ഒരു ക്യാമറ ‘ലൈറ്റ്‌സ് ഫൊട്ടോഗ്രാഫികാ’ ലേലത്തില്‍ വച്ചപ്പോള്‍ പ്രതീക്ഷിച്ചത് 22 മുതൽ 33 വരെ ലക്ഷം ഡോളറായിരുന്നു. എന്നാല്‍, ലൈക്ക 0-സീരീസ് നമ്പര്‍ 105 'ഒസ്‌കര്‍ ബര്‍ണാക്' (Leica 0-Series 'Oskar Barnack') എന്ന ക്യാമറ വിറ്റു പോയത് അവിശ്വസനീയ വിലയ്ക്കാണ് - 1.5 കോടി ഡോളറിന്. ഇത്ര വില കിട്ടാന്‍ മാത്രം എന്താണ് ഈ ക്യാമറയുടെ പ്രത്യേകതകള്‍? ചരിത്രം ഉറങ്ങുന്ന ക്യാമറാ ബോഡിയാണ് എന്നതാണ് ഇതിന്റെ സവിശേഷത. അതിന്റെ ഫീച്ചറുകള്‍ക്കല്ല വില. ക്യാമറകളുടെയും ഫൊട്ടോഗ്രഫിയുടെയും ചരിത്രം വഴിതിരിച്ചുവിട്ടു എന്നതടക്കമുള്ള കാരണങ്ങളാണ് ഇതിന്റെ വില നിര്‍ണയിച്ചത്.
∙ ചരിത്രം വഴിമാറ്റിവിട്ടത് ഇങ്ങനെ
ലൈക്ക കമ്പനി ഉടമ ഒസ്‌കര്‍ ബാര്‍ണക്ക് എടുത്ത ഒരു തീരുമാനമാണ് ഫൊട്ടോഗ്രഫിയുടെയും ക്യാമറാ നിര്‍മാണത്തിന്റെയും ഗതി മാറ്റിയത്. ഒസ്‌കര്‍ തന്റെ ലൈക്ക-1 സീരീസ് നിര്‍മിക്കാന്‍ തീരുമാനിക്കുന്നതിനു മുൻപുള്ള കാലം മീഡിയം, ലാര്‍ജ് ഫോര്‍മാറ്റുകളുള്ള, കൊണ്ടുനടക്കാനോ ട്രൈപ്പോഡില്ലാതെ ഫോട്ടോ എടുക്കാനോ എളുപ്പമല്ലാത്ത ക്യാമറകളുടേതായിരുന്നു. അപ്പോഴാണ് സിനിമ ഷൂട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന 35 എംഎം ഫിലിം ഉപയോഗിച്ച്, വലുപ്പം കുറഞ്ഞ ഒരു ക്യാമറ നിര്‍മിക്കാന്‍ ഒസ്‌കര്‍ തീരുമാനിക്കുന്നത്. പലരും അദ്ദേഹത്തെ കളിയാക്കി. ശരിക്കുള്ള ക്യാമറകള്‍ക്കു പകരം ഒരു കളിപ്പാട്ടമാണ് താങ്കള്‍ നിർമിക്കുന്നത് എന്നായിരുന്നു വിമര്‍ശകര്‍ പരിഹസിച്ചത്. എന്നാല്‍, ഒസ്‌കര്‍ തന്റെ ആശയവുമായി മുന്നോട്ടുപോയി.
∙ കൊണ്ടു നടക്കാവുന്ന ക്യാമറ ഫൊട്ടോഗ്രഫിയെ ജനകീയമാക്കി
എവിടെയും കൊണ്ടു നടക്കാവുന്ന കൊച്ചു ക്യാമറ എന്ന ആശയം നെഞ്ചിലേറ്റപ്പെടുകയായിരുന്നു. ലൈക്കയെ കോപ്പിയടിച്ചാണ് ജാപ്പനീസ് ക്യാമറാ നിര്‍മാതാക്കള്‍ പിന്നീട് കൂടുതല്‍ ജനകീയമായ ക്യാമറകള്‍ പുറത്തിറക്കിയത്. ഏകദേശം നൂറു വര്‍ഷം മുൻപ്, കൃത്യമായി പറഞ്ഞാല്‍ 1923 ല്‍ ആണ് ചരിത്രം വഴിതിരിച്ചുവിട്ട ആ ലൈക്ക 1 സീരീസ് ക്യാമറകള്‍ പുറത്തുവന്നത്. എന്നാല്‍, അതിനു മുൻപ് ഒസ്‌കറിന്റെ കമ്പനി പരീക്ഷണാര്‍ഥം 23 ക്യാമറകള്‍ പുറത്തിറക്കിയിരുന്നു. അവയ്ക്കാണ് ലൈക്ക 0-സീരീസ് ക്യാമറകള്‍ എന്ന പേരു ലഭിച്ചത്. ഇവയില്‍ ഏകദേശം 12 എണ്ണം ഇപ്പോഴും ലോകത്തിന്റെ പല ഭാഗത്തായി കണ്ടേക്കാമെന്നു കരുതപ്പെടുന്നു. (അത്തരം ഒന്ന് തട്ടിന്‍പുറത്തുനിന്ന് കിട്ടിയാല്‍ അതു നിങ്ങളെ കോടിപതിയാക്കും!) ഈ 12 ക്യാമറകള്‍ക്കും ദശലക്ഷക്കണക്കിന് ഡോളര്‍ ലഭിച്ചേക്കാമെങ്കിലും ഇപ്പോൾ വിറ്റുപോയിരിക്കുന്ന ക്യാമറയ്ക്ക് മറ്റൊരു സവിശേഷതകൂടെയുണ്ട് - അതാണ് ഒസ്‌കര്‍ ബര്‍ണാക് ഉപയോഗിച്ചിരുന്നത്!
∙ വിലയില്‍ മുന്‍ റെക്കോർഡും ലൈക്ക-0 സീരീസിനു തന്നെ
ഇതിനു മുൻപ് 2018 ല്‍ നടത്തിയ ലേലത്തില്‍ വിറ്റു പോയ മറ്റൊരു ലൈക്ക 0-സീരീസ് ക്യാമറയ്ക്കു ലഭിച്ചത് 24 ലക്ഷം യൂറോക്കാണ്. അതിന്റെ റെക്കോർഡാണ് ഒസ്‌കറിന്റെ സ്വന്തം ക്യാമറ ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്. (അതേസമയം, 2018ല്‍ വിറ്റ ക്യാമറ ഇപ്പോള്‍ ലേലത്തില്‍ വച്ചാല്‍ 24 ലക്ഷം ഡോളറിലേറെ കിട്ടുമെന്നു കരുതുന്നവരും ഉണ്ട്. അതാണ് പറയുന്നത് പഴകുംതോറും ലൈക്കയുടെ വിന്റേജ് ക്യാമറകള്‍ക്ക് വില കൂടുമെന്ന്.) ഇപ്പോള്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ക്യാമറ എന്ന വിശേഷണം കിട്ടിയ ലൈക്ക 0-സീരീസ് നമ്പര്‍ 105 'ഒസ്‌കര്‍ ബര്‍ണാക്' മോഡലിന്റെ വ്യൂഫൈന്‍ഡറിന്റെ മുകളില്‍ ഒസ്‌കര്‍ ബാര്‍ണക് എന്ന പേര് കൊത്തിവച്ചിട്ടുമുണ്ട്.
∙ വര്‍ഷങ്ങളെടുത്തു നിര്‍മിച്ചത്
ഈ ക്യാമറ നിര്‍മിക്കാന്‍ വര്‍ഷങ്ങളോളം പണിയെടുത്തു എന്ന് ഒസ്‌കര്‍ പറഞ്ഞതായി ‘ലൈക ക്യാമറ’യുടെ ഫെയ്‌സ്ബുക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളില്‍ പലതും താന്‍ സൂക്ഷിച്ചിരുന്നു എന്നും ഈ ക്യാമറ ആരെങ്കിലും വ്യാജമായി നിര്‍മിച്ചിറക്കിയതല്ലെന്നും അദ്ദേഹം പറഞ്ഞതായി അതിലുണ്ട്. തങ്ങളുടെ ക്യാമറാ നിര്‍മാണത്തില്‍ നിര്‍ണായക സ്വാധീനമാണ് ലൈക്ക 0-സീരീസ് ഉണ്ടാക്കിയതെന്ന് കമ്പനി പറയുന്നു.
∙ പണം മുടക്കിയത് ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാനല്ല
ഇപ്പോള്‍ 1.5 കോടി ഡോളര്‍ മുടക്കി ക്യാമറ ലേലത്തില്‍ പിടിച്ചയാള്‍ പണം മുടക്കിയരിക്കുന്നത് താന്‍ വാങ്ങിയ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കാനല്ല. മറിച്ച് ചരിത്രത്തിന്റെ ഒരു ഭാഗം സ്വന്തമാക്കി വയ്ക്കാനാണ്. ഒസ്‌കറിന്റെ ക്യാമറ അദ്ദേഹത്തിന്റെ കുടുംബത്തില്‍ തന്നെയായിരുന്നു 1960 കള്‍ വരെ ഉണ്ടായിരുന്നത്. മകനായിരിക്കാം അദ്ദേഹത്തിന്റെ പേര് കൊത്തിവച്ചതെന്നും സംശയിക്കുന്നു. പിന്നീട് അത് ക്യാമറ ശേഖരിക്കുന്ന ഒരു അമേരിക്കക്കാരൻ സ്വന്തമാക്കി. ക്യാമറയില്‍ ഒരു 50എംഎം എഫ്3.5 ലെന്‍സും പിടിപ്പിച്ചിട്ടുണ്ട്. അതേസമയം, ലൈക്ക 0-സീരീസ് നമ്പര്‍ 105 'ഒസ്‌കര്‍ ബര്‍ണാക്' മാത്രമല്ല ലേലത്തിന് എത്തിയത്. മറ്റ് 400 ക്യാമറകളും ലേലത്തില്‍ വച്ചിരുന്നു.
∙ പുതിയ ഗിംബളുകളുമായി ഡിജെഐ
വിഡിയോ ഷൂട്ട് ചെയ്യുന്നവര്‍ക്കായി രണ്ടു പുതിയ ഗിംബളുകളാണ് ഡിജെഐ കമ്പനി പുറത്തിറക്കിയിരിക്കുന്നത് - ആര്‍എസ്3, ആര്‍എസ് 3 പ്രോ. ആര്‍എസ് 3 മോഡലിന് വില 549 ഡോളറാണ്. ആര്‍എസ് 3 കോംബോ പാക്കാണ് വേണ്ടതെങ്കില്‍ വില 719 ഡോളറാകും. പ്രോ മോഡലിന് വിലയിട്ടിരിക്കുന്നത് 869 ഡോളറാണ്. കോംബോ പാക്കിന് 1,099 ഡോളറാണ് വില. ആര്‍എസ് 3യ്ക്ക് 1.3 കിലോ ആണ് ഭാരം. ഇതില്‍ 3 കിലോ വരെയുള്ള ക്യാമറാ-ലെന്‍സ് കോംബോ ഉപയോഗിക്കാം. പ്രോ മോഡലിന് 1.5 കിലോ ആണ് ഭാരം. ഇതില്‍ 4.5 കിലോ ഭാരമുള്ള കോംബോ വരെ മൗണ്ട് ചെയ്യാം.
∙ നിക്കോണിന്റെ പുതിയ സിഎഫ്എക്‌സ്പ്രസ് കാര്‍ഡിന് വില 727 ഡോളര്‍
തങ്ങളുടെ അതിവേഗ ക്യാമറാ മോഡലായ സെഡ്9 ക്യാമറയ്ക്കും മറ്റും ഒപ്പം ഉപയോഗിക്കാനായി പുതിയ മെമ്മറി കാര്‍ഡ് പുറത്തിറക്കിയിരിക്കുകയാണ് നിക്കോണ്‍. സിഎഫ്എക്‌സ്പ്രസ് ടൈപ് ബി കാര്‍ഡ് എംസി-സിഎഫ്660ജി എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്. കാര്‍ഡിന് സെക്കന്‍ഡില്‍ 1500 എംബി ഡേറ്റ റൈറ്റ് ചെയ്യാനുള്ള കഴിവുണ്ട്. ഇതിന് 660 ജിബിയാണ് സ്റ്റോറേജ് ശേഷി. നിക്കോണിന്റെ സെഡ്9 ക്യാമറ ഷൂട്ടു ചെയ്യുന്ന 8.3കെ/60പി വിഡിയോയും മറ്റും റെക്കോർഡ് ചെയ്യാന്‍ അനുയോജ്യമായിരിക്കും ഇത്.
∙ നിക്കോണ്‍ സെഡ്400എംഎം എഫ്4.5 വിആര്‍ എസ് ലെന്‍സ് വരുന്നു
നിക്കോണ്‍ കമ്പനി മിറര്‍ലെസ് ക്യാമറാ ശ്രേണിക്കായി, സെഡ്400എംഎം എഫ്4.5 വിആര്‍ എസ് എന്ന പേരില്‍ ടെലി ലെന്‍സ് ഉടന്‍ പുറത്തിറക്കും. ഭാരക്കുറവായിരിക്കും ഇതിന്റെ പ്രധാന സവിശേഷത.
English Summary: This $15 million Leica is the most expensive camera ever sold