ADVERTISEMENT

ഇന്തോ–പസിഫിക് മേഖലയില്‍ രണ്ടു വിഭാഗമായി തിരിഞ്ഞ് ലോകത്തെ പ്രധാന നാവിക സേനകളുടെ ശക്തിപ്രകടനങ്ങള്‍ തുടുരുകയാണ്. കഴിഞ്ഞ ആഴചകളിലെല്ലാം ഈ പ്രദേശങ്ങളിൽ നിന്ന് സൈനികാഭ്യാസങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് വിമാന വാഹിനിക്കപ്പലുകളുമായി അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സൈനികാഭ്യാസത്തിന്റെ ഒരു ചിത്രം മാത്രം മതി ചൈനയേയും റഷ്യയേയും അസ്വസ്ഥപ്പെടുത്താന്‍. ഒക്ടോബര്‍ 15 മുതല്‍ 18 വരെ അമേരിക്കക്കൊപ്പം ബ്രിട്ടനും ജപ്പാനും ഓസ്‌ട്രേലിയയും ചേര്‍ന്നായിരുന്നു ഏറ്റവും വലിയ സൈനികാഭ്യാസം നടന്നത്. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നായിരുന്നു സംയുക്ത നാവിക സൈനികാഭ്യാസം. ഇത് അവസാനിച്ചതിനു തൊട്ടടുത്ത ദിവസം റഷ്യയുടേയും ചൈനയുടേയും നാവിക സേനകളും മേഖലയില്‍ നാവികാഭ്യാസം നടത്തി. 

 

യുഎസ്എസ് കാള്‍ വിന്‍സണ്‍ എന്ന വിമാന വാഹിനിക്കപ്പലിനെയാണ് സര്‍വ്വ സന്നാഹങ്ങളുമായി അമേരിക്ക മാരിടൈം പാട്ണര്‍ഷിപ് എക്‌സര്‍സൈസ് എന്ന് പേരിട്ട നാവികാഭ്യാസത്തിലേക്കായി അയച്ചത്. എച്ച്എംഎസ് ക്യൂന്‍ എലിസബത്ത് എന്ന വിമാനവാഹിനിക്കപ്പല്‍ ഉള്‍പ്പെടുന്ന കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പ് 21 ആയിരുന്നു ബ്രിട്ടന്റെ ഭാഗത്തു നിന്നും പങ്കെടുത്തത്. എച്ച്എംഎസ് ഡിഫന്‍ഡര്‍, യുഎസ്എസ് ദ സള്ളിവന്‍സ്, എച്ച്എംഎസ് കെന്റ്, എച്ച്എംഎസ് റിച്ച്‌മോണ്ട് തുടങ്ങിയ റോയല്‍ നേവിയുടെ പടക്കപ്പലുകളും സൈനികാഭ്യാസത്തിനെത്തി.

 

ജെഎസ് കാഗ, ജെഎസ് മുരസമേ എന്നീ ജാപ്പനീസ് പടക്കപ്പലുകളാണ് സൈനികാഭ്യാസത്തില്‍ പങ്കാളികളായത്. എഫ് 35 ബി പോര്‍ വിമാനങ്ങളെ വഹിക്കാന്‍ ശേഷിയുണ്ട് കാഗക്ക്. ഇന്ധനം നിറക്കാനായി എച്ച്എംഎഎസ് സിരിയസ് ടാങ്കറും എച്ച്എംഎഎസ് ബല്ലരാത്തുമാണ് റോയല്‍ ഓസ്‌ട്രേലിയന്‍ നാവികസേനയുടെ ഭാഗത്തു നിന്നും നാവികാഭ്യാസത്തിനെത്തിയത്. 

ഇന്തോ പസിഫിക് മേഖലയില്‍ വര്‍ധിക്കുന്ന ചൈനീസ് സ്വാധീനത്തിന് തടയിടുകയെന്ന ലക്ഷ്യത്തിലായിരുന്നു നാല് രാജ്യങ്ങള്‍ സംയുക്തമായി നാവികാഭ്യാസം സംഘടിപ്പിച്ചത്. യുദ്ധ സാഹചര്യങ്ങളില്‍ പ്രാദേശിക കക്ഷികളായ ജപ്പാന്റേയും ഓസ്‌ട്രേലിയയുടേയും സഹായം അമേരിക്കക്കും ബ്രിട്ടനും ഉറപ്പാണെന്ന സന്ദേശവും ചൈനക്ക് ഈ സംയുക്ത നാവികാഭ്യാസം നല്‍കുന്നുണ്ട്. 

 

അമേരിക്കന്‍ സഖ്യകക്ഷികളുടെ നാവികാഭ്യാസത്തിന് തൊട്ടടുത്ത ദിവസം തന്നെ ചൈനീസ്- റഷ്യന്‍ മറുപടിയെത്തി. റഷ്യന്‍ നാവികസേനയുടേയും ചൈനീസ് ജനകീയ വിമോചന സേനയുടേയും പത്ത് പടക്കപ്പലുകളാണ് സുഗാരു ഉള്‍ക്കടലില്‍ നടത്തിയ നാവികാഭ്യാസത്തില്‍ പങ്കെടുത്തത്. തന്ത്രപ്രധാന മേഖലയാണ് നോർത്ത് പസിഫിക്കിലെ സുഗാരു ഉള്‍ക്കടല്‍ എന്നതും ശ്രദ്ധേയമാണ്. ജപ്പാന്റെ വടക്കന്‍ ദ്വീപായ ഹൊകെയ്‌ഡോയെ പ്രധാന ദ്വീപായ ഹൊന്‍സുവില്‍ നിന്നും വേര്‍തിരിക്കുന്ന കടലിടുക്കാണിത്. ജാപ്പനീസ് വ്യോമ-നാവിക സേനകളാണ് ആദ്യം ഈ സംയുക്ത നാവികാഭ്യാസത്തിന്റെ ചിത്രങ്ങള്‍ എടുത്തതും പുറത്തുവിട്ടതും. 

 

മിസൈല്‍ ക്രൂയിസര്‍ നാന്‍ചാങ് അടക്കം അഞ്ച് ചൈനീസ് പടക്കപ്പലുകളാണ് നാവികാഭ്യാസത്തിന്റെ ഭാഗമായത്. റഷ്യയുടെ പസിഫിക് സേനാവിഭാഗത്തിലെ അഞ്ച് പടക്കപ്പലുകളും അഭ്യാസത്തില്‍ പങ്കെടുത്തു. ലോകത്തെ പ്രധാന ജനാധിപത്യ രാഷ്ട്രങ്ങള്‍ ഒരുഭാഗത്തും ഏകാധിപത്യ രാജ്യങ്ങള്‍ മറ്റൊരു ഭാഗത്തും നിന്നുകൊണ്ട് നടത്തിയ സൈനികാഭ്യാസം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തന്ത്രപ്രധാന പസിഫിക് മേഖലയിലെ സ്വാധീനം എളുപ്പത്തില്‍ വിട്ടുകൊടുക്കാന്‍ ആരും തയാറല്ലെന്ന സന്ദേശം കൂടിയാണ് ഈ വന്‍ശക്തി രാഷ്ട്രങ്ങളുടെ സൈനികാഭ്യാസം നല്‍കുന്നത്.

 

English Summary: America’s Advantage Over China in the Indo-Pacific

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com