ADVERTISEMENT

വ്‌ളോഗര്‍മാരെയും കണ്ടെന്റ് ക്രിയേറ്റര്‍മാരെയും മനസ്സില്‍ കണ്ട് സോണി ഇറക്കിയിരിക്കുന്നതില്‍ വച്ച്, ഇപ്പോള്‍ വാങ്ങാന്‍ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ ക്യാമറയാണ് സെഡ്‌വി-1എഫ്. സെക്കന്‍ഡില്‍ 30പി വരെ 4കെ വിഡിയോ റെക്കോഡു ചെയ്യാം. പ്രൊഡക്ട് ഷോകേസ് നടത്താം. (ക്യാമറയ്ക്ക് മുന്നിൽ ഒരു പ്രോഡക്ടിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആ പ്രോഡക്ട് ക്യാമറയ്ക്കു നേരെ ഉയര്‍ത്തിക്കാണിച്ചാല്‍ ക്യാമറ അതില്‍ ഫോക്കസ് ചെയ്യും. അതു മാറ്റുമ്പോള്‍ സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയുടെ മുഖത്ത് ഫോക്കസ് വരും.) സ്മാര്‍ട് ഫോണ്‍ ഷൂട്ടര്‍മാര്‍ക്കും താത്പര്യം തോന്നാവുന്ന ഫ്‌ളിപ്ഔട്ട് സ്‌ക്രീന്‍ തുടങ്ങി പല ഗുണകരമായ ഫീച്ചറുകളും സോണി സെഡ്‌വി-1എഫ് ക്യാമറയ്ക്കുണ്ട്. തുടക്കക്കാരായ കണ്ടെന്റ് ക്രിയേറ്റര്‍മാരെയും വ്‌ളോഗര്‍മാരെയും തൃപ്തിപ്പെടുത്താനുള്ള ശേഷിയുണ്ടോ ഈ ക്യാമറയ്ക്ക്? പരിശോധിക്കാം:

 

∙ ടൈപ്-1 സെന്‍സര്‍

sony-ZV-1F-camera

 

20 മെഗാപിക്സൽ റെസലസൂഷനുള്ള ബാക്‌സൈഡ് ഇലൂമിനേറ്റഡ് സീമോസ് സെന്‍സറാണ് സെഡ്‌വി-1എഫ് ക്യാമറയിലുള്ളത്. ക്യാമറകളെ സംബന്ധിച്ച് സെന്‍സറുകളുടെ വലുപ്പം സുപ്രധാനമായ കാര്യങ്ങളിലൊന്നാണ്. സോണി സെഡ്‌വി-1എഫ് ക്യാമറയിലുളളത് താരതമ്യേന ചെറിയ ടൈപ്-1 സെന്‍സര്‍ ആണ്. സെന്‍സറിന്റെ വലുപ്പംകൂടുംതോറും ക്യാമറയുടെ മികവും വര്‍ധിക്കുമെന്നാണ് പൊതുവെ പറയുന്നത്. അതേസമയം, ഡെപ്ത് ഓഫ് ഫീല്‍ഡ് അടക്കമുള്ള ചില മേഖലകളിലൊഴികെ വിഡിയോ റെക്കോഡിങ്ങില്‍ ടൈപ്-1 സെന്‍സര്‍ സൈസ് ഇത്തരം ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൃപ്തികരമായ റിസള്‍ട്ട് നല്‍കിയേക്കും. വ്‌ളോഗിങും മറ്റും തുടങ്ങാന്‍ ആഗ്രഹിക്കുന്നവർ പ്രതീക്ഷിക്കുന്നത്ര മികവ്‌ സോണി സെഡ്‌വി-1എഫ്‌ന്റെ വിഡിയോയ്ക്ക് ഉണ്ട്. 4കെ വിഡിയോയ്ക്കു പുറമെ സെക്കന്‍ഡില്‍ 120 വച്ച് 1080പി സ്ലോമോഷന്‍ റെക്കോഡിങും സാധ്യമാണ്.

 

∙ ലെന്‍സ്, ഐഎസ്ഒ

sony-ZV-1F-display-

 

