വ്യൂഫൈന്‍ഡറിലൂടെ നോക്കുന്നിടത്തു ഫോക്കസ് ഉറപ്പിക്കാവുന്ന മാന്ത്രികവിദ്യയാണ് ക്യാനന്റെ ഏറ്റവും പുതിയ ക്യാമറയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ വിപണിയിലുള്ള ക്യാമറകളില്‍ ഈ സാങ്കേതികവിദ്യയുള്ള ഏക ക്യാമറയാണ് ക്യാനന്റെ ഇഒഎസ് ആര്‍3. കമ്പനി ഇന്നേവരെ ഇറക്കിയിരിക്കുന്ന എല്ലാ ക്യാമറകളെക്കാളും പ്രൊഫഷണല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊളളുന്ന ബോഡിയുമാണിത്. ഫീച്ചറുകളെക്കുറിച്ചെല്ലാം മറ്റൊരു ലേഖനത്തില്‍ വിശദീകരിച്ചതാണ്. ഇതോടൊപ്പം തന്നെ, ആര്‍3യ്ക്ക് ക്യാനന്റെ ക്യാമറാ ശ്രേണിയിലുള്ള സ്ഥാനമെന്താണ്? എതിരാളികള്‍ എവിടെ നില്‍ക്കുന്നു? തുടങ്ങിയ കാര്യങ്ങളും പരിശോധിക്കാം.
∙ കണ്ണുവച്ചു ഫോക്കസ് നിയന്ത്രിക്കാവുന്ന ലോകത്തെ ഏക ക്യാമറ! ഇഒഎസ് ആര്‍3 ഒരദ്ഭുതമോ?
1998ല്‍ ക്യാനന്‍ ഇറക്കിയ ഇഒഎസ് 3യില്‍ ഉള്ള ഒരു ഫീച്ചറായിരുന്നു വ്യൂഫൈന്‍ഡറിലൂടെ ഫൊട്ടോഗ്രാഫര്‍ നോക്കുന്നിടത്തു ഫോക്കസു ചെയ്യുക എന്നത്. ഈ ഫീച്ചര്‍ പിന്നീട് ക്യാനന്‍ അടക്കം ഒരു ക്യാമറാ നിര്‍മാതാവും ഉപയോഗിച്ചിട്ടില്ല. ഇപ്പോൾ ആര്‍3യില്‍ ആ ഫീച്ചറിന്റെ പരിഷ്‌കരിച്ച പതിപ്പാണ് അവതരിപ്പിച്ചിരിക്കുന്നത്. ആര്‍3യുടെ ഈ ഫീച്ചർ മികച്ചതാണ് എന്നാണ് മിക്ക റിവ്യൂകളും പറയുന്നത്. മനസുകൊണ്ടു ക്യാമറയെ നിയന്ത്രിക്കാനാകുന്ന തലത്തിലേക്ക് എത്തുന്ന മാജിക്ക് ആണിതെന്ന് വരെ പരാമര്‍ശങ്ങളുണ്ട്.
അതേസമയം, ക്യാനന്‍ ഈ ഫീച്ചറിനെക്കുറിച്ച് കാര്യമായി പറഞ്ഞിട്ടുമില്ല. ഇഒഎസ് ആര്‍5ന്റെ പ്രധാന ഫീച്ചറായി 8കെ വിഡിയോ ഷൂട്ടിങ് ശേഷി അവതരിപ്പിച്ചെങ്കിലും ക്യാമറ അതിവേഗം ചൂടാകുന്നു എന്നു കണ്ടെത്തിയതോടെ കടുത്ത ആക്രമണമാണ് കമ്പനി നേരിട്ടത്. ഇതൊക്കെ പരിഗണച്ചു തന്നെയാകണം ക്യാനന്‍ ഈ ഫീച്ചറിനെക്കുറിച്ച് അമിതാവേശം കാണിക്കാത്തത്. എന്നാല്‍, കൂടുതല്‍ പേര്‍ ഇതിന്റെ മികവിനെക്കുറിച്ചു പറഞ്ഞു തുടങ്ങിയാല്‍ കമ്പനി ഇതിനെ ഉയര്‍ത്തിക്കാട്ടുകയും ചെയ്‌തേക്കും. ഇന്ന് ഏറ്റവും മികച്ച ഓട്ടോഫോക്കസിങ് കഴിവുകളുള്ള ക്യാമറകള്‍ ഇറക്കുന്നത് ക്യാനനും സോണിയുമാണ്. മറ്റ് എല്ലാ ഓട്ടോഫോക്കസ് രീതികളും ആര്‍3യ്ക്കും ഉണ്ട്. അവയ്ക്കു പുറമെയാണ് ഐ കണ്ട്രോള്‍ ഓട്ടോഫോക്കസ്.
