ADVERTISEMENT

സൈനിക-സൈനികേതര ആവശ്യത്തിനുള്ള വിമാനങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ വേണ്ട നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്ന് പ്രതിരോധകാര്യ വിദഗ്ധര്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. എയ്‌റോ ഗ്യാസ് ടര്‍ബൈന്‍ എൻജിനുകള്‍ സ്വന്തമായി നിര്‍മിക്കാനുള്ള ശ്രമത്തിന് ആക്കം കൂട്ടേണ്ടതുണ്ട്. ഏയ്‌റോസ്‌പെയ്‌സ് ശാസ്ത്രജ്ഞരും എൻജിനീയര്‍മാരും അടങ്ങുന്ന സംഘമാണ് ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുന്നത്.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ കമ്പനികളും എയ്‌റോ ടര്‍ബൈന്‍ എൻജിനുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാൻ ശ്രമിക്കണം. മിലിറ്ററി, സിവില്‍ വിമാനങ്ങള്‍ സ്വന്തമായി നിമിക്കാന്‍ തുടങ്ങിയാല്‍ വന്‍ സാധ്യതകളാണുള്ളതെന്നും ഇന്ത്യ ലോകശക്തിയായി മാറുമെന്നും പ്രതിരോധകാര്യ വിദഗ്ധനും മുന്‍ ഏവിയേഷന്‍ റെഗുലേറ്ററുമായ കെ. തമിള്‍മണി പറഞ്ഞു.

ഡിഫന്‍സ് റിസേര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) കീഴില്‍ ബെംഗളൂരില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ടര്‍ബൈന്‍ റിസേര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റ് (ജിറ്റിആര്‍ഇ) ലൈറ്റ് കോംബാറ്റ് വിമാനമായ തേജസിനു കാവേരി എയ്‌റോ എൻജിൻ നിര്‍മിക്കാൻ മൂന്നു പതിറ്റാണ്ടിലേറെ സമയമെടുത്തു. എന്നാല്‍ ഇതിനു വേണ്ട ശക്തി ഇല്ലാത്തതും വേണ്ടതിലേറെ ഭാരമുള്ളതും വിനയായി. കാവേരി എൻജിന്‍ ഭൂമിയിലും ആകാശത്തും വിവിധ തരം ടെസ്റ്റുകളിലൂടെ കടന്നു പോയി. ഇന്ത്യയിലും റഷ്യയിലും വച്ച് ഇത് ഉപകാരപ്പെടുത്താമോ എന്നു പരീക്ഷിച്ചു നോക്കി. 2010ല്‍ ഏകദേശം പറപ്പിച്ചു നോക്കുകയും ചെയ്തു. എന്നാല്‍ പരീക്ഷണങ്ങള്‍ പരാജയപ്പെടുകയായിരുന്നു എന്നും മുന്‍ ജിറ്റിആര്‍ഇ ഡയറക്ടര്‍ ടി. മോഹറാവു പറഞ്ഞു.

aerospace-engine

വിമാനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എൻജിനുകളാണ്. ഇവ നിര്‍മിക്കുന്നത് സങ്കീര്‍ണ്ണമായ ഒരു പ്രക്രീയയാണ്. ഇപ്പോള്‍ ഇത് അഞ്ചു രാജ്യങ്ങളാണ് കൈവശം വച്ചിരിക്കുന്നത്. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളുടെ കുത്തകയാണിത്. 1998ല്‍ നടത്തിയ പോഖ്‌റാന്‍ ആണവ പരീക്ഷണത്തിനു ശേഷം അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിനു ശേഷമാണ് ഇന്ത്യ സ്വന്തമായി ജെറ്റ് എൻജിന്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നതു തന്നെ. ഫ്രഞ്ച് എയ്‌റോ എൻജിന്‍ നിര്‍മാതാവുമായി ( Snecma) സഹകരിച്ചാണ് ജിറ്റിആര്‍ഇ കാവേരി പ്രൊജക്ട് പൂര്‍ത്തിയാക്കിയത്. റഫാല്‍ പോർവിമാനങ്ങള്‍ വാങ്ങുന്നതിന്റെ ഭാഗമായി വിമാന എൻജിൻ നിര്‍മാണത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ഇന്ത്യയെ ആ ഫ്രഞ്ച് കമ്പനി സഹായിക്കുമെന്ന് മുന്‍ എച്എഎല്‍ എക്‌സിക്യൂട്ടീവ് പ്രത്യാശ പ്രകടിപ്പിച്ചു.

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡിന് ഏയ്‌റോ എൻജിനുകള്‍ നിര്‍മിക്കാനുള്ള ലൈസന്‍സ് റഷ്യന്‍ എയ്‌റോസ്‌പെയ്‌സ് പ്രധാനികളായ മിഗ്-21, സുഖോയ്-30 ഫൈറ്റര്‍ വിമാന കമ്പനികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ജെറ്റ് വിമാനങ്ങള്‍ക്കു വേണ്ട എൻജിനുകള്‍ നിര്‍മിക്കാനാവില്ല. വരും വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് മിലിറ്ററി-സിവില്‍ വിമാനങ്ങള്‍ ആവശ്യമായി വരും. സർക്കാരും പ്രതിരോധാവശ്യത്തിന് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളും ഇതൊരു ദേശീയ ദൗത്യമായി പരിഗണിച്ച് സ്വയം പര്യാപ്തത കൈവരിക്കാന്‍ ശ്രമിക്കണമെന്ന് മുന്‍ ജിറ്റിആര്‍ഇ ഡയറക്ടര്‍സി കലൈവനന്‍ പറഞ്ഞു.

Kaveri-Turbofan-Engine

കാവേരി എയ്‌റോ-എൻജിന്‍ നിര്‍മാണ പദ്ധതിക്കായി ഇപ്പോൾ തന്നെ 2,000 കോടി രൂപ മുടക്കിയിട്ടുണ്ട്. അത് പുനരുജ്ജീവിപ്പിച്ച് സ്വന്തമായി എയ്‌റോ ഗ്യാസ് ടര്‍ബൈന്‍ എൻജിനുകളുടെ നിര്‍മാണം സാധ്യമാക്കണമെന്ന് ദി സൊസൈറ്റി ഫോര്‍ അഡ്‌വാന്‍സ്‌മെന്റ് ഓഫ് എയ്‌റോസ്‌പെയ്‌സ് പ്രോപള്‍ഷന്‍, ഏയ്‌റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com