ADVERTISEMENT

സോണി ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയുടെ ആരാധകർക്കും ആദ്യ മിറര്‍ലെസ് ക്യാമറ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കും ആവേശം പകരുന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എ7 സീരീസിലെ നാലാം തലമുറ ക്യാമറ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് സോണി. എ7 IV ക്യാമറയെക്കുറിച്ചുള്ള വിവരങ്ങൾ ഒക്ടോബറിൽ പങ്കുവച്ചേക്കുമെന്നാണ് സോണി ആല്‍ഫാ റൂമേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ക്യമറയ്ക്ക് നിലവിലുളള എ7 3യെ പോലെ 24എംപിയോ, 33എംപിയോ റെസലൂഷനുള്ള സെന്‍സറായിരിക്കും ഉണ്ടായിരിക്കുക. 

 

കമ്പനി നേരത്തെ പുറത്തിറക്കിയ എ1 മോഡലാണ് ഇതുവരെ ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ആധുനിക ടെക്‌നോളജികള്‍ അടങ്ങുന്ന മോഡലുകളിലൊന്ന്. ഇതില്‍ ഉള്‍ക്കൊള്ളിച്ച സാങ്കേതികവിദ്യകളില്‍ എന്തെല്ലാമായിരിക്കും താരതമ്യേന വില കുറഞ്ഞ ബോഡിയായ എ7 4ല്‍ എത്തുക എന്നുള്ളതും ക്യാമറാ പ്രേമികള്‍ കാത്തിരിക്കുന്ന കാര്യങ്ങളിലൊന്നാണ്. മറ്റൊരു പരിഗണന വിലയാണ്. ക്യാനന്‍ ആര്‍6ന്റെ വിലയ്ക്കായിയിരിക്കും ഇത് അവതരിപ്പിക്കുക എങ്കില്‍ തുടക്ക മിറര്‍ലെസ് ക്യാമറാ മേഖലയിലേക്ക് ഒരു വന്‍ കടന്നുകയറ്റം തന്നെ സോണി നടത്തിയേക്കാമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

 

∙ഒന്നു ചിരിക്കാം! കോമഡി വൈല്‍ഡ്‌ലൈഫ് ഫൊട്ടോഗ്രാഫി മത്സരത്തില്‍ വോട്ടു ചെയ്യാം 

 

ജീവികളുടെ മുഖഭാവങ്ങളും ശരീരഭാഷയും ചിലപ്പോഴെങ്കിലും ചിരിയുണര്‍ത്താറുണ്ട്. ഇത്തരം മികച്ച മുഹൂര്‍ത്തങ്ങള്‍ക്ക് സമ്മാനം നല്‍കുന്ന മത്സരമാണ് കോമഡി വൈല്‍ഡ്‌ലൈഫ് ഫൊട്ടോഗ്രഫി കോണ്ടസ്റ്റ്. മൃഗങ്ങളേക്കുറിച്ചും പക്ഷികളെക്കുറിച്ചുമുള്ള അവബോധം മെച്ചപ്പെടുത്താനും ഇത്തരം ചിത്രങ്ങള്‍ ഉപകരിക്കുമെന്നതിനാല്‍ ലോകത്ത് ഏറ്റവുമധികം ജനസമ്മതിയുള്ള മത്സരങ്ങളിലൊന്നുമാണിത്. ഈ വര്‍ഷത്തെ മത്സരത്തിനെത്തിയ ചിത്രങ്ങളില്‍ നിന്ന് 42 എണ്ണമാണ് വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഓരോന്നിനും അടിക്കുറിപ്പുകളും ഉണ്ട്. 'വോട്ട് ഫോര്‍ ദിസ് ഇമേജ്' ൽ ക്ലിക്കു ചെയ്താല്‍ വോട്ടു ചെയ്യാവുന്നതാണ്. മുഴുവന്‍ ചിത്രങ്ങളും കാണാനും വോട്ടു ചെയ്യാനും ഈ ലിങ്ക് ഉപയോഗിക്കാം: https://bit.ly/3gUZiCo മുന്‍ വര്‍ഷത്തെ ചിത്രങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

