പിക്‌സി എന്ന പേരില്‍ ലോകത്തെ ഏറ്റവും സൗഹാര്‍ദപരമായ പറക്കും ക്യാമറ എന്ന അവകാശവാദത്തോടെയാണ് പിക്സിയുടെ വരവ്. ജനപ്രിയ സമൂഹ മാധ്യമമായ സ്‌നാപ്ചാറ്റിന്റെ മാതൃകമ്പനിയായ സ്‌നാപ് ആണ് ഡ്രോണ്‍ ക്യാമറയായ പിക്സി പുറത്തിറക്കുന്നത്. ഫൊട്ടോഗ്രഫിയുടെ സങ്കീര്‍ണതയെക്കുറിച്ച് അറിയാന്‍ താത്പര്യമില്ല, എന്നാല്‍ ഫൊട്ടോകളും വിഡിയോകളും എടുക്കുകയും വേണം എന്ന മട്ടിലുള്ള ആളുകളെയാണ് പിക്സി ലക്ഷ്യമിടുന്നത്. ക്യാമറ ലളിതമായി പ്രവര്‍ത്തിപ്പിക്കുക എന്നതിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് കമ്പനി മേധാവി ഇവാന്‍ സ്പീഗല്‍ പറഞ്ഞു. പറക്കും ക്യാമറ പ്രവര്‍ത്തിക്കുന്നത് സ്‌നാപ്ചാറ്റ് ആപ്പിനോട് ബന്ധപ്പെട്ടാണ്. ആപ്പിലെ ക്യാമറയിലുള്ള ഫില്‍റ്ററുകളും പ്രയോജനപ്പെടുത്താമെന്നും നിങ്ങളുടെ ഉല്ലാസവേളകളെ തടസപ്പെടുത്താതെ ഒപ്പം കൂട്ടാവുന്ന ഉറ്റചങ്ങാതിയെ പോലെയാണ് ഡ്രോണ്‍ ക്യാമറ കമ്പനി നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌നാപ് പുറത്തിറക്കിയ പിക്‌സിയെ പരിചയപ്പെടുത്തുന്ന വിഡിയോ ഇവിടെ കാണാം. https://youtu.be/qpz8Q2spioo
കൈയിലൊതുങ്ങുന്ന മിനി ഡ്രോണിന് ഭാരം 101 ഗ്രാം ആണ്. ഇതിന് റിമോട്ട് കൺട്രോളോ എസ്ഡി കാര്‍ഡ് സ്‌ലോട്ടോ ഇല്ല. ഫോണിലും മറ്റും ഇന്‍സ്‌റ്റാള്‍ ചെയ്തിരിക്കുന്ന സ്‌നാപ്ചാറ്റ് ഫോട്ടോ-ഷെയറിങ് ആപ്പുമായി ബന്ധപ്പെടുത്തിയാണ് ഇത് പ്രവർത്തിക്കുന്നത്.
∙ പ്രവര്‍ത്തിപ്പിക്കലും എളുപ്പം
പിക്‌സിയുടെ ഉടമ അത് സ്റ്റാര്‍ട് ചെയ്ത് കൈവെള്ളയില്‍ വച്ച് സ്വന്തം കണ്ണിനു നേരേ ഉയര്‍ത്തുക. പിക്‌സി സ്വയം പറന്നുയര്‍ന്ന് ഉടമയെയോ അയാള്‍ക്ക് ഒപ്പമുള്ളവരെയോ പിന്തുടര്‍ന്ന് ഏതാനും സെക്കന്‍ഡുകള്‍ പറന്നോളും! ഇതിലെ പുതുമ പലര്‍ക്കും ആകര്‍ഷകമാകുമെന്നാണ് കമ്പനി കരുതുന്നത്. സ്‌നാപ്ചാറ്റ് ഉപയോക്താക്കളില്‍ ഏറിയ പങ്കും 13-34 വയസ്സുകാരാണ്. അവരുടെ താത്പര്യങ്ങള്‍ കണക്കിലെടുത്ത ശേഷമാണ് കമ്പനി പുതിയ ഡ്രോണ്‍ പുറത്തിറക്കിയിരിക്കുന്നത്.
∙ സങ്കീര്‍ണത ഇല്ലാത്ത പ്രവര്‍ത്തന രീതി
സങ്കീര്‍ണതകളില്ലാത്ത രൂപകല്‍പനാ രീതിയാണ് പിക്‌സിയുടെ നിര്‍മാണത്തിന് സ്വീകരിച്ചിരിക്കുന്നത്. ഡ്രോണ്‍ ഓണ്‍ ചെയ്യാനായി ഒരു ബട്ടണാണ് ഇതിന്റെ മുകളില്‍ പിടിപ്പിച്ചിരിക്കുന്നത്. കൂടാതെ ഒരു ക്യാമറാ ഡയലും ഉണ്ട്. ഇതുപയോഗിച്ച് ആറു വ്യത്യസ്ത രീതികളില്‍ ഡ്രോണ്‍ പറത്താം. അതേസമയം, ഇത് അധിക ദൂരത്തേക്കോ വെള്ളത്തിനു മുകളിലോ പറത്തരുതെന്നും മുന്നറിയിപ്പുണ്ട്. അങ്ങനെ ചെയ്താല്‍ ഡ്രോണിനു താഴെയുള്ള ക്യാമറ സ്വയം പ്രവര്‍ത്തിക്കുകയും പിക്‌സി സ്വയം ലാന്‍ഡ് ചെയ്യാന്‍ തീരുമാനം എടുക്കുകയും ചെയ്യുമെന്നും പറയുന്നു.
∙ പ്രവര്‍ത്തനം എത്ര നേരം?
മുഴുവന്‍ ചാര്‍ജ് ചെയ്ത ബാറ്ററിയുമായി ആണ് പോകുന്നതെങ്കില്‍ ഏകദേശം 5 മുതല്‍ 8 തവണ വരെയാണ് ഡ്രോണ്‍ പറത്താനാകുക. ഈ പറക്കലുകളുടെ ദൈര്‍ഘ്യം 10-20 സെക്കന്‍ഡ് വരെ ആയിരിക്കും. എന്നാല്‍ ബാറ്ററി പുറത്തെടുക്കാവുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ ബാറ്ററി കൈവശംവച്ചാല്‍ കൂടുതല്‍ നേരം ഡ്രോണ്‍ പറപ്പിക്കാനാകും. അതേസമയം, ഇതൊക്കെ വലിയ പോരായ്മയല്ലേ എന്ന് ഡ്രോണ്‍ പറത്തുന്നവര്‍ക്ക് തോന്നാമെങ്കിലും, സ്‌നാപ്ചാറ്റ് ഉപയോക്താക്കള്‍ക്ക് അത് മതിയായേക്കുമെന്നും പറയുന്നു. ചെറിയ ക്ലിപ്പുകള്‍ മാത്രമാണ് സ്‌നാപ്ചാറ്റ് ഉപയോക്താക്കള്‍ക്ക് പങ്കുവയ്ക്കാന്‍ സാധിക്കുക.
∙ ക്യാമറാ സ്‌പെസിഫിക്കേഷന്‍
പറക്കും പിക്‌സിയില്‍ ഒരു 12 എംപി ക്യാമറയാണ് ഉള്ളത്. ഇതില്‍ 100 വിഡിയോ ക്ലിപ്പുകള്‍ വരെയും 1000 ഫൊട്ടോകള്‍ വരെയും ഷൂട്ടു ചെയ്യാം. വിഡിയോയുടെ പരമാവധി റെസലൂഷന്‍ 2.7കെ/30പി ആണ്. ഇതിലുള്ള 16 എംബി ഡ്രൈവ് പ്രധാനമായും ഫോട്ടോകളും വിഡിയോയും സ്‌നാപ്ചാറ്റ് ആപ്പിലേക്ക് നേരിട്ട് അയയ്ക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്.
∙ ക്വാളിറ്റി
പിക്‌സിയില്‍ പകര്‍ത്തുന്ന കണ്ടെന്റ് യൂട്യൂബില്‍ പോസ്റ്റ് ചെയ്യാനോ വലിയ സ്‌ക്രീനുള്ള കംപ്യൂട്ടറുകളിലോ ടിവികളിലോ കാണാന്‍ കൊള്ളില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നിങ്ങളുടെ സ്മാര്‍ട് ഫോണിന് പറക്കാനാവില്ലാത്തതിനാലാണ് പിക്സി പുറത്തിറക്കുന്നതെന്നും ഇവാന്‍ പറയുന്നു. സ്മാര്‍ട് ഫോണ്‍ ഗിംഗളുകളിലും മറ്റും വച്ചു പകര്‍ത്തുന്നതിനേക്കാള്‍ മികച്ച കണ്ടെന്റ് പിക്‌സി ഉപയോഗിച്ച് സൃഷ്ടിക്കാമെന്നാണ് അദ്ദേഹത്തിന്റെ വാദം. കൂടുതല്‍ പറക്കും ക്യാമറകള്‍ ഭാവിയില്‍ പുറത്തിറക്കാന്‍ തങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും ഇവാന്‍ പറയുന്നു. തുടക്കത്തില്‍ അമേരിക്കയിലും ഫ്രാന്‍സിലും വില്‍പനയ്‌ക്കെത്തുന്ന പിക്‌സി താമസിയാതെ മറ്റു രാജ്യങ്ങളിലും എത്തിയേക്കും. പിക്‌സിക്കു മാത്രം വില 229 ഡോളറാണ്. എന്നല്‍, ഇരട്ട ബാറ്ററിയും ഇരട്ട ബാറ്ററി ചാര്‍ജറും അടങ്ങുന്ന ഫ്‌ളൈറ്റ് പാക്കിന് 249.99 ഡോളറാണ് എംആര്‍പി. സ്‌നാപ് പുറത്തുവിട്ട മറ്റൊരു പിക്‌സി വിഡിയോ കാണാം: https://youtu.be/ZTV4A8D3rQ0
ഇതാദ്യമായല്ല സ്‌നാപ് ഹാര്‍ഡ്‌വെയര്‍ നിര്‍മാണത്തിലേക്കു കടക്കാന്‍ ശ്രമിക്കുന്നത്. ഓഗ്മെന്റഡ് റിയാലിറ്റി കണ്ണടയായ സ്‌പെക്ടക്കിൾസ് (Spectacles) ഇത്തരത്തില്‍ മറ്റൊരു ഉപകരണമാണ്. ഇതും അത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നതും മറ്റൊരു വസ്തുതയാണ്.
English Summary: Meet Pixy, Snapchat selfie drone