'ലെൻസില്ലാ ക്യാമറ', അനുഭവങ്ങളെ 'പടമാക്കി മാറ്റും' നിർമിത ബുദ്ധി; വിപ്ലവം
Mail This Article
ശാസ്ത്ര കൽപിത സിനിമയെ വെല്ലുന്ന വിചിത്രമായ കണ്ടുപിടുത്തങ്ങളുടെയും ഗവേഷണങ്ങളുടെയും കാലമാണ് വരാനിരിക്കുന്നത്. അതിലൊന്നാണ് ബിയോൺ കാർമന്റെ ലെൻസില്ലാ ക്യാമറ 'പാരഗ്രാഫിക'. സമയവും കാലാവസ്ഥയുമൊക്കെ തത്സമയം വ്യക്തമാകുന്ന ഒരു വിവരണത്തെ എഐ ചിത്രമാക്കി മാറ്റുന്ന ശേഷിയുള്ള ഉപകരണമെന്നാണ് കാർമൻ ഈ ക്യാമറയെ വിശേഷിപ്പിക്കുന്നത്. ക്യാമറയുടെ വ്യഫൈൻഡർ ചിത്രമെടുക്കുന്ന വസ്തുവിന്റെയോ സ്ഥലത്തിന്റെയോ ശാസ്ത്രീയ വിവരണം നൽകും. ജിയോ ലൊക്കേഷൻ സംവിധാനം ഉപയോഗിച്ചാവും പ്രവർത്തനം.
ക്യാമറയുടെ മുകളിലെ ബട്ടണുകളിൽ ചിത്രങ്ങളുടെ വിവരണത്തില്‍ എത്രത്തോളം മാറ്റം വരണമെന്നു തീരുമാനിക്കാവും. അടുത്ത ക്ളിക്കിൽ ആ വിവരണങ്ങൾ ചിത്രമായി മാറും. ചിത്രങ്ങൾ സൃഷ്ടിക്കാൻ പ്രകാശത്തിന് പകരം ഡാറ്റ ഉപയോഗിക്കുന്നെന്നതാണ് ഈ ക്യാമറയെ വ്യത്യസ്തമാക്കുന്നത് . സ്ഥലം, കാലാവസ്ഥ, സമയം, സമീപ സ്ഥലങ്ങൾ എന്നിവയുൾപ്പെടെ അതിന്റെ നിലവിലെ സ്ഥാനത്തെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിന് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉപയോഗിക്കുന്നു.
ഈ ഡാറ്റ പിന്നീട് നിലവിലെ സ്ഥലത്തിന്റെയും നിമിഷത്തിന്റെയും വിവരണം ചിത്രീകരിക്കാൻ ഉപയോഗിക്കുന്നു. ടെക്സ്റ്റ്-ടു-ഇമേജ് എഐ മോഡൽ ഉപയോഗിച്ച് ഈ വിവരണം ഒരു ചിത്രമാക്കി മാറ്റുന്നു. ക്യാമറ നേരിട്ട് ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നില്ല; പകരം, ഇത് ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഡാറ്റ നൽകുന്ന പ്രോഗ്രാമിങ് സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നു. മാത്രമല്ല അതിലെ ഡയലുകളിൽ ഫോട്ടോ എങ്ങനെ യാഥാർഥ്യത്തോടടുത്തു നിൽക്കണമെന്നു നിയന്ത്രിക്കാനുമാകും.
നക്ഷത്ര ആകൃതിയിലുള്ള വിചിത്ര ഉപകരണം ഈ ഉപകരണത്തിന്റെ ആന്റിനയാണ് കാർമൻ വായിച്ച ഒരു പുസ്തകത്തിൽ നിന്നാണ് ഈ ആശയം ലഭിച്ചത്. ഭൂമിക്കടിയിലെ ഇരുട്ടിൽ വേട്ടയാടുന്ന , സഞ്ചരിക്കുന്ന സ്റ്റാർ നോസ്ഡ് മോൾ പ്രകാശത്തെ ഉപയോഗപ്പെടുത്തുന്നതേയില്ല. വിരലുകളിലൂടെയാണ് അതു ചുറ്റുപാടുകളെ 'കാണുന്നത്'. ഈ വൈചിത്രമാണ് പ്രകാശമില്ലാതെ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രചോദനമായെന്നു ഡച്ച് ഗവേഷകനായ ബിയോൺ കാർമൻ വിശദീകരിക്കുന്നു.