ADVERTISEMENT

‘‘ഇന്ത്യൻ നാവികസേന അതിന്റെ കൊളോണിയൽ ചരിത്രത്തിന്റെയും അടിമത്തത്തിന്റെയും ചിഹ്നങ്ങൾ വലിച്ചെറിയുകയാണ്. ഇന്നു മുതൽ ഛത്രപതി ശിവാജിയിൽനിന്ന് പ്രചോ‌ദനം ഉൾക്കൊണ്ട പുതിയ പതാക കടലിലും ആകാശത്തും പാറിപ്പറക്കും...’’– പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ രണ്ടിനു കൊച്ചിയിൽ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിച്ച വേളയിൽ പ്രസംഗിച്ചതാണിത്. കൊളോണിയൽ ശക്തികൾ 1950ൽ രാജ്യം വിട്ടുപോയിട്ടും നമ്മുടെ കൂടെക്കൂടിയതാണു പഴയ നാവികസേനാപതാക. അതിലെ സെന്റ് ജോർജ് ക്രോസ് എന്നറിയ‌പ്പെടുന്ന ചുവന്ന ക്രോസാണു ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ ഓർമിപ്പിച്ചുകൊണ്ടിരുന്നത്. അതിന്റെ ഇടത്തേ മൂലയ്ക്ക് ഇന്ത്യൻ പതാക ആലേഖനം ചെയ്തിരുന്നെങ്കിലും സെന്റ് ജോർജ് ക്രോസ് തന്നെയായിരുന്നു എടുത്തു കണ്ടിരുന്നത്. 1947ൽ, യൂണിയൻ ജാക്ക് എന്നറിയപ്പെടുന്ന ബ്രിട്ടിഷ് പതാക പറിച്ചു കള‌ഞ്ഞ് ഇന്ത്യൻ മൂവർണക്കൊടി രാജ്യമെമ്പാടും പാറിപ്പറന്നെങ്കിലും കടൽസേനയ്ക്കു മാത്രം പൂർണമായും പതാക മാറ്റമുണ്ടായില്ല. ഇന്നു പതാക മാറ്റത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവരൊന്നും ഇക്കാലയളവിൽ പതാക മാറ്റണമെന്ന് ആവശ്യപ്പെട്ടും കണ്ടില്ല. പിന്നീട് എങ്ങനെയാണ് നാവികസേനാപതാക പുതിയ രൂപത്തിലേക്കു മാറിയത്? പതാകയിൽ ഇതുവരെയുണ്ടായിട്ടുള്ള മാറ്റങ്ങളുടെ ചരിത്രം എങ്ങനെയാണ്? എന്തുകൊണ്ടാണ് ഛത്രപതി ശിവാജി ഇന്ത്യൻ നാവിക ചരിത്രത്തിലെ മറക്കാനാകാത്ത പേരായത്? നാവികസേനയുടെ പതാകയിലെ മാറ്റങ്ങളിലൂടെ ഒരു യാത്ര...

1947–50 കാലത്തെ ഇന്ത്യൻ നാവികസേന പതാക.
1947–50 കാലത്തെ ഇന്ത്യൻ നാവികസേന പതാക.
1950–2001 കാലത്തെ ഇന്ത്യൻ നാവികസേന പതാക.
1950–2001 കാലത്തെ ഇന്ത്യൻ നാവികസേന പതാക.

∙ ‘ചുവന്ന ക്രോസ്’ മാറ്റിയത് വാജ്പേയി

‌കോമൺവെൽത്ത് രാജ്യങ്ങൾ ചുവന്ന ക്രോസോടുകൂടിയ നാവിക പതാകയാണ് ഉപയോഗിച്ചിരുന്നത്. അടൽ ബിഹാരി വാജ്പേയി സർക്കാർ ഭരിച്ചിരുന്ന 2001ലാണ് നാവിക പതാകയിൽ മാറ്റം വരുത്തുന്നത്. ചുവന്ന ക്രോസ് എടുത്തു കളഞ്ഞു. എന്നാൽ പതാകയ്ക്കു വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്നു പരാതി ഉയർന്നു. ആകാശനിറത്തോട് ചേർന്നു പോകുന്നതിനാൽ റെഡ് ക്രോസ് തിരികെ കൊണ്ടു വരണമെന്നും ചർച്ച നടന്നു. അതേ സർക്കാരിന്റെ കാലത്തുതന്നെ 

2001–04 കാലത്തെ ഇന്ത്യൻ നാവികസേന പതാക.
2001–04 കാലത്തെ ഇന്ത്യൻ നാവികസേന പതാക.

