ADVERTISEMENT

തയ്‌വാന്‍ വീണ്ടും അമേരിക്കയുടേയും ചൈനയുടേയും സൈനിക ബല പരീക്ഷണ വേദിയാവുന്നു. തയ്‌വാന്‍ ഉള്‍ക്കടലിലേക്ക് അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ പട നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിക്കൊണ്ടുള്ള യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് മേഖലയെ വീണ്ടും സംഘര്‍ഷഭരിതമാക്കുന്നത്. 

അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് റൊണാള്‍ഡ് റീഗണും പടക്കപ്പല്‍പടയും സിംഗപൂരില്‍ നിന്നും തയ്‌വാന്‍ ഉള്‍ക്കടലിലേക്ക് തിരിച്ചുവെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഈ അമേരിക്കന്‍ പടയില്‍ ഗൈയ്ഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളും ഗൈയ്ഡഡ് മിസൈല്‍ ക്രൂയിസറുകളും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. 

നാന്‍സി പെലോസി തയ്‌വാനിലേക്കെത്തുകയാണെങ്കില്‍ 1997നു ശേഷം സന്ദര്‍ശനം നടത്തുന്ന അമേരിക്കയുടെ ഏറ്റവും ഉയര്‍ന്ന പദവിയുള്ള വ്യക്തിയാവും. അമേരിക്കയില്‍ പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ എന്തെങ്കിലും സംഭവിച്ചാല്‍ അടുത്ത പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ ചുമതലപ്പെട്ടയാളാണ് ജനപ്രതിനിധി സഭ സ്പീക്കര്‍. തയ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്ന നിലപാട് ആവര്‍ത്തിക്കുന്ന ചൈനയുടെ വാദങ്ങള്‍ അമേരിക്ക അംഗീകരിക്കുന്നില്ലെന്ന സൂചനയും ഈയൊരു സന്ദര്‍ശനം നല്‍കുന്നുണ്ട്. ഇതാണ് ചൈനയെ പ്രകോപിതരാക്കുന്നതും. 

അതേസമയം, നാന്‍സി പെലോസി സന്ദര്‍ശന നടപടികളുമായി മുന്നോട്ടു പോയാല്‍ കടുത്ത നടപടിയുണ്ടാവുമെന്ന് ചൈനയുടെ പ്രതിരോധ വക്താവ് മുന്നറിയിപ്പ് നൽകി. ഇതോടെയാണ് ഇന്തോ പസിഫിക് മേഖലയിലെ സൈനിക ശേഷി കൂടുതായി തയ്‌വാന്‍ കേന്ദ്രീകരിക്കാന്‍ അമേരിക്ക നിര്‍ബന്ധിതരായിരിക്കുന്നത്. മേഖലയിലെ സൈനിക സാന്നിധ്യം ചൈനീസ് ജനകീയ വിമോചന സേനയും വര്‍ധിപ്പിക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് തെളിവു ലഭിച്ചിരുന്നു. 

തയ്‌വാനിലേക്ക് ഏഴുമിനിറ്റുകൊണ്ട് പറന്നെത്താവുന്ന ലോങ്ടിയന്‍ വ്യോമതാവളത്തിലെ പോര്‍വിമാനങ്ങളുടെ എണ്ണം ചൈന വലിയ തോതില്‍ വര്‍ധിപ്പിച്ചിരുന്നു. ജെ11, ജെ16 പോര്‍വിമാനങ്ങളും ജെ6 സ്‌പെഷല്‍ ഡ്രോണുകളുമാണ് ഈ വ്യോമതാവളത്തില്‍ വിപുലമായി ഒരുക്കിയിട്ടുള്ളത്. തയ്‌വാനുമായി സംഘര്‍ഷമുണ്ടായാല്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ക്കാനായി ആയിരക്കണക്കിന് ജെ6 ഡ്രോണുകളെ ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സ്‌ഫോടകവസ്തുക്കളുമായി സഞ്ചരിക്കുന്ന ഡ്രോണുകള്‍ മിസൈലുകളുടെ ഫലം ചെയ്യുകയും ചെയ്യും. 

 

കഴിഞ്ഞ ഏപ്രിലിലാണ് നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, കോവിഡ് പോസിറ്റീവായതോടെ അന്നത്തെ സന്ദര്‍ശനം നടക്കാതെ പോവുകയായിരുന്നു. ഇതുവരെ ഔദ്യോഗികമായി എപ്പോഴാണ് തയ്‌വാന്‍ സന്ദര്‍ശിക്കുകയെന്ന് നാന്‍സി പെലോസി പറഞ്ഞിട്ടില്ല. എന്നാല്‍ തയ്‌വാന് നല്‍കുന്ന പിന്തുണ വളരെ പ്രധാനമാണെന്ന് അവര്‍ അറിയിക്കുകയും ചെയ്തിരുന്നു.

 

English Summary: US aircraft carrier group heads towards Taiwan as tension over Nancy Pelosi’s possible visit continues to grow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com