ADVERTISEMENT

പ്രമുഖ ക്യാമറാ കമ്പനികളായ ക്യാനനും നിക്കോണും കുറച്ചു വര്‍ഷങ്ങള്‍ കൂടിയെങ്കിലും ഡിഎസ്എല്‍ആറുകളുടെ നിര്‍മാണം തുടരുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റുകയാണ്. ഫ്‌ളാഗ്ഷിപ്പ് ഡിഎസ്എല്‍ആര്‍ ശ്രേണിയിലെ ഇഒഎസ്-1 ഡിഎക്‌സ് മാര്‍ക്ക് 3 ക്യാമറകൾ ഇനി ഏതാനും വര്‍ഷത്തേക്ക് കൂടി മാത്രമാണ് നിര്‍മിക്കുക എന്ന് ക്യാനൻ മേധാവി ഫുജിയോ മിറ്ററായ് പ്രമുഖ ജാപ്പനീസ് മാധ്യമമായ യൊമിയുറി ഷിംബണിനു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ഇക്കാര്യം വൈഎം സിനിമ മാഗസിനാണ് ജപ്പാനു പുറത്ത് ആദ്യമായി റിപ്പോര്‍ട്ടു ചെയ്തത്. ഇതുവരെയുള്ള ക്യാമറാ നിര്‍മാണ ചരിത്രത്തില്‍ എക്കാലത്തെയും ഏറ്റവും മികച്ച ക്യാമറകളുടെ കൂട്ടത്തിലാണ് 1ഡിഎക്‌സ് മാര്‍ക്ക് 3യുടെ സ്ഥാനം. മിറര്‍ലെസ് ക്യാമറകളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ഡിഎസ്എല്‍ആര്‍ മോഡലുകളുടെ നിര്‍മാണം നിർത്തുന്നത് എന്നാണ് ഫുജിയോ പറയുന്നത്. ഡിഎസ്എല്‍ആറുകളുടെ നിര്‍മാണത്തിന് ഇനി ഗവേഷണവും മറ്റും നടത്തില്ലെന്നാണ് കരുതുന്നത്. ഇതിനാൽ അവ ഇനി വാങ്ങാതിരിക്കുന്നതാണ് നല്ലത്.

∙ ക്യാനന്‍ 1ഡിഎക്‌സിനു പകരം ആര്‍3

ക്യാനന്റെ ഏറ്റവും മികച്ച ഡിഎസ്എല്‍ആറിനു ചെയ്യാവുന്നതും അതിലപ്പുറവും ഫീച്ചറുകളുള്ള ഇഒഎസ് ആര്‍3 മോഡല്‍ മിറര്‍ലെസ് ശ്രേണിയില്‍ കമ്പനി ഇറക്കി കഴിഞ്ഞു. അതിവേഗ ഷൂട്ടിങ്ങിന്റെയും വെതര്‍ റെസിസ്റ്റന്‍സിന്റെയും അവസാന വാക്കായി ഡിഎസ്എല്‍ആറുകളുടെ കാലത്ത് പരിഗണിച്ചുവന്ന 1 ഡിഎക്‌സ് സീരീസ് ഉപയോഗിക്കുന്നത് പ്രധാനമായും സ്‌പോര്‍ട്‌സ്, വൈല്‍ഡ്‌ലൈഫ് ഫൊട്ടോഗ്രഫര്‍മാരാണ്. വെതര്‍ സീലിങ് ഉള്ള ലെന്‍സും ഒപ്പം ഉപയോഗിച്ചാല്‍ മഴയത്തു പോലും ഉപയോഗിക്കാവുന്നവയാണ് ഇവയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ 1 ഡിഎക്‌സ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ശീലങ്ങളൊന്നും മാറ്റാതെ പുതിയ ആര്‍3 ബോഡി ഉപയോഗിക്കാമെന്നതാണ് അതിന്റെ മികവ്.

 

∙ ഇനി വരുന്നത് ആര്‍1?

 

അതേസമയം, നിലവില്‍ ഇഒഎസ്-1 ഡിഎക്‌സ് മാര്‍ക്ക് 3യില്‍ ലഭ്യമായ ഫീച്ചറുകളും അതിലേറെയും ആര്‍3യില്‍ ലഭിക്കുമെങ്കിലും ഇരു ക്യാമറകള്‍ക്കും അപ്പുറത്തേക്കു കടക്കുന്ന ഒരു ക്യാമറ ക്യാനന്‍ നിര്‍മിച്ചു വരികയാണെന്നും സൂചനകളുണ്ട്. ഷൂട്ടിങ് സ്പീഡിന്റെ കാര്യത്തിലും മെഗാപിക്‌സലുകളുടെ കാര്യത്തിലും നിലവിലുള്ള എല്ലാ കമ്പനികളുടെയും മിറര്‍ലെസ് ക്യാമറകളെക്കാളും മികച്ചതായിരിക്കും അതെന്നാണ് സൂചനകള്‍. ആര്‍1 ആയിരിക്കും ക്യാനന്റെ മിറര്‍ലെസ് ക്യാമറാ ശ്രേണിയിലെ രാജാവെന്നാണ് ഇന്റര്‍നെറ്റിലെ അടക്കംപറച്ചില്‍. 