2004 ൽ പഴയ പതാക റെഡ്ക്രോസ് ഉൾപ്പെടെ തിരികെ കൊണ്ടു വന്നു. ചുവന്ന ക്രോസിന്റെ മധ്യത്തിൽ അശോകസ്തംഭം കൂടി ആലേഖനം ചെയ്ത രീതിയിലേക്കാണു പതാക മാറിയത്. 

2004–14 കാലത്തെ ഇന്ത്യൻ നാവികസേന പതാക.
2004–14 കാലത്തെ ഇന്ത്യൻ നാവികസേന പതാക.

 

2014–22 കാലത്തെ ഇന്ത്യൻ നാവികസേന പതാക.
2014–22 കാലത്തെ ഇന്ത്യൻ നാവികസേന പതാക.

2014 ൽ വീണ്ടും ചെറിയ മാറ്റംവരുത്തി. അശോക സ്തംഭത്തിനൊപ്പം ദേവനാഗരി ലിപിയിൽ ‘സത്യമേവ ജയതേ’ എന്നു കൂടി ചേർത്തു. അപ്പോഴും റെഡ് ക്രോസ് നിലനിർത്തി.

 

2022ൽ അനാവരണം ചെയ്യപ്പെട്,ട നാവികസേനയുടെ പുതിയ പതാക.
2022ൽ അനാവരണം ചെയ്യപ്പെട്ട നാവികസേനയുടെ പുതിയ പതാക.

∙ നേവി ചരിത്രം

 

ഇന്ത്യയിൽ ഭരണത്തിലിരുന്ന ബ്രിട്ടിഷുകാരാണ് ഇന്ത്യയുടെ നാവികസേനയെ ആദ്യമായി പുനഃസംഘടിപ്പിക്കുന്നത്. 1858ൽ ‘ഹെർ മെജസ്റ്റി ഇന്ത്യൻ നേവി’ എന്നു നാമകരണം ചെയ്തു. 1863ൽ ബോംബെ, കൊൽക്കത്ത എന്നീ ശാഖകളായി തിരിച്ചു. 1892ൽ റോയൽ ഇന്ത്യൻ മറൈൻ രൂപീകരിച്ചു. കടൽ സർവേകൾ, ലൈറ്റ് ഹൗസുകളുടെ മേൽനോട്ടം എന്നിവയായിരുന്നു പ്രധാന ചുമതല. എന്നാൽ 1918ൽ ഒന്നാം ലോക യുദ്ധത്തിനു ശേഷം റോയൽ ഇന്ത്യൻ മറൈനിന്റെ വലുപ്പം കുറച്ചു. പിന്നീട് 1934 ൽ ആണ് റോയൽ ഇന്ത്യൻ നേവി എന്ന പേരിൽ ഇന്ത്യയ്ക്കു കൃത്യമായ നാവികസേനയുണ്ടായത്. സ്വാതന്ത്ര്യത്തിനു ശേഷം വീണ്ടും നേവി രണ്ടായി പിരിഞ്ഞു; റോയൽ ഇന്ത്യൻ നേവി, റോയൽ പാക്കിസ്ഥാൻ നേവി എന്നിങ്ങനെ. 1950 ൽ ഇന്ത്യ റിപ്പബ്ലിക് ആയപ്പോഴാണ് ബ്രിട്ടിഷുകാർ നൽകിയ റോയൽ എന്ന വാക്ക് എടുത്തു കളഞ്ഞ് ‘ഇന്ത്യൻ നേവി’ എന്നു നാമകരണം ചെയ്തത്. 

മുംബൈയിൽ നാവികസേനാ ദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ഇന്ത്യൻ പതാക. 2021 ഡിസംബർ നാലിലെ ചിത്രം: SUJIT JAISWAL / AF
മുംബൈയിൽ നാവികസേനാ ദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ഇന്ത്യൻ പതാക. 2021 ഡിസംബർ നാലിലെ ചിത്രം: SUJIT JAISWAL / AF

 

