ADVERTISEMENT

ഇന്ത്യയുടെ പ്രതിരോധ നീക്കങ്ങളിൽ ഭയന്നിരിക്കുകയാണ് പാക്കിസ്ഥാൻ. ഇന്ത്യ റഫാൽ പോർവിമാനങ്ങൾ വിന്യസിച്ചതിനു മറുപടിയായി 25 ചൈനീസ് ജെ-10സി യുദ്ധവിമാനങ്ങൾ വാങ്ങാൻ പാക്ക് വ്യോമസേന ശ്രമിക്കുന്നതായി കഴിഞ്ഞ മാസം റിപ്പോർട്ടുകൾ വന്നിരുന്നു. മാർച്ച് 23 ന് നടക്കുന്ന പാക്കിസ്ഥാൻ ദിന പരേഡിൽ 25 ജെ-10 വിമാനങ്ങൾ ഫ്ലൈ പാസ്റ്റിന്റെ ഭാഗമാകുമെന്ന് 2021 ഡിസംബറിൽ റാവൽപിണ്ടിയിൽ നടന്ന പൊതു പരിപാടിയിൽ പാക്ക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് തന്നെ പ്രഖ്യാപിച്ചിരുന്നു.

 

അതേസമയം, നിക്കി ഏഷ്യൻ റിവ്യൂവിന്റെ പുതിയ റിപ്പോർട്ടുകൾ പ്രകാരം പാക്ക് വ്യോമസേന പഴയ വിമാനങ്ങൾക്ക് പകരമായി 50 ജെഫ്-17 ബ്ലോക്ക് III തണ്ടർ ജെറ്റുകൾ അടുത്ത മാസം വാങ്ങാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഇന്ത്യയുടെ എസ്-400 സംവിധാനങ്ങളെ മറികടക്കാൻ ലക്ഷ്യമിട്ടുളളതാണ് പാക്കിസ്ഥാന്റെ ഈ നീക്കമെന്നാണ് വിദഗ്ധർ പറയുന്നത്. ചൈനയും പാക്കിസ്ഥാനും സംയുക്തമായാണ് ജെഎഫ്-17 വികസിപ്പിച്ചത്.

 

∙ എന്തുകൊണ്ടാണ് പാക്കിസ്ഥാൻ എ-400-നെ കുറിച്ച് ഇത്രയധികം ആശങ്കപ്പെടുന്നു?

 

കഴിഞ്ഞ വർഷം നവംബറിൽ തന്നെ റഷ്യ ഇന്ത്യയിലേക്ക് എസ്-400 ‘ട്രയംഫ്’ സംവിധാനങ്ങളുടെ ആദ്യ ബാച്ച് ഡെലിവറി ആരംഭിച്ചിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങളെല്ലാം പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള വടക്കൻ സംസ്ഥാനമായ പഞ്ചാബിലാണ് വിന്യസിക്കുന്നത്. എസ്–400 സംവിധാനം ഏപ്രിലോടെ പ്രവർത്തനക്ഷമമാകുമെന്നാണ് കരുതുന്നത്.

 

എസ്-400 സാം ബാറ്ററികൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിന്യസിച്ചേക്കും. ചൈനീസ് അതിർത്തി പ്രദേശങ്ങളിലും വിന്യസിക്കാൻ നീക്കം നടത്തുന്നുണ്ട്. ഇന്ത്യയും ചൈനയും ഇപ്പോൾ ഏകദേശം 22 മാസമായി അതിർത്തി തർക്കത്തിലാണ്. നിരവധി തവണ ചർച്ചകൾ നടത്തിയിട്ടും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇരു രാജ്യങ്ങൾക്കും സാധിച്ചിട്ടില്ല. അതേസമയം, പോര്‍വിമാനങ്ങളെ നേരിടാൻ ഇന്ത്യ എസ്–400 ഉപയോഗിച്ചേക്കുമെന്ന ഭീതി പാക്കിസ്ഥാനുമുണ്ട്. ഇത്തരം അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനും പാക്കിസ്ഥാൻ ചൈനയുടെ സഹായം തേടുന്നുണ്ട്.

 

ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായാണ് എസ്-400 കണക്കാക്കപ്പെടുന്നത്. റോക്കറ്റുകൾ, മിസൈലുകൾ, ക്രൂസ് മിസൈലുകൾ, വിമാനങ്ങൾ തുടങ്ങിയ വിവിധ ആയുധങ്ങളെ പ്രതിരോധിക്കാൻ ഇത് ഫലപ്രദമാണെന്ന് അവകാശപ്പെടുന്നു.

 

English Summary: Pakistan To Add 50 JF-17 Block III Fighter Jets To Its Air Force

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com