മാറ്റാനാകാത്ത 20 എംഎം വ്യൂ ആംഗിൾ ലഭിക്കുന്ന ലെന്‍സാണ് ഈ ക്യാമറയ്ക്കുള്ളത്. (സെന്‍സര്‍ വലുപ്പം വച്ചു പറഞ്ഞാല്‍ 7.6 എംഎം) ഒപ്ടിക്കൽ സൂം ഇല്ല. എഫ്2 അപേച്ചര്‍ ഉളളതിനാല്‍ താരതമ്യേന പ്രകാശം കുറഞ്ഞ ഇടങ്ങളിലും തരക്കേടില്ലാത്ത പ്രകടനം. ലെന്‍സ് ഷാര്‍പ് ആണ്. പരമാവധി ഐഎസ്ഒ 12800 ആണ്. കുറഞ്ഞ ഐഎസ്ഒ 80 ആണ്. വിഡിയോ താരതമ്യേന മികവാര്‍ന്നതാണ്. അതേസമയം, ഐഎസ്ഒ ഒക്കെ ക്രമീകരിച്ചു ഷൂട്ടു ചെയ്യുന്നവരെ ഉദ്ദേശിച്ചല്ല സോണി സെഡ്‌വി-1എഫ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന്, പോയിന്റ് ആന്‍ഡ് ഷൂട്ട് വിഡിയോ ക്യാമറ എന്ന വിവരണമാണ് ചേരുക. എല്ലാ കാര്യങ്ങളും ക്യാമറ തീരുമാനിച്ചോളും. എന്നാല്‍, വിഡിയോ ഷൂട്ടിങ് അറിയാവുന്നവര്‍ക്ക് ക്രമീകരണങ്ങള്‍ നടത്തിയാല്‍ അത് അറിയില്ലാത്തവരെ അപേക്ഷിച്ച് അല്‍പം കൂടി മികവ് ലഭിക്കുകയും ചെയ്യും.

 

∙ ഡിജിറ്റല്‍ സൂം

 

2 മടങ്ങു വരെ ഡിജിറ്റല്‍ സൂം ലഭിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇത് പ്രയോജനപ്പെട്ടേക്കാം.

sony-ZV-1F-2

 

∙ ക്യാമറാ ഫീച്ചറുകള്‍

 

പല ഷൂട്ടിങ് ഫീച്ചറുകളും ഉണ്ടെങ്കിലും അവയെല്ലാം മെനുവില്‍ ചെന്നു വേണം ഉപയോഗിക്കാന്‍. ശരിക്കും പോയിന്റ് ആന്‍ഡ് ഷൂട്ട് ഉപയോക്താക്കള്‍ക്കായിരിക്കും ഇത് അനുയോജ്യം.

sony-ZV-1F-format

 

∙ വ്യൂഫൈന്‍ഡര്‍ 

 

പരമ്പരാഗത ക്യാമറകള്‍ക്കുള്ള വ്യൂഫൈന്‍ഡര്‍ ഇല്ല. ടില്‍റ്റ് ചെയ്യാവുന്ന സ്‌ക്രീനാണ് ഡിസ്‌പ്ലേ.

 

∙ ഭാരം

sony-ZV-1F-visual

 

ബാറ്ററി ഉള്‍പ്പടെ 256 ഗ്രാം മാത്രമാണ് ഭാരമെന്നതിനാല്‍ ഈ ക്യമാറ സാമാന്യം വലുപ്പമുള്ള പോക്കറ്റുകളിലും ചെറിയ ബാഗുകളിലും കൊണ്ടുനടക്കാം.

 

sony-ZV-1F-display

∙ ഓട്ടോഫോക്കസ്

 

ക്യാമറാ നിര്‍മാതാവെന്ന നിലയില്‍ സോണിയുടെ അപാരമായ ശേഷികളിലൊന്ന് മികച്ച ഓട്ടോഫോക്കസ് ആണ്. എന്നാല്‍, പ്രധാന ക്യാമറകള്‍ക്ക് ഓട്ടോഫോക്കസ് പിന്‍ബലം നല്‍കുന്ന ഫെയ്‌സ് (phase) ഡിറ്റെക്ട് ഉള്‍പ്പെടുത്താതെ കോണ്‍ട്രാസ്റ്റ് ഡിറ്റെക്ട് മാത്രമാണ് സോണി സെഡ്‌വി-1എഫ് ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെളിച്ചമുള്ള ഇടങ്ങളില്‍ വിഷ്വൽസ് മികച്ചതാണ്. 

 

∙ സ്റ്റബിലൈസേഷന്‍

 

വ്‌ളോഗര്‍മാര്‍ നോക്കുന്ന ഫീച്ചറുകളിലൊന്ന് ഇമേജ് സ്റ്റബിലൈസേഷനാണ്. ഡിജിറ്റല്‍ സ്റ്റബിലൈസേഷന്‍ ഇതിലുണ്ട്. ജിംബള്‍ ഇല്ലാതെ ഒരു കൈ അകലത്തില്‍ സോണി സെഡ്‌വി-1എഫ് പിടിച്ച് നടന്നുകൊണ്ട് വ്‌ളോഗ് ചെയ്താലും വിഡിയോ അത്ര പ്രശ്‌നമില്ലാതെ ലഭിക്കുന്നു. ഡിജിറ്റല്‍ സ്റ്റബിലൈസേഷന്‍ ഉപയോഗിക്കുമ്പോള്‍ 1.23 മടങ്ങ് ക്രോപ് വരും. ലെന്‍സ് ഏകദേശം 25എംഎം എന്ന പോലെ പ്രവര്‍ത്തിക്കും.

 

∙ കണക്ടിവിറ്റി

 

യുഎസ്ബി 3.0 സപ്പോര്‍ട്ട്, വൈ-ഫൈ ബ്ലൂടൂത്ത് എന്നിയുണ്ട്. എന്നാല്‍, ഹെഡ്‌ഫോണ്‍ ഔട്ട്പുട്ട് ഇല്ല.

 

∙ മൈക്രോഫോണ്‍

 

വ്‌ളോഗിങ് ക്യാമറ വാങ്ങുന്നവര്‍ നിശ്ചയമായും അതിലെ മൈക്രോഫോണിനെക്കുറിച്ച് അന്വേഷിച്ചിരിക്കും. തരക്കേടില്ലാത്ത സ്‌റ്റീരിയൊ മൈക്രോഫോണ്‍ ആണ് സെഡ്‌വി-1എഫ് ക്യാമറയ്ക്ക് ഉള്ളത്. വോയ്സ് റെക്കോഡിങ്ങിന് അല്‍പം പ്രാധാന്യം നല്‍കുന്നവര്‍ക്ക് എക്‌സ്റ്റേണല്‍ മൈക്രോഫോണും ഉപയോഗിക്കാം.

 

∙ ഫൊട്ടോഗ്രഫി

 

സെഡ്‌വി-1എഫ് ക്യാമറയിൽ ഫോട്ടോകളും എടുക്കാം. എന്നാല്‍ റോ ചിത്രങ്ങള്‍ എടുക്കാനുള്ള ശേഷി നല്‍കിയിട്ടില്ല. ഫൊട്ടോഗ്രഫിക്ക് ഇമേജ് സ്റ്റബിലൈസേഷനും ഇല്ല. ഫ്‌ളാഷും ഇല്ല. എന്നാല്‍ തരക്കേടില്ലാത്ത ഫോട്ടോകൾ ഈ ക്യാമറയിൽ എടുക്കാം.

 

∙ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഒരു കൈ നോക്കാം

 

വിഡിയോ ഷൂട്ടു ചെയ്യുന്ന വ്യക്തി ഉള്‍പ്പെടുന്ന ഷോട്ടുകള്‍ സ്മാര്‍ട് ഫോണില്‍ സ്വയം പകര്‍ത്തുമ്പോള്‍ പ്രധാന ക്യാമറ ഉപയോഗിച്ചാല്‍ എന്തെല്ലാമാണ് ഫ്രെയിമിലുള്ളതെന്ന് അറിയാനാവില്ല. അതേസമയം, സെല്‍ഫി ക്യാമറകള്‍ക്ക് പിന്‍ക്യാമറാ സിസ്റ്റത്തിന്റെ മികവും ഉണ്ടായേക്കില്ല. എന്നാല്‍, സോണിയുടെ സെഡ്‌വി-1എഫിന്റെ സ്‌ക്രീനും ലെന്‍സും വ്ലോഗർക്ക് നേരെ തിരിച്ചുവച്ച് ഫ്രെയിം കണ്ട് വ്‌ളോഗ് ചെയ്യാം.

 

കൊണ്ടു നടക്കാൻ പാകത്തിന് ഒതുക്കമുള്ള ക്യമാറയാണ്. മികച്ച മെന്യു സിസ്റ്റം ഉണ്ട്. പ്രൊഡക്ട് ഷോകേസ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. തരക്കേടില്ലാത്ത മൈക്രോഫോണ്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മൈക് ജാക് ഉള്ളതിനാല്‍ എക്‌സ്റ്റേണല്‍ മൈകും ഉപയോഗിക്കാം. മികച്ച ലെന്‍സ്. ഫില്‍റ്റര്‍ ത്രെഡ് ഉള്ളതിനാല്‍ എന്‍ഡി ഫില്‍റ്റര്‍ ഉപയോഗിക്കാം. ടാലി ലാംപ് ഉണ്ട്.

 

∙ വില 

 

സോണി സെഡ്‌വി-1എഫ് ക്യാമറയുടെ എംആര്‍പി 50,690 രൂപയാണ്. ഇതെഴുതുന്ന സമയത്ത് ആമസോണില്‍ 46,990 രൂപയ്ക്കു വില്‍ക്കുന്നു. പോക്കറ്റില്‍ പോലും കൊണ്ടുനടക്കാവുന്ന ഒരു ക്യാമറ ആണ് വേണ്ടതെങ്കില്‍ സോണി സെഡ്‌വി-1എഫ് മികച്ചൊരു ഓപ്ഷനാണ്.

 

English Summary: Sony ZV 1F Camera Review Malayalam | Budget Vlogging Camera In 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com