ADVERTISEMENT

യുക്രെയ്‌ൻ യുദ്ധത്തില്‍ റഷ്യയ്ക്ക് വന്‍ നാശനഷ്ടമാണ് ഉണ്ടാകുന്നതെന്നും തങ്ങളുടെ സൈനികര്‍ക്ക് ആയുധങ്ങളടക്കമുള്ള സന്നാഹങ്ങള്‍ എത്തിക്കാൻ റഷ്യ ബുദ്ധിമുട്ടുകയാണെന്നും യുക്രെയ്ന്‍ ഭരണകൂടം അവകാശപ്പെടുന്നു. ഇക്കാര്യം അമേരിക്കയുടെ പ്രതിരോധ വിഭാഗത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ ശരിവച്ചതായി വാര്‍സോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അമേരിക്കയും സഖ്യകക്ഷികളും ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധമാണ് റഷ്യയ്ക്ക് വിനയായത്.

∙ ടാങ്കുകള്‍ അടക്കം നശിച്ചു

യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24 മുതല്‍ റഷ്യയുടെ ആയിരക്കണക്കിന് സുപ്രധാന ആയുധ സംവിധാനങ്ങളാണ് നശിച്ചിരിക്കുന്നത്. ഇവയില്‍ ടാങ്കുകള്‍, പട്ടാളക്കാര്‍ സഞ്ചരിക്കുന്ന കവചിത വാഹനങ്ങള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ഹെലികോപ്ടറുകള്‍, ഫിക്സഡ് വിങ് (fixed-wing) എയര്‍ക്രാഫ്റ്റ്, കപ്പലുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളും. ഇവയില്‍ പലതും നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ പിടിച്ചെടുക്കപ്പെടുകയോ ചെയ്തു എന്നാണ് ഒറിക്‌സസ്പിയൊയെന്‍കോപ് (Oryxspioenkop) എന്നറിയപ്പെടുന്ന സ്വതന്ത്ര അന്വേഷകര്‍ പറയുന്നത്.

∙ പുതിയ സ്റ്റോക്ക് വേണം

ചില നിർണായക ആയുധങ്ങളുടെ ശേഖരം കുറഞ്ഞതിനാൽ അവ നിർമിക്കാനും യുദ്ധമുന്നണിയില്‍ എത്തിക്കാനും റഷ്യ പ്രതിസന്ധി നേരിടുന്നതായി പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. ഇത്തരം ചില ഉപകരണങ്ങളുടെ ഘടകഭാഗങ്ങൾക്കും ദൗർലഭ്യമുണ്ട്. ഇത് പുട്ടിനെ വിഷമവൃത്തത്തിലാക്കുന്നു എന്നും അദ്ദേഹം പറയുന്നു.

