ADVERTISEMENT

പുതിയ ഫ്‌ളാഗ്ഷിപ് മിറര്‍ലെസ് ക്യാമറയായ സെഡ്9 അവതരിപ്പിച്ച നിക്കോണ്‍ ഒരു വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. എതിരാളികളായ സോണിക്കും ക്യാനനും ഒപ്പം നില്‍ക്കാന്‍ ശേഷിയില്ലാത്ത ഓട്ടോഫോക്കസ് സിസ്റ്റമാണ് നിക്കോണ്‍ ഇതുവരെ ഇറക്കിയ ക്യാമറകള്‍ക്കെന്നാണ് റിവ്യൂവര്‍മാര്‍ വിധിയെഴുതിയിരുന്നത്. എങ്കില്‍ ഒറ്റക്കുതിപ്പില്‍ അതെല്ലാം തിരുത്തിക്കുറിച്ചിരിക്കുകയാണ് കമ്പനി. സെഡ് 9ല്‍ ഉപയോഗിച്ചിരിക്കുന്ന ഫുള്‍ ഫ്രെയിം സെന്‍സറിന്റെ റെസലൂഷന്‍ 45 എംപിയാണ്.

 

നിക്കോണിന്റെ സമയം കഴിഞ്ഞെന്ന ചർച്ചകൾക്കുള്ള ചുട്ടമറുപടിയാണ് സെഡ്9. നിലവിലുള്ള സോണിയുടെ ഏറ്റവും മികച്ച ക്യാമറായ എ1, ക്യാനന്റെ ആര്‍3 എന്നിവയ്ക്ക് മെക്കാനിക്കല്‍ ഷട്ടറും ഇലക്ട്രോണിക് ഷട്ടറും ഉണ്ട്. ഈ ക്യാമറാ നിര്‍മാണ ത്രിമൂര്‍ത്തികളില്‍ ആദ്യമായി മെക്കാനിക്കല്‍ ഷട്ടറില്ലാത്ത മിറര്‍ലെസ് ക്യാമറ അവതരിപ്പിച്ചത് നിക്കോണാണ്. ഇത് കൊണ്ടുവന്നിരിക്കുന്നത് കമ്പനിയുടെ ഇതുവരെ ഇറക്കിയിരിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച ക്യാമറയായ സെഡ്9ല്‍ ആണ്. കമ്പനിയുടെ ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണിതെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. 

ഓട്ടോഫോക്കസായിരുന്നു നിക്കോണ്‍ പിന്നിലായ ഒരു മേഖല. സോണിക്ക് സെക്കന്‍ഡില്‍ 120 ഓട്ടോഫോക്കസ് കണക്കുകൂട്ടലുകള്‍ നടത്താന്‍ കഴിയും. അതേസമയം, സെഡ്9 ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 20 റോ ചിത്രങ്ങളും 120 ഫ്രെയിം ജെപെഗ് ചിത്രങ്ങളും ഷൂട്ടു ചെയ്യാനുള്ള കഴിവുണ്ട് എന്നത് അതിശയിപ്പിക്കുന്നു. കൂടാതെ, ഫേംവെയര്‍ അപ്‌ഡേറ്റുകള്‍ വഴി കൂടുതല്‍ ഫീച്ചറുകള്‍ കൊണ്ടുവന്നേക്കുമെന്നും പറയുന്നു.

 

