ADVERTISEMENT

ഒരു പക്ഷേ, ആപ്പിള്‍ കമ്പനി പോലും പ്രതീക്ഷിക്കാത്ത വിധത്തില്‍ ഐഫോണ്‍ 13 സീരീസിലെ മാഗ്‌സെയ്ഫ് സംവിധാനം പ്രയോജനപ്പെടുത്തുകയാണ് ഒരു കൂട്ടം ഡവലപ്പര്‍മാര്‍ ചെയ്തിരിക്കുന്നത്. ഈ പരിശ്രമം ഐഫോണിനെ മികച്ച മിറര്‍ലെസ് ക്യാമറയാക്കി മാറ്റുന്നതില്‍ വിജിയിച്ചിരിക്കാമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിയോ (SCIO) എന്ന പേരില്‍ അറിയപ്പെടുന്ന കമ്പനിയാണ് മാഗ്‌സെയ്ഫ് കേന്ദ്രീകരിച്ച് പുതിയൊരു മോഡ്യുലര്‍ ലെന്‍സ് സിസ്റ്റം സൃഷ്ടിച്ചിരിക്കുന്നത്. അഡോബിയുടെ ബിഹാന്‍സ് വഴിയാണ് സിയോ ക്യാമറാ സിസ്റ്റം പരിചയപ്പെടുത്തിയിരിക്കുന്നത്. 

വയര്‍ലെസ് ചാര്‍ജിങ്ങിനും പല അക്‌സസറികളും ഐഫോണില്‍ ഘടിപ്പിക്കാനുമായി ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ 13 മോഡലുകളില്‍ അവതരപ്പിച്ച മാഗ്‌സെയ്ഫ് സംവിധാനം പ്രയോജനപ്പെടുത്തിയാണ് പുതിയ ലെന്‍സ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. ആപ്പിളിന്റെ കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യയുടെ മികവും പുതിയ ഹാര്‍ഡ്‌വെയറും ഉപയോഗിച്ചാണ് ഐഫോണ്‍ 13 പ്രോ (iPhone 13 Pro) മോഡലുകളെ മികച്ച ഒരു മിറര്‍ലെസ് ക്യാമറയാക്കാന്‍ സിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എൻജിനീയറായ വ്‌ളാഡിമിര്‍ ഫെര്‍ (Vladimir Fer) ശ്രമിച്ചിരിക്കുന്നത്.

∙ ഫോണിനും ക്യാമറയ്ക്കും ഇടയില്‍ സ്ഥാനം

ഫോണിന്റെ എച്ഡിആര്‍ പോലെയുളള ഫീച്ചറുകള്‍ പോലും പ്രയോജനപ്പെടുത്തുകയും എന്നാല്‍, പരമ്പരാഗത ക്യാമറകളില്‍ സാധിക്കുന്ന രീതിയില്‍ ഫില്‍റ്ററുകള്‍ അടക്കം ഉപയോഗിച്ചുമാണ് പുതിയ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. എന്നു പറഞ്ഞാല്‍, സ്മാര്‍ട് ഫോണിനും ക്യാമറയ്ക്കും മധ്യേയുള്ള ഒന്നായിരിക്കും സിയോയുടെ സിസ്റ്റം. സോണി ഇറക്കിയ ക്യൂഎക്‌സ്10, ക്യൂഎക്‌സ്100 മോഡ്യുലര്‍ ക്യാമറാ ലെന്‍സുകളാണ് സിയോ കമ്പനിക്ക് പ്രചോദനമായത്. ഫോണിന് സാധിക്കുന്നതിനേക്കാള്‍ മികച്ച പോര്‍ട്രെയ്റ്റുകളും ടെലിഫോട്ടോ ചിത്രങ്ങളും പകര്‍ത്താന്‍ സിയോയുടെ പുതിയ സിസ്റ്റത്തിനാകും. അതേസമയം, ആപ്പിളിന്റെ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ ശേഷി പ്രയോജനപ്പെടുത്തി സാധാരണ മിറര്‍ലെസ്, ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ പ്രകടനത്തിന് അടുത്തേക്ക് എത്താനും സിയോ ശ്രമിക്കുന്നു.