1970കളിലാണ് ഇന്ത്യൻ നേവി പതാകയിലെ സെന്റ് ജോർജ് ക്രോസ് മാറ്റണം എന്ന ആശയം ഉയർന്നത്. വൈസ് അഡ്മിറൽ വിവിയൻ ബർബോസയാണ് ഇതു മുന്നോട്ടു വച്ചത്. എന്നാൽ 2001ലാണ് ആദ്യമായി നടപ്പാക്കാൻ സേന തയാറായത്. ഇന്ത്യൻ നേവിയിൽ നിന്ന് വെസ്റ്റേൺ നേവൽ കമാൻ‍ഡ് ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫായാണ് വിവിയർ ബർബോസ വിരമിച്ചത്. ഛത്രപതി ശിവജിയുടെ രാജമുദ്ര ഉൾപ്പെടുത്തിയതാണു പുതിയ പതാക. നേവിക്കു മുന്നിലെത്തിയ 10 ഡിസൈനിൽനിന്നാണു നിലവിലുള്ള പതാക തിരഞ്ഞെടുത്തത്. താഴെ വലതുഭാഗത്ത് നീല അഷ്ടഭുജത്തിൽ ദേവനാഗിരി ലിപിയിൽ സത്യമേവ ജയതേ എന്ന് ഉൾപ്പെടുത്തി. അശോക സ്തംഭവും നാവികസേനയയുടെ മുദ്രാവാചകമായ ‘സാം നോ വരുണ’ എന്നതും ആലേഖനം ചെയ്തു.‌

 

∙ ഛത്രപതി ശിവാജിയുടെ കടൽസൈന്യം

മഹാരാഷ്ട്രയിലെ ഛത്രപതി ശിവാജിയുടെ പ്രതിമകളിലൊന്ന്.
മഹാരാഷ്ട്രയിലെ ഛത്രപതി ശിവാജിയുടെ പ്രതിമകളിലൊന്ന്.

 

ഭാരത ചരിത്രത്തിലെ വീരനായകനായാണു ശിവാജി അറിയപ്പെടുന്നത്. മറാഠാ സാമ്രാജ്യം കെട്ടിപ്പടുത്തതു ശിവാജിയാണ്. ശിവാജിയുടെ കടൽ സൈന്യം ലോക പ്രശസ്തവുമാണ്. കരസേനമാത്രം പ്രധാന പോരാട്ട മാർഗമായിരുന്ന കാലത്താണ് ശിവാജിയുടെ സൈന്യം കടലിൽ കരുത്തു തെളിയിക്കുന്നത്. 1650ലാണ് ശിവാജിയുടെ നാവിക പോരാട്ടം ആരംഭിക്കുന്നത്. ഇന്ത്യയിലേക്കു പോർച്ചുഗീസുകാരും ബ്രിട്ടിഷുകാരും കൂടുതലായി അധിനിവേശം നടത്തിയിരുന്നത് കടലിലൂടെയായിരുന്നു. നമ്മുടെ നാട്ടുരാജാക്കൻമാർ പരാജയപ്പെട്ടതും കടലിലാണ്. അവിടെയാണു ശിവാജി കടൽ സേനയ്ക്ക് പ്രാധാന്യം നൽകിയത്.  കോട്ടകൾ പണിതതു കൂടാതെ 50 യുദ്ധക്കപ്പലുകളും 10000 നാവികരുമുള്ള വൻ സൈന്യത്തെ ശാവാജി പടുത്തുയർത്തി.

 

1657 ഒക്ടോബർ 24നാണ് കല്യാൻ– ഭിവണ്ഡി മേഖല ശിവാജി പിടിച്ചടക്കുന്നത്. അതോടെ നാവിക സേന കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനമായി. പാശ്ചാത്യ രാജ്യങ്ങളിൽനിന്നാണ് ശിവാജി അതിനുള്ള സാങ്കേതിക വിദ്യ കരസ്ഥമാക്കിയത്. എന്നാൽ അവർ പൂർണമായും സാങ്കേതികത കൈമാറില്ലെന്ന് ഉറപ്പുള്ള ശിവാജി തന്റെ സൈനികരെ രഹസ്യമായി മറ്റു സൈന്യങ്ങളിലെത്തിച്ച് അവിടെനിന്ന് സാങ്കേതിക വിദ്യ ചോർത്തി എന്നും പറയപ്പെടുന്നു. ആരുടെയും സഹായമില്ലാതെ സ്വന്തമായി പടക്കപ്പലുകൾ നിർമിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. 

