ലോകത്തിലെ അതിവേഗ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക്, വാഗ്ദാനവുമായി യുഎസ് കമ്പനി

Mail This Article
ലോകത്തിലെ ഏറ്റവും വേഗമുള്ള പോര്‍വിമാനങ്ങള്‍ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്ത് അമേരിക്കന്‍ കമ്പനിയായ ബോയിങ്. ചൈനയുടെ ജെ 16 പോര്‍വിമാനങ്ങളെ ആകാശയുദ്ധങ്ങളില്‍ നിഷ്പ്രഭമാക്കാന്‍ ശേഷിയുള്ളതാണ് ബോയിങ്ങിന്റെ എഫ് 15 ഇഎക്‌സ് പോര്‍വിമാനങ്ങള്‍. പുത്തന്‍ പോര്‍വിമാനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേന ക്ഷണിച്ച കരാറില്‍ നിന്നും എഫ് 18 സൂപ്പര്‍ ഹോര്‍നെറ്റിനെ മാറ്റിയാണ് ബോയിങ് എഫ് 15EXനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങിയതിനു പിന്നാലെ 2018 ഏപ്രിലില്‍ ഇന്ത്യന്‍ വ്യോമസേന ഒരു ആഗോള ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ഇന്ത്യയ്ക്കുവേണ്ടി 114 പോര്‍വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ യോഗ്യരായ കമ്പനികളില്‍ നിന്നായിരുന്നു ടെണ്ടര്‍ അപേക്ഷകള്‍ വന്നത്. സ്വീഡിഷ് കമ്പനിയായ സാബ് ഗ്രിപെന്‍, റഷ്യയുടെ സുഖോയ് 35, മിഗ് 35, ഫ്രാന്‍സിലെ ദസാള്‍ട്ട് റഫാല്‍, യൂറോപ്യന്‍ കമ്പനിയായ തൈഫൂണ്‍, അമേരിക്കയുടെ ലോക്ഹീഡ് മാര്‍ട്ടിന്‍ എന്നിവരെല്ലാം ഇതില്‍ പങ്കെടുത്തിട്ടുണ്ട്.
എഫ് -15 ഇഎക്‌സ് പോര്‍വിമാനങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് വില്‍ക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ പുത്തന്‍ പോര്‍വിമാനങ്ങള്‍ ഇതാകാനുള്ള സാധ്യത ഏറിയത്. പ്രതിരോധ വിദഗ്ധരുടെ താരതമ്യങ്ങളില്‍ ചൈനീസ് പോര്‍വിമാനങ്ങളെ കവച്ചുവെക്കുന്നതാണ് ഈ ബോയിങ് പോര്‍വിമാനമെന്നതും എഫ് 15ന്റെ സാധ്യത കൂട്ടുന്നു. 2018ല്‍ ക്ഷണിച്ച പ്രതിരോധ കരാര്‍ ആര്‍ക്കാണെന്ന് ഇതുവരെയും ഇന്ത്യന്‍ വ്യോമസേന അന്തിമ തീരുമാനമെടുത്തിട്ടില്ല.
ആകാശയുദ്ധങ്ങളില്‍ തികഞ്ഞ മേല്‍ക്കോയ്മ നല്‍കാന്‍ കഴിവുള്ള അത്യാധുനിക പോര്‍വിമാനമാണ് എഫ് 15 എന്നാണ് മുന്‍ ബോയിങ് ഇന്ത്യന്‍ ഓപറേഷന്‍സ് തലവനായിരുന്ന പ്രത്യുഷ് കുമാര്‍ പറയുന്നത്. അതിവേഗത്തില്‍ വികസിക്കുന്ന പ്രതിരോധ ശക്തിയായ ചൈനയ്ക്ക് പറ്റിയ മറുപടിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈഗിള്‍ II ദീര്‍ഘദൂരമിസൈലുകള്‍, അതിവേഗ റഡാര്‍ പ്രൊസസറുകള്‍, അത്യാധുനിക വിവര കൈമാറ്റ സംവിധാനം, കൂടുതല്‍ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷി എന്നിവയെല്ലാം എഫ് 15നെ ശത്രുക്കളുടെ പേടി സ്വപ്‌നമാക്കി മാറ്റുന്നുണ്ട്.
1972ല്‍ ആദ്യ പറക്കല്‍ നടത്തിയ എഫ് 15 പോര്‍വിമാനങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ആധുനിക വിമാനമാണ് എഫ് 15EX. ഇതില്‍ ഉപയോഗിക്കുന്ന ഈഗിള്‍ II ദീര്‍ഘദൂര മിസൈലിന്റെ വേഗം മണിക്കൂറില്‍ 3,100 കിലോമീറ്ററാണ്. ഏതാണ്ട് 13,600 കിലോഗ്രാം ഭാരം വഹിച്ചുകൊണ്ട് യുദ്ധമുന്നണിയിലേക്ക് പറക്കാന്‍ ഈ പോര്‍വിമാനത്തിനാകും. 2,222 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം പോലും ഭേദിക്കാനും എഫ് 15EXന് സാധിക്കും.
ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങളുടെ പ്രധാന പരിമിതികളിലൊന്ന് ഇന്ധനടാങ്കിന് വലുപ്പം കുറവായതിനാല്‍ ദീര്‍ഘസമയം പറക്കാനാവുന്നില്ലെന്നതാണ്. ഇതടക്കം നിരവധി പരിമിതികളെ ഭൂതകാലത്തിലേക്ക് മാറ്റാന്‍ എഫ് 15 പോര്‍വിമാനങ്ങളുടെ വരവോടെ സാധിക്കും. ലഡാക് പോലുള്ള പര്‍വത മേഖലകളില്‍ പ്രതിസന്ധികളില്ലാതെ പറക്കാന്‍ വേണ്ട എൻജിന്‍ ശേഷി എഫ് 15EXനുണ്ട്.
English Summary: Boeing To Offer World’s Fastest, Heavy-Duty Fighters To India