ADVERTISEMENT

വിഡിയോ ഷൂട്ടു ചെയ്ത ശേഷം അതിന്റെ ഡെപ്ത്ഓഫ് ഫീല്‍ഡ് മാറ്റാന്‍ സാധിക്കുമെന്നതാണ് പുതിയ ഐഫോണ്‍ പ്രോ മോഡലുകളില്‍ കൊണ്ടുവന്നിരിക്കുന്ന പ്രധാന മാറ്റം. ഇതുവഴി, നിങ്ങള്‍ ഷൂട്ടു ചെയ്യുന്ന സീനില്‍ മുന്നിലും പിന്നിലുമായി രണ്ടു പേര്‍ നില്‍ക്കുന്നുണ്ടെങ്കില്‍ ഒരാളില്‍ മാത്രമായി ഫോക്കസ് കേന്ദ്രീകരിക്കാന്‍ സാധിക്കും. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഫോക്കസ് മാറ്റുകയും ചെയ്യാം. ഇതെല്ലാം, ഷൂട്ടിങ്ങിനു ശേഷം ചെയ്യാവുന്ന കാര്യങ്ങളാണ് എന്നു മനസ്സില്‍ വയ്ക്കണം. ഇത് 2012ല്‍ പുറത്തിറക്കിയ ലൈട്രോ ക്യാമറയില്‍ കണ്ട അതേ ഫീച്ചറാണെന്നു വേണമെങ്കില്‍ പറയാം. ‘ഇപ്പോള്‍ ഫോട്ടോ എടുക്കൂ എവിടെ വേണമെങ്കിലും ഫോക്കസ് ചെയ്യൂ’ എന്നായിരുന്നു ലൈട്രോയുടെ മുദ്രാവാക്യം. (കൂടുതല്‍ വായിക്കാം: https://bit.ly/3lsK8Wm. ) ആപ്പിളിന്റെ ഐഫോണ്‍ 13 പ്രോ മോഡലുകളിലും ലൈട്രോയുടെ ലൈറ്റ് ആന്‍ഡ് ഫീല്‍ഡ് സങ്കല്‍പമാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് പറയാം. എന്നാല്‍, അവര്‍ അന്ന് ശ്രദ്ധ കേന്ദ്രീകരിച്ചത് ഫോട്ടോയുടെ കാര്യത്തിലാണ്. എന്തായാലും ഐഫോണ്‍ 13 പ്രോ മോഡലുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ലൈട്രോ ക്യാമറ കൂടി പോക്കറ്റില്‍ വയ്ക്കാം.

 

ഐഫോണ്‍ 13 പ്രോ, 13 പ്രോ മാക്‌സ് ക്യാമറകളില്‍ 'സ്‌റ്റീരിയോ ഡിസ്പാരിറ്റി' എന്ന സങ്കേതം ഉപയോഗിച്ച് വൈഡ്, അള്‍ട്രാ വൈഡ് ക്യാമറകള്‍ വഴി ഒരു ഡെപ്ത് മാപ്പ് തയാറാക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഇതു പ്രയോജനപ്പെടുത്തി ഉപയോക്താവ് ആവശ്യപ്പെടുന്ന ഡെപ്തിലേക്ക് ഫുട്ടേജിനെ മാറ്റുന്നു. ഇങ്ങനെ ഒരു സീനില്‍ മുന്നിലും പിന്നിലും നില്‍ക്കുന്ന വ്യക്തിയെ വിഡിയോ പകര്‍ത്തിയ ശേഷം ഫോക്കസിലാക്കുകയോ, ഫോക്കസില്‍ അല്ലാതാക്കുകയോ ചെയ്യാം. ഈ പുതിയ ഫോണുകളില്‍ ഐഫോണ്‍ 12 സീരീസ് ഫോണുകളെ അപേക്ഷിച്ചു പോലും അല്‍പം കൂടി വലിയ സെന്‍സറുകള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ അവയ്ക്ക് സ്വാഭാവികമായി ഡെപ്ത് ഓഫ് ഫീല്‍ഡ് കുറവാണ് എന്നതും ഗുണം ചെയ്യും. ഷൂട്ടു ചെയ്ത സീനിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം ഫോക്കസിലാക്കി ബാക്കി അവ്യക്തമാക്കാന്‍ സാധിക്കും, ലൈട്രോ ചെയ്തിരുന്നതു പോലെ. ഇതിനെ ഫോക്കസ് റാക്കുകള്‍ എന്നു വിളിക്കുന്നു. 

