ഐഫോണ്‍ ക്യാമറയ്ക്ക് വമ്പന്‍ മാറ്റം വരുമോ? മറ്റൊരു ഫോണിനും ഇല്ലാത്ത ഫീച്ചറുകള്‍ കൊണ്ടുവരാന്‍ ആപ്പിള്‍

iphone-concept-1
iPhone Concept Image
SHARE

വെള്ളത്തിനടിയിലും മഴയത്തും ഒക്കെ ഫോട്ടോയും വിഡിയോയും പകര്‍ത്താന്‍ അനുവദിക്കുന്ന അണ്ടര്‍ വാട്ടര്‍, വെറ്റ് മോഡുകള്‍ ഐഫോണുകളില്‍ കൊണ്ടുവരാന്‍ ആപ്പിള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. കമ്പനിക്ക് അടുത്തിടെ ലഭിച്ച പേറ്റന്റ് അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഫോര്‍ബ്‌സ് കണ്ടെത്തിയിരുന്നു. മറ്റൊരു ഫോണ്‍ നിര്‍മാതാവിനും ഇതുവരെ നല്‍കാന്‍ കഴിയാത്ത ഫീച്ചറുകളാണ് ആപ്പിള്‍ ഇനി കൊണ്ടുവരാന്‍ ശ്രമിക്കുക എന്നും പറയപ്പെടുന്നു. പുതിയ ഫീച്ചര്‍ വഴി മഴയത്ത് ഫോൺ സ്‌ക്രീന്‍ ഉപയോഗിക്കാമെന്ന അധികഗുണവും ഐഫോണിന് ലഭിച്ചേക്കും.

∙ മൂന്നു മോഡുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ

മൂന്നു മോഡുകളില്‍ ക്യാമറ പ്രവര്‍ത്തിപ്പിക്കാനാണ് ആപ്പിളിന്റെ ഉദ്ദേശം - വെറ്റ്, അണ്ടര്‍ വാട്ടര്‍, ഡ്രൈ. ഓരോ സാഹചര്യത്തിനും അനുസരിച്ച് ക്യാമറയുടെ ഇന്റര്‍ഫെയ്‌സും മാറിയേക്കും. ഇത് പേറ്റന്റ് അപേക്ഷയില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉദാഹരണത്തിന് വെറ്റ് മോഡില്‍ ചില ക്യാമറാ ഫങ്ഷനുകള്‍ ഇന്റര്‍ഫെയ്‌സില്‍ ലഭ്യമായിരിക്കില്ല. ഇതിനാല്‍ തന്നെ അവ ആക്ടിവേറ്റു ചെയ്യാന്‍ ഉപയോക്താവിന് സാധിക്കില്ല. വെള്ളത്തിനടിയില്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ സാധാരണ കാണുന്ന മൊത്തം ക്യാമറാ നിയന്ത്രണ ഐക്കണുകളും ഒഴിവാക്കിയിരിക്കുകയാണ്. പകരം വലുപ്പമുള്ള ബട്ടനുകള്‍ പ്രത്യക്ഷപ്പെടും. വെള്ളത്തിനടിയില്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഉപയോക്താവിന് ഫോട്ടോ അല്ലെങ്കില്‍ വിഡിയോ പകര്‍ത്തുക എന്ന ലക്ഷ്യം കൂടുതല്‍ എളുപ്പമാക്കാനാണിത്.

