ADVERTISEMENT

കീവില്‍ സാധാരണക്കാര്‍ക്കു നേരെ വിനാശകാരികളായ ഡ്രോണുകള്‍ റഷ്യ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി യുക്രെയ്ന്‍. സ്വയം മിസൈലുകളായി മാറുന്ന സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണുകള്‍ റഷ്യ ഉപയോഗിക്കുന്നുവെന്നാണ് യുക്രെയ്ന്‍ പറയുന്നത്. യുക്രെയ്‌നും ഇത്തരം ഡ്രോണുകള്‍ റഷ്യക്കെതിരെ പ്രയോഗിക്കുന്നുവെന്ന മറു ആരോപണവും ഉയരുന്നുണ്ട്.

 

ഇറാന്‍ നിര്‍മിത ഷാഹെദ് 136 ഡ്രോണുകള്‍ യുക്രെയ്‌നില്‍ സെപ്റ്റംബര്‍ പകുതി മുതല്‍ തന്നെ റഷ്യ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണമുണ്ട്. ജെറാനിയം 2 എന്ന് റഷ്യന്‍ സേന വിളിക്കുന്ന ഈ ഡ്രോണുകളില്‍ സ്‌ഫോടകവസ്തുക്കള്‍ വയ്ക്കാനാകും. ലക്ഷ്യത്തിനു ചുറ്റും വട്ടമിട്ടു പറക്കാനും ശരിയായ സമയത്ത് ആക്രമണം നടത്താനും ഈ ഡ്രോണുകള്‍ക്ക് ശേഷിയുണ്ട്.

 

∙ ജെറാനിയം അഥവാ ഷാഹെദ്

 

2500 കിലോമീറ്റര്‍ വരെ നിര്‍ത്താതെ പറക്കാന്‍ ഇവക്ക് കഴിയും. പരമാവധി വേഗം മണിക്കൂറില്‍ 185 കിലോമീറ്ററാണ്. 50 കിലോഗ്രാം വരെ സ്‌ഫോടക വസ്തുക്കള്‍ വഹിക്കാനുള്ള ശേഷിയും ഇവക്കുണ്ട്. 8.2 അടി നീളമുള്ള ഷാഹെദ് 136 ഡ്രോണുകളെ റഡാറുകളില്‍ കണ്ടെത്തുക എളുപ്പമല്ല. എത്ര ഷാഹെദ് 136 ഡ്രോണുകള്‍ റഷ്യയിലുണ്ടെന്ന് വ്യക്തമല്ല. അതേസമയം നൂറുകണക്കിന് ഡ്രോണുകള്‍ ഇറാന്‍ റഷ്യക്ക് നല്‍കിയെന്നാണ് അമേരിക്കന്‍ ആരോപണം. എന്നാല്‍ ഈ ആരോപണം ഇറാന്‍ തള്ളിക്കളഞ്ഞിട്ടുമുണ്ട്. 

 

∙ റഷ്യയെ ഇറാൻ സഹായിക്കുന്നു?

 

സെപ്റ്റംബര്‍ 13നാണ് ആദ്യം ഷാഹെദ് ഡ്രോണുകള്‍ റഷ്യ ഉപയോഗിക്കുന്നുവെന്ന ആരോപണം യുക്രെയ്ന്‍ ഉന്നയിച്ചത്. കിഴക്കന്‍ നഗരമായ കുപിയാന്‍സ്‌കില്‍ ഡ്രോണ്‍ ആക്രമണമുണ്ടായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ അവസാനത്തില്‍ തെക്കന്‍ യുക്രെയ്ന്‍ നഗരമായ മയ്‌കൊലായ്‌വില്‍ നിന്നും ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ക്രൂസ് മിസൈലുകളെ അപേക്ഷിച്ച് ചെലവ് കുറവാണെന്നതാണ് റഷ്യ ഡ്രോണുകളെ ആയുധമായി പ്രയോഗിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഓരോ ഡ്രോണിനും 20,000 ഡോളര്‍ (ഏകദേശം 16.60 ലക്ഷം രൂപ) ചെലവു വരുമെന്നാണ് കണക്കുകൂട്ടല്‍. 

