ADVERTISEMENT

മുൻനിര സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് ഷഓമിയുടെ ആദ്യത്തെ സ്മാര്‍ട് ഗ്ലാസസ് ഓഗസ്റ്റ് 3 മുതല്‍ ഓര്‍ഡര്‍ ചെയ്യാമെന്ന് അറിയിച്ചു. മിജിയാ (Mijia) എന്നു പേരിട്ടിരിക്കുന്ന കണ്ണടയിൽ 50 എംപി പ്രധാന ക്യാമറയും 15 മടങ്ങ് വരെ സൂം നല്‍കാന്‍ ശേഷിയുള്ള 8 എംപി പെരിസ്‌കോപ് ക്യാമറയുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്രൗഡ് ഫണ്ടിങ് വഴിയാണ് തുടക്കത്തില്‍ ഓര്‍ഡര്‍ ചെയ്യാനാകുക. ഇത്തരത്തിലുള്ള ഗ്ലാസുകള്‍ വരുന്നതോടെ വരും വര്‍ഷങ്ങളില്‍ സ്മാര്‍ട് ഫോണുകള്‍ പങ്കഥയാകുമെന്ന് കണ്ണട അവതരിപ്പിക്കുന്ന വിഡിയോയില്‍ ഷഓമി പറയുന്നുണ്ട്. വിഡിയോ കാണാം: https://bit.ly/3JpOcT5

∙ ആദ്യം ക്യാമറാ വിശേഷങ്ങള്‍

കണ്ണട പോലെ ധരിക്കാവുന്ന ഈ ഉപകരണത്തിന് രണ്ട് ക്യാമറകളാണ് ഉള്ളതെന്നു കണ്ടല്ലോ. പ്രധാന ക്യാമറയ്ക്കായി 50 എംപി റെസലൂഷനുള്ള ക്വാഡ് ബെയര്‍ ലെന്‍സ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ക്യാമറ വച്ച് അത് ധരിച്ചിരിക്കുന്ന ആള്‍ എന്താണ് കാണുന്നതെന്ന് റെക്കോർഡു ചെയ്‌തെടുക്കാം. ഇത് ഒരു ഫോര്‍-ഇന്‍-വണ്‍ ക്യാമറയാണെന്ന് പാന്‍ഡെയ്‌ലി (PanDaily) റിപ്പോര്‍ട്ടു ചെയ്യുന്നു. ഒപ്പമുള്ള 8 എംപി പെരിസ്‌കോപ് ക്യാമറയ്ക്ക് 5 മടങ്ങാണ് ഒപ്ടിക്കല്‍ സൂം. ഡിജിറ്റല്‍ സൂമും കലര്‍ത്തിയാല്‍ 15 മടങ്ങ് ദൂരത്തുള്ള വസ്തുക്കളെ അടുത്ത് എന്നതു പോലെ പകര്‍ത്താം. ഇതിന് സ്പ്ലിറ്റ് ഇമേജ് സ്റ്റബിലൈസേഷന്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നു.

∙ ബാറ്ററി

മിജിയാ സ്മാര്‍ട് ഗ്ലാസസിന് 1020 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. മുഴുവന്‍ ചാര്‍ജ് ഉണ്ടെങ്കില്‍ തുടര്‍ച്ചയായി 100 മിനിറ്റ് റെക്കോർഡ് ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്മാര്‍ട് ഗ്ലാസസിന് 10w മാഗ്നെറ്റിക് ചാര്‍ജിങ് ആണ് നല്‍കുന്നത്. ഇതു വഴി 0-80 ശതമാനം വരെ 30 മിനിറ്റില്‍ ചാര്‍ജ് ചെയ്‌തെടുക്കാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു.

∙ മിജിയായുടെ മസില്‍ പവര്‍

ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ പുറത്തിറക്കിയ 8-കോറുകളുള്ള ഒരു പ്രോസസറാണ് മിജിയായ്ക്ക് ശക്തി പകരുന്നത്. ഒപ്പം 3ജിബി റാമും, 32 ജിബി സ്റ്റോറേജ് ശേഷിയും ഉണ്ട്. ഇരട്ട വൈ-ഫൈ, ബ്ലൂടൂത് 5.0, തുടങ്ങിയ ഫീച്ചറുകളും മിജിയായില്‍ ഉണ്ട്.