വിഡിയോ ഷൂട്ടിങ്ങിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കാണിക്കാത്ത കമ്പനിയാണ് നിക്കോണെന്ന ചീത്തപ്പേരും കമ്പനി മാറ്റിയിരിക്കുന്നു. പുതിയ ക്യാമറ പെട്ടിയില്‍ നിന്നു പുറത്തെടുക്കുമ്പോള്‍ തന്നെ 8കെ 10 ബിറ്റ് എന്‍-ലോഗ് റെക്കോഡിങ് സാധ്യമാണ്. എച്.265, പ്രൊറെസ് 422, എച്ക്യൂ10 തുടങ്ങി പല കോഡക്കുകളും സപ്പോര്‍ട്ടു ചെയ്യുന്നു. അടുത്തു വര്‍ഷം വരുന്ന പുതിയ ഫേംവെയര്‍ അപ്‌ഡേറ്റ് വഴി സെക്കന്‍ഡില്‍ 60 ഫ്രെയിം 8കെ, 12-ബിറ്റ് പ്രോറെസ് റോ എന്നിവ റെക്കോർഡ് ചെയ്യാനുള്ള ശേഷിയും ക്യാമറയക്ക് നല്‍കുമെന്ന് കമ്പനി പറയുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, എത്ര നേരമാണ് റെക്കോഡിങ് എന്നോ, വിഡിയോയ്ക്ക് എപിഎസ്-സി സെന്‍സര്‍ ക്രോപ് പോലെയുള്ള പരിമിതികളുണ്ടോ എന്ന കാര്യങ്ങളൊന്നും കമ്പനി പറഞ്ഞിട്ടില്ല എന്നതാണ്. 

 

∙ ഡി3 നിമിഷം

 

ഡിജിറ്റല്‍ ക്യാമറാ വിപണിയെ നിക്കോണ്‍ അവസാനമായി ഞെട്ടിച്ചത് 2007ല്‍ ഡി3 അവതരിപ്പിച്ചപ്പോഴാണ്. പുതിയ ഡി3 നിമിഷമാണ് സെഡ്9 കൊണ്ടുവന്നിരിക്കുന്നത് എന്ന കമ്പനിയുടെ അവകാശവാദം പലരും മുഖവിലയ്ക്ക് എടുക്കുന്നില്ല. ഈ ക്യാമറ രണ്ടു വര്‍ഷം മുൻപാണ് ഇറക്കിയിരുന്നതെങ്കില്‍ അത് ഒരു ഡി3 നിമിഷമായിരുന്നേനെ എന്ന് വിലയിരുത്തലുകള്‍ ഉണ്ട്. സോണി എ9 ക്യാമറയെ മറികടന്ന് അന്ന് ഒന്നാം സ്ഥാനത്തേക്ക് കമ്പനി എത്തുമായിരുന്നു. ഇന്നിപ്പോള്‍ എ1 തുടങ്ങിയ ക്യാമറകള്‍ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫി അടക്കം ആവാഹിച്ച് പല ട്രിക്കുകളും ഫൊട്ടോഗ്രഫി ലോകത്തെ കാണിച്ചു കഴിഞ്ഞു. എന്നാല്‍, തങ്ങള്‍ ഇനി ആര്‍ക്കും അത്ര പിന്നിലല്ലെന്ന് കാണിക്കാന്‍ നിക്കോണിന് ആയി എന്നത് ക്യാമറാ വ്യവസായത്തിന് ആശ്വാസമാണ്.

 

ക്യാമറയ്ക്ക് മൂന്ന് ആക്‌സകിസുകളുള്ള 3.2 ടച് സ്‌ക്രീന്‍ എല്‍സിഡിയാണ് നല്‍കിയിരിക്കുന്നത്. ഇത് പൂര്‍ണമായി ഒരു വശത്തേക്ക് ടില്‍റ്റ് ചെയ്യാനാവില്ല എന്ന വാസ്തവം വിഡിയോ ഷൂട്ടര്‍മാര്‍ എങ്ങനെ കാണുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. ഗംഭീര വിഡിയോ ഷൂട്ടിങ് ശേഷിയുള്ള ഈ ക്യാമറ വിഡിയോ ഗ്രാഫര്‍മാര്‍ക്ക് പ്രിയങ്കരമാകുമെന്നാണ് കരുതുന്നത്. ക്വാഡ് വിജിഎ പാനലാണ് വ്യൂഫൈന്‍ഡറില്‍. പുതിയ വൈബ്രേഷന്‍ സിസ്റ്റവും ക്യാമറയില്‍ ഉണ്ട്. നിക്കോണ്‍ ഇതിനെ വിളിക്കുന്നത് സിങ്‌ക്രോ വിആര്‍ എന്നാണ്. ചേരുന്ന ലെന്‍സുകള്‍ക്കൊപ്പം ഉപയോഗിച്ചാല്‍ ആറു സ്‌റ്റോപ് വരെയാണ് ഷെയ്ക് കോംപന്‍സേഷന്‍.