∙ സെന്‍സറിന് പ്രാധാന്യം

പുതിയ സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ തന്നെ മിക്കവര്‍ക്കും ധാരാളമാണ്. പക്ഷേ, ചിലര്‍ക്കെങ്കിലും അവ എടുക്കുന്നതിനേക്കാള്‍ അല്‍പം കൂടി മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ ആഗ്രഹവും കാണും. എന്നാല്‍, വലുപ്പവും ഭാരവും കൂടിയ പരമ്പരാഗത ക്യാമറകള്‍ കൂടെ കൊണ്ടുനടക്കാന്‍ ആഗ്രഹം ഇല്ലെന്നും വരാം. അത്തരക്കാരെയാണ് സിയോ കമ്പനി ലക്ഷ്യംവയ്ക്കുന്നത്. മിറര്‍ലെസ് ക്യാമറകളുടെ ലെന്‍സിനെ അനുസ്മരിപ്പിക്കുന്ന ഒന്നാണ് പുതിയ സിസ്റ്റം. ഇതിനുള്ളില്‍ തന്നെയാണ് ക്യാമറയുടെ സെന്‍സറും. സിയോ ഉപയോഗിച്ചിരിക്കുന്ന സെന്‍സറിന് ഐഫോണില്‍ ഉപയോഗിച്ചിരിക്കുന്ന ക്യാമറാ സെന്‍സറിനെക്കാള്‍ വലുപ്പക്കൂടുതലുണ്ട്.

കൃത്യമായ സാങ്കേതികത്വം വച്ചു പറഞ്ഞാല്‍ വലുപ്പം കൂടിയ സെന്‍സര്‍ കൂടുതല്‍ മികച്ച ഫോട്ടോ എടുക്കും. സിയോയുടെ ക്യാമറാ സിസ്റ്റം, ഡെപ്ത്, എച്ഡിആര്‍ വിവരങ്ങള്‍, സൂക്ഷ്മാംശങ്ങള്‍ പിടിച്ചെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ മികവു പുലര്‍ത്തുമെന്നു പറയപ്പെടുന്നു. ലെന്‍സില്‍ തന്നെ ട്രൈപ്പോഡ് മൗണ്ടും ഉണ്ട്. അതും ഈ കംപ്യൂട്ടേഷണല്‍ ക്യാമറയെ പരമ്പരാഗത ക്യാമറയെ അനുസ്മരിപ്പിക്കുന്നതില്‍ വിജയിക്കുന്നു എന്നു പറയുന്നു. 

∙ പ്രതീക്ഷിക്കുന്നത് 1-ഇഞ്ച് സെന്‍സര്‍

കൃത്യമായ സ്‌പെസിഫിക്കേഷന്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, സോണിയുടെ ക്യൂഎക്‌സ്100 മോഡ്യുലര്‍ ക്യാമറാ സിസ്റ്റത്തെയാണ് അനുകരിക്കുന്നതെങ്കില്‍ 1-ഇഞ്ച് വലുപ്പമുള്ള സെന്‍സറായിരിക്കാം സിയോയും ഉപയോഗിച്ചിരിക്കുന്നത്. ക്യൂഎക്‌സ്100ന് 20.2 എംപി സെന്‍സറാണ് ഉള്ളത്. സൂം 28-100എംഎം ആണ്.

∙ സ്‌പെഷല്‍ കെയ്‌സ്

സിയോയുടെ ലെന്‍സ് ഐഫോണ്‍ 13 പ്രോ സീരീസില്‍ നേരിട്ടു പിടിപ്പിക്കാം. എന്നല്‍, കുറച്ചുകൂടി ഉറപ്പു കിട്ടാനായി ഒരു കെയിസും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഫോണില്‍ കെയ്‌സ് ഇട്ടശേഷം ലെന്‍സ് പിടിപ്പിച്ചാല്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും. കെയ്‌സിലേക്കും ലെന്‍സ് പിടിക്കുക കാന്തികമായാണ്. ലെന്‍സ് വേര്‍പെടുത്തിയെടുക്കാന്‍ ഇജെക് ബട്ടണും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ കെയ്‌സ് ഉപയോഗിച്ചാല്‍ കൂടുതല്‍ നല്ല ഗ്രിപ്പും ലഭിക്കും. കൂടാതെ കെയ്‌സില്‍ ഒരു ഫിസിക്കല്‍ ഷട്ടര്‍ ബട്ടണും ഉണ്ട്. 