∙ സെറ്റിങ്‌സ് എല്ലാം ഫോണിന്റെ നിയന്ത്രണത്തില്‍

അതേസമയം, ഈ മോഡില്‍ ഉപയോക്താവിന് സെറ്റിങ്‌സിനുമേല്‍ ഒരു നിയന്ത്രണവും ലഭിച്ചേക്കില്ല. എല്ലാ കാര്യങ്ങളും ഫോണ്‍ ഓട്ടമാറ്റിക്കയി നിയന്ത്രിക്കും. വെള്ളത്തിനടിയില്‍ ചിത്രമെടുക്കേണ്ട വസ്തുവിനു നേരെ ക്യാമറ ചൂണ്ടി ഷട്ടര്‍ അല്ലെങ്കില്‍ റെക്കോഡ് ബട്ടനില്‍ അമര്‍ത്താന്‍ മാത്രമായിരിക്കും സാധിക്കുക. സാഹചര്യത്തിന് അനുയോജ്യമായ സെറ്റിങ്‌സ് ഫോണ്‍ തന്നെ തിരഞ്ഞെടുത്തു പ്രവര്‍ത്തിപ്പിക്കും. ഫോണ്‍ വെള്ളത്തില്‍ എത്ര അടി താഴ്ചയിലാണ് ഉള്ളതെന്നും സ്‌ക്രീനില്‍ കാണിച്ചുകൊണ്ടിരിക്കും. കാരണം, ഒരു നിശ്ചിത പരിധിക്ക് താഴെ വാട്ടര്‍ റെസിസ്റ്റന്‍സ് ഉണ്ടായിരിക്കില്ല. അതിനു താഴേക്ക് ഫോണ്‍ കൊണ്ടുപോകാതിരിക്കാനാണ് ഇത്.

∙ എല്ലാവര്‍ക്കും വേണ്ട ഫങ്ഷനല്ല ഇത്

അതേസമയം, വെള്ളത്തിനടിയില്‍ ഫോട്ടോയും വിഡിയോയും റെക്കോഡു ചെയ്യുക എന്നത് എല്ലാ ഐഫോണ്‍ ഉപയോക്താക്കളും ആഗ്രഹിക്കുന്ന കാര്യമൊന്നുമല്ല. പക്ഷേ, ഏതു സാഹചര്യത്തിലും ഉപയോഗിക്കാവുന്ന ഒരു ഫോണ്‍ ഇറക്കാന്‍ സാധിക്കുക എന്നത് തങ്ങളുടെ എതിരാളികളെക്കാള്‍ ഒരു പടി മുന്നില്‍നില്‍ക്കാന്‍ ആപ്പിളിനെ സഹായിച്ചേക്കുമെന്നു പറയുന്നു. അതേസമയം, തങ്ങള്‍ ഉദ്ദേശിക്കാത്ത രീതിയില്‍ ഫോണിന്റെ ഐക്കണുകള്‍ക്ക് രൂപം മാറുന്നത് ചില ഉപയോക്താക്കളെ കുഴപ്പത്തിലാക്കുമെന്നു കരുതുന്നവരും ഉണ്ട്. 

∙ ഫൊട്ടോഗ്രാഫിക്കപ്പുറം ഗുണം

ആപ്പിള്‍ കൊണ്ടുവരാന്‍ പോകുന്ന സാങ്കേതികവിദ്യ ക്യാമറാ ആപ്പുകള്‍ ഉപയോഗിക്കുന്നിടത്തു മാത്രമല്ല ഗുണകരമാകുക. മഴയത്തും ഇര്‍പ്പമുളള സന്ദര്‍ഭങ്ങളിലും ഫോണ്‍ ഉപയോഗിക്കുമ്പോഴും ഗുണകരമാകുന്ന രീതിയിലുള്ള മാറ്റങ്ങളും സ്‌ക്രീന്‍ ടെക്‌നോളജിയില്‍ കൊണ്ടുവന്നേക്കും. 

