപ്പമുള്ള ടില്‍റ്റു ചെയ്യാവുന്ന ടച്‌സ്‌ക്രീനും ഉണ്ട്. ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറയുടെ കേന്ദ്ര സ്ഥാനത്ത് 20 എംപി മൈക്രോ ഫോര്‍ തേഡ്‌സ് സെന്‍സറാണെന്ന് സ്ലാഷ്ഗിയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ഒരു സ്മാര്‍ട് ഫോണും ഇത്രയധികം വലുപ്പമുളള സെന്‍സര്‍ ഉപയോഗിച്ചിട്ടില്ല. അത് അത്ര എളുപ്പവുമല്ല. ഷഓമി മുതല്‍ ആപ്പിള്‍ വരെയുള്ള കമ്പനികള്‍ 1'' വലുപ്പമുള്ള സെന്‍സര്‍ ഉപയോഗിച്ചുള്ള ഫോണുകള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍, അതിനേക്കാള്‍ വലുപ്പമുള്ള സെന്‍സറാണ് യൊങ്ഗ്നുവോ ഉപയോഗിച്ചിരിക്കുന്നത്. 

 

ആന്‍ഡ്രോയിഡ് 10ല്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫോണില്‍ ചെയ്യാവുന്നതെല്ലാം യൊങ്ഗ്നുവോ ക്യാമറയിലും ചെയ്യാമെന്നതിനാല്‍ സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ക്ക് ഇത് ആകര്‍ഷകമായേക്കാം. ഇന്റര്‍നെറ്റ് ബ്രൗസു ചെയ്യാം, ഇന്‍സ്റ്റഗ്രാമിലേക്കും ഫെയ്‌സ്ബുക്കിലേക്കും മറ്റും ഫോട്ടോകളും വിഡിയോകളും നേരിട്ട് അപ്‌ലോഡ് ചെയ്യാം, ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം, തുടങ്ങി പലതും സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രിയങ്കരമായേക്കും. സെക്കന്‍ഡില്‍ 30 ഫ്രെയിം വച്ച് 4കെ വിഡിയോ റെക്കോഡ് ചെയ്യാമെന്നത് ലൈവ് സ്ട്രീമിങ്, വ്‌ളോഗിങ് തുടങ്ങിയവ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ക്യാമറ ഇഷ്ടപ്പെടാന്‍ കാരണമായേക്കാം. അതേസമയം ക്യാമറയ്ക്ക് 670 ഗ്രാം ഭാരമുണ്ടെന്നത് പലര്‍ക്കും ആകര്‍ഷകമാകണമെന്നില്ല. പുതിയ മോഡലിന് ഏകദേശം 600 ഡോളറായിരിക്കും വില. ഈ ക്യാമറ ചൈനയ്ക്കു പുറത്ത് എന്നു മുതലാണ് വില്‍ക്കുക എന്ന കാര്യം കമ്പനി പറഞ്ഞിട്ടില്ല. 

 

ക്യാനന്‍, സോണി, നിക്കോണ്‍ തുടങ്ങിയ മുന്‍നിര ക്യാമറാ കമ്പനികള്‍ അത്ര ശ്രദ്ധിക്കാതിരുന്ന ഒരു മേഖലയിലേക്ക് കടന്നു ചെന്നതിനാണ് യൊങ്ഗ്നുവോ കൈയ്യടി നേടുന്നത്. ആന്‍ഡ്രോയിഡിലെ 'ജിക്യാം' (GCam) തുടങ്ങിയ ആപ്പുകള്‍ പുതിയ ക്യാമറയില്‍ പരീക്ഷിക്കാന്‍ കൊതിക്കുന്നു എന്നു പറയുന്നവരും ഉണ്ട്. ഇതാദ്യമായല്ല ആന്‍ഡ്രോയിഡ് കേന്ദ്രീകൃതമായ ക്യാമറകള്‍ ഇറക്കിയിരിക്കുന്നത്. യൊങ്ഗ്നുവോ തന്നെയും, സാംസങും മറ്റും ഇത്തരം ക്യാമറകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ക്യാമറ ശ്രദ്ധേയമാകുന്നത് വലുപ്പം കൂടിയ സെന്‍സര്‍, താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഉപയോഗിച്ചിരിക്കുന്നതിനാലാണ്. വലുപ്പം കൂടിയ സെന്‍സറുള്ള ഒരു ആന്‍ഡ്രോയിഡ് ക്യാമറയും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്- സൈസ് സെഡ്എക്‌സ്1. ഇതിനാകട്ടെ 6,000 ഡോളറായിരുന്നു വിലയിട്ടിരുന്നത്. യൊങ്ഗ്നുവോയുടെ ക്യാമറ മികച്ച ഫോട്ടോകള്‍ എടുക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കപ്പെട്ടാല്‍ പല കമ്പനികളും ഈ വഴിക്കു നീങ്ങിയേക്കാം. 