 

1664 ആവുമ്പോഴേക്ക് ശിവാജി കടലിൽ തന്റെ സാന്നിധ്യം ഊട്ടി ഉറപ്പിച്ചു. കൊങ്കൺ തീരത്ത് വിജയദുർഗ്, സിന്ധുദുർഗ് എന്നീ കോട്ടകൾ പണി തീർത്തു. കൂടാതെ പ്രാദേശികരുടെ സഹായത്തോടെ കടൽ പരിസരങ്ങളിൽനിന്നു വിവരങ്ങൾ ചോർത്തിയെടുക്കാൻ ഇന്റലിജൻസ് വിങ്ങും തയാറാക്കി. ഇതോടുകൂടി പോർച്ചുഗീസുകാരോട് ധൈര്യസമേതം കടലിൽ ഏറ്റുമുട്ടാൻ മറാത്ത സൈന്യത്തിനായി. ശക്തി തിരിച്ചറിഞ്ഞ അവർ കുറെക്കാലത്തേക്ക് ഏറ്റുമുട്ടൽ ഒഴിവാക്കി മുന്നോട്ടു പോകുകയായിരുന്നു. 40 വർഷം നീണ്ട ഈ മേൽക്കൈ തുടരുമ്പോൾ 500 കപ്പലുകളുമായി വൻ ശക്തിയായി നേവി മാറി.

 

∙ ‘സംഗമേശ്വരി’യുടെ ശക്തി

 

കപ്പലിന്റെ വലുപ്പക്കുറവ് ഒരു പോരായ്മയായി ശിവാജി കണ്ടിരുന്നില്ല. അദ്ദേഹത്തിന്റെ സൈന്യം വികസിപ്പിച്ച ചെറിയ ഇനം കപ്പലായിരുന്നു സംഗമേശ്വരി. ബ്രിട്ടിഷ് കപ്പലുകളെ അപേക്ഷിച്ചു വളരെ ചെറുത്. ചെറിയ കപ്പലുകൾ അണി നിരത്തി കടലിൽ നേരിടാൻ വന്നതു കണ്ടതോടെ ബ്രിട്ടിഷുകാർക്ക് ആത്മവിശ്വാസം ഇരട്ടിച്ചു. ബ്രിട്ടിഷ് നാവിക മേധാവി ഇംഗ്ലണ്ടിലേക്ക് എഴുതി. ‘ശിവാജിയുടെ കപ്പലുകൾ വളരെ ചെറുതാണ്. നമ്മുടെ പകുതി ശക്തികൊണ്ട് അവയെ തകർക്കാം’ എന്നാൽ ചരിത്രം മറ്റൊന്നായിരുന്നു. 1679 ലെ പരാജയത്തെത്തുടർന്ന് ബ്രിട്ടിഷ് ഗവർണർ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് തിരുത്തി എഴുതി ‘അയാൾക്ക് നമുക്ക് പോകാൻ കഴിയാത്ത ഇടങ്ങളിലും പോകാം’. വലിയ കപ്പൽ ആഴക്കടലിൽ മാത്രം നിൽക്കുമ്പോൾ ഏതു വഴിയിലും ശിവാജിയുടെ കപ്പൽ പാഞ്ഞു. ചുറ്റുംനിന്നുമുള്ള ആക്രമണത്തിൽ ബ്രിട്ടിഷുകാർക്കു പരാജയം സമ്മതിക്കേണ്ടിയും വന്നു. 

 

1665ൽ കർണാടകയിലെ ബസ്‌റൂറിലെ ശിവപ്പ നായ്ക്ക് എന്ന നാട്ടുരാജാവ് മരിച്ചു. തുടർന്ന് പോർച്ചുഗീസുകാർ അവിടം ആക്രമിച്ചു. രാജ്ഞി ശിവാജിയുടെ സഹായം തേടി. 85 കപ്പലുകളും 3000 സൈന്യവുമായി ശിവാജി എത്തി പോർച്ചുഗീസുകാരെ തുരത്തി. ദൗർബല്യങ്ങളെ ശക്തിയാക്കി മാറ്റിയ പോരാട്ട വീര്യമാണു ശിവാജിയെ മികച്ച ഭരണാധിപനാക്കിയത്. സൈനിക വിന്യാസത്തിൽ ശിവാജി പ്രകടിപ്പിച്ച കൗശലം അദ്ദേഹത്തെ ഇന്ത്യൻ സൈനിക ചരിത്രത്തിലെ വീരനായകനുമാക്കി. ഛത്രപതി ശിവാജിയുടെ ആ പോരാട്ട ഗാംഭീര്യമാണ് ഇപ്പോൾ നാവികസേനാ പതാകയിലൂടെയും പാറിപ്പറക്കുന്നത്.

 

English Summary: Chhatrapati Shivaji-inspired Indian Navy's New Flag Explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com