∙ മഴയത്ത് ഫോണ്‍ ഉപയോഗിക്കുമ്പോള്‍

പുതിയ തലമുറ പ്രീമിയം ഐഫോണുകളടക്കം ഒരുപറ്റം ഫോണുകള്‍ക്ക് ഇപ്പോൾ തന്നെ വാട്ടര്‍ റെസിസ്റ്റന്‍സ് ഉണ്ട്. ഒരു നിശ്ചിത താഴ്ചയയില്‍ വെള്ളത്തില്‍ മുങ്ങിപ്പോയാലും ഫോണിന്റെ കോട്ടിങ്ങുകള്‍ക്ക് കേടുപാട് സംഭവിച്ചില്ലെങ്കില്‍ ഫോണ്‍ പ്രശ്‌നമില്ലാതെ ഉപയോഗിക്കാനാകും. പക്ഷേ, മഴയത്തും മറ്റും ഫോണിന്റെ സ്‌ക്രീനില്‍ ടൈപ്പു ചെയ്യുന്നതും മറ്റും ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെ ചെയ്യാതിരിക്കുന്നതു തന്നെയാണ് ഉത്തമം. വാട്ടര്‍ റെസിസ്റ്റന്‍സ് ഉള്ള ഫോണുകള്‍ കേടായേക്കില്ല. പക്ഷേ, ടച്ച് പ്രവര്‍ത്തനം പാടെ വഴുതി പോകുന്നു എന്നാണ് പലരും പറയുന്നത്. തെറ്റായ ടച്ചുകളായിരിക്കും അധികവും സംഭവിക്കുക. 

iphone-14-concept-1

∙ ടെക്സ്റ്റ് ടൈപ്പു ചെയ്യുക എന്നത് വെല്ലുവിളി

മഴയത്ത് ഫോണ്‍ പിടിച്ച് ചെറിയ ഒരു ടെക്‌സ്റ്റ് സന്ദേശം ടൈപ്പു ചെയ്യാ‌ൻ പോലും വലിയ ബുദ്ധിമുട്ടാണെന്ന് അത്തരം പരീക്ഷണങ്ങള്‍ നടത്തിയവര്‍ പറയുന്നു. പല ഫോണുകളിലും എവിടെ നിന്ന് എന്നറിയാതെ ഉദ്ദേശിക്കാത്ത വാക്കുകള്‍ കയറി വരുന്നു. കൈവിരല്‍ അമര്‍ത്തുന്നതിനൊപ്പം വെള്ളത്തുളളികളും അക്ഷരങ്ങളില്‍ പതിച്ച് ഉദ്ദേശിക്കാത്ത വാക്കുകളും അക്ഷരങ്ങളും എത്തിക്കുന്നു. അതിനൊപ്പം ഓട്ടോ കറക്ടും കയറിക്കളിക്കുമ്പോള്‍ മൊത്തം കുളമാകും. ഈ പ്രശ്‌നവും ഒഴിവാക്കാനും ആപ്പിള്‍ ശ്രമിക്കുന്നു. ഇതിനായി ഐഫോണില്‍ മര്‍ദവും ഈര്‍പ്പവും അറിയാനുള്ള സെന്‍സറുകള്‍ ഉള്‍പ്പെടുത്താനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നത്. 

എന്തുമാത്രം മര്‍ദമാണ് പ്രയോഗിച്ചിരിക്കുന്നതെന്നും എന്തുമാത്രം ഈര്‍പ്പമുള്ള സ്ഥലത്താണ് ഉപയോക്താവ് എന്നും അറിഞ്ഞ് സോഫ്റ്റ്‌വെയറിന് സാഹചര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള വഴക്കം നല്‍കാനാണ് ആപ്പിളിന്റെ ശ്രമം. പല വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും ഇത് വളരെ ഗുണകരമാകുമെന്നു കരുതപ്പെടുന്നു. അല്‍പം മഴയാണ് ഉള്ളതെങ്കില്‍ ഫോണിന് രണ്ടു സാധ്യകള്‍ നല്‍കുന്ന കാര്യമായിരിക്കും ആപ്പിള്‍ പരിഗണിക്കുക. ഒന്ന് ഇന്‍ര്‍ഫെയ്‌സ് പാടെ മാറും. വലിയ അക്ഷരങ്ങള്‍ പ്രത്യക്ഷപ്പെടും. അല്ലെങ്കില്‍ അക്ഷരങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിക്കും. ഇതുവഴി അറിയാതെ ഉദ്ദേശിക്കാത്ത അക്ഷരത്തില്‍ അമര്‍ത്തുന്നത് കുറയ്ക്കാന്‍ സാധിച്ചേക്കും. 

