ADVERTISEMENT

യൂട്യൂബര്‍ മാര്‍ക്കസ് ബ്രൗണി 2022ല്‍ വിപണിയിലെത്തിയ പ്രധാനപ്പെട്ട 16 ഫോണുകളുടെ ക്യാമറകളില്‍ നിന്ന് ലഭിച്ച ഫോട്ടോകള്‍ നിരീക്ഷിച്ച് ലോകമെമ്പാടും നിന്നുള്ള ആളുകള്‍ക്ക് മാര്‍ക്കിടാന്‍ അവസരം നല്‍കിയപ്പോള്‍ ലഭിച്ചത് കൗതുകകരമായ ഫലങ്ങളാണ്. ഇപ്പോള്‍ വാങ്ങാന്‍ ലഭിക്കുന്ന ഫോണുകള്‍ ഉപയോഗിച്ചെടുത്ത ചിത്രങ്ങളില്‍ ഏതിനാണ് മികവ് എന്ന കാര്യമായിരുന്നു വോട്ടെടുപ്പില്‍ പങ്കെടുത്തവർ മാര്‍ക്കിട്ടു കണ്ടെത്തിയത്. മിനിറ്റില്‍ 33,000 പേര്‍ വച്ചു വരെ വോട്ടു ചെയ്തുവെന്ന് ബ്രൗണി പറയുന്നു.

 

∙ ബ്ലൈന്‍ഡ് സ്മാര്‍ട് ഫോണ്‍ ക്യാമറാ ടെസ്റ്റ് എന്നാലെന്ത്?

 

ബ്ലൈന്‍ഡ് സമാര്‍ട് ഫോണ്‍ ക്യാമറാ ടെസ്റ്റ് എന്നു പേരിട്ട വോട്ടെടുപ്പില്‍ ആദ്യ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ 21.5 ലക്ഷം പേര്‍ വോട്ടു ചെയ്തു. ഫോട്ടോയുടെ മികവിന് മാത്രമാണ് ഓരോരുത്തരും മാര്‍ക്കിട്ടത്. ഏതു ഫോണില്‍ നിന്നുള്ളതാണ് ഫോട്ടോ എന്നു പറയാതെയായിരുന്നു ടെസ്റ്റ് എന്നതിനാലാണ് ഇതിനെ ബ്ലൈന്‍ഡ് ടെസ്റ്റ് എന്നു വിളിച്ചത്. ഐഫോണ്‍ ആണോ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫോണ്‍, അതോ പിക്‌സല്‍ ആണോ? അതോ വേറെ ഏതെങ്കിലും മോഡലാണോ എന്നായിരുന്നു മാര്‍ക്കസ് ആരാഞ്ഞത്. ഫ്‌ളാഗ്ഷിപ് ഫോണുകള്‍ മുതല്‍ ഇടത്തരം ഹാന്‍ഡ്‌സെറ്റുകള്‍ വരെ മത്സരത്തിന് അണിനിരന്നു.

 

∙ മൂന്നു ഫോട്ടോകള്‍ക്ക് വോട്ടു ചെയ്യണം

 