 

∙ അപ്പോള്‍ ശരിക്കും ഡിഎസ്എല്‍ആര്‍ നിര്‍മാണം നിലയ്ക്കുമോ?

DSLR

 

ഒരേ ഒരു പുതിയ ഡിഎസ്എല്‍ആര്‍ മാത്രമാണ് 2021ല്‍ പുറത്തിറക്കിയത്. പ്രമുഖ ക്യാമറാ നിര്‍മാണ കമ്പനികളൊന്നുമല്ല ഈ വര്‍ഷം ഡിഎസ്എല്‍ആര്‍ ഇറക്കിയത്. പെന്റാക്‌സ് ആണ്. കമ്പനിയാകട്ടെ റിവ്യൂവര്‍മാരുടെയും മറ്റും പരിഹാസത്തിന് ഇരയാകുകയും ചെയ്തു. പക്ഷേ, ക്യാനനും നിക്കോണും ഏതാനും ഡിഎസ്എല്‍ആര്‍ മോഡലുകള്‍ കൂടി പുറത്തിറക്കിയേക്കാമെന്നും കരുതുന്നു. വില കുറഞ്ഞ മോഡലുകള്‍ ആകാം ഇവ.

 

∙ പുതിയ ലെന്‍സുകളും ഇറക്കിയേക്കില്ല

 

പുതിയ ലെന്‍സുകളൊന്നും പ്രമുഖ ഡിഎസ്എല്‍ആര്‍ നിര്‍മാതാക്കള്‍ ഇറക്കിയേക്കില്ല. അവയ്ക്കു വേണ്ട ഗവേഷണവും മിറര്‍ലെസ് ക്യാമറകള്‍ക്കുള്ള ലെന്‍സുകള്‍ക്കായി കേന്ദ്രീകരിക്കുകയായിരിക്കും കമ്പനികള്‍ ചെയ്യുക. അതേസമയം, അടുത്ത പല വര്‍ഷത്തേക്ക് ഇപ്പോള്‍ വില്‍പനയിലുള്ള ലെന്‍സുകള്‍ കമ്പനികള്‍ നിര്‍മിച്ചേക്കാം. ഇത്തരം ലെന്‍സുകള്‍ എങ്ങനെ ചെലവാകുന്നു എന്നു വിലയിരുത്തിയ ശേഷമായിരിക്കും അത്.

 

∙ എന്തുകൊണ്ടാണ് ഡിഎസ്എല്‍ആര്‍ നിര്‍മാണം നിലയ്ക്കുന്നത്?

 

അതിന് ഏതാനും കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി മിറര്‍ലെസ് സിസ്റ്റങ്ങളുടെ മികവു തന്നെ. ഫോട്ടോയും വിഡിയോയും പകര്‍ത്താവുന്ന ഹൈബ്രിഡ് മോഡലുകള്‍ മിറര്‍ലെസ് ശ്രേണിയിലാണ് ശോഭിക്കുന്നത്. അത്തരം ക്യാമറകൾക്കുള്ള അവശ്യക്കാരും കൂടുന്നു. രണ്ടാമതായി ക്യാമറാ നിര്‍മാണമേഖല തന്നെ തളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ വര്‍ഷവും വരുന്ന ക്യാമറാ വില്‍പനയുടെ കണക്കുകള്‍ തന്നെ ഇതിനു തെളിവാണ്. മിക്കവര്‍ക്കും ഇനി ഒരു ക്യാമറ വാങ്ങി കൊണ്ടു നടക്കേണ്ട കാര്യമില്ല. സ്മാര്‍ട് ഫോണ്‍ തന്നെ ധാരളം. ക്യാമറകളുടെ അധികഭാരം ചുമക്കാന്‍ ആഗ്രഹിക്കുന്നത് ഫൊട്ടോഗ്രഫിയില്‍ നിന്ന് പണം ലഭിക്കുന്നവരോ, ഫൊട്ടോഗ്രഫിയെ ഗൗരവത്തിലെടുക്കുന്നവരോ മാത്രമായിരിക്കും എന്ന കാര്യം ഏറക്കുറെ തീര്‍ച്ചയാണ്. മൂന്നാമത് ഒരു കാര്യം ചിപ്പ് ദൗര്‍ലഭ്യമാണ്. ടെക്‌നോളജി മേഖലയെ പ്രതിസന്ധിയിലാക്കിയ ചിപ്പ് ദൗര്‍ലഭ്യം ക്യാമറാ മേഖലയെയും ബാധിച്ചുകഴിഞ്ഞു. അത്തരം ഒരു അവസ്ഥയില്‍ പഴയ സാങ്കേതികവിദ്യയിലെ ക്യമറകള്‍ക്കായി പണവും സമയവും ചെലവഴിക്കേണ്ട കാര്യമില്ലെന്ന് കമ്പനികള്‍ ചിന്തിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ചിപ്പ് ലഭ്യമല്ലാത്തതിനാല്‍ സോണി ഏതാനും മിറര്‍ലെസ് ക്യാമറകളുടെ നിര്‍മാണം പോലും അനവസരത്തില്‍ നിർത്തിയിരിക്കുകയാണ്.