fsb-putin

∙ റഷ്യന്‍ മാധ്യമങ്ങളും സമ്മതിക്കുന്നു

പ്രശ്‌നം നേരിടുന്ന എ100 പ്രീമിയര്‍ ഉപകരണത്തെക്കുറിച്ച് റഷ്യന്‍ മാധ്യമങ്ങളും പറഞ്ഞു കഴിഞ്ഞു. ഇത് അടുത്ത തലമുറയിലെ എയര്‍ബോണ്‍ ഏളി വാണിങ് ആന്‍ഡ് കൺട്രോള്‍ (AEW&C) വിമാനമാണ്. ഇതുണ്ടാക്കിയെടുക്കാനുള്ള മൈക്രോചിപ്പുകളും മറ്റും ലഭിക്കാതെ വിഷമിക്കുകയാണ് റഷ്യ. ഏതെല്ലാം ആയുധങ്ങളുടെ നിര്‍മാണത്തിലാണ് റഷ്യ പ്രതിസന്ധിയിലായിരിക്കുന്നത് എന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ തയാറായില്ല. സ്ഥിതിഗതികള്‍ വളരെ മോശമാണോ എന്നും അദ്ദഹം വ്യക്തമാക്കിയില്ല. എന്തായാലും റഷ്യയുടെ വീക്ഷണകോണില്‍നിന്നു നോക്കിയാല്‍, നേരത്തേ നിലനിന്നിരുന്ന പല പ്രശ്‌നങ്ങളും വഷളായിരിക്കുകയാണ് എന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. കാലിബര്‍ ക്രൂസ് മിസൈലുകളും മറ്റും ഇതിൽപെടുന്നു. എന്തായാലും സ്ഥിതിഗതികള്‍ സാധാരണഗതിയിലാക്കാന്‍ തങ്ങളാലാവും വിധം റഷ്യ ശ്രമിക്കുകയാണ്. എന്നാല്‍, എത്ര വേഗം അവര്‍ക്ക് അതു പരിഹരിക്കാനാവുമെന്ന് വ്യക്തമല്ല. പരമാവധി ഘടകഭാഗങ്ങള്‍ പ്രാദേശികമായി നിര്‍മിച്ചെടുക്കുക എന്നതായിരിക്കും റഷ്യയ്ക്കു മുന്നിലുള്ള ഒരു പോംവഴി.

∙ മിസൈലുകളും തീര്‍ന്നു തുടങ്ങി

റഷ്യ യുദ്ധോപകരണങ്ങളുടെ നിര്‍മാണത്തിന്റെ കാര്യത്തില്‍ വന്‍ പ്രതിസന്ധി നേരിടുകയാണെന്നാണ് യുക്രെയ്ന്‍ ബ്രിഗേഡിയര്‍ ജനറല്‍ കിറിലോ ബുഡാനോവ് ( Kyrylo Budanov) പറഞ്ഞത്. യുക്രെയന്‍ ഡിഫന്‍സ് ഏജന്‍സിയുടെ മേധാവിയായ കിറിലോ ഔദ്യോഗിക ടെലഗ്രാം ചാനലിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. റഷ്യയുടെ വ്യോമ പ്രതിരോധ സിസ്റ്റങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന മേഖലകള്‍ സ്തംഭിച്ചെന്നും പല കമ്പനികളും പൂട്ടുകയും ജോലിക്കാരെ പിരിച്ചുവിടുകയും ചെയ്തുവെന്നും ബ്രിഗേഡിയര്‍ പറഞ്ഞു. അതേസമയം, റഷ്യയുടെ കയ്യിലുള്ള മിസൈലുകളുടെ എണ്ണവും കുറഞ്ഞു തുടങ്ങി. ഇവ വീണ്ടും നിര്‍മിക്കാൻ 24 മണിക്കൂറും പണിയെടുക്കുകയാണ് ആയുധനിർമാണ സ്ഥാപനങ്ങള്‍ എന്നും പറയപ്പെടുന്നു.

∙ നിർത്തിയത് 20ലേറെ സ്ഥാപനങ്ങള്‍

ഘടകഭാഗങ്ങളുടെ ദൗര്‍ലഭ്യത്തെത്തുടര്‍ന്ന്, സൈന്യത്തിനായി ആയുധങ്ങള്‍ നിർമിച്ചിരുന്ന ഇരുപതിലേറെ നിര്‍മാണശാലകള്‍ പൂര്‍ണമായോ ഭാഗികമായോ പൂട്ടിപ്പോയെന്നും വാര്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളെ തുടര്‍ന്ന് പല ഘടകഭാഗങ്ങളും ലഭിക്കണമെങ്കില്‍ പലമടങ്ങ് അധിക വില നകണം എന്നതാണ് കാരണം. റഷ്യയ്ക്കായി ടാങ്കുകള്‍ നിര്‍മിക്കുന്ന ഉറാല്‍വാഗണ്‍സവോഡ് (UralVagonZavod) പ്രശ്‌നം നേരിടുന്ന കമ്പനികളില്‍ പെടുന്നു. എയര്‍ക്രാഫ്റ്റ് മിസൈലുകളും ഈ കമ്പനി നിര്‍മിക്കുന്നുണ്ട്. ഘടകഭാഗങ്ങളുടെ വില വര്‍ധനയാണ് ഉറാല്‍വാഗണ്‍സവോഡിന് വിനയാതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് വാര്‍ എന്ന സ്ഥാപനം പറയുന്നു.

