ADVERTISEMENT

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് പോര്‍വിമാനം വാങ്ങാന്‍ താൽപര്യം പ്രകടിപ്പിച്ച് ലോകരാജ്യങ്ങൾ രംഗത്തുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ വെളിപ്പെടുത്തൽ. മലേഷ്യ, ഈജിപ്ത്, ശ്രീലങ്ക, യുഎഇ, സിംഗപ്പൂർ, മറ്റു ചില അറബ് രാജ്യങ്ങൾ എല്ലാം ഇന്ത്യയുടെ സ്വന്തം പോർവിമാനമായ തേജസ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി മലേഷ്യയും ഇന്ത്യയുടെ തേജസ് വാങ്ങാൻ ചർച്ച നടത്തിയിരുന്നു. ചൈനയും ‌പാക്കിസ്ഥാനും സംയുക്തമായി നിര്‍മിച്ച ജെഎഫ് 17 പോര്‍വിമാനത്തിന് പകരമായാണ് മലേഷ്യ ഇന്ത്യയുടെ പോര്‍വിമാനത്തില്‍ താത്പര്യം പ്രകടിപ്പിച്ചത്. 30 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാനാണ് മലേഷ്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇത് സംബന്ധിച്ച ചര്‍ച്ചകൾ ഇപ്പോഴും തുടരുകയാണ്.

 

ജെഎഫ് 17 പോര്‍വിമാനത്തേക്കാള്‍ കൂടുതല്‍ അപകടകാരിയാണ് ഇന്ത്യയുടെ തേജസ് പോര്‍വിമാനമെന്നാണ് പല പ്രതിരോധ വിദഗ്ധരുടേയും അഭിപ്രായം. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡാണ് തേജസ് നിര്‍മിക്കുന്നത്. പാക്–ചൈനീസ് പോര്‍വിമാനത്തേക്കാള്‍ വില കൂടുതലാണെങ്കിലും പ്രകടനംകൊണ്ട് തേജസ് മികച്ചു നില്‍ക്കുന്നുവെന്നാണ് വിലയിരുത്തലുകള്‍. നേരത്തെ 28.5 ദശലക്ഷം ഡോളര്‍ വിലയിട്ടിരുന്ന ജെഎഫ് 17 പോര്‍വിമാനങ്ങളുടെ വില 25 ദശലക്ഷം ഡോളറാക്കി കുറച്ചിരുന്നു. 

 

വ്യോമസേന ഇതിനകം തന്നെ ഒരു കൂട്ടം തേജസ് വിമാനങ്ങൾ സേനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൽ‌സി‌എയുടെ നാവിക പതിപ്പ് വികസന ഘട്ടത്തിലുമാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഗോവയിൽ നടന്ന ദൗത്യത്തിൽ വിമാനവാഹിനിക്കപ്പലിൽ ഇറങ്ങാനുള്ള കഴിവും തേജസ് പ്രകടമാക്കി. ഈ നേട്ടം യുദ്ധവിമാനത്തിന്റെ നാവിക വേരിയന്റിന്റെ വികസനത്തിൽ ഒരു പ്രധാന നാഴികക്കല്ലായി മാറി.

 

തുടക്കത്തിൽ 40 തേജസ് വിമാനങ്ങൾ നിർമിച്ചു നൽകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്എഎൽ) വ്യോമസേന കരാർ ഒപ്പുവച്ചിരുന്നു. 50,000 കോടിയിലധികം രൂപ ചെലവിൽ 83 തേജസ് പോർവിമാനങ്ങളുടെ മറ്റൊരു ബാച്ച് വാങ്ങുന്നതിനായി കഴിഞ്ഞ വർഷം വ്യോമസേന എച്ച്എഎലിന് നിർദ്ദേശം (ആർ‌എഫ്‌പി) നൽകിയിരുന്നു.

 

ഭാരംകുറഞ്ഞ ബോഡി, ക്വാഡ്രുപ്ലെക്‌സ് ഡിജിറ്റല്‍ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം, മൈക്രോപ്രൊസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്‍ട്രോള്‍, അമേരിക്കയുടെ ജിഇ 404IN എൻജിന്‍ തുടങ്ങി നിരവധി പ്രത്യേകതകള്‍ തേജസിനുണ്ട്. ഇതുവരെ നാലായിരത്തിലേറെ തവണ പരീക്ഷണ പറക്കല്‍ നടത്തിയിട്ടുള്ള തേജസ് യുദ്ധവിമാനങ്ങള്‍ ഒരിക്കല്‍ പോലും തകരുകയോ സാങ്കേതിക തകരാര്‍ പ്രകടമാക്കുകയോ ചെയ്തിട്ടില്ല. ഇതും റെക്കോഡാണ്. തേജസിന്റെ എൻജിനും കോക്പിറ്റും ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റവും അടക്കം വെറും 45 മിനിറ്റിനുള്ളില്‍ ടെക്‌നിക്കല്‍ സ്റ്റാഫിന് മാറ്റി വെക്കാനാകും. ഇത് ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ ഉയര്‍ന്ന നിലവാരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com