ADVERTISEMENT

2011 നവംബർ 12 ശനി, ആ ദിവസം ഇറാൻ ഒരിക്കലും മറക്കില്ല. ഇറാന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ദുരന്തം സംഭവിച്ചത് അന്നാണ്. ഇറാന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രത്തിലെ മിസൈൽ നിർമാണ കേന്ദ്രം പൊട്ടിത്തിറിച്ചു. ദുരന്തത്തിൽ രാജ്യത്തിന്റെ ‘മിസൈൽ മാൻ’ ഉൾപ്പടെ 17 പേർ മരിച്ചു. ഇറാനെ ലോകത്തെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റിയവരില്‍ ഒരാളായിരുന്നു മിസൈൽ മാൻ എന്നറിയപ്പെടുന്ന 'ഹസ്സൻ തഹ്‌റാനീ മുഖദ്ദം'. സുലൈമാനിയെ യാത്രയാക്കാൻ തെരുവിൽ ജനങ്ങൾ തടിച്ചുകൂടിയ പോലെ അന്നും ഹസ്സൻ തഹ്‌റാനീയെ വഹിച്ചുള്ള വിലാപയാത്രയിൽ ലക്ഷങ്ങൾ പങ്കെടുത്തു. രാജ്യം ഒന്നടങ്കം നിശബ്ദമായിപോയ നിമിഷങ്ങളായിരുന്നു അത്.

 

ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ എയ്‌റോസ്‌പേസ് ഫോഴ്‌സിലെ സൈനിക ഉദ്യോഗസ്ഥനും ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ ഡിസൈനറുമായിരുന്നു അദ്ദേഹം. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഗാർഡിയൻ സേനയുടെ തലവനായിരുന്നു അദ്ദേഹം. ഇറാന്റെ ദീർഘദൂര മിസൈൽ പദ്ധതികൾക്ക് തുടക്കമിട്ട അദ്ദേഹം ഇറാന്റെ മിസൈൽ സാങ്കേതികവിദ്യ വികസിപ്പിക്കാൻ സഹായിക്കുന്നതിനായി ഉത്തര കൊറിയയിൽ നിന്ന് വൈദഗ്ധ്യവും ബ്ലൂപ്രിന്റ് ഡിസൈനുകളും തേടി. 

 

ഇസ്രയേലിനെ ലക്ഷ്യമാക്കി 1,000–2,000 കിലോമീറ്ററിലധികം പ്രവർത്തന പരിധി ഉപയോഗിച്ച് ഷഹാബ്, ഗദർ, സെജിൽ മിസൈലുകൾ അദ്ദേഹം രൂപകൽപ്പന ചെയ്തതാണ്. ഇക്കാരണങ്ങളാൽ അദ്ദേഹത്തെ ഇറാന്റെ മിസൈൽ പദ്ധതിയുടെ പിതാവായി കണക്കാക്കുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 25 മൈൽ പടിഞ്ഞാറ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ സൈനിക താവളത്തിലാണ് 2011 നവംബർ 12 ന് ബിഡ് കനേ സ്ഫോടനത്തിൽ അദ്ദേഹം കൊല്ലപ്പെട്ടത്.

 

എന്നാൽ അന്ന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ ഇറാൻ ഇന്നും തയാറായല്ല. പരീക്ഷണത്തിനിടെ സംഭവിച്ച അബദ്ധമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇറാന്റെ ശത്രുക്കളായ ഇസ്രയേൽ നടത്തിയ തന്ത്രപരമായ ആക്രമണമായിരുന്നു ആ സംഭവമെന്ന് രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ മൊസാദാണ് സ്ഫോടനത്തിനുള്ള പിന്നിലെന്ന് നിരവധി മാധ്യമങ്ങൾ വാദിച്ചെങ്കിലും എല്ലാ ആരോപണങ്ങളും ഇറാൻ തള്ളി.