 

∙ ബ്രിട്ടനിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സി സോണിയുമായി സഖ്യത്തില്‍

 

ഡെയ്‌ലി മെയില്‍ തുടങ്ങിയ പ്രസിദ്ധീകരങ്ങളുടെ പിതൃകമ്പനിയും, പ്രസ് അസോസിയേഷന്‍ എന്നറിയപ്പെടുന്ന ബ്രിട്ടനിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സി പിഎ ഇനി സോണി ക്യാമറകള്‍ ഉപയോഗിക്കും. കമ്പനിക്ക് ഏകദേശം നൂറോളം ഫൊട്ടോഗ്രാഫര്‍മാരും വിഡിയോഗ്രാഫര്‍മാരും ആണുള്ളത്. സോണി യുകെയാണ് ഈ വിവരം പങ്കുവച്ചത്. നേരത്തെ ലോകത്തെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സികളിലൊന്നായ അസോസിയേറ്റഡ് പ്രസും (എപി) സോണി ക്യാമറകളും ലെന്‍സുകളും ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു.

 

∙ ക്യാനന്‍ ആര്‍3യും ഉടന്‍?

 

ക്യാനന്റെ പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് ഷൂട്ടര്‍മാര്‍ക്കുള്ള ബോഡിയായ ആര്‍3യും വൈകാതെ അവതരിപ്പിക്കുമെന്ന് ടെക് റഡാര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ ഷൂട്ടു ചെയ്യാൻ ശേഷിയുള്ള ഈ ക്യാമറാ ബോഡിക്ക് 24എംപി റെസലൂഷനുള്ള സെന്‍സറായിരിക്കും ഉള്‍ക്കൊള്ളിക്കുക. ആര്‍3യെക്കുറിച്ച് ക്യാനന്‍ പുറത്തിറക്കിയ വിഡിയോ കാണാം: https://youtu.be/gBw1P8OhBkA

 

∙ ക്യാനന്‍ ലെന്‍സുകളുടെ വില വര്‍ധിപ്പിച്ചു

 

ക്യാനന്‍ വലിയ ബഹളമില്ലാതെ ചില ക്യാമറകളുടെയും ലെന്‍സുകളുടെയും വില വർധിപ്പിച്ചതായി ഇന്റര്‍നെറ്റ് ആര്‍ക്കൈവിന്റെ രേഖകളില്‍ കാണാം. ക്യാനന്‍ 5ഡി മാര്‍ക്4ന്റെ വില 2,499 ഡോളറില്‍ നിന്ന് 2,699 ഡോളറായി വര്‍ധിപ്പിച്ചു. പല ആര്‍എഫ് ലെന്‍സുകള്‍ക്കും 100 ഡോളര്‍ വച്ച് വില വര്‍ധിപ്പിച്ചിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇത് എല്ലാ വിപണികളിലും പ്രതിഫലിച്ചു തുടങ്ങിയോ എന്ന് വ്യക്തമല്ല.

 

∙ പാനസോണിക് ലൂമിക്‌സ് എസ്24 എഫ്1.8 ലെന്‍സ് പുറത്തിറക്കി

 

വിഡിയോ ഷൂട്ടര്‍മാര്‍ക്ക് പ്രിയങ്കരമായ ബ്രാന്‍ഡുകളിലൊന്നായ പാനസോണിക് പുതിയൊരു വൈഡ് ആംഗിള്‍ പ്രൈം ലെന്‍സ് അവതരിപ്പിച്ചു - ലൂമിക്‌സ് എസ് 24 എഫ്1.8എല്‍. ഒക്ടോബര്‍ മുതല്‍ വാങ്ങാന്‍ സാധിക്കുന്ന ലെന്‍സിന്റെ വില 899 ഡോളറായിരിക്കും.