∙ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസ്

ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകള്‍ വൈകാതെ പുറത്തിറക്കിയേക്കുമെന്ന് ഇന്റര്‍നെറ്റില്‍ ശ്രുതിയുണ്ട്. അതിനു മുൻപ് തങ്ങളുടെ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസസായ മിജിയാ പുറത്തിറക്കാനാണ് ഷഓമി ശ്രമിക്കുന്നത്. ബുദ്ധിപൂര്‍വം പ്രവര്‍ത്തിപ്പിക്കുന്ന പല ഫങ്ഷനുകളും ഷഓമിയുടെ എആര്‍ ഗ്ലാസില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ടൈം ബ്രാക്കറ്റിങ് ഫങ്ഷന്‍ അത്തരത്തിലൊന്നാണ്. ഇതു വഴി ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തുന്നതിനു 10 സെക്കന്‍ഡ് മുൻപെ ഷൂട്ടു ചെയ്തു തുടങ്ങാന്‍ മിജിയായ്ക്ക് സാധിക്കുമെന്നു കരുതുന്നു.

മിജിയാ ഗ്ലാസസിന് മൈക്രോ ഓലെഡ് ഡിസ്‌പ്ലേ പ്ലസ് ഫ്രീ-ഫോം ഓപ്ടിക്കല്‍ പ്രിസം ഗ്ലാസാണ് ഉള്ളത്. ഇതിന്റെ പ്രകാശ കാര്യക്ഷമതാ അനുപാതം 60 ശതമാനമാണ്. കുറച്ചു നീല പ്രകാശം മാത്രമാണ് ഗ്ലാസ് പുറത്തുവിടുന്നതെന്നു തെളിയിക്കാനായി ജര്‍മന്‍ കമ്പനിയായ റെയ്ന്‍ലാന്‍ഡ് (Rheinland) സര്‍ട്ടിഫിക്കറ്റും ഗ്ലാസസിന് ലഭിച്ചിട്ടുണ്ട്. സോണിയുടെ മൈക്രോ ഓലെഡ് സിലിക്കന്‍-കേന്ദ്രീകൃത ഡിസ്‌പ്ലേയാണിത്. പരമാവധി ബ്രൈറ്റ്‌നസ് 3000 നിറ്റ് ആണെങ്കിലും കണ്ണിന് അങ്ങേയറ്റം കിട്ടുന്നത് 1800 നിറ്റ് ആയിരിക്കുമെന്ന് സ്പാരോ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 100 ഗ്രാമാണ് ഗ്ലാസസിന്റെ ഭാരം.

∙ ഷെയറിങ്ങും എളുപ്പം

സ്മാര്‍ട് ഫോണുകളെ കാലഹരണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഷഓമി സ്മാര്‍ട് ഗ്ലാസസ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും തത്കാലം അതില്‍ ഷൂട്ടു ചെയ്യുന്ന വിഡിയോ ഷെയർ ചെയ്യണമെങ്കില്‍ സ്മാര്‍ട് ഫോണുകളുടെ സഹായം വേണം. മിജിയായ്ക്കായി ഷഓമി ഉണ്ടാക്കിയിട്ടിരിക്കുന്ന ആപ്പ് സ്മാര്‍ട് ഫോണില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യണം. ഇവ തമ്മില്‍ ബന്ധിപ്പിച്ചാലാണ് വിഡിയോകളും ഫോട്ടോകളും ഫോണിലെത്തുകയും വേണമെങ്കില്‍ എഡിറ്റിങ്ങും മറ്റും നടത്തി അപ്‌ലോഡ് ചെയ്യാനും സാധിക്കുക.