 

എക്‌സ്പീഡ് 7 ആണ് പ്രോസസര്‍. ഇതുവരെ കമ്പനി ഉപയോഗിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും ശക്തിയേറിയ ചിപ്പാണിത്. സെഡ്7 2ല്‍ ഉപയോഗിച്ചിരിക്കുന്നതിനേക്കാള്‍ 10 മടങ്ങു വരെ അധിക ശേഷി ചിപ്പിനുണ്ടായിരിക്കാമെന്നത് സെഡ്9ന്റെ കരുത്ത് വിളിച്ചറിയിക്കുന്നു. ലോകത്തെ ഏറ്റവും വേഗമേറിയ ഇമേജ് സ്‌കാന്‍ റേറ്റുള്ള ക്യാമറയാണ് ഇറക്കിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു. നേരിയ അളവില്‍ മാത്രമേ റോളിങ് ഷട്ടറും വക്രീകരണവും കടന്നുകൂടുകയുള്ളു എന്നും കമ്പനി പറയുന്നു. സെഡ്9ന് 1/32,000 ഷട്ടര്‍ സ്പീഡ് ഉപയോഗിക്കുമ്പോള്‍ പോലും വക്രീകരണം ഒഴിവാക്കാനാകും. സ്വാഭാവിക ഐഎസ്ഒ റെയ്ഞ്ച് 64 - 24,600 വരെയാണ്. ഇത് 32 - 102,400 വരെ ബൂസ്റ്റു ചെയ്യാം. സിങ്ക് സ്പീഡ് 1/250 വരെയാണ്.

 

പുതിയ സബ്ജക്ട് ഡിറ്റെക്ഷന്‍ അല്‍ഗോറിതമാണ് സെഡ്9 മികവിന്റെ രഹസ്യങ്ങളിലൊന്ന്. മനുഷ്യർ, ഓമന മൃഗങ്ങൾ, പക്ഷികൾ, വിമാനങ്ങൾ, ട്രെയിനുകൾ, കാറുകൾ, മോട്ടോര്‍ബൈക്കുകൾ തുടങ്ങി പലതിനേയും ഇതിന് തിരിച്ചറിയാനാകും. കമ്പനിയുടെ പഴയ വിദ്യകളിലൊന്നായ 3ഡി ട്രാക്കിങ് ഈ ക്യാമറയില്‍ തിരിച്ചെത്തുന്നു. 

nikon-z9

 

∙ ഷൂട്ടിങ് സ്പീഡ്

 

സെഡ്9 ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 20 ഫ്രെയിം വരെയാണ് റോ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുന്നത്. സോണിയുടെ എ1ന് സെക്കന്‍ഡില്‍ 30 ഫ്രെയിം എടുക്കാനാകും. ക്യാനന്‍ ആര്‍3ക്കും സാധിക്കും. (ആര്‍3യ്ക്ക് 24എംപി സെന്‍സറാണ് ഉള്ളതെന്നു മാത്രം.) എന്നാല്‍ ഫുള്‍ റെസലൂഷന്‍ ജെയ്‌പെഗ് ചിത്രങ്ങള്‍ മതിയെങ്കില്‍ സെഡ്9ന് സെക്കന്‍ഡില്‍ 30 ഫ്രെയിം ഫോട്ടോകള്‍ എടുക്കാനാകും. എന്നാല്‍, ഇതിലും കുറഞ്ഞ റെസലൂഷനുള്ള ചിത്രങ്ങള്‍ മതിയെങ്കില്‍ സെഡ്9 ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 120 ഫ്രെയിം ജെയ്‌പെഗ് ഫോട്ടോകള്‍ ഷൂട്ടു ചെയ്യാനാകും! 11 എംപി റെസലൂഷന്‍ ആണ് ലഭിക്കുക. മുഴുവന്‍ ഓട്ടോഫോക്കസും ഓട്ടോ എക്‌സ്‌പോഷറും പ്രവര്‍ത്തിക്കും! മനുഷ്യന്റെ കണ്ണിനു കാണാന്‍ സാധിക്കാത്തത്ര വേഗത്തില്‍ ചലനത്തെ റെക്കോർഡ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അണ്‍കംപ്രസ്ഡ് റോ ഫയലുകള്‍ക്കൊപ്പം ഹൈ-എഫിഷ്യന്‍സി റോ ഫയലുകളും ക്യാമറയ്ക്ക് റെക്കോർഡ് ചെയ്യാനാകും. സാധാരണ റോ ഫയലുകളുടെ മൂന്നിലൊന്നായിരിക്കും ഫയല്‍ സൈസ്.