∙ വാര്‍ത്തകള്‍ ശരിയാണോ എന്നു സംശയം

അതേസമയം, ഈ വാര്‍ത്തകളിലൊക്കെ എന്തെങ്കിലും കഴമ്പുണ്ടോ എന്ന കാര്യത്തില്‍ തനിക്കു സംശയമുണ്ട് എന്നാണ് ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസിന്റെ ഗവേഷണ വിഭാഗത്തിലുള്ള ജോണ്‍ ഹാര്‍ഡി പറയുന്നത്. പ്രത്യേകിച്ചു ഹ്രസ്വകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ അമേരിക്കയുടെയും മറ്റും ഉപരോധത്തിന് റഷ്യയ്ക്ക് ഗൗരവത്തിലെടുക്കേണ്ട സാഹചര്യമൊന്നും കാണുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഉപരോധം മൂലം റഷ്യയുടെ ആയുധ നിര്‍മാണ മേഖലയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ, ഇതിനൊക്കെ റഷ്യയുടെ സൈനിക ശക്തിയില്‍ എന്തെങ്കിലും ആഘാതമുണ്ടാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഉറാല്‍വാഗണ്‍സവോഡ് പ്രവര്‍ത്തനം നിർത്തിവച്ചതായി യുക്രെയ്‌ന്റെ ജനറല്‍ സ്റ്റാഫാണ് അറിയിച്ചിരിക്കുന്നത്. അതേക്കുറിച്ച് തനിക്കറിയില്ലെന്നും ഉറാല്‍വാഗണ്‍സവോഡ് നിർമാണം നിർത്തിയെങ്കില്‍ അത് സൈനിക ഉപകരണങ്ങള്‍ നിർമിക്കുന്ന പണിയാണോ അതോ, സൈനികേതര പണകളാണോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനികേതര ജോലികളും ഏറ്റെടുത്തു ചെയ്യുന്ന കമ്പനിയാണ് ഉറാല്‍വാഗണ്‍സവോഡ്. ടാങ്കുകള്‍ ഉണ്ടാക്കിയെടുക്കുക എന്നു പറയുന്നത് സമയമെടുത്തു ചെയ്യേണ്ട ജോലിയാണ് എന്നും അദ്ദേഹം പറയുന്നു.

vladimir-putin

∙ ഉപരോധം ഫലംകാണും

ഹ്രസ്വകാ ഉപരോധത്തിന് എന്തു ഫലം ഉണ്ടായിരുന്നുവെന്ന് പിന്നീട് വിലയിരുത്താമെന്നും യുദ്ധം നീണ്ടാല്‍ സാമ്പത്തിക ഉപരോധം ഫലംകാണുമെന്നും വിശ്വസിക്കുന്നവരും ഉണ്ട്. യുദ്ധ രംഗത്ത് ഉപരോധത്തിന്റെ ആഘാതം എത്രമാത്രം ഇപ്പോള്‍ ഉണ്ടെന്നത് ഇപ്പോള്‍ പറയാനാവില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. കൂടുതല്‍ ശക്തമായ ഉപരോധങ്ങള്‍ വരാനിരിക്കെ റഷ്യയ്ക്ക് തങ്ങളുട രാജ്യത്തു തന്നെ ഉണ്ടാക്കിയെടുക്കുന്ന ആയുധങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടതായി വരും.

English Summary: Sanctions Are Strangling Russia's Weapons Supply Chain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com