 

∙ ഗോഡോക്‌സ് വി860 3 ഫ്‌ളാഷിന് മോഡലിങ് ലൈറ്റും

 

ഗോഡോക്‌സിന്റെ വി860 ഫ്‌ളാഷിന്റെ മൂന്നാം തലമുറയിലെ ഫ്‌ളാഷ് പുറത്തിറക്കി. മോഡലിങ് ലൈറ്റാണ് ഇതിന്റെ പുതുമകളിലൊന്ന്. പ്രധാനപ്പെട്ട മിക്ക ക്യാമറ ബ്രാന്‍ഡുകള്‍ക്കുമായി വ്യത്യസ്ത വേരിയന്റുകള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 229 ഡോളറാണ് വില.

 

∙ ദേശീയ പാര്‍ക്കുകളില്‍ സെല്‍ഫി സ്റ്റേഷനുകള്‍ അവതരിപ്പിക്കാന്‍ അമേരിക്ക

 

ദേശീയ പാര്‍ക്കുകളില്‍ സെല്‍ഫിയ്ക്കായി ചില മേഖലകള്‍ ഒഴിച്ചിടാന്‍ തുടങ്ങിയിരിക്കുകയാണ് അമേരിക്ക. ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് ഇത്. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയതോടെ വിവിധ ടൂറിസം മേഖലകളിലേക്ക് ഇടിച്ചുകയറുകയാണ് ആളുകള്‍. ആര്‍ച്ചസ് നാഷണല്‍ പാര്‍ക്ക് സന്ദര്‍ശക ബാഹുല്യം മൂലം ഈ വര്‍ഷം 120 തവണ അടച്ചിടേണ്ടതായി വന്നുവെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. യെലൊസ്‌റ്റോണില്‍ 2021 ജൂലൈയില്‍ പത്ത് ലക്ഷം സന്ദര്‍ശകരാണ് എത്തിയത്. പ്രശസ്തമായ പ്രദേശങ്ങളുടെ ഫോട്ടോ എടുക്കാനും അവിടെ നിന്ന് സെല്‍ഫി പകർത്തുന്നവരും വര്‍ധിച്ചതോടെയാണ് പുതിയ ക്രമീകരണങ്ങളെക്കുറിച്ച് ദേശിയ പാര്‍ക്ക് അധികൃതര്‍ ആലോചിച്ചു തുടങ്ങിയത്.

 

∙ പതിനഞ്ചു വര്‍ഷത്തിനിടയില്‍ ചിത്രീകരിച്ച ടൈംലാപ്‌സ് ഫുട്ടേജുമായി 'ഫന്റാസ്റ്റിക് ഫംഗൈ'

 

ഡയറക്ടര്‍ ലൂയി സ്വാര്‍ട്‌സ്ബര്‍ഗ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറക്കിയ ഫന്റാസ്റ്റിക് ഫംഗൈ എന്ന സിനിമ കഴിഞ്ഞ ദിവസങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സിലും പ്രദര്‍ശിപ്പിച്ചു തുടങ്ങി. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ പ്രകൃതിയ്ക്ക് മനുഷ്യര്‍ ഏല്‍പ്പിച്ച മുറിവുകളെക്കുറിച്ച് അവബോധമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സിനിമ. ഭക്ഷണയോഗ്യമായ കൂണുകള്‍ അടക്കമുള്ള വൈവിധ്യമേറിയ ജീവജാലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ ഡോക്യുമെന്ററി ചിത്രീകരിച്ചത് 15 വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായാണ്. ഈ മാസ്മരിക ചിത്രത്തിന്റെ ട്രെയിലര്‍ ഇവിടെ കാണാം: https://youtu.be/bxABOiay6oA

 

English Summary: Sony A7 IV release date, price, rumors and leaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com