 

∙ പുതിയ 21എംപി മൈക്രോ ഫോര്‍ തേഡ്‌സ് സെന്‍സറുമായി സോണി

 

സോണിയുടെ സെമികണ്‍ഡക്ടര്‍ കമ്പനി പുതിയ 21.46 എംപി സ്റ്റാക്ഡ് സീമോസ് പുറത്തിറക്കുന്നു. മികച്ച വിഡിയോ റെക്കോഡിങ് ശേഷിയായിരിക്കും ഈ സെന്‍സറിന്റെ കരുത്ത്. സെക്കന്‍ഡില്‍ 120 ഫ്രെയിം വരെ സെന്‍സറിന്റെ മുഴുവന്‍ പ്രതലവും ഉള്‍ക്കൊള്ളിച്ച് റീഡ്-ഔട്ട് നടത്താനാകും. മൈക്രോ ഫോര്‍ തേഡ്‌സ് ക്യമാറകള്‍ക്ക് ഇതുവരെ ഇറങ്ങിയിരിക്കുന്നതിൽ വച്ച് ഏറ്റവും മികച്ച സെന്‍സറുകളിലൊന്നായിരിക്കും ഇതെന്നു കരുതുന്നു.

 

∙ പുതിയ ജെയ്‌പെയ്ഗ് ഫയല്‍ ഫോര്‍മാറ്റ് വരുന്നു

 

ജെയ്‌പെഗ് എക്‌സ്എല്‍ എന്ന പേരില്‍ പുതിയ ഫയല്‍ ഫോര്‍മാറ്റ് കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം ഡവലപ്പര്‍മാര്‍. പുതിയ ഫയല്‍ ഫോര്‍മാറ്റിന് സൈസ് കുറവായിരിക്കും എന്നതടക്കം പല ഗുണങ്ങളും ഉണ്ടായിരിക്കും. 

 

∙ ഫോട്ടോ എഡിറ്റു ചെയ്‌തോ എന്ന് വ്യക്തമാക്കണമെന്ന നിയമവുമായി നോര്‍വെ

 

കാലിക പ്രസക്തമായ ഒരു നിയമമാണ് നോര്‍വെ പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിലും മറ്റും പോസ്റ്റു ചെയ്യുമ്പോള്‍ അത് എഡിറ്റു ചെയ്തതാണോ എന്നു വ്യക്തമാക്കണം എന്നാണ് പുതിയ നിയമം. പരസ്യക്കാര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, സെലിബ്രിറ്റികള്‍ തുടങ്ങി എല്ലാവര്‍ക്കും ബാധകമായിരിക്കും പുതിയ നിയമം. 

 

∙ ക്യാനന്‍ 799 ഡോളറിന് ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ ഇറക്കിയേക്കുമെന്ന്

 

ലോകത്തെ ഏറ്റവും വില കുറഞ്ഞ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകളിലൊന്നായ ഇഒഎസ് ആര്‍പി ഇറക്കിയ ക്യാനന്‍ അതിലും വില കുറഞ്ഞ ഒരു ഫുള്‍ ഫ്രെയിം ക്യാമറ അടുത്ത വര്‍ഷം ആദ്യം ഇറക്കിയേക്കുമെന്ന് ക്യനന്‍ റൂമേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ ഫുള്‍ ഫ്രെയിം ക്യാമറയ്ക്ക് 799 ഡോളര്‍ വിലയേ കാണൂ എന്നും, ചെറിയ സെന്‍സറുകളുള്ള ക്യാമറകള്‍ ഉപയോഗിക്കുന്നവരെ ആകര്‍ഷിക്കാന്‍ പതുയി മോഡലിനായേക്കുമെന്നും പറയുന്നു. 

 

കടപ്പാട്: സ്ലാഷ്ഗിയര്‍, ദി ഹില്‍, സോണി, ക്യാനന്‍ റൂമേഴ്‌സ്

 

English Summary: Yongnuo unveils the YN455, a new Android powered mirrorless camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com