ADVERTISEMENT

കൂടുതല്‍ മെഗാപിക്‌സലുകള്‍, കൂടുതല്‍ വലുപ്പമുള്ള സെന്‍സര്‍ ഇതൊക്കെയാണ് സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രഫിയില്‍ പുതിയതായി വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, ഗൂഗിളിന്റെ ഗവേഷകർ കുറച്ചു വര്‍ഷങ്ങളായി നോയിസ് റിഡക്ഷന്‍, ഇമേജ് അപ്‌സ്‌കെയ്‌ലിങ് തുടങ്ങിയ വിഭാഗങ്ങളില്‍ കൈവരിച്ച അസാധാരണ നേട്ടങ്ങള്‍ വിസ്മരിക്കാനും ആവില്ല. ഇവയില്‍ പലതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൂട്ടുപിടിച്ചിട്ടും ഉണ്ട്. ഇപ്പോള്‍ ഐഫോണിലടക്കം ലഭ്യമായ നൈറ്റ് മോഡ് ഏറ്റവും മികച്ച രീതിയില്‍ ആദ്യം അവതരിപ്പിച്ചതും ഗൂഗിളിന്റെ എൻജിനീയര്‍മാരായിരുന്നു.

 

∙ നോയിസിനെ തളയ്ക്കാന്‍

 

ഇതുവരെ നന്നെ ചെറിയ സെന്‍സര്‍ മാത്രം ഉള്‍ക്കൊള്ളിച്ചു വന്ന സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രഫിയില്‍ വെളിച്ചക്കുറവുള്ളപ്പോള്‍ പകര്‍ത്തുന്ന ഫൊട്ടോകളില്‍ കളങ്കമായി നോയിസ് എത്തുന്നു. ഇതിനൊരു പരിഹാരം കാണാനുള്ള പുതിയ ശ്രമത്തിനാണ് ഇനിയിപ്പോള്‍ ഗൂഗിളിന്റെ എൻജിനിയര്‍മാര്‍ ഒരുങ്ങുന്നത്. മള്‍ട്ടിനേര്‍ഫ് (MultiNeRF) എന്നു പേരിട്ടിരിക്കുന്ന ഒരു ഓപ്പണ്‍ സേഴ്‌സ് പദ്ധതിക്കാണ് ഇപ്പോള്‍ കമ്പനി രൂപംകൊടുത്തിരിക്കുന്നത്. ഇതിലും എഐയുടെ സഹായത്തോടെ ചിത്രങ്ങളില്‍ പകർത്തുന്ന നോയിസ് എന്ന ദൂഷ്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഗൂഗിള്‍ നടക്കുന്നത്. ഈ കളങ്കം പ്രധാനമായും ബാധിക്കുന്നത് ഇരുട്ടിലും വെളിച്ചക്കുറവുളള സ്ഥലങ്ങളിലും വച്ചു പകര്‍ത്തുന്ന ചിത്രങ്ങളിലാണ്.

 

∙ നേര്‍ഫ്

 

നേര്‍ഫ്, അല്ലെങ്കില്‍ ന്യൂറല്‍ റേഡിയന്‍സ് ഫീല്‍ഡ്‌സ് പ്രയോജനപ്പെടുത്തിയാണ് മികവുറ്റതും നൂതനവുമായ രീതിയില്‍ ദൂഷ്യമറ്റ ഫൊട്ടോകള്‍ ചിത്രീകരിക്കുന്നത്. ഒരു ദൃശ്യത്തിലെ മുഴുവന്‍ ഡൈനാമിക് റെയ്ഞ്ചും നിലനിര്‍ത്തുകയും, ഫോക്കസ് ക്രമീകരിക്കുകയും ചെയ്യാവുന്ന രീതിയിലാണ് നേര്‍ഫിനെ ഗൂഗിള്‍ പരിശീലിപ്പിക്കുന്നത്. ഫൊട്ടോ എടുക്കുന്ന സമയത്തു തന്നെ എക്‌സ്‌പോഷറും ടോണ്‍ മാപ്പിങും ക്രമീകരിക്കാനും സാധിക്കും. ഒരു റോ (RAW) ഫയലിനോ, ഒന്നിലേറെ റോ ഫയലുകള്‍ക്കോ നോയിസ് നീക്കംചെയ്യല്‍ നടത്തുന്നതിനേക്കാള്‍ ഭംഗിയായി കാര്യം നടത്താന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ഗൂഗിളിന്റെ റോനേര്‍ഫ് (RawNeRF). റോനേര്‍ഫ് യാഥാര്‍ത്ഥ്യമാക്കാന്‍ യത്‌നിക്കുന്ന ടീമിലെ അംഗങ്ങള്‍ പറയുന്നത് ശരിയാണെങ്കില്‍ ഏകദേശം കൂരിരുട്ടിലും എടുക്കുന്ന ചിത്രങ്ങളില്‍ പോലും വ്യക്തത വരുത്താന്‍ പുതിയ സാങ്കേതികവിദ്യയ്ക്ക് സാധിച്ചേക്കും. ഗൂഗിള്‍ പുറത്തുവിട്ട വിഡിയോ കാണാം. 

 

സ്റ്റാന്‍ഡാര്‍ഡ് നേര്‍ഫ് ചിത്രസംസ്‌കരണത്തിനായി എസ്ആര്‍ജിബി കളര്‍സ് സ്‌പെയ്‌സില്‍ പിടിച്ചെടുത്ത, അധികം ഡൈനാമിക് റെയ്ഞ്ച് പിടിച്ചെടുക്കാത്ത ചിത്രങ്ങളെ ഉപയോഗിക്കുന്നു. റോനേര്‍ഫ് ആകട്ടെ ലിനിയര്‍ റോ ഇന്‍പുട്ട് ഡേറ്റ, ഹൈ ഡൈനാമിക് റേഞ്ച് (എച്ഡിആര്‍) കളര്‍ സ്‌പെയ്‌സില്‍ പിടിച്ചെടുക്കന്നത് സംസ്‌കരിച്ചെടുക്കുന്നു.

 

∙ അദ്ഭുതകരമായി മികവുറ്റത്

 

ഈ രീതി അദ്ഭുതകരമായി മികവുറ്റതാണെന്ന് പുതിയ ഗവേഷണ ഫലം കാണിച്ചു തരുന്നുവെന്ന് ശാസ്ത്രജ്ഞരും വിശകലന വിദഗ്ധരും വിലയിരുത്തുന്നു. ഫ്രെയിമില്‍ ചലനംകൊള്ളുന്ന ഇടങ്ങള്‍ ഇല്ലെങ്കില്‍ മികവുറ്റ റിസള്‍ട്ടുകളാണ് പൊതുവെ ലഭിക്കുന്നത്. ഇത് ഫൊട്ടോഗ്രഫിയല്‍ ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത സാധ്യതകളാണ് തുറന്നിടുന്നത്. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയില്‍ പുതിയൊരു പാതയ്ക്ക് തുടക്കമിടുകായിരിക്കും ഇതു ചെയ്യുക. തങ്ങളുടെ കണ്ടെത്തലിനെക്കുറിച്ച് ബെന്‍ മില്‍ഡെന്‍ഹാള്‍, പീറ്റര്‍ ഹെഡ്മാന്‍, റിക്കാര്‍ഡോ മാര്‍ട്ടിന്‍-ബ്രുവാല തുടങ്ങിയവര്‍ ചേര്‍ന്നു തയാറാക്കിയ പ്രബന്ധത്തിന്റെ പിഡിഎഫ് ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം https://bit.ly/3Q2jlxo 

 

∙ നിക്കോണ്‍ 67എംപി ക്യാമറ ഇറക്കും?

 

ഇന്നേവരെ ഇറക്കിയതില്‍ വച്ച് കൂടിയ റെസലൂഷനുള്ള ക്യാമറ നിക്കോണ്‍ കമ്പനി ഇറക്കിയേക്കുമെന്ന് സൂചന. 'നിക്കോണ്‍ സെഡ് 8' എന്നു പേരിട്ടേക്കാവുന്ന ക്യാമറയെക്കുറിച്ചെന്ന് തോന്നിപ്പിക്കുന്ന ചില സൂചനകള്‍ ചൈനീസ് സമൂഹ മാധ്യമ വെബ്‌സൈറ്റായ വെയ്‌ബോയിലാണ് കണ്ടെത്തിയത്. വെയ്‌ബോയിലെ നിക്കോണ്‍ പ്രൊഫൈലിലാണ് ഈ ചിത്രം കണ്ടെത്തിയത്.

 

എന്നാല്‍, ഇത്തരം ഒരു ക്യാമറ ഇറങ്ങണമെന്ന് ഉറപ്പുമില്ല. അതേസമയം, ഇറങ്ങിയാല്‍ ഇത് ഒരു ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ ആയിരിക്കും. നിക്കോണ്‍ ഡിഎസ്എല്‍ആര്‍ ലൈന്‍-അപ് പരിശോധിച്ചു പറയുകയാണെങ്കില്‍ ഇത് നിക്കോണ്‍ ഡി850യുടെ പിന്‍ഗാമിയായിരിക്കുമെന്നു പറയാം.

 

ഇതേവരെ നിക്കോണ്‍ ഇറക്കിയിരിക്കുന്ന ഏറ്റവും റെസലൂഷന്‍ കൂടിയ സെഡ് മൗണ്ട് ക്യാമറകള്‍ സെഡ് 7 II, സെഡ് 9 തുടങ്ങിയവയാണ്. ഏകദേശം 45.7 എംപിയാണ് റെസലൂഷന്‍. നിലവില്‍ ഏറ്റവും റെസലൂഷനുള്ള ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറ എന്ന പേര് സോണി എ7 ആര്‍ 4ന് ആണ്. നിക്കോണ്‍ സെഡ് 8 ഇറങ്ങിയാല്‍ ഇതാകും ലോകത്തെ ഏറ്റവും റെസലൂഷനുള്ള ക്യമാറ.

 

∙ സോണി

 

അതേസമയം, സോണി പുതിയൊരു ഹൈ-റെസലൂഷന്‍ ഫുള്‍ ഫ്രെയിം സെന്‍സര്‍ വികസിപ്പിച്ചു വരികയാണെന്നും ഊഹാപോഹങ്ങള്‍ ഉണ്ട്. ഇതിന് 100 എംപി വരെ റെസലൂഷന്‍ ഉണ്ടാവാമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. 

 

∙ ക്യാനന്‍ ആര്‍1

 

സോണി എ1, നിക്കോണ്‍ സെഡ് 9 എന്നീ ക്യാമറകള്‍ക്ക് ഒരു എതിരാളിയെ ഇറക്കാന്‍ ക്യാനന് ഇതുവരെ സാധിച്ചിട്ടില്ല. അടുത്തിടെ വരെ പ്രോസസര്‍ നിര്‍മാണ മേഖലയെ ബാധിച്ചിരുന്ന മാന്ദ്യം ക്യാനനെ പിന്നോട്ടടിച്ചതായി കരുതുന്നു. സോണി എ1, നിക്കോണ്‍ സെഡ് 9 എന്നീ ക്യാമറകള്‍ക്ക് എതിരാളിയായി ഇറക്കാന്‍ പോകുന്നുവെന്നു പറയുന്ന മോഡലിന്റെ പേര് ക്യാനന്‍ ആര്‍ 1 എന്നായിരിക്കാം. സ്‌പോര്‍ട്‌സ്, വൈല്‍ഡസ് ലൈഫ് തുടങ്ങി വിവിധ മേഖലകളില്‍ മികവു പ്രദര്‍ശിപ്പിക്കുന്ന ഒന്നായിരിക്കും അതെന്നു കരുതുന്നു.

 

ക്യാനന്‍ ആര്‍ 1ന്റെ റെസലൂഷനെപ്പറ്റി പല ഊഹാപോഹങ്ങളും ഉണ്ട്. അത് 50 എംപിയോ അതിനടുത്തോ റെസലൂഷനുള്ള സെന്‍സറോടെ ആയിരിക്കും ഇറങ്ങുക എന്നു കരുതുന്നു. ക്യാനന്റെ ആര്‍3യിലും മറ്റും ഉള്ള ഓട്ടോഫോക്കസ് സംവിധാനങ്ങള്‍ കിടയറ്റതാണ് എന്നതിനാല്‍ ആ മേഖലയില്‍ ക്യാനന് അധികം വിയര്‍ക്കേണ്ടി വന്നേക്കില്ല. സ്വന്തമായി സെന്‍സര്‍ നിര്‍മിക്കുന്ന കമ്പനിയായ ക്യാനന് പുതിയ സെന്‍സര്‍ നിര്‍മിച്ചെടുക്കാനായിരിക്കും യത്‌നിക്കേണ്ടി വരിക. ഇതിനു പുറമെ ഒരു ഹൈ റെസലൂഷന്‍ ക്യാമറയും ക്യാനനില്‍ നിന്ന് പ്രതീക്ഷിക്കുന്നു. 

 

∙ ക്യാനന്‍ ലിക്വിഡ്-കൂള്‍ഡ് ക്യാമറാ സിസ്റ്റം പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചു

 

ക്യാമറകളില്‍ ഒരു ദ്രവ ശീതീകരണ സംവിധാനം ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് ക്യാനന്‍ എന്ന് കമ്പനിയുടെ പേറ്റന്റ് അപേക്ഷയില്‍ നിന്നു മനസിലാകുന്നു. കമ്പനി ഭാവിയില്‍ ഇറക്കിയേക്കാവുന്ന വിഡിയോ-കേന്ദ്രീകൃത ക്യാമറകളിലായിരിക്കും ഇത് പ്രയോജനപ്പെടുത്തുക. കാന്തിക ദ്രാവകം, മാഗ്നറ്റിക് ഫീല്‍ഡ് ജനറേറ്റര്‍ ഉപയോഗിച്ച് ചലിപ്പിച്ചായിരിക്കും ക്യാനന്‍ സെന്‍സര്‍ ശീതീകരണം നടത്തുക. അതേസമയം, പുതിയ സംവിധാനം വരുമ്പോള്‍ ക്യാമറയുടെ വെതര്‍ സീലിങ് പോവില്ലേ എന്ന ചോദ്യം ഉയരുന്നു. ഇതിന് കമ്പനിയുടെ കൈയ്യില്‍ പ്രതിവിധിയുണ്ടൊ എന്നോക്കെ അറിയാന്‍ പുതിയ സിസ്റ്റം ഉപയോഗിച്ചുള്ള ക്യാമറ ഇറങ്ങുന്നതു വരെ കാത്തിരിക്കേണ്ടി വരും.

 

English Summary: Google Researchers Add Powerful Denoise Tool to NeRF AI Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com