 

ക്യാമറയ്ക്ക് 8കെ വിഡിയോ 24പി/30പി റെക്കോർഡ് ചെയ്യാനാകും. അതേസമയം 4കെ ആണെങ്കില്‍ 24പി/30പി/60പി/120പി റെക്കോർഡ് ചെയ്യാം. മുഴുവന്‍ സെന്‍സര്‍ പ്രതലവും ഉപയോഗിച്ചാണ് റെക്കോർഡിങ്. 8കെ 30 പി രണ്ടു മണിക്കൂറിലേറെ റെക്കോർഡ് ചെയ്യാന്‍ സാധിക്കുമെന്നു കമ്പനി പറയുന്നു. 

 

∙ വില

 

ക്യാമറയ്ക്ക് 4,75,995 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇത് സോണി എ1, ക്യാനന്‍ ആര്‍3 ക്യാമറകളെക്കാള്‍ കുറവാണ് എന്നതും നിക്കോണിന് ഗുണകരമാകും എന്നു വിലയിരുത്തപ്പെടുന്നു.

 

∙ വെല്ലുവിളി

 

ഇപ്പോള്‍ നിക്കോണ്‍ സെഡ്9 ക്യാമറയ്ക്ക് ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തുന്നത് സോണി എ1, ക്യാനന്‍ ആര്‍3 എന്നീ ക്യാമറകളാണ്. എന്നാല്‍, ക്യാനന്‍ ആര്‍1 എന്നൊരു ക്യാമറയുടെ പണിപ്പുരയിലാണെന്നാണ് പറയുന്നത്. നിലവിലുള്ള എല്ലാ ക്യാമറകളെയും പിന്തള്ളുന്ന തരത്തിലുള്ള മികവാണ് ഈ ക്യാമറയില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്തകളുണ്ട്. ആര്‍1 ക്യാമറയ്ക്ക് 85 എംപി സെന്‍സറായിരിക്കും, സെക്കന്‍ഡില്‍ 20 ഫ്രെയിം വച്ച് 85എംപി ചിത്രങ്ങള്‍ പകര്‍ത്താം, സെക്കന്‍ഡില്‍ 40 ഫ്രെയിം വച്ച് 21 എംപി ചിത്രങ്ങള്‍ പരിധിയില്ലാതെ പകര്‍ത്താനുള്ള ശേഷിയും ഉണ്ടായിരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. അതേസമയം, ക്യാമറയ്ക്ക് പ്രതീക്ഷിക്കുന്ന വില 8,500 ഡോളറാണ് എന്നും കാണാം. 

 

∙ നിക്കോണില്‍ വീണ്ടും പ്രതീക്ഷ

 

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിക്കോണ്‍ വന്‍ തിരിച്ചുവരവാണ് സെഡ്9 ക്യാമറ അവതരിപ്പിക്കുക വഴി നടത്തിയിരിക്കുന്നത്. ഇതാകട്ടെ ക്യാമറാ വിപണിക്കു മുഴുവന്‍ ഉത്സാഹം പകര്‍ന്നിരിക്കുകയുമാണ്. മൂന്നു കമ്പനികള്‍ തമ്മിലുള്ള മത്സരം വിപണിക്ക് കൂടുതല്‍ ആരോഗ്യകരമായിരിക്കുമെന്നും കരുതുന്നു.

 

English Summary: Nikon Z9 Full-Frame Mirrorless Camera With 45.7-Megapixel CMOS Sensor, 8K Video Recording

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com