ക്യാനന്‍ ആര്‍5സി: ചൂടാകാതെ 8കെ വിഡിയോ ഷൂട്ടു ചെയ്യാവുന്ന ക്യാമറ മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുമോ?
Mail This Article
അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ ക്യാനന്‍ വിഡിയോ ഷൂട്ടര്‍മാര്‍ക്ക് പ്രിയങ്കരമാകുമെന്നു കരുതുന്ന പുതിയ ക്യാമറ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ക്യാമറയുടെ പേര് ക്യാനന്‍ ആര്‍5സി എന്നായിരിക്കുമെന്നാണ് പറയുന്നത്. ക്യാനനെ സംബന്ധിച്ച് നിര്‍ണായകമായ ഒരു ചുവടുവയ്പ്പായിരിക്കാം ഇത്. എന്നാല്‍, പുറത്തുവരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ നിലവിലുള്ള ക്യാനന്‍ ആര്‍5നെക്കാള്‍ ഇരട്ടി വില നല്‍കേണ്ടി വന്നേക്കും.
∙ അല്‍പം ചരിത്രം
ക്യാമറാ പ്രേമികളെ അമ്പരപ്പിച്ച് 2020 ജൂലൈ 9ന് ക്യാനന്‍ ഒരു പ്രഖ്യാപനം നടത്തി - തങ്ങള്‍ ഒരു ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ ഇറക്കാന്‍ പോകുന്നു, അതിന് 8കെ വിഡിയോ സെക്കന്‍ഡില്‍ 29.97ഫ്രെയിം റെക്കോഡു ചെയ്യാനാകുമെന്നായിരുന്നു അത്. ക്യാമറാ നിര്‍മാണമേഖലയില്‍ വന്‍ ചലനങ്ങള്‍ ഉണ്ടാക്കിയ പ്രഖ്യാപനമായിരുന്നു അത്. അന്നു മുതല്‍ കമ്പനികള്‍ തങ്ങളുടെ ക്യാമറകള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ കുത്തിനിറയ്ക്കുന്നതില്‍ വ്യാപൃതരായി എന്നതാണ് ചരിത്രം.
പക്ഷേ, ആര്‍5 ഇറങ്ങിയപ്പോള്‍ കൊട്ടിഘോഷിച്ച 8കെ വിഡിയോ അധികനേരം ഷൂട്ടു ചെയ്യാനാവില്ല, ക്യാമറ ചൂടാകുമെന്നു കണ്ടതോടെ ക്യാനനു നേരെ പരിഹാസ ശരങ്ങളുമായി മറ്റു കമ്പനികളും ആരാധകരും എത്തി. ക്യാനന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെ പിഴവാണ് കമ്പനിക്ക് നാണക്കേടുണ്ടാക്കിയതെന്ന് വിലയിരുത്തുന്നവരുമുണ്ട്. മികച്ച ക്യാമറ ആയ ആര്‍5ന് 8കെ വിഡിയോയും ഷൂട്ടുചെയ്യാം എന്നായിരുന്നു പരസ്യമെങ്കില്‍ ഇത്ര നാണക്കേടുണ്ടാകുമായിരുന്നില്ല. തുടര്‍ന്ന് എത്തിയ സോണി എ1, നിക്കോണ്‍ സെഡ്9 തുടങ്ങിയ ക്യാമറകള്‍ 8കെ റെക്കോഡിങ്ങില്‍ പുതിയ ചരിത്രമെഴുതി. ക്യാനന്‍ പിന്നീട് ഇറക്കിയ റെസലൂഷന്‍ കുറഞ്ഞ ആര്‍3യില്‍ പോലും 8കെ കൊണ്ടുവന്നതും ഇല്ല. എന്നാല്‍, കമ്പനി അടുത്തതായി ഇറക്കുമെന്നു പറയുന്ന ഇഒഎസ് ആര്‍5സി ക്യാമറയ്ക്ക് 8കെ വിഡിയോ എത്ര നേരം വേണമെങ്കിലും ചിത്രീകരിക്കാന്‍ സാധിച്ചേക്കുമെന്നാണ് പറയുന്നത്. പക്ഷേ, ഇത് ആര്‍5 പോലെ ഒതുക്കമുള്ള ഒരു ബോഡി ആകണമെന്നില്ല. ചൂടു പുറംതള്ളാന്‍ ഫാനുകളും മറ്റും ഘടിപ്പിച്ച, വിഡിയോ കേന്ദ്രീകൃതമായ ഒരു ക്യാമറ ആയിരിക്കുമെന്നു കരുതുന്നു എന്നാണ് ഡിജിറ്റല്‍ ക്യാമറാ വേള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, ഇപ്പോഴത്തെ പ്രോസസര്‍ ദൗര്‍ലഭ്യം ക്യാമറ പുറത്തിറക്കുന്നത് താമസിപ്പിക്കുമോ എന്ന സംശയം ഉള്ളവരും ഉണ്ട്.
∙ ക്യാനന്‍ ആര്‍1
ഒരു പക്ഷേ, ആര്‍ 5സിയെക്കാള്‍ പല മടങ്ങ് പ്രാധാന്യമര്‍ഹിക്കുന്ന ക്യാമറ ആയിരിക്കും ക്യാനന്‍ ഇഒഎസ് ആര്‍1. ഇപ്പോള്‍ ഇറക്കിയിരിക്കുന്ന ആര്‍3 ക്യമറയായിരുന്നു ആര്‍1 ആകേണ്ടിയിരുന്നത് എന്നു വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍, സോണി എ1, നിക്കോണ്‍ സെഡ്9 എന്നിവ കൂടിയ മെഗാപിക്‌സല്‍ ഉള്ള ബോഡികളുമായി ഇറങ്ങിയതോടെ പേരു മാറ്റുകയായിരുന്നു എന്നു പറയുന്നു. കുറഞ്ഞ മെഗാപിക്‌സലുള്ള ബോഡി തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ക്യാമറയായി അവതരിപ്പിച്ചാല്‍ ഉണ്ടാകാവുന്ന നാണക്കേട് ഓര്‍ത്താണ് ആര്‍3 എന്ന പേരു നല്‍കി അവതരിപ്പിച്ചത് എന്നു പറയുന്നവരും ഉണ്ട്. എന്നാല്‍, അടുത്ത വര്‍ഷം ആദ്യം തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നു കരുതുന്ന ആര്‍1നെക്കുറിച്ച് അധികം വിവരങ്ങള്‍ ഇല്ല.
പക്ഷേ, എല്ലാത്തരം ഷൂട്ടര്‍മാരെയും സംതൃപ്തിപ്പെടുത്തുന്ന ഒരു ക്യാമറ ആയിരിക്കും ഇതെന്നു പറയുന്നു. ആര്‍1ന് ഒരു 85എംപി സെന്‍സര്‍ നല്‍കുന്ന കാര്യമാണ് ക്യാനന്‍ പരിഗണിക്കുന്നതെന്നു പറയുന്നു. ഇതിന് സെക്കന്‍ഡില്‍ 85എംപി റെസലൂഷനുള്ള 20 ഫോട്ടോകള്‍ എടുക്കാനും, 21 എംപി റെസലൂഷനുള്ള 40 ഫോട്ടോകള്‍ എടുക്കാനുമുള്ള ശേഷി കണ്ടേക്കുമെന്നാണ് ഒരു അവകാശവാദം. അതേസമയം, കുറഞ്ഞത് 50എംപി എങ്കിലും ഉള്ള ഒരു സെന്‍സര്‍ പ്രതീക്ഷിച്ചാല്‍ മതിയെന്നു വാദിക്കുന്നവരും ഉണ്ട്. സ്വാഭാവിക ഐഎസ്ഒ റെയ്ഞ്ച് 160-1638400 ആയിരിക്കുമെന്നും അവകാശവാദങ്ങളുണ്ട്. ഫുള്‍ സെന്‍സര്‍ ക്വാഡ് പിക്‌സല്‍ ഓട്ടോഫോക്കസ് ആണ് പറഞ്ഞു കേള്‍ക്കുന്ന മറ്റൊരു ഫീച്ചര്‍. ആര്‍1 മോഡലിന് 5-ആക്‌സിസ് ഇമേജ് സ്റ്റബിലൈസേഷന്‍ അടക്കം നിരവധി ഫീച്ചറുകൾ ഉണ്ടായിരിക്കുമെന്നും പറയുന്നു.
∙ സോണി എ7 2, എ6400 എന്നീ ക്യാമറകളുടെ നിര്‍മാണം നിർത്തി
താരതമ്യേന പഴയ മോഡലുകളായ സോണി എ7 2, എ6400 എന്നീ മിറര്‍ലെസ് ക്യാമറകളുടെ നിര്‍മാണം കമ്പനി നിർത്തി. പ്രോസസര്‍ ദൗര്‍ലഭ്യമാണ് കാരണമായി പറഞ്ഞിരിക്കുന്നത്.
∙ ഫെയുടെക് പുതിയ ഗിംബലുകള്‍ ഇറക്കി
പ്രമുഖ ഗിംബൽ നിര്‍മാണ കമ്പനികളിലൊന്നായ ഫെയുടെക് (FeiyuTech) രണ്ടു പുതിയ ഗിംബലുകള്‍ പുറത്തിറക്കി. സ്‌കോര്‍പ് (Scorp), സ്‌കോര്‍പ് പ്രോ എന്നീ പേരുകളിലാണ് 3 ആക്‌സിസ് ഗിംബലുകള്‍ പുറത്തിറക്കിയത്. ഇവ ഡിഎസ്എല്‍ആറുകള്‍ക്കും മിറര്‍ലെസ് ക്യാമറകള്‍ക്കും ഉപകരിക്കുമെന്നാണ് കമ്പനി പറയുന്നത്. പ്രോ മോഡലിന് 4.7 കിലോ ഭാരം വരെ വഹിക്കാനാകുമെങ്കില്‍ സ്‌കോര്‍പ്പിന് 2.5 കിലോ ഭാരം വഹിക്കാനേ സാധിക്കൂ. കമ്പനിയുടെ നിലവിലുള്ള മോഡലുകളെക്കാള്‍ മികച്ച പ്രകടനം നടത്തുന്നവ ആയിരിക്കും ഇവ. സ്‌കോര്‍പ് പ്രോ മോഡലിന് 629 ഡോളറാണ് വിലയെങ്കില്‍ സ്‌കോര്‍പിന് 429 ഡോളറാണ് വില. കമ്പനി പുറത്തുവിട്ട വിഡിയോ കാണാം: https://bit.ly/31plosr
∙ ഇന്റര്‍നാഷണല്‍ വെഡിങ് ഫൊട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ വിജയിയുടെയും ഫൈനലിസ്റ്റുകളുടെയും ചിത്രങ്ങള്‍ കാണാം
ഇന്റര്‍നാഷണല്‍ വെഡിങ് ഫൊട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ 2021 വിജയികളെ പ്രഖ്യാപിച്ചു. ഈ വര്‍ഷം 58 രാജ്യങ്ങളില്‍ നിന്നായി 415 ഫൊട്ടോഗ്രാഫര്‍മാരാണ് ചിത്രങ്ങള്‍ മത്സരത്തിന് അയച്ചത്. ഇറ്റലിയില്‍ നിന്നുള്ള ഫാബിയോ മിറുല ആണ് ഈ വര്‍ഷത്തെ വിജയി. ക്യാനന്‍ ആര്‍5 ക്യാമറയും അക്‌സസറികളുമാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്. ഇന്റര്‍നാഷണല്‍ വെഡിങ് ഫൊട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ വിജയികളുടെ ചിത്രങ്ങള്‍ കാണാം. https://bit.ly/3rFdQfx
∙ നേച്ചര്‍ ഇന്‍ഫോക്കസ് ഫൊട്ടോഗ്രഫി മത്സരത്തിലെ വിജയികളുടെ ചിത്രങ്ങള്‍
നേച്ചര്‍ ഇന്‍ഫോക്കസ് ഫൊട്ടോഗ്രഫി 2021 മത്സരത്തിലെ ജേതാവിനെയും ഫൈനലിസ്റ്റുകളെയും പ്രഖ്യാപിച്ചു. ഈ വര്‍ഷം 40ലേറെ രാജ്യങ്ങളില്‍ നിന്നായി 2000ലേറെ ഫൊട്ടോഗ്രാഫര്‍മാരാണ് മത്സരത്തില്‍ പങ്കെടുത്തത്. മൊത്തം 18,000 ലേറെ ചിത്രങ്ങള്‍ മത്സരത്തിനെത്തി. വിജയികളുടെ ചിത്രങ്ങള്‍ കാണാം. https://bit.ly/3GjacMw
English Summary: Canon EOS R5c – shoots "unlimited 8K 30p" and won't overheat!