∙ ആര്‍3യുടെ സ്ഥാനം എവിടെ?
ക്യാനന്‍ ഇഒഎസ് ആര്‍, ആര്‍പി ക്യാമറകളാണ് കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ ആര്‍ സീരീസ് മിറര്‍ലെസ് മോഡലുകള്‍. അവയേക്കാള്‍ വില കുറഞ്ഞ ഒരു ഫുള്‍ഫ്രെയിം ക്യാമറ അവതരിപ്പിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്. ഏകദേശം 799 ഡോളറായിരിക്കും വില. ഇതിനു ശേഷം വരുന്നത് നേരത്തെ അവതരിപ്പിച്ച ആര്‍6 ക്യാമറയാണ്. ഈ 20എംപി സെന്‍സറുള്ള ക്യാമറ ക്യാനന്റെ ക്യാമറകളുടെ കൂട്ടത്തില്‍ സവിശേഷ പരിഗണ അര്‍ഹിക്കുന്നു. മികച്ച ഓട്ടോഫോക്കസും മറ്റുനിരവധി ഫീച്ചറുകളും ഉള്‍പ്പെടുന്ന ഇത് കമ്പനിയുടെ ഇപ്പോഴത്തെ ഏറ്റവും മികച്ച ക്യാമറകളുടെ ഗണത്തില്‍പെടുത്താം. എന്നാല്‍, ചിലര്‍ക്കെങ്കിലും 20എംപി ഫയലുകള്‍ മതിയാകില്ല. അവിടെയാണ് ഇതിനൊപ്പം ഇറക്കിയ ആര്‍5 ന്റെ പ്രസക്തി.
∙ ആര്‍5 വാങ്ങണോ, ആര്‍3 വേണോ?
എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന, 45എംപി റസലൂഷൻ സെന്‍സറുള്ള ക്യാനന്‍ ആര്‍5 ഇപ്പോഴും ആര്‍ക്കും പരിഗണിക്കാവുന്ന ക്യാമറയാണ്. സാധാരണ സ്റ്റില്‍ ഷൂട്ടര്‍മാരാണെങ്കില്‍ പ്രത്യേകിച്ചും ആര്‍5 തന്നെയായിരിക്കും ഭേദം. വിലയും വളരെ കുറവുണ്ട്. ആര്‍5ന് 8കെ വിഡിയോ പോലും ഷൂട്ടു ചെയ്യാം. എന്നാല്‍ അധിക നേരം ഷൂട്ടു ചെയ്യാനാവില്ല. ക്യാമറ ചൂടായി പണി മുടക്കും. അതേസമയം, ചൂടാകല്‍ പ്രശ്‌നങ്ങള്‍ ഏറക്കുറെ ഇല്ലാതെയാണ് ആര്‍3 പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ ആര്‍3യ്ക്ക് ഉള്ളത് 24.1 എംപി സെന്‍സറാണ്. അതിന് 8കെ റെക്കോഡിങ് സാധ്യവുമല്ല. എന്നാല്‍, 6കെ വിഡിയോ റെക്കോഡ് ചെയ്യാം, റസലൂഷനും വിലയും പ്രശ്‌നമല്ല, അതിവേഗം ഫയലുകള്‍ അയയ്ക്കാനും സാധിക്കുന്ന ക്യാനന്‍ ക്യാമറ ആര്‍3 ആണ്. പക്ഷേ, സാധാരണ സ്റ്റില്‍ ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് ആര്‍5 ആയിരിക്കും ഉചിതമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സ്‌പോര്‍ട്‌സ്, വൈല്‍ഡ് ലൈഫ് മേഖലയിലാണ് ഷൂട്ടിങ് എങ്കില്‍ നിശ്ചയമായും ആര്‍3യ്ക്ക് പരിഗണന നല്‍കാം.