 

∙ പോര്‍ട്രെയ്റ്റ് മോഡിലും പശ്ചാത്തലം അവ്യക്തമാക്കാന്‍ ഇത് ഉപയോഗിക്കാം

 

എന്തായാലും ഡെപ്ത് മാപ്പിങ് വഴി പോര്‍ട്രെയ്റ്റ് മോഡിലും പശ്ചാത്തലം മുന്‍ മോഡലുകളെ അപേക്ഷിച്ച് കൂടുതല്‍ അവ്യക്തമാക്കാം. ഇങ്ങനെ അവ്യക്തമാക്കുന്ന ചിത്രങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളിലും മറ്റും ഇപ്പോള്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും കാണാം.

 

iphone-13-

∙ വിഡിയോ ഷൂട്ടിങ്ങിന് പ്രാധാന്യം

 

എന്തായാലും വെറുതെ ഫോക്കസ് മാറ്റല്‍ മാത്രമല്ല തങ്ങളുടെ പുതിയ പ്രോ മോഡല്‍ ക്യാമറകള്‍ ചെയ്യുന്നത് എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. സിനിമറ്റോഗ്രാഫി എന്ന കല സസൂക്ഷ്മം പഠിച്ചാണ് വിഡിയോ ഷൂട്ടിങ് കൂടുതല്‍ സര്‍ഗാത്മകമാക്കുന്നത് എന്നാണ് കമ്പനിയുടെ അവകാശവാദം. വലിയ ഡയറക്ടര്‍മാരുടെ രീതികള്‍ പരീക്ഷിച്ചു നോക്കാം. ഐഫോണ്‍ 13 പ്രോ മോഡലുകളുടെ ക്യാമറകള്‍ക്ക് ഒരാള്‍ സീനിലേക്കു കടന്നു വരുന്നത് ബുദ്ധിപൂര്‍വം മുന്‍കൂട്ടിക്കാണാനാകുമെന്നാണ് ആപ്പിളിന്റെ ഹ്യൂമന്‍ ഇന്റര്‍ഫെയ്‌സ് ഡിസൈനറായ ജോണ്‍ മന്‍സാരി അവകാശപ്പെടുന്നത്. അള്‍ട്രാവൈഡ് ക്യാമറ നല്‍കുന്ന അധിക വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചായിരിക്കും ഇതു ചെയ്യുക എന്ന കരുതാം. ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തെ നോക്കുമ്പോള്‍ ഫോക്കസ് രണ്ടാമത്തെ കഥാപാത്രത്തിലാക്കാന്‍ ഐഫോണ്‍ 13 പ്രോ മോഡലുകള്‍ക്ക് സാധിക്കും. സീനില്‍ മുന്നിലുള്ള ആളിലേക്ക് ഫോക്കസ് ക്രമീകരിക്കാന്‍ സാധിക്കും. ഇനി പിന്നിലുള്ള ആളിലാണ് ഫോക്കസ് വേണ്ടതെങ്കില്‍ അയാളില്‍ ടാപ്പു ചെയ്താല്‍ മതി.

 

∙ ഇതെല്ലാം പുതിയതോ?

