ADVERTISEMENT

വീണ്ടുമൊരു വിമാനാപകടം കൂടി ഉണ്ടായതോടെ മോശം കാരണങ്ങള്‍കൊണ്ട് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ പോര്‍വിമാനങ്ങള്‍. റഷ്യന്‍ നിര്‍മിത മിഗ് വിമാനങ്ങള്‍ ആദ്യമായല്ല അപകടത്തില്‍ പെടുന്നത്. ഇന്ത്യയിലും വിദേശത്തും വെച്ച് പലതവണ അപകടത്തില്‍ പെട്ടിട്ടുള്ള മിഗ് വിമാനങ്ങളെ ചൊല്ലി ഇതേ കാരണം കൊണ്ടു തന്നെ വീണ്ടും വിവാദങ്ങള്‍ പുകയുകയാണ്.

 

വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നും ഗോവയിലെ വ്യോമതാവളത്തിലേക്ക് പറക്കും വഴിയാണ് കടലില്‍ വെച്ച് നാവികസേനയുടെ മിഗ് 29കെ കഴിഞ്ഞ വ്യാഴാഴ്ച്ച അപകടത്തില്‍പെട്ടത്. പൈലറ്റിനെ രക്ഷപ്പെടുത്തിയെങ്കിലും ഫ്‌ളെയിംഗ് ഇന്‍സ്ട്രക്ടര്‍ നിഷാന്ത് സിംഗിനായുള്ള തിരച്ചില്‍ തുടരുകയാണ്. 

 

കഴിഞ്ഞ നവംബര്‍ മുതലുള്ള കാലയളവില്‍ ഇത് മൂന്നാം തവണയാണ് ഇന്ത്യന്‍ മിഗ് വിമാനങ്ങള്‍ അപകടത്തില്‍ പെടുന്നത്. നാവികസേന അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് നാവികസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അപകടത്തിന് മുൻപ് വരെ പോര്‍വിമാനത്തില്‍ നിന്നും മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്ന് വ്യക്തമാക്കി. 

റഷ്യന്‍ വ്യോമയാന കമ്പനിയായ മിഗാണ് മിഗ് 29കെ പോര്‍വിമാനങ്ങള്‍ നിര്‍മിച്ചത്. ഇന്ത്യന്‍ നാവിക സേന 45 മിഗ് വിമാനങ്ങളാണ് റഷ്യയില്‍ നിന്നും വാങ്ങിയിട്ടുള്ളത്. ഇതില്‍ രണ്ട് ഡസന്‍ പോര്‍വിമാനങ്ങളാണ് സജീവമായി പറക്കുന്നത്. ബാക്കിയുള്ളവ യുദ്ധത്തിന്റെ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിരിക്കുകയാണ്. 

 

ഈവര്‍ഷം തുടക്കത്തില്‍ ഫെബ്രുവരി 23ന് മിഗ് 29 കെ വിമാനം ഗോവക്ക് മുകളില്‍ വെച്ച് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അപകടത്തില്‍ പെട്ടിരുന്നു. അന്ന് പൈലറ്റ് ജനവാസമേഖലയില്‍ നിന്നും മാറ്റി പോര്‍വിമാനം ഇടിച്ചിറക്കുകയും പാരച്യൂട്ട് വഴി രക്ഷപ്പെടുകയുമായിരുന്നു. കഴിഞ്ഞ നവംബര്‍ 16ന് ദക്ഷിണ ഗോവയിലെ വെര്‍ന ഗ്രാമത്തിന് മുകളില്‍ വെച്ച് രണ്ട് എൻജിനും പ്രവര്‍ത്തനരഹിതമായി മിഗ് 29കെ വിമാനം തകര്‍ന്നുവീണിരുന്നു. 2018ല്‍ ഐഎന്‍എസ് ഹന്‍സയില്‍ നിന്നും പറന്നുയരവെ റണ്‍വേയില്‍ നിന്നും തെന്നിമാറിയും അപകടം സംഭവിച്ചിരുന്നു. 

 

ഇന്ത്യയില്‍ വെച്ച് മാത്രമല്ല മിഗ് വിമാനങ്ങള്‍ അപകടത്തില്‍ പെട്ടതെന്നതും ശ്രദ്ധേയമാണ്. മെഡിറ്ററേനിയന്‍ കടലില്‍ വെച്ച് മിഗ് 29കെ പോര്‍വിമാനം 2016ല്‍ തകര്‍ന്നുവീണിട്ടുണ്ട്. അഡ്മിറല്‍ കുസ്‌നെറ്റ്‌സോവ് വിമാനവാഹിനിക്കപ്പലിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവേയായിരുന്നു അപകടം. അന്ന് പറന്നുയര്‍ന്നതിന് പിന്നാലെ പോര്‍വിമാനത്തിന്‍ യന്ത്രതകരാര്‍ സംഭവിച്ചെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ തെളിയുകയും ചെയ്തു. 

 

2010ല്‍ ഏതാണ്ട് 2 ബില്യണ്‍ ഡോളര്‍ നല്‍കിയാണ് ഇന്ത്യ മിഗ് 29കെ വിമാനങ്ങള്‍ വാങ്ങിയത്. 2016ല്‍ സിഎജി റിപ്പോര്‍ട്ടില്‍ മിഗ് വിമാനത്തിനെതിരായ പരാമര്‍ശങ്ങളുണ്ട്. മിഗ് വിമാനത്തിന്റെ എയര്‍ഫ്രെയിം, എൻജിന്‍, ഫ്‌ളൈ ബൈ വയര്‍ സംവിധാനം എന്നിവക്ക് പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്. ഇന്ത്യക്ക് ആകെ കൈമാറിയ 65 എൻജിനുകളില്‍ 40 എണ്ണം പിന്നീട് ഡിസൈന്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 

മിഗ് 29കെ പോര്‍വിമാനങ്ങളുമായി ബന്ധപ്പെട്ട് അറ്റകുറ്റിപണികളുടേയും സ്‌പെയര്‍പാര്‍ട്ട്‌സ് ലഭിക്കാത്തതിന്റേയും പ്രശ്‌നങ്ങള്‍ നിലവിലുണ്ടെന്ന് മുന്‍ നാവികസേനാ മേധാവി സുനില്‍ ലാന്‍ഡ തന്നെ 2018ല്‍ പറഞ്ഞിരുന്നു. പ്രശ്‌നങ്ങളുണ്ടെന്ന് നാവികസേന സമ്മതിക്കുമ്പോഴും പരിഹാരം ഇതുവരെ കാണാനായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ആവര്‍ത്തിക്കുന്ന അപകടങ്ങള്‍. അപകടങ്ങളുടെ യഥാര്‍ഥ കാരണത്തെക്കുറിച്ച് അന്വേഷണം പൂര്‍ത്തിയാകാതെ പറയാനാവില്ലെന്നാണ് നാവികസേനാ വൃത്തങ്ങള്‍ ആവര്‍ത്തിക്കുന്നത്.

 

English Summary: MiG-29K Crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com