∙ തത്സമയ ടെക്‌സ്റ്റ് തര്‍ജ്ജമ

എആര്‍ ഗ്ലാസുകളില്‍ പ്രതീക്ഷിക്കുന്ന പല ഫീച്ചറുകളും ഷഓമിയും കൊണ്ടുവരും. അത്തരത്തിലൊന്നാണ് ഭാഷകള്‍ തത്‌സമയം തര്‍ജ്ജമ ചെയ്യുക എന്നത്. ചെടികളെയും മൃഗങ്ങളെയും തിരിച്ചറിയാനുള്ള ശേഷിയും മിജിയാ ഗ്ലാസസിന് ഉണ്ടായിരിക്കുമെന്ന് ഷഓമി പറയുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളിലും മറ്റും വച്ച് ഒരു ചെടിയുടെ പേരറിയാനും മറ്റും മിജിയായെ ആശ്രയിക്കാം. സ്‌ക്രീന്‍ കാസ്റ്റിങ് അടക്കമുള്ള ഫീച്ചറുകള്‍ അധികം താമസിയാതെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴി മിജിയായ്ക്ക് സമ്മാനിക്കുമെന്നും ഷഓമി പറയുന്നു.

∙ സുരക്ഷാ ഫീച്ചറുകള്‍

ഗ്ലാസസിന് സ്റ്റോറേജ് ശേഷിയുണ്ടെങ്കിലും മറ്റാരെങ്കിലും അത് വച്ചാലും ഫോട്ടോകളും വിഡിയോകളും കാണാന്‍ സാധിക്കില്ല. ഉപയോക്താവ് തന്റെ അക്കൗണ്ട് വഴി ഡേറ്റാ തുറന്നു നല്‍കിയാല്‍ മാത്രമാണ് മറ്റാര്‍ക്കെങ്കിലും അത് കാണാനാകുക എന്ന് ഷഓമി പറയുന്നു. ഗ്ലാസ് നഷ്ടപ്പെട്ടാലും ഡേറ്റ സുരക്ഷിതമായിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

മിജിയാ ഗ്ലാസസ് ധരിക്കുന്നയാള്‍ക്കു മാത്രമല്ല അതിനു മുന്നിലെത്തുന്നവര്‍ക്കും ചില സുരക്ഷകള്‍ നല്‍കുന്നു. മിജിയാ വഴി ഫോട്ടോയെ വിഡിയോയോ പകര്‍ത്തുമ്പോള്‍ അതിലുള്ള ചുവന്ന എല്‍ഇഡി പ്രകാശിച്ച് അതിനു മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് നിങ്ങള്‍ റെക്കോഡു ചെയ്യപ്പെടുന്നു എന്ന മുന്നറിയിപ്പു നല്‍കുന്നു. (ഗൂഗിള്‍ ഗ്ലാസിന് ഇല്ലാതെപോയ ഫീച്ചറുകളിലൊന്നായിരുന്നു ഇത്.)

∙ ക്രൗഡ് ഫണ്ടിങ് വഴി എആര്‍ ഗ്ലാസസ് നിര്‍മാണം

മിജിയ ക്രൗഡ് ഫണ്ടിങ് വഴി നിര്‍മിക്കാനാണ് ഷഓമി ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ എന്തായാലും ഗ്ലാസസ് ചൈനയില്‍ ഉള്ളവര്‍ക്കു മാത്രമാണ് പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുക. വില്‍പനയ്‌ക്കെത്തുമ്പോള്‍ 400 ഡോളര്‍ വിലയിടുമെന്നു പറയുന്ന ഗ്ലാസസിന് ക്രൗഡ്ഫണ്ടിങ് വഴി പ്രീ ഓര്‍ഡര്‍ ചെയ്താല്‍ 370 ഡോളറിന് ലഭിക്കും. മിജിയാ സ്മാര്‍ട്ട് ഗ്ലാസസിന് എന്തു ചെയ്യാനാകും എന്നതിനെക്കുറിച്ച് കമ്പനി പുറത്തുവിട്ട മറ്റൊരു വിഡിയോ ഇവിടെ കാണാം: https://youtu.be/G3Hg86odSPg

English Summary: Xiaomi launches AR glasses with dual camera setup and OLED screen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com