∙ ഫൊട്ടോഗ്രഫി മെച്ചപ്പെടുമെന്ന് കമ്പനി

ഐഫോണ്‍ ആണ് പുതിയ മൊഡ്യുലാര്‍ ക്യാമറയുടെ സ്‌ക്രീനായി പ്രവര്‍ത്തിക്കുന്നത്. അതേസമയം, ക്യാമറയുടെ സെറ്റിങ്‌സ് അടക്കമുളള കാര്യങ്ങള്‍ ലെന്‍സിലുള്ള 'ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയില്‍' ലഭിക്കുകയും ചെയ്യും. ഷട്ടര്‍ സ്പീഡ്, അപേര്‍ചര്‍ തുടങ്ങിയവയാണ് ഇത്തരത്തില്‍ ലഭിക്കുക. കൂടാതെ, സൂമും ഫോക്കസും ലെന്‍സില്‍ ക്രമീകരിക്കാം. ലെന്‍സ് ഹുഡുകളും ഒരുപറ്റം ഫില്‍റ്ററുകളും കാന്തികമായി അറ്റാച് ചെയ്യാം. ലെന്‍സ് ക്യാപ്പും ഇത്തരത്തില്‍ പിടിപ്പിക്കാം. മാഗ്‌സെയ്ഫിന്റെ സാധ്യത ആപ്പിള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ വികസിപ്പിക്കുകയാണ് സിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവര്‍ ചെയ്തിരിക്കുന്നതെന്നു പറയുന്നു. അതേസമയം, ആപ്പിള്‍ ഇത്തരം ഒരു സിസ്റ്റം അവതരിപ്പിച്ചേക്കില്ലെന്നാണ് കരുതുന്നത്.

∙ കൂടുതല്‍ കമ്പികള്‍ മുന്നോട്ടു വന്നേക്കാം

പക്ഷേ, തേഡ് പാര്‍ട്ടി കമ്പനികള്‍ക്ക് ഇതൊരു പുത്തന്‍ ആശയമായിരിക്കും കൈമാറുക. കൂടുതല്‍ കമ്പനികള്‍ ഇത്തരം ആക്‌സസറി പുറത്തിറക്കാനുള്ള സാധ്യതയും കാണുന്നു. അങ്ങനെ സംഭവിച്ചാല്‍ അതൊരു ക്യാമറാ വിപ്ലവം തന്നെ ആയിരിക്കാമെന്നു പറയുന്നു. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ സാധ്യത വേണ്ടത്ര ചൂഷണം ചെയ്യാന്‍ പരമ്പരാഗത ക്യാമറാ നിര്‍മാതാക്കള്‍ ശ്രമിക്കുന്നില്ല എന്നതിനാല്‍ സിയോ തുടങ്ങിവച്ചിരിക്കുന്ന മാറ്റം മറ്റു കമ്പനികളും ഏറ്റുപിടിച്ചാല്‍ പരമ്പരാഗത ക്യാമറകള്‍ക്കും ഫോണിനും ഇടയില്‍ മികവുറ്റ ഫൊട്ടോകളും വിഡിയോകളും പകര്‍ത്താന്‍ സാധിക്കുന്നതരം മോഡ്യുലാര്‍ ഉപകരണത്തിന്റെ പ്രസക്തി വര്‍ധിച്ചേക്കാം.

∙ ഫില്‍റ്ററുകള്‍

ന്യൂട്രല്‍ ഡെന്‍സിറ്റി, വേരിയബിൾ എന്‍ഡി, സൂപ്പര്‍ മാക്രോ, ആര്‍ട്ടിസ്റ്റിക് ഗ്രേഡിയന്റ്, ആര്‍ട്ടിസ്റ്റിക് ബോ-കെ തുടങ്ങി പല അക്‌സസറികളും സിയോ അവതരിപ്പിച്ചു കഴിഞ്ഞു. അതേസമയം, പുതിയ സിസ്റ്റത്തിന്റെ വില്‍പന സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും താമസിയാതെ പുറത്തുവിടുമെന്നു കരുതുന്നു. എന്തായാലും, ഐഫോണ്‍ ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് പുതിയൊരു സാധ്യത കൂടി തുറന്നിട്ട ഡവലപ്പര്‍മാര്‍ക്ക് അനുമോദനങ്ങള്‍.

PhotoCourtesy : Vladimir Fer
PhotoCourtesy : Vladimir Fer

∙ ആന്‍ഡ്രോയിഡ് ഫോണ്‍ ഉടമകള്‍ക്ക്

ആന്‍ഡ്രോയിഡ് ഫോണ്‍ ഉടമകള്‍ക്ക് സോണി ഇറക്കിയ ക്യൂഎക്‌സ്10, ക്യൂഎക്‌സ്100 മോഡ്യുലാര്‍ ക്യാമറാ ലെന്‍സുകള്‍ വര്‍ഷങ്ങളായി നിലവിലുണ്ട്. 

English Summary: MagSafe camera lens concept turns your iPhone 13 into a professional mirrorless camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com