ADVERTISEMENT

വ്ലോഗര്‍മാരെ മനസ്സില്‍ക്കണ്ട് ഇന്നേവരെ പുറത്തിറക്കിയ ക്യാമറകളില്‍ ഏറ്റവും മികച്ചത് സോണി സെഡ്‌വി-ഇ1 ആയിരിക്കാം. ഉന്നത നിലവാരമുള്ള ഫുള്‍-ഫ്രെയിം സെന്‍സര്‍ കേന്ദ്രീകരിച്ചു നിര്‍മിച്ച ഈ ക്യാമറയ്ക്ക് ഒട്ടനവധി വിഡിയോ കേന്ദ്രീകൃത ഫീച്ചറുകളുണ്ട്. സോണിയുടെ വിഖ്യാതമായ എ7എസ്3 യിലുള്ള അതേ 12 എംപി സെന്‍സറായിരിക്കാം ഇതിലും ഉള്ളതെന്നാണ് പ്രാഥമിക നിഗമനം. ഇരു ക്യാമറകളിലും ഫോട്ടോകളും എടുക്കാമെങ്കിലും ചില സാഹചര്യങ്ങളില്‍ 12 എംപി പോരെന്നു വരാം. കൂടാതെ, സെഡ്‌വി-ഇ1ല്‍ ഒരു വ്യൂഫൈന്‍ഡറിന്റെ അഭാവവും ഉണ്ട്. എന്നാല്‍, വിഡിയോ റെക്കോർഡ് ചെയ്യാന്‍ മികച്ചൊരു ക്യാമറ അന്വേഷിക്കുന്ന സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കൾക്ക് ഇതൊരു പോരായ്മായി തോന്നണമെന്നുമില്ല.

 

∙ 4കെ 120പി താമസിയാതെ

 

ക്രോപ് ഇല്ലാതെ 4കെ വിഡിയോ 60പി വരെ റെക്കോർഡ് ചെയ്യാമെന്നതാണ് സെഡ്‌വി-ഇ1ന്റെ ഇപ്പോഴത്തെ ഏറ്റവും മികച്ച ഫീച്ചര്‍. എ7എസ്3യില്‍ ലഭിക്കുന്നതു പോലെ 4കെ 120പിയും, 1080, 240പിയും താമസിയാതെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റു വഴി നല്‍കും. ( ചില മേഖലകളില്‍ ഇതിനു പണം ഈടാക്കിയേക്കും.) ഇതില്‍ 4കെ 30പി വിഡിയോ പരിധിയില്ലാതെ റെക്കോർഡ് ചെയ്യാമെന്നു കമ്പനി പറയുന്നു. പക്ഷേ, 4കെ 60പി 30 മിനിറ്റു വരെയാണ് ലഭിക്കുക. കൂടാതെ, ഇതു ലഭിക്കുന്നത് 25 ഡിഗ്രി സെല്‍ഷ്യസില്‍ വരെ റെക്കോർഡ് ചെയ്യുമ്പോഴാണ്. ചുരുക്കിപ്പറഞ്ഞല്‍ കേരളത്തിലും മറ്റും ചൂടുള്ള സമയങ്ങളില്‍ അരമണിക്കൂര്‍ നേരത്തേക്ക് തുടര്‍ച്ചയായി 4കെ 60പി റെക്കോർഡ് ചെയ്യാന്‍ സാധിക്കണമെന്നില്ല. ഒരു യുഎസ്ബി ഉപകരണമെന്ന നിലയില്‍ സെഡ്‌വി-ഇ1 കംപ്യൂട്ടറില്‍ ഘടിപ്പിച്ചാല്‍ യുവിസി 4കെ, 30പി വിഡിയോ സ്ട്രീം ചെയ്യാം.

 

∙ 5 ആക്‌സിസ് ഇമേജ് സ്റ്റബിലൈസേഷന്‍

 

ക്യാമറയ്ക്ക് 5 ആക്‌സിസ് ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. ഒരു യുഎച്എസ്-II എസ്ഡി കാര്‍ഡ് സ്ലോട്ടേയുള്ളു. മൈക്രോ എച്ഡിഎംഐ സ്ലോട്ടും ഉണ്ട്. ബാറ്ററി ഉള്‍പ്പടെ സെഡ്‌വി-ഇ1 ക്യാമറയ്ക്ക് 483 ഗ്രാം ഭാരമേയുള്ളു എന്നത് വ്ലോഗര്‍മാര്‍ക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന കാര്യമാണ്. മെക്കാനിക്കല്‍ ഷട്ടര്‍ ഇല്ല എന്നുള്ളതും സ്റ്റില്‍ ഷൂട്ടര്‍മാര്‍ക്ക് പോരായ്മ ആയേക്കും. ഫുള്‍ - എച്ഡിഎംഐ പോര്‍ട്ടും ഇല്ല. മൈക്രോ എസ്ഡിഎംഐ പോര്‍ട്ട് ആണ് നല്‍കിയിരിക്കുന്നത്. സ്വാഭാവിക ഐഎസ്ഒ പരിധി 80-102,400 ആണ്. 

 

∙ മികച്ച വിഡിയോ തന്നെ ലഭിച്ചേക്കും

 

എ7എസ് 3, സോണി എഫ്എക്‌സ്3 എന്നീ ക്യാമറകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 12എംപി സെന്‍സറിന് 48എംപി റെസലൂഷനാണ് ഉള്ളത്. പിക്‌സല്‍ ബിനിങ് നടത്തിയാണ് 12എംപി ആയി കുറയ്ക്കുന്നത്. ഇതു തന്നെയായിരിക്കും സെഡ്‌വി-ഇ1ലും ചെയ്യുന്നതെന്നു കരുതപ്പെടുന്നു. ഏറ്റവും മികച്ച വ്ലോഗിങ് ക്യാമറ തന്നെ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി ഏറ്റവും മികച്ച സെന്‍സര്‍ തന്നെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കില്‍ അതില്‍ അദ്ഭുതപ്പെടാനില്ലല്ലോ.

 

∙ ഓട്ടോഫോക്കസിങ് അതിഗംഭീരമായിരിക്കാം

 

ഇന്നത്തെ പ്രഫഷനല്‍ ക്യാമറകളില്‍ ഏറ്റവും മികച്ച ഓട്ടോഫോക്കസുള്ള ക്യാമറകളിലൊന്ന് സോണിയുടെ എ7ആര്‍ 5 ആണ്. അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എഎഫ് ആയിരിക്കും സെഡ്‌വി-ഇ1ല്‍ എന്നാണ് കരുതുന്നത്. അതായത് ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോസസിങ് ചിപ്പ് പുതിയ ക്യാമറയിലും ഉണ്ടായിരിക്കാം. മെഷീന്‍ ലേണിങ് പ്രയോജനപ്പെടുത്തിയായിരിക്കും അത്യാധുനിക എഎഫ് പ്രവര്‍ത്തിപ്പിക്കുക. അതു വഴി ആളുകളെയും പക്ഷിമൃഗാദികളെയും വസ്തുക്കളെയും തിരിച്ചറിയാനുള്ള ശേഷിയോടെ ആയിരിക്കും എഎഫ് പ്രവര്‍ത്തിക്കുക. ഇത് സ്മാര്‍ട് ഫോണിലെന്നവണ്ണം വിഡിയോ റെക്കോർഡിങ് എളുപ്പമാക്കിയേക്കും.

 

∙ നിരവധി വിഡിയോ കേന്ദ്രീകൃത ഫീച്ചറുകള്‍

 

വിഡിയോ റെക്കോഡിങ്ങിന് അനുയോജ്യമായ ഒട്ടനവധി ഫീച്ചറുകള്‍ സെഡ്‌വി-ഇ1 ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എഎഫ് ട്രാന്‍സിഷന്‍ സ്പീഡ് ഉപയോഗിക്കുന്ന വ്യക്തിയുടെ ഇഷ്ടത്തിന് അനുസരിച്ച് ക്രമീകരിക്കാം. ചില സോണി ലെന്‍സുകള്‍ ഉപയോഗിക്കുമ്പോള്‍ ഫോക്കസ്ബ്രീതിങ്ങും കുറയ്ക്കാം. പശ്ചാത്തലം ബ്‌ളര്‍ ചെയ്ത് ചിത്രത്തിലെ ശ്രദ്ധാ കേന്ദ്രത്തെ എടുത്തു കാട്ടാനായി ബോ-കെ സ്വിച്ചും ഉണ്ട്. പ്രൊഡക്ട് ഷോകെയസ് മോഡ് പ്രയോജനപ്പെടുത്തിയാല്‍ ലെന്‍സിനു മുൻപില്‍ പിടിക്കുന്ന വസ്തുവിനെ ക്യാമറ തനിയെ ഫോക്കസ് ചെയ്‌തോളും. ഒന്നിലേറെ മുഖങ്ങളെ തിരിച്ചറിയാനുള്ള ശേഷിയും ക്യാമറയ്ക്ക് ഉണ്ട്. കൂടൂതല്‍ പേര്‍ ഫ്രെയിമില്‍ ഉണ്ടെന്നു കണ്ടാല്‍ സ്വയം അപേര്‍ചര്‍ കുറച്ച് എല്ലാവരെയും ഫോക്കസിലാക്കാനും ക്യാമറ ശ്രമിക്കും.

 

∙ ഫ്രെയിമിങ് സ്റ്റബിലൈസര്‍ ഓപ്ഷന്‍

 

ഫ്രെയിമിങ് സ്റ്റബിലൈസര്‍ ഓപ്ഷന്‍ പ്രയോജനപ്പെടുത്തിയാല്‍ ക്യാമറ തനിയെ ഫ്രെയിമിലേക്ക് ക്രോപ് ചെയ്ത് സബ്ജക്ടിനെ കൂടുതല്‍ അടുത്തു കാണിക്കും. കൂടാതെ ഒരു വ്യക്തി ഫ്രെയിമിലൂടെ നടന്നാല്‍ അതും ട്രാക്കു ചെയ്യും. ഇത്തരം ഫീച്ചറുകള്‍ ഒരാള്‍തന്നെ വിഡിയോ റെക്കോർഡ് ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അമൂല്യമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. സിനിമാറ്റിക് വ്ലോഗ് സെറ്റിങ്‌സും ഉണ്ട്. 

 

∙ ഓഡിയോ

 

മൂന്നു ക്യാപ്‌സ്യൂളുകളുള്ള സ്റ്റീരിയോ മൈക്രോഫോണ്‍ ക്യാമറയില്‍ പിടിപ്പിച്ചിരിക്കുന്നു. ക്യാമറയുടെ മുന്നിലോ വശങ്ങളിലോ പിന്നിലോ ഉള്ള ശബ്ദങ്ങള്‍ റെക്കോർഡ് ചെയ്യാന്‍ ക്യാമറയ്ക്കു സാധിക്കും. മൈക്രോഫോണ്‍, ഹെഡ്‌ഫോണ്‍ ജാക്കുകളും പിടിപ്പിച്ചിട്ടുണ്ട്.

 

∙ പ്രഫഷനല്‍ വിഡിയോഗ്രാഫര്‍മാര്‍ക്ക് അനുയോജ്യമായേക്കില്ല

 

പ്രഫഷനല്‍ വിഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ ക്യാമറ അനുയോജ്യമായേക്കില്ല. അവര്‍ക്ക് സോണിയുടെ ക്യാമറകളില്‍ ഏറ്റവും പ്രയോജനപ്രദം എ7എസ്3, എഫ്എക്‌സ്3 എന്നിവ ആയിരിക്കും. അതേസമയം, വ്ലോഗര്‍മാര്‍ക്കു വേണ്ടി ഇന്നുവരെ ഇറക്കിയിരിക്കുന്ന ക്യാമറകളില്‍ ഏറ്റവും ശക്തം ഇതായിരിക്കുമെന്നും പറയുന്നു.

 

∙ വില

 

സെഡ്‌വി-ഇ1 ബോഡിക്കു മാത്രം 2200 ഡോളറാണ് വില. ഒപ്പമുള്ള 28-60 എംഎം എഫ്4-5.6 കിറ്റ് ലെന്‍സും വാങ്ങിയാല്‍ വില 2600 ഡോളറായി ഉയരും. അതേസമയം, ഈ ലെന്‍സ് ക്യാമറയുടെ പൂര്‍ണ്ണ ശേഷി ചൂഷണം ചെയ്യാന്‍ അനുവദിക്കുന്നതല്ലെന്നുള്ള അഭിപ്രായവും ഉണ്ട്. വ്ലോഗിങ്ങിനാണെങ്കില്‍ കൂടുതല്‍ വൈഡ് ആയ ലെന്‍സ് ആയിരിക്കും പ്രയോജനപ്രദം. അതേസമയം, മികച്ച ഒരു ഫോട്ടോ-വിഡിയോ ഹൈബ്രിഡ് ക്യാമറ അല്ലെന്നതും മനസ്സില്‍ വയ്ക്കണം. എന്നാല്‍, എഐ ഫീച്ചറുകള്‍ അടക്കം ഉള്‍ക്കൊള്ളിച്ച്, രണ്ടാമതൊരാളുടെ സഹായമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന, വിഡിയോ ക്വാളിറ്റിയുടെ കാര്യത്തില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന, വ്ലോഗര്‍മാരെ മനസ്സില്‍വച്ചു നിര്‍മിച്ച ഏറ്റവും മികച്ച ക്യാമറ ഇതായിരിക്കാം താനും. ഇന്നു വാങ്ങാവുന്ന, 5 ആക്‌സിസ് ഇമേജ് സ്റ്റബിലൈസേഷനുള്ള ഏറ്റവും ചെറിയ ഫുള്‍ഫ്രെയിം ക്യാമറയും സെഡ്‌വി-ഇ1 ആണ്.

English Summary: Sony announces ZV-E1 vlogging camera with full-frame sensor 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com