 

∙ യുക്രെയ്ന് പ്രതിരോധിക്കാൻ ഇലക്ട്രോണിക് ജാമറുകളും വ്യോമ വേധ മിസൈലുകളും

 

ഇലക്ട്രോണിക് ജാമറുകളും വ്യോമ വേധ മിസൈലുകളും ഉപയോഗിച്ച് ഈ ഡ്രോണുകളെ നേരിടുകയാണ് യുക്രെയ്ന്‍. ആക്രമണം നടത്തുന്ന 60 ശതമാനം ഷാഹെദ് 136 ഡ്രോണുകളേയും തകര്‍ക്കാന്‍ സാധിക്കുന്നുണ്ടെന്ന് യുക്രെയ്ന്‍ അവകാശപ്പെട്ടിരുന്നു. എങ്കിലും താഴ്ന്ന് പറക്കുന്ന എല്ലാ ഡ്രോണുകളേയും കണ്ടെത്തി നശിപ്പിക്കുകയെന്നത് ഒരു പരിധി വരെ അസാധ്യവുമാണ്. 

 

യുക്രെയ്‌നും റഷ്യയ്ക്കെതിരെ കൊലയാളി ഡ്രോണുകളെ ഉപയോഗിച്ചതായി ആരോപണമുണ്ട്. കിഴക്കന്‍ ക്രീമിയയിലെ റഷ്യന്‍ സൈനിക ക്യാംപിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ യുക്രെയ്ന്‍ ഡ്രോണാണെന്നാണ് റഷ്യന്‍ ആരോപണം. സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണുകളാണ് ആക്രണം നടത്തിയതെന്നുവേണം ഊഹിക്കാനെന്നാണ് ലണ്ടന്‍ കിങ്‌സ് കോളജിലെ പ്രതിരോധ പഠനവിഭാഗം ഗവേഷക ഡോ. മരിന മിറോണ്‍ പറഞ്ഞത്.

 

∙ യുക്രെയ്ൻ ഉപയോഗിക്കുന്നത് ബയ്‌റക്തര്‍ ടിബി 2 ഡ്രോണുകൾ

 

ചെറുവിമാനത്തിന്റെ വലുപ്പമുള്ള തുര്‍ക്കിഷ് നിര്‍മിത ബയ്‌റക്തര്‍ ടിബി 2 ഡ്രോണുകളും യുക്രെയ്ന്‍ ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. ലേസര്‍ ബോംബുകള്‍ ഘടിപ്പിക്കാന്‍ സാധിക്കുന്നവയാണിവ. എന്നാല്‍ അമ്പതില്‍ കുറവ് ഡ്രോണുകള്‍ മാത്രമാണ് യുക്രെയ്‌ന്റെ കൈവശമുള്ളതെന്നാണ് കരുതപ്പെടുന്നത്. അമേരിക്ക യുക്രെയ്‌ന് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള 700 സ്വിച്ച് ബ്ലേഡ് ഡ്രോണുകളേയും കൊലയാളി ഡ്രോണുകളുടെ വിഭാഗത്തില്‍ പെടുത്താവുന്നത്. 

 

∙ നിരീക്ഷണത്തിനും ഡ്രോണുകൾ

 

ആക്രമണത്തിന് മാത്രമല്ല ശത്രു മേഖലയില്‍ നിരീക്ഷണം നടത്തുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനുമെല്ലാം യുക്രെയ്‌നും റഷ്യയും വ്യാപകമായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഡിജെഐ മാവിക് 3 പോലുള്ള ഡ്രോണുകളെയാണ് നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. 19,685 അടി ഉയരത്തില്‍ വരെ പറക്കാന്‍ സാധിക്കുന്ന ഇവയ്ക്ക് 30 കിലോമീറ്റര്‍ മാത്രമാണ് ദൂരപരിധി. മുക്കാല്‍ മണിക്കൂര്‍ മാത്രമേ ഇവയ്ക്ക് നിര്‍ത്താതെ പറക്കാനാവൂ. എന്നാല്‍ ഇതിനകം തന്നെ തന്ത്രപ്രധാന വിവരങ്ങള്‍ ശത്രുവിന്റെ കണ്ണില്‍ പെടാതെ ഉയര്‍ന്നു പറന്നുകൊണ്ട് ശേഖരിക്കാന്‍ ഈ ഡ്രോണുകള്