ഒരേ ഫോട്ടോ തന്നെ എല്ലാ ഫോണുകളുടെയും ക്യാമറ കൊണ്ട് എടുക്കുകയായിരുന്നു മാര്‍ക്കസ്. മൂന്നു തരം ഫോട്ടോകളായിരുന്നു മത്സരത്തിനു വച്ചത്. പകല്‍ വെളിച്ചത്തിലുള്ള ഒരു ഫോട്ടോ, പ്രകാശം കുറഞ്ഞ സ്ഥലത്തു വച്ചെടുത്ത ഒരു ഫോട്ടോ, ഒരു പോര്‍ട്രെയ്റ്റ് ഫോട്ടോ എന്നിവയില്‍ മികച്ചവയ്ക്ക് മാര്‍ക്കിടാനായിരുന്നു ആവശ്യപ്പെട്ടത്. ഫോട്ടോകളില്‍ നിന്ന് എക്‌സിഫ് ഡേറ്റ ചോര്‍ത്തിക്കളഞ്ഞ ശേഷമായിരുന്നു വോട്ടു ചെയ്യാന്‍ അപ്‌ലോഡ് ചെയ്തത്. ചെസ്, ടേബിള്‍ ടെന്നിസ്, ചില വിഡിയോ ഗെയിമുകള്‍ തുടങ്ങി പലതിലും ഉപയോഗിക്കുന്ന ഇലോ (ELO) അല്‍ഗോറിതത്തിന്റെ സഹായത്തോടെയാണ് വോട്ടെടുപ്പു നടത്തിയത്. ഐഫോണ്‍ 14 പ്രോ മുതല്‍ നതിങ് ഫോണ്‍ (1) വരെ 16 മോഡലുകളില്‍ നിന്നുള്ള ഫോട്ടോകള്‍ ഉപയോഗിച്ചു. (മുഴുവന്‍ ഫോണുകളുടെയും ലിസ്റ്റ് വിഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.)

 

∙ ദശലക്ഷക്കണക്കിന് ആളുകളുടെ വേട്ടെടുപ്പില്‍ വിജയി പിക്‌സല്‍ 6എ

 

മൂന്നു വിഭാഗത്തിലും ഏറ്റവും മികച്ച ഇലോ റെയ്റ്റിങ് ലഭിച്ച ഫോണുകളില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് പിക്‌സല്‍ 6എ ഫോണ്‍ ആയിരുന്നു. രണ്ടാം സ്ഥാനം പിക്‌സല്‍ 7 പ്രോ കൊണ്ടുപോയപ്പോള്‍, എസ്യൂസ് സെന്‍ഫോണ്‍ 9 ആണ് മൂന്നാം സ്ഥാനത്ത് എത്തിയത്. നാലാം സ്ഥാനത്ത് ഒപ്പോ ഫൈന്‍ഡ് എക്‌സ്5 പ്രോ, അഞ്ചാം സ്ഥാനത്ത് സാംസങ് ഗ്യാലക്‌സി എസ്22 അള്‍ട്രാ, ആറാം സ്ഥാനത്ത് റിയല്‍മി 10 പ്രോ, ഏഴാം സ്ഥാനത്ത് ഐഫോണ്‍ 14 പ്രോ, എട്ടാം സ്ഥാനത്ത് വാവെയ് മെയ്റ്റ് 50 പ്രോ എന്നിങ്ങനെയാണ് ആദ്യമെത്തിയ ഫോണുകളുടെ റാങ്കിങ്.

 

∙ മറ്റ് താത്പര്യജനകമായ വിവരങ്ങള്‍

 

മാര്‍ക്കസ് പറയുന്നതു പോലെ ഈ വര്‍ഷത്തെ ഫോണുകളെക്കുറിച്ച് തന്റെ ടെസ്റ്റില്‍ നിന്നു ലഭിച്ച അത്ര ഡേറ്റ ഇന്റര്‍നെറ്റില്‍ മറ്റെവിടെയെങ്കിലും ഉണ്ടാകണമെന്നില്ല. ചിലത് പരിശോധിക്കാം. ഒരു വിഭാഗത്തില്‍ ഒരു ഫോണ്‍ മികവു പുലര്‍ത്തി എന്ന കാരണത്താല്‍ മറ്റു വിഭാഗങ്ങളില്‍ മികവു കാണിച്ചോളണം എന്നില്ല എന്നതാണ് മാര്‍ക്കസിന്റെ നിരീക്ഷണങ്ങളിലൊന്ന്. പിക്‌സല്‍ 7 പ്രോ മൂന്നു വിഭാഗങ്ങളിലും കിട്ടിയ വോട്ടുകള്‍ ഇങ്ങനെ: 2-ാം സ്ഥാനം, 4-ാം സ്ഥാനം, 1-ാം സ്ഥാനം. അതേസമയം പിക്‌സല്‍ 6എയുടെ റാങ്കിങ് ഇങ്ങനെ: 3-ാം സ്ഥാനം, 2-ാംസ്ഥാനം, 2-ാം സ്ഥാനം.