∙ ചെറിയ സ്‌ക്രീനില്‍ 26 അക്ഷരങ്ങള്‍ കാണിക്കല്‍ എളുപ്പമായിരിക്കില്ല, പക്ഷേ...

അതേസമയം, 26 അക്ഷരങ്ങള്‍ ഫോണിന്റെ ചെറിയ സ്‌ക്രീനില്‍ കാണിക്കുക എന്നത് എത്ര സാധ്യമാണെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതു പരിഹരിക്കാനാണ് രണ്ടാമത്തെ വഴി. ഉപയോക്താവ് എത്ര അമര്‍ത്തിയാണ് സ്പര്‍ശിക്കുന്നത് എന്നു തിരിച്ചറിയാനായിരിക്കും കമ്പനി ശ്രമിക്കുക എന്നും പറയുന്നു. എന്നു പറഞ്ഞാല്‍ ഭാവിയില്‍ ഇറങ്ങിയേക്കാവുന്ന ഐഫോണുകളുടെ ടച്ച് പ്രതികരണശേഷി ക്രമീകരിക്കാനായേക്കും. ചുരുക്കിപ്പറഞ്ഞാല്‍ മഴത്തുള്ളി വീണ് കീബോഡിലെ അക്ഷരങ്ങള്‍ തനിയെ അമരുന്ന പ്രശ്‌നം അതോടെ പരിഹരിക്കാന്‍ സാധിച്ചേക്കും. 

∙ അപകടങ്ങളില്‍ പെട്ടാല്‍

മഴയത്തു ടൈപ്പ് ചെയ്യാതിരുന്നാല്‍ പോരെ എന്നാണ് ചിന്ത എങ്കില്‍ ചില അപകടങ്ങളില്‍ പെട്ടു കിടക്കുന്നവര്‍ക്കും ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം എന്നും ഓര്‍ക്കുക. മിക്കവര്‍ക്കും ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കില്ല. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ അതിവേഗം ഒരു സന്ദേശം മഴയത്തു നിന്ന് ടൈപ്പു ചെയ്യേണ്ടി വരാം എന്നതിനാല്‍ ഇത്തരം ഫീച്ചറുകളെ സ്വാഗതം ചെയ്യണമെന്നാണ് പൊതുവെയുള്ള അഭിപ്രായം.

∙ ഫൊട്ടോഗ്രഫി  

അതേസമയം, ക്യാമറയുടെ കാര്യത്തിലേക്കു തിരിച്ചുവന്നാല്‍ നമുക്കു മനസിലാകുന്ന ഒരു കാര്യം മഴയത്തും മറ്റും ഫോട്ടോ എടുക്കുക എന്നു പറയുന്നതും പല രീതിയിലും ശ്രമകരമാണ്. ഒരു വെടിക്കു രണ്ടു പക്ഷികളെ വീഴ്ത്താന്‍ തന്നെയാണ് ആപ്പിളിന്റെ ശ്രമം എന്നു പറയുന്നു. അതേസമയം, ഈ സാങ്കേതികവിദ്യയ്ക്ക് ആപ്പിളിന് ഇപ്പോള്‍ പേറ്റന്റ് ലഭിച്ചിട്ടേയുള്ളു. ഇത് ഫോണുകളിലും മറ്റും കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇനിയും പാളാം. എന്തായാലും ഇത്തരം സാഹചര്യങ്ങളെക്കുറിച്ചു കൂടി ചിന്തിക്കുന്ന ആപ്പിളിന് അറിയാതെ കൈയ്യടിച്ചു പോകുമെന്ന് പറയുന്നു.

English Summary: Apple’s upcoming iPhone may allow users to type in rain, underwater

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS