ADVERTISEMENT

ഇന്ത്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 27നാണ് പാക്കിസ്ഥാന്‍ വ്യോമപാതകൾ അടച്ചിട്ട് ആഭ്യാന്തര, രാജ്യാന്തര വിമാനങ്ങളുടെ പോക്കുവരവ് പൂര്‍ണ്ണമായും നിർത്തലാക്കിയത്. ബാലാക്കോട്ട് ജെഇഎം ക്യാംപിനു നേര്‍ക്കു നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന് എന്തു ചെയ്യണമെന്നറിയില്ലാത്ത അവസ്ഥയാണ്. എന്തായാലും തങ്ങളുടെ വ്യാമപാത അടയ്ക്കുക എന്ന തീരുമാനം പ്രതിരോധത്തില്‍ പ്രധാനപ്പെട്ടതായി പാക്കിസ്ഥാൻ വ്യോമസേന കണ്ടുവെന്നു മനസ്സിലാക്കാം. എന്നാല്‍, ആക്രമണം കഴിഞ്ഞ് ഒന്നര മാസമായിട്ടും വ്യോമപാതകൾ പൂര്‍ണ്ണമായും തുറക്കാന്‍ പാക്കിസ്ഥാന്‍ മടികാണിക്കുന്നത് എന്തിനാണെന്നതാണ് നിരീക്ഷകരെ ജിജ്ഞാസുക്കളാക്കുന്നത്. പാക്കിസ്ഥാനിലെ എയര്‍സ്‌പെയ്‌സ് കുറച്ചു മാത്രമാണ് ഇതുവരെ തുറന്നിരിക്കുന്നത്, അതും ഘട്ടംഘട്ടമായി മാത്രം. ആക്രമണം കഴിഞ്ഞ് ഒന്നര മാസത്തോളമായിട്ടും എന്തുകൊണ്ട് പാക്കിസ്ഥാന്റെ വ്യോമ ഗതാഗതം പൂര്‍വ്വദശ പ്രാപിച്ചില്ലെന്നത് രാജ്യാന്തര നിരീക്ഷകരിലും സംശയമുണര്‍ത്തുന്നുണ്ട്.

 

ഇതിനൊരു ഉത്തരം തരുന്നതിനു പകരം, ഏപ്രില്‍ 9 ന് വ്യോമഗതാഗത നിരോധനം നീട്ടാനാണ് പാക്കിസ്ഥാന്‍ തീരുമാനിച്ചതെന്നത് നിരീക്ഷകരെ വീണ്ടും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. എന്ത് അപായബോധമാണ് പാക്കിസ്ഥാനെ പിടികൂടിയിരിക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം.  ഇപ്പോള്‍ ഏപ്രില്‍ 24 വരെയാണ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളും വ്യോമപാതകളും അടച്ചിട്ടിരിക്കുന്നത് ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണെന്ന് അനുമാനിക്കുന്നതില്‍ തെറ്റുണ്ടാകാന്‍ വഴിയില്ല. പുതിയ അഭ്യൂഹങ്ങള്‍ പ്രകാരം പാക്കിസ്ഥാന്‍ പഴുതടച്ചു സുരക്ഷയൊരുക്കുകയാണ് എന്നാണ് പറയുന്നത്.

 

ഇന്ത്യയുടെ വിവിധ സേനകൾ (കരസേന, വ്യോമസേന, നാവിക സേന) ഏപ്രില്‍ 16നും 20നും ഇടയില്‍ വീണ്ടും ആക്രമിക്കുമെന്നാണ് അവര്‍ ആരോപിക്കുന്നത്. ഇന്ത്യയാകട്ടെ ഇത്തരമൊരു സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. വീണ്ടും തുറക്കുമെന്നു പറയുന്ന ഏപ്രില്‍ 24 ആകുമ്പോള്‍ ഇന്ത്യന്‍ പൊതുതിരഞ്ഞെടുപ്പിന്റെ മൂന്നു ഘട്ടങ്ങള്‍ കഴിഞ്ഞിരിക്കുമെന്നതും ആക്രമണ സാധ്യത ആരാപിക്കുന്ന പാക്കിസ്ഥാന്‍ പ്രാധാന്യമുള്ള ഒന്നായി കാണുന്നുവത്രെ.

 

പാക്കിസ്ഥാന്റെ വ്യോമ ഗതാഗതത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്ത്?

 

അതേസമയം, ആക്രമണം കഴിഞ്ഞ് 28 ദിവസം പൂര്‍ണ്ണമായി അടച്ചിട്ട ശേഷം മാര്‍ച്ച് 26ന് പാക്കിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായ പിഐഎയ്ക്കു വേണ്ടി എയര്‍പോര്‍ട്ടുകള്‍ തുറന്നിരുന്നു. രാജ്യാന്തര വിമാനങ്ങളും അനുവദിച്ചിരുന്നു. എന്നാല്‍, പാക്കിസ്ഥാന്‍ ഇടത്താവളമാക്കുന്ന രാജ്യാന്തര ഫ്‌ളൈറ്റുകളെ സ്വാഗതം ചെയ്തിരുന്നില്ല. ഇതെല്ലാം പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ടാകാമെന്നും കരുതുന്നു.

 

ഒരു പക്ഷേ, ഇന്ത്യക്കായിരിക്കാം പാക്കിസ്ഥാനെക്കാള്‍ കൂടുതല്‍ നഷ്ടമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാര്‍ച്ച് 16 വരെ എയര്‍ ഇന്ത്യയുടെ നഷ്ടം 60 കോടി രൂപയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ കാരണങ്ങളില്‍ ഒന്ന് പാക്കിസ്ഥാന്റെ വ്യോമപാത അടച്ചില്‍ മൂലമായിരിക്കാമെന്നാണ് കരുതുന്നത്. ആഴ്ചയില്‍ 66 ഫ്‌ളൈറ്റുകള്‍ എയര്‍ ഇന്ത്യ യൂറോപ്പിലേക്കും, 33 എണ്ണം അമേരിക്കയിലേക്കും നടത്തുന്നുണ്ട്. ഇവയില്‍ മിക്കതും പാക്കിസ്ഥാന്റെ വ്യോമപരിധിയിലൂടെ കടന്നാണ് പോകുന്നത്. ഇതൊഴിവാക്കാനായി വിമാനങ്ങള്‍ അറേബ്യന്‍ സമുദ്രത്തിനു മുകളിലൂടെ സഞ്ചരിക്കുന്നു. ഇതിലൂടെ സമയ നഷ്ടവും ധന നഷ്ടവും സംഭവിക്കുന്നു. അഫ്ഗാനിസ്ഥാന്റെ കാര്യവും കഷ്ടമാണ്. തങ്ങളുടെ തലയ്ക്കു മീതി വ്യോമഗതാഗതം വേണ്ടെന്നു പാക്കിസ്ഥാന്‍ തീരുമാനിച്ചു കഴിഞ്ഞ് അഫ്ഗാനിസ്ഥാന്റെ ഒരു മാസത്തെ നഷ്ടം 8 ദശലക്ഷം ഡോളറാണെന്നു പറയുന്നു. അവര്‍ ഇറാന്റെ എയര്‍സ്‌പെയ്‌സ് ആണു പകരം ഉപയോഗിക്കുന്നത്. യാത്രക്കൂലി കൂടി എന്നതു കൂടാതെ വിമാനക്കമ്പനികള്‍ക്ക് നഷ്ടവും പെരുകുന്നതായി കാണാം. അഫ്ഗാനിസ്ഥാന്റെ വ്യോമ ഗതാഗത അതോറിറ്റിയുടെ ചെയര്‍മാന്‍ പറയുന്നത് 250 ഫ്‌ളൈറ്റുകള്‍ പാക്കിസ്ഥാനിലൂടെ എല്ലാ ദിവസവും കടന്നു പോയിരുന്നു. ഇപ്പോള്‍ അത് 9 എണ്ണം മാത്രമാണെന്നാണ്.

 

പാക്കിസ്ഥാന്‍ എയര്‍സ്‌പെയ്‌സിന് 11 എന്‍ട്രി പോയിന്റുകളും എക്‌സിറ്റ് പോയിന്റുകളുമാണുള്ളത്. എല്ലാം അടച്ചിട്ടില്ല. എന്നാല്‍ അവ പൂര്‍ണ്ണമായും തുറക്കുന്ന കാര്യത്തില്‍ പാക്കിസ്ഥാന് ഇപ്പോഴും പേടിയാണ്. ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റ് ട്രാക്കര്‍ ആയ ഫ്‌ളൈറ്റ്‌റഡാര്‍24ന്റെ (Flightradar24) ഡേറ്റ വച്ചു നോക്കിയാല്‍ ചില ട്രാന്‍സിറ്റ് ലൈനുകളിലൂടെ ഇപ്പോഴും ഗതാഗതം നടക്കുന്നുണ്ട്. പക്ഷേ, പാക്കിസ്ഥാന്‍ തങ്ങളുടെ വ്യോമപാതകൾ പൂര്‍ണ്ണമായി പെട്ടെന്നു തുറക്കുന്ന ലക്ഷണമില്ല. പാക്കിസ്ഥാന്‍ കാത്തിരുന്ന് തീരുമാനമെടക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com