 

ഒപ്പോ ഫൈന്‍ഡ് എക്‌സ്5: 1-ാം സ്ഥാനം, 3-ാം സ്ഥാനം, 15-ാം സ്ഥാനം. പോര്‍ട്രെയ്റ്റ് മോഡിലാണ് ഒപ്പോ ഫൈന്‍ഡ് എക്‌സ്5 പിന്തള്ളപ്പെട്ടത്. പകല്‍ വെളിച്ചത്തിലെടുക്കുന്ന ഫോട്ടോയാണ് മിക്കവരെ സംബന്ധിച്ചും പ്രധാനപ്പെട്ടത്. അങ്ങനെയാണെങ്കില്‍ ഒരുപക്ഷേ ഈ വോട്ടെടുപ്പിലെ വിജയി ഒപ്പോ ഫൈന്‍ഡ് എക്‌സ്5 ആണെന്നു വേണമെങ്കിൽ പറയാം.

 

എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്ന ഒരു റിസള്‍ട്ട് ഐഫോണ്‍ 14 പ്രോ എവിടെ നല്‍ക്കുന്നു എന്നതായിരിക്കും. ഇത് 6-ാം സ്ഥാനം, 10-ാം സ്ഥാനം, 5-ാം സ്ഥാനം എന്നിവ കൊണ്ട് തൃപ്തിപ്പെട്ടു.

 

∙ പരാജയപ്പെട്ട വമ്പന്മാര്‍ ആരൊക്കെ?

 

സോണി എക്‌സ്പിരിയ 1 മാര്‍ക്ക് 4, മോട്ടോ എജ് 30 അള്‍ട്രാ എന്നിവയാണ് ഏറ്റവും നിരാശപ്പെടുത്തിയതെന്ന് മാര്‍ക്കസ് പറയുന്നു. ക്യാമറകളുടെയും സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെയും സെന്‍സര്‍ നിര്‍മാണത്തില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന കമ്പനിയായ സോണി ഏറ്റവും മോശം ഇലോ റേറ്റിങ് നേടുമെന്ന് ആരും പ്രതീക്ഷിച്ചിരിക്കില്ല. മൂന്നു വിഭാഗത്തിലും അത് മോശം പ്രകടനമാണ് പുറത്തെടുത്തത്.

 

∙ നല്‍കുന്ന പണത്തിനുള്ള മൂല്യം നല്‍കുന്ന ഫോണുകള്‍ 

 

കൊടുക്കുന്ന പണത്തിന് ഏറ്റവും മികച്ച പ്രകടനം നടത്തിയ ഫോണും പിക്‌സല്‍ 6എ ആയിരുന്നു. ഒരു ഡോളറിന് 4600 വോട്ടുകളിലേറെയായിരുന്നു ഇതിന് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയത് റിയല്‍മി 10 പ്രോ പ്ലസ് ആയിരുന്നു. ഒരു ഡോളറിന് 4000 വോട്ടിലേറെ ലഭിച്ച പിക്‌സല്‍ 6എ കൂടാതെയുള്ള ഏക ഫോണും അതായിരുന്നു. ഈ വിഭാഗത്തിലും തകര്‍ന്നു തരിപ്പണമായത് സോണി എക്‌സ്പീരിയ 1 മാര്‍ക്ക് 4, മോട്ടോ എജ് 30 അള്‍ട്രാ എന്നിവയായിരുന്നു. 