 

പേർഷ്യൻ ഗൾഫ് മേഖലയിൽ വീണ്ടുമൊരു യുദ്ധത്തിന്റെ സൂചനകൾ കണ്ടു തുടങ്ങിയിരിക്കുന്നു. ഇറാനും എതിരാളികളായ ഇസ്രയേലും അമേരിക്കയും ആയുധങ്ങളും മറ്റു സംവിധാനങ്ങളും വിന്യസിച്ച് സജ്ജമായിരിക്കുകയാണ്. ഇറാനെ ഒന്നടങ്കം ഇല്ലാതാക്കാനുള്ള ആയുധങ്ങളും ടെക്നോളജിയും ഇസ്രയേലിന്റെയും അമേരിക്കയുടെ കൈവശമുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇറാന്റെ മിസൈലുകളും പ്രതിരോധ ആയുധങ്ങളും ലോകത്ത് ഇന്നും വലിയ ചർച്ചയാണ്. ഇറാന്റെ മിസൈലുകളെ ലോകം ചർച്ച ചെയ്യുന്നത് എന്തുകൊണ്ടായിരിക്കും? അമേരിക്കയും ഇസ്രയേലും പെട്ടെന്നുള്ള ഒരു ആക്രണത്തിനു എന്തുകൊണ്ടാണ് മുന്നിട്ടിറങ്ങാത്തത്. അതെ, ഇറാൻ മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തല്ല മിസൈലുകൾ നിർമിക്കുന്നത്. ഉത്തരകൊറിയയെ പോലെ ഇറാന്റെ കൈവശം എന്തൊക്കെ ആയുധങ്ങൾ ഉണ്ടെന്നും പ്രഹരശേഷി എത്രത്തോളമാണെന്നും അമേരിക്കയ്ക്ക് പോലും അറിയില്ല. ഇത്തരത്തിലുള്ള അത്യാധുനിക മിസൈൽ നിർമിക്കുന്ന ഇറാന്റെ പ്ലാന്റാണ് സ്ഫോടനത്തിൽ തകർന്നത്.

 

8 വർഷങ്ങൾക്ക് മുൻപ്, 2011 നവംബർ 12, ഉച്ചയ്ക്ക് 1.30 ന് ഇറാനിലെ നഗരങ്ങൾ ഒന്നടങ്കം ഞെട്ടിവിറച്ചു. കാതടിപ്പിക്കുന്ന ശബ്ദം, രാജ്യത്ത് കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു, കിഴക്കൻ തെഹ്റാനിലെ ജനങ്ങൾ ഭയന്നു വിറച്ചു, സ്ഫോടനത്തിന്റെ ശക്തിയിൽ വീടുകളും കെട്ടിടങ്ങളും കുലുങ്ങി, ചില വീടുകൾ തകർന്നു വീണു, ജനൽച്ചില്ലുകൾ തകർന്നു, ജനം പേടിച്ചുവിറച്ചു ചിതറിയോടി. എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. ആകാശത്തോളം തീയും പുകയും.

 

അത്യുഗ്രൻ സ്ഫോടനത്തെ തുടർന്ന് തീ നാളങ്ങൾ ആകാശത്തെ വിഴുങ്ങിയിരിക്കുന്നു. ശത്രുക്കള്‍ക്കെതിരെയുള്ള ഇറാന്റെ എല്ലാ ഭീഷണികളും അവസാനിച്ചിരിക്കുന്നു, ഇസ്രയേലോ അമേരിക്കയോ ഇറാനു മുകളിൽ ബോംബിട്ടിരിക്കുന്നു എന്നാണ് മിക്കവരും കരുതിയത്. കാരണം ഇസ്രയേലും അമേരിക്കയും ഏതു നിമിഷവും ആക്രമിക്കുന്ന ഭീതിയിലായിരുന്നു ഇറാൻ.

 

ടെഹ്റാനിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇറാന്റെ സൈനിക താവളത്തിലാണ് സ്ഫോടനം നടന്നത്. ഗദീർ മിസൈൽ ഗവേഷണ കേന്ദ്രത്തിലാണ് സ്ഫോടനം നടന്നതെന്ന് പൊതുജനം അറിയുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. സോഷ്യല്‍മീഡിയകൾക്കും മാധ്യമങ്ങൾക്കും കടുത്ത നിയന്ത്രണമുള്ളതിനാൽ കാര്യമായ ചിത്രങ്ങളും ഊഹാപോഹങ്ങളും രാജ്യത്തിനു പുറത്തേക്ക് പോകാതെ ശ്രദ്ധിക്കാൻ ഇറാനു സാധിച്ചു.

 

ഇറാന്റെ മിസൈൽ നിർമാണ പ്ലാന്റുകളുടെ സാറ്റലൈറ്റ് ചിത്രങ്ങളും മറ്റു വിവരങ്ങളും സ്ഫോടനം നടക്കുന്നതിനു മുൻപ് തന്നെ ഇസ്രയേലും അമേരിക്കയും പുറത്തുവിട്ടിരുന്നു. എന്നാൽ പ്ലാന്റിനകത്ത് നടക്കുന്ന കാര്യങ്ങൾ മാത്രം പുറം ലോകത്തിനു അറിയില്ലായിരുന്നു. ഇറാനിലെ പ്ലാന്റുകളിൽ അണ്വായുധം വഹിക്കാൻ ശേഷിയുള്ള മിസൈലുകൾ നിർമിക്കുന്നുണ്ടോ എന്നതായിരുന്നു അയൽ രാജ്യമായ ഇസ്രയേലിന്റെ ഏറ്റവും വലിയ ഭീതി. ഇതിനാൽ തന്നെ ഇറാനിലെ പ്ലാന്റുകളുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കേണ്ടതും ഇല്ലാതാക്കേണ്ടതും ഇസ്രയേലിന്റെ കൂടി ആവശ്യമായിരുന്നു.

 

എന്നാൽ മിസൈല്‍ നിര്‍മാണ പ്ലാന്റ് സ്ഫോടനത്തെ കുറിച്ച് ഇന്നും ഇറാൻ ജനതക്കോ, ഇവിടത്തെ ഗവേഷകർക്കോ കൂടുതലൊന്നും അറിയില്ല. സംഭവം നടന്ന സ്ഥലത്തേക്ക് ആര്‍ക്കും പ്രവേശനം നൽകിയില്ല. സ്ഫോടനത്തിനു പിന്നിൽ പുറത്തുനിന്നുള്ള ഇടപെടലാണെന്ന വാദങ്ങളൊന്നും ഇറാൻ അംഗീകരിച്ചില്ല. ഗദീർ സംഭവം നടന്നതിനു ശേഷം ഇതേ സ്ഥലത്തിന്റെ പേരിൽ നിരവധി മുങ്ങിപ്പലുകളും മിസൈലുകളും മറ്റു ആയുധങ്ങളും ഇറാൻ അവതരിപ്പിച്ചു.

 

ഇസ്രയേലിന്റെയും അമേരിക്കയുടെയും ചാര ഉപഗ്രഹങ്ങൾ ഓരോ നിമിഷവും ഇറാന്റെ മിസൈൽ നിർമാണ പ്ലാന്റുകളെ കുറിച്ചുള്ള ലൈവ് നിരീക്ഷണം അന്നും ഇന്നും നടത്തുന്നുണ്ട്. മിസൈൽ പ്ലാന്റുകളെ കുറിച്ചുള്ള ഒട്ടുമിക്ക വിശദാംശങ്ങളും പുറം ലോകത്തിനു മുന്നിൽ ഗ്രാഫിക്സ് സഹിതം അവതരിപ്പിച്ചിരുന്നു. ഗദീർ മിസൈൽ കേന്ദ്രത്തിലെ മിക്ക കെട്ടിടങ്ങളുടെയും നിറം പിങ്കായിരുന്നു. ഇറാന്റെ മറ്റു പ്ലാന്റുകളുടെ നിറങ്ങളും പിങ്ക് തന്നെയാണ്. പ്ലാന്റ് നിൽക്കുന്ന പ്രദേശങ്ങളിലെ ഓരോ അധികമാറ്റങ്ങളും ഇവിടെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ലിസ്റ്റ് വരെ നിരീക്ഷിച്ച് തയാറാക്കിയിരുന്നു. സ്ഫോടനത്തിനു ശേഷമുളള സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.

 

അന്നത്തെ ദുരന്തത്തിൽ ഇറാനു നഷ്ടപ്പെട്ടത് രാജ്യത്തിന്റെ ‘മിസൈൽ മാൻ’ ആണ്. ഇന്ത്യക്ക് മിസൈൽ മാൻ എ.പി.ജെ അബ്ദുൽ കലാം എങ്ങനെ ആണോ അതുപോലെ ആയിരുന്നു ഇറാൻ മിസൈൽ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന 'ഹസ്സൻ തഹ്‌റാനീ മുഖദ്ദം'. അദ്ദേഹമാണ് ഈ പ്ലാന്റിലെ മിസൈൽ പരീക്ഷണങ്ങൾക്കും നിർമാണങ്ങൾക്കും നേതൃത്വം നൽകിയിരുന്നത്. തഹ്‌റാനി ഉൾപ്പെടെ റിപ്പബ്ലിക്കൻ ഗാർഡിലെ സൈനികരും വിദഗ്ധരും അടങ്ങുന്ന 17 പേരാണ് അന്ന് ഇറാനു നഷ്ടപ്പെട്ടത്. ഇറാന്റെ പ്രതിരോധ പരീക്ഷണങ്ങൾക്ക് നേരിട്ട ഏറ്റവും വലിയ തിരിച്ചടി കൂടിയായിരുന്നുവത്.

 

മിസൈൽ പരീക്ഷണത്തിലെ സാങ്കേതിക പിഴവാണ് സ്ഫോടനത്തിന്റെ കാരണമെന്നാണ് ഇറാൻ പറഞ്ഞത്. എന്നാൽ ഈ ദുരന്തം നടക്കുന്നതിന്റെ മുൻ വർഷങ്ങളിൽ ഇറാന്റെ ആണവ ശാസ്ത്രജ്ഞൻമാർ വധിക്കപ്പെട്ടിരുന്നു. ഈ സംഭവത്തെ ചിലർ ഇതുമായി ചേർത്തുവായിച്ചിരുന്നു. ഇറാന്റെ ഓരോ മുക്കിലും മൂലയിലും ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ ചാരൻമാരുണ്ട്. ഇവരാണ് ഈ സ്ഫോടനത്തിനു പിന്നിലെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ റിപ്പബ്ലിക്കൻ ഗാർഡിന്റെ നിയന്ത്രണത്തിലുള്ള അതീവ സുരക്ഷിത മിസൈൽ കേന്ദ്രം ഇസ്രയേൽ തന്ത്രപരമായി തകർത്തുവെന്ന് പറയാനും അംഗീകരിക്കാനും ഇറാൻ അധികൃതർ തയാറായില്ല.

 

17 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനു പിന്നില്‍ ചാര സംഘടനയായ മൊസാദിന്റെ പങ്കുണ്ടെന്ന് അന്നു തന്നെ ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രയേല്‍ രഹസ്യമായി തങ്ങളുടെ ശക്തി തെളിയിച്ചുവെന്നാണ് യൂറോപ്പില്‍ നിന്നുളള ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മൊസാദ് ഇറാനിയന്‍ പട്ടാളമായ മുജാഹിദീന്‍ ഇ ഖല്‍ക്കിനെ കൂട്ടുപിടിച്ച് രഹസ്യമായി നടത്തിയ സ്‌ഫോടനമാണിതെന്നും ഇറാനിയന്‍ പട്ടാളത്തെ ഉപയോഗിച്ച്് ഇസ്രയേല്‍ നടത്തുന്ന ചാരപ്രവർത്തനവും തീവ്രവാദ പ്രവര്‍ത്തനവും എല്ലാ അന്വേഷണ ഏജന്‍സികളുടെയിടയിലെ രഹസ്യമായ പരസ്യവുമാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

 

റിച്ചാര്‍ഡ് സില്‍വര്‍സറ്റീന്‍ എന്ന അമേരിക്കക്കാരന്‍ തന്റെ ബ്ലോഗില്‍ ഇക്കാര്യം എഴുതിയിട്ടുണ്ട്. ഇത് യെഡിയൊട്ട് അഹ്‌റനോട്ട് എന്ന ഇസ്രയേല്‍ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടൈം മാഗസിനും മൊസാദിന്റെ പങ്കിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൊസാദിന്റെ ആക്രമണം ഇറാന്റെ അതിവേഗത്തിലുളള ആണവവികസനത്തിന് തടയിടാൻ വേണ്ടിയായിരുന്നെന്നാണ് ടൈം മാഗസിന്‍ റിപ്പോർട്ട് ചെയ്തത്.

 

സ്‌ഫോടന വാര്‍ത്തയറിഞ്ഞ ഇസ്രയേലിന്റെ പ്രതിരോധമന്ത്രി എഹുദ് ബറാക്ക് പറഞ്ഞത് ഇങ്ങനെയാണ്, ഇതു പോലെ ഇനിയും ഉണ്ടാവട്ടെ. പക്ഷേ പ്രധാനമന്ത്രി ബെന്യാമന്‍ നെതന്യാഹു സംഭവത്തില്‍ മൗനം പാലിച്ചു, മാധ്യമങ്ങളോടു പ്രതികരിച്ചില്ല. മൊസാദിന്റെ മുന്‍ ഡെപ്യൂട്ടി തലവന്‍ ഇലാന്‍ മിസ്‌റാഹിയ്ക്കും അപകടമാണോ അട്ടിമറിയാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് പറഞ്ഞത്. എന്തായാലും ഇതിനു പിന്നില്‍ പ്രവര്‍ത്തിവച്ചരെ ദൈവം അനുഗ്രഹിക്കുമെന്നും ഇറാന്റെ ആണവ വികസനം ലോകത്തിന് അപകടമാണന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com