 

∙ എന്താണ് ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ പ്രത്യേകത?

 

ഡിജിറ്റല്‍ സിംഗിൾ ലെന്‍സ് റിഫ്‌ളെക്‌സ് ക്യാമറ അല്ലെങ്കില്‍ ഡിഎസ്എല്‍ആറുകളില്‍ വ്യൂഫൈന്‍ഡറിനും ലെന്‍സിനും ഇടയില്‍ ഒരു മിറര്‍ ബോക്‌സ് ഉണ്ട്. ലെന്‍സിലൂടെ എത്തുന്ന പ്രകാശം ഈ കണ്ണാടിയില്‍ പതിച്ച ശേഷം മുകളില്‍ വച്ചിരിക്കുന്ന പ്രിസത്തില്‍ പ്രതിഫലിച്ചാണ് വ്യൂഫൈന്‍ഡറില്‍ എത്തുന്നത്. ഇതിനെയാണ് ഒപ്ടിക്കല്‍ വ്യൂഫൈന്‍ഡര്‍ അല്ലെങ്കില്‍ മിറര്‍വ്യൂ എന്നാണ് വിളിച്ചുവന്നത്. അതിനു പകരമായി ലൈവ്-വ്യൂ സ്‌ക്രീനുകളാണ് മിറര്‍ലെസ് ക്യാമറകളില്‍ ഉപയോഗിക്കുന്നത്.

 

∙ മിറര്‍ലെസ് ക്യാമറകള്‍ ഭാരക്കുറവുള്ളവയോ?

 

ഏതാനും വര്‍ഷം മുൻപ് വരെ മിറര്‍ലെസ് ക്യാമറകള്‍ താരതമ്യേന ഡിഎസ്എല്‍ആറുകളെക്കാള്‍ ഭാരക്കുറവുള്ളവ ആയിരിക്കുമെന്ന ധാരണ ക്യാമറാ പ്രേമികള്‍ വച്ചുപുലര്‍ത്തിയിരുന്നു. അതിനൊരു കാരണവും ഉണ്ടായിരുന്നു. അക്കാലത്ത് മിറര്‍ലെസ് ക്യാമറകള്‍ നിര്‍മിച്ചു വന്ന കമ്പനികളില്‍ പ്രാധാന്യം നേടിയത് സോണി ആയിരുന്നു. അവരുടെ ക്യാമറകള്‍ അന്നും ഇന്നും താരതമ്യേനെ ഭാരം കുറഞ്ഞവയാണ്. എന്നാല്‍, ക്യാനനും നിക്കോണും രംഗത്തെത്തിയതോടെ ഭാരക്കുറവ് എന്ന ആശയം കാറ്റില്‍ പറത്തി. നിക്കോണിന്റെ ഏറ്റവും മികച്ച മിറര്‍ലെസ് ക്യാമറയായ സെഡ്9ന്റെ ബോഡിക്കു മാത്രം 1,340 ഗ്രാം ഭാരമുണ്ട്! അവരുടെ ഏറ്റവും മികച്ച ഡിഎസ്എല്‍ആര്‍ ക്യമറകളില്‍ ഒന്നായിരുന്ന ഡി6ന്റെ ഭാരം 1270 ഗ്രാം ആയിരുന്നു എന്നു കൂടി അറിയുമ്പോഴാണ് ഭാരക്കുറവിന്റെ വഴിയെ പോകാൻ ഈ കമ്പനികള്‍ ഉദ്ദേശിക്കുന്നില്ലെന്നുള്ള കാര്യം മനസിലാകുന്നത്. അതേസമയം, സോണിയുടെ ഏറ്റവും മികച്ച ക്യാമറ ആയ എ1 മോഡലിന് 737 ഗ്രാം മാത്രമാണ് ഭാരം. എന്നാല്‍, ചില ഫൊട്ടോഗ്രാഫര്‍മാര്‍ ഭാരമുള്ള ബോഡികള്‍ ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നു എന്നും പറയുന്നു. ക്യാമറയും ലെന്‍സും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്താന്‍ അതാണ് നല്ലത് എന്നാണ് അവര്‍ പറയുന്നത്.

 

English Summary: Canon announces the end of production of 1DX series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com