 

∙ ഇരുണ്ട ഫോട്ടോകള്‍ക്ക് മാര്‍ക്ക് കുറവ്

 

ഇരുണ്ട ഫോട്ടോകള്‍ക്കാണ് ഏറ്റവും മോശം മാര്‍ക്ക ്‌ലഭിച്ചത്. ഇവ കഴിഞ്ഞാല്‍ ഏറ്റവുമധികം ലൈറ്റ് കയറിയ ഫോട്ടോകള്‍ക്കും മാര്‍ക്ക് കുറവാണ്. ഇവയ്ക്കിടയിലുള്ള ഫോട്ടോകള്‍ക്കാണ് മികച്ച മാര്‍ക്ക് ലഭിച്ചത്. അതായത് മികച്ച എക്‌സ്‌പോഷര്‍ ഉള്ള ഫോണുകള്‍ വിജയിച്ചു. നൈറ്റ് മോഡില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് വിവോ എക്‌സ്80 പ്രോ ആയിരുന്നു. ഇതാണ് വെളിച്ചക്കുറവിലെ രാജാവ് എന്ന് മാര്‍ക്കസ് നിരീക്ഷിക്കുന്നു. രണ്ടാം സ്ഥാനത്ത് പിക്‌സല്‍ 6എ, മൂന്നാം സ്ഥാനത്ത് ഒപ്പോ ഫൈന്‍ഡ് എക്‌സ്5 പ്രോ എന്നിവയും എത്തി. ഈ വിഭാഗത്തില്‍ എച്ഡിആര്‍ ഉപയോഗിച്ച ഐഫോണ്‍ 14 പ്രോ തന്റെ മുഖത്ത് അനാവശ്യമായ പച്ച നിറം നല്‍കുകയും തന്നെ ഒരു സോംബിയെ പോലെ ചിത്രീകരിക്കുകയും ചെയ്‌തെന്നും മാര്‍ക്കസ് പറയുന്നു. ലോ ലൈറ്റ് ടെസ്റ്റില്‍ ഐഫോണ്‍ 14 പ്രോ 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

 

∙ ഇത്തരം ഒരു ടെസ്റ്റ് ഗൗരവത്തിലെടുക്കണോ?

 

സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചു ഫോട്ടോ എടുക്കുന്ന ബഹു ഭൂരിപക്ഷം പേര്‍ക്കും ഫൊട്ടോഗ്രഫിയെക്കുറിച്ച് കാര്യമായ വിവരം ഒന്നുമില്ല. മാര്‍ക്കസിന്റെ ടെസ്റ്റിന് ഉപയോഗിച്ച ഫോട്ടോകള്‍ എല്ലാം ഫുള്‍ ഓട്ടോ മോഡില്‍ എടുത്തവയാണ്. അതായത് മിക്കവരും ഉപയോഗിക്കാന്‍ പോകുന്ന ഏക മോഡ്. ഫൊട്ടോഗ്രഫി അറിയാവുന്നവര്‍ക്ക് നിശ്ചയമായും പിന്നോട്ടുപോയ ഫോണുകളില്‍ നിന്ന് മികവുറ്റ ഫോട്ടോ എടുക്കാനായേക്കാം. പക്ഷേ, ശരാശരി ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ ടെസ്റ്റിന്റെ ഫലങ്ങള്‍ ഗൗരവത്തിലെടുക്കുന്നതില്‍ തെറ്റില്ല.

 

∙ ഏറ്റവും മികച്ച റിസള്‍ട്ട് തന്നെ വേണമെങ്കില്‍ കുറച്ചു ഫൊട്ടോഗ്രഫിയും അറിയണം

 

തന്റെ കയ്യിലിരിക്കുന്ന ഫോണിന്റെ ക്യാമറ വളരെ മികച്ചതാകണമെന്നു കരുതിക്കൂടിയാണ് പലരും സ്മാര്‍ട് ഫോണുകള്‍ക്കായി പണം മുടക്കുന്നത്. പല ഫോണുകളും മികച്ചതാണ്, കുറച്ച് ഫൊട്ടോഗ്രഫി അറിയാമെങ്കില്‍. അല്ലാത്ത പക്ഷം ഇത്തരം ടെസ്റ്റുകളുടെ ഫലം കൂടി പരിഗണിച്ച ശേഷം ഫോണ്‍ വാങ്ങുന്നത് നല്ലതായിരിക്കും.

 

English Summary: The Best Smartphone Camera 2022!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com