 

ഇതൊന്നും തന്നെ പുതിയതല്ല. എന്നാല്‍, പുതിയ ഓട്ടോഫോക്കസ് അല്‍ഗോറിതങ്ങളുടെ സഹായത്തോടെ മികച്ച ഫുട്ടേജ് തന്നെ എഡിറ്റിങ് സമയത്ത് ലഭ്യമാക്കുന്നു എന്നതാണ് ഒരു സവിശേഷത. എന്നാല്‍, ഇങ്ങനെ ചിത്രീകരിച്ച ശേഷം എഡിറ്റു ചെയ്യുന്ന രീതി മൊബൈല്‍ സിനിമറ്റോഗ്രാഫിയെ മാത്രമല്ല മൊത്തം സിനിമറ്റോഗ്രാഫിക്കും കാലക്രമേണ മാറ്റം വരുത്തിയേക്കാമെന്നും അഭിപ്രായമുണ്ട്. എന്നാല്‍, ആപ്പിള്‍ അവകാശപ്പെടുന്ന രീതിയിലുള്ള മികവ് ഐഫോണില്‍ ചിത്രീകരിച്ച്, എഡിറ്റു ചെയ്‌തെടുക്കുന്ന വിഡിയോയ്ക്ക് ഉണ്ടാകുമോ എന്നതൊക്കെ പരീക്ഷിച്ചറിയേണ്ട കാര്യവുമാണ്. അറിഞ്ഞുവയ്‌ക്കേണ്ട മറ്റൊരു കാര്യം സിനിമാറ്റിക് മോഡ് 1080പി, 30എഫ്പിഎസില്‍ ഒതുക്കിയിരിക്കുന്നു എന്നതാണ്. എന്തായാലും ഇത് ഡോള്‍ബി വിഷന്‍ എച്ഡിആര്‍ മോഡില്‍ ലഭ്യമാണ്. 

 

∙ വാദം കപടമോ?

 

അതേസമയം, ഷൂട്ട് ചെയ്ത ശേഷം ഡെപ്ത് ഓഫ് ഫീല്‍ഡ് ക്രമീകരിക്കാമെന്ന ആപ്പിളിന്റെ അവകാശവാദം എത്രമാത്രം ശരിയാണ് എന്ന ചോദ്യവും ഉയരുന്നു. ഡെപ്ത് ഓഫ് ഫീല്‍ഡിന് ഒന്നും ഒരു മാറ്റവും വരുത്തുന്നുണ്ടാവില്ല. മറിച്ച് ഒരു ഓട്ടോ-ബ്ലേര്‍ അല്‍ഗോറിതം പ്രയോഗിക്കുകയായിരിക്കും ചെയ്യുന്നതെന്ന് അനുമാനിക്കുന്നവരും ഉണ്ട്. ഇങ്ങനെ അവ്യക്തമാക്കുന്നതിനെ ഡെപ്ത് ഓഫ് ഫീല്‍ഡ് എന്നു വിളിക്കുന്നത് സാങ്കേതികമായി ശരിയല്ലെന്നും പറയുന്നു. ഇങ്ങനെ എഡിറ്റു ചെയ്ത വിഡിയോകള്‍ അരോചകമായേക്കാമെന്നാണ് വാദം. എന്തായാലും അതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്. ഫൊട്ടോഗ്രഫിയിലും വിഡിയോഗ്രഫിയിലും മികച്ച ഉള്‍ക്കാഴ്ച പ്രകടിപ്പിച്ചു വന്ന കമ്പനിയായ ആപ്പിള്‍ തീര്‍ത്തും വ്യാജമെന്നു തോന്നിപ്പിക്കുന്ന ഒന്നും കൊണ്ടുവരാന്‍ സാധ്യതയില്ല. എന്തായാലും പുതിയ ഫീച്ചര്‍ ഉപയോഗിച്ചു പകര്‍ത്തിയ വിഡിയോകള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി എത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

 

English Summary: How important is iPhone 13 ‘Cinematic Mode’ videography?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com