∙ അപ്പോള്‍ ആര്‍1 വരുമ്പോഴോ?
ആര്‍1 ആയിരിക്കും ക്യാനന്റെ ഏറ്റവും മികച്ച മിറര്‍ലെസ് ക്യാമറ എന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. ആര്‍3, സോണി എ9 തുടങ്ങിയ ക്യാമറകളെയായിരിക്കും എതിരിടുന്നതെങ്കില്‍ ആര്‍1 എത്തുക സോണി എ1, ഇനി ഇറങ്ങാനിരിക്കുന്ന നിക്കോണ്‍ സെഡ്9 തുടങ്ങിയ ക്യാമറകളെ നേരിടാനായിരിക്കും ഇറക്കുക എന്നു പറയുന്നു. ആര്‍3യ്ക്ക് മികച്ച ഷൂട്ടിങ് സ്പീഡ് ഉണ്ടെങ്കിലും സെന്‍സര്‍ റസലൂഷന്‍ കുറവാണ്. ആര്‍1ല്‍ കൂടിയ സെന്‍സര്‍ റസലൂഷനും ഷൂട്ടിങ് സ്പീഡും സമ്മേളിപ്പിക്കാനാണ് ക്യാനന്‍ ഉദ്ദേശിക്കുന്നത് എന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. ഇതിനായി ഒരു 100എംപി സെന്‍സറും ഒരു 60എംപി സെന്‍സറുമാണ് കമ്പനി വികസിപ്പിച്ചുവരുന്നത്. എന്നാല്‍, ഇതിനു വന്‍ വില തന്നെ നല്‍കേണ്ടിവന്നേക്കും.
∙ ഇന്ന് വാങ്ങാവുന്ന മികച്ച ക്യാമറ ഏത്?
ഒരോ ക്യാമറയും ഇറങ്ങുമ്പോള്‍ ബ്രാന്‍ഡുകളുടെ ആരാധകര്‍ പ്രതികരിക്കുന്ന രീതി കാണുമ്പോള്‍ അതു ശരിയാണെന്നും തോന്നും. എതിരാളികളുടെ മോഡലുകളിലെ പോരായ്മകള്‍ എടുത്തുകാട്ടി 'കൂകി തോല്‍പ്പിക്കാനുളള' ശ്രമം വരെ കാണാം. ഇതൊക്കെയാണെങ്കിലും ക്യാമറാ ടെക്‌നോളജി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന കാര്യം മറച്ചുവയ്ക്കാനുമാകില്ല. നിലവില്‍ ഏറ്റവും മികച്ച ക്യാമറാ ബോഡി സോണി എ1 തന്നെയാണ് എന്നാണ് പൊതുവെ പറയുന്നത്. എ1 ക്യാമറയ്ക്ക് 50എംപി സെന്‍സർ, മികച്ച ഷൂട്ടിങ് സ്പീഡ്, 8കെ വിഡിയോ ഷൂട്ടിങ് ശേഷി, കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയുടെ മികവും ഉണ്ട്. റസലൂഷന്‍ കുറഞ്ഞ സെന്‍സറുള്ള ക്യാനന്‍ ആര്‍3, സോണി എ1ന് എതിരാളിയായേക്കില്ല. എന്നാല്‍, ക്യാനന്‍ ക്യാമറകളുടെ കെട്ടും മട്ടും ആഗ്രഹിക്കുന്നവര്‍ക്ക് ആര്‍3 പരിഗണിക്കാം. അതേസമയം, കൂടിയ റസലൂഷനും ക്യാനന്റെ ഏറ്റവും മികച്ച ബോഡിയും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആര്‍1 എത്താന്‍ കാത്തിരിക്കുക. അത് ഈ വര്‍ഷമോ അടുത്ത വര്‍ഷമോ എത്തുമെന്നാണ് ശക്തമായ അഭ്യൂഹങ്ങള്‍ പറയുന്നത്.
∙ അപ്പോള്‍ നിക്കോണോ?
നിക്കോൺ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ഇപ്പോള്‍ ക്യാനനും സോണിയും തമ്മിലാണ് മത്സരം എന്നൊക്കെ ആരാധകര്‍ തട്ടിവിടാറുണ്ടെങ്കിലും പഴയ പടക്കുതിരയും തങ്ങളുടെ മുഴുവന്‍ ക്യാമറാ നിര്‍മാണ പാടവവും ഉള്‍ക്കൊള്ളിച്ചൊരു ബോഡി ഇറക്കാനുള്ള ശ്രമത്തിലാണ്. സെഡ്9 മറ്റേതു ക്യാമറയെയും കവച്ചുവയ്ക്കുന്ന പ്രതികരണം നടത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയതായി വികസിപ്പിച്ചെടുത്ത സാറ്റാക്ട് സീമോസ് സെന്‍സറായിരിക്കും ഇതിന്റെ കേന്ദ്രത്തില്‍. ഇതിന് 45എംപി ആയിരിക്കും റസലൂഷന്‍. ക്യാനനെയും സോണിയെയും ബഹുദൂരം പിന്തള്ളുന്ന ഷൂട്ടിങ് സ്പീഡോടെ ആയിരിക്കാം ക്യാമറ വരുന്നത്. ചില അഭ്യൂഹങ്ങള്‍ പറയുന്നത് നിക്കോണ്‍ സെഡ്9ന് സെക്കന്‍ഡില്‍ 120 അല്ലെങ്കില്‍ 160 ഫ്രെയിം വരെ ഷൂട്ടുചെയ്യാനുള്ള ശേഷിയുണ്ടാകും എന്നാണ്! പക്ഷേ, സെക്കന്‍ഡില്‍ 120 ഫ്രെയിം ഷൂട്ടു ചെയ്യുമ്പോള്‍ ക്യാമറയുടെ റസലൂഷന്‍ 6എംപി ആയി കുറയുമെന്നും പറയുന്നു. സെഡ്9ല്‍ വരുന്ന മറ്റൊരു പുതിയ ഫീച്ചര്‍ ഗ്‌ളോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം ടെക്‌നോളജിയാണ്. ഓട്ടോഫോക്കസിന്റെ കാര്യത്തിലും സോണിക്കും ക്യാനനും ഒപ്പം നിക്കോണും എത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.
∙ ആര്‍3-അവസാന വാക്ക്
ക്യാനന്‍ ഇഒഎസ് ആര്‍3യെക്കുറിച്ചാണല്ലോ പറഞ്ഞു തുടങ്ങിയത്. അതില്‍ തന്നെ അവസാനിപ്പിക്കാം. ഈ ക്യാമറ പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ്, വൈല്‍ഡ് ലൈഫ്, വാര്‍ത്താ ഏജന്‍സി ഫൊട്ടോഗ്രാഫര്‍മാരുടെ അഭിപ്രായം ചോദിച്ചറിഞ്ഞ ശേഷം നിര്‍മിച്ചിറക്കിയതാണ്. ഇതിനാലാണ് കുറഞ്ഞ റെസലൂഷനുള്ള സെന്‍സര്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്. വാര്‍ത്താ ഏജന്‍സികള്‍ക്ക് കുറഞ്ഞ റെസലൂഷനുള്ള ഫയലുകളായിരിക്കും അതിവേഗം ഇന്റര്‍നെറ്റ് വഴി കൈമാറിക്കിട്ടാന്‍ സൗകര്യം. ഇത്തരം ഷൂട്ടിങ് നടത്തുന്നവരുടെ കൈകളില്‍ ക്യാനന്‍ ആര്‍3 അത്യുജ്വലപ്രകടനം തന്നെ നടത്തും. കൂടാതെ, വിഡിയോ ഷൂട്ടിങ്ങിലും മികവു പുലര്‍ത്തും.
English Summary: Where does Canon EOS R3 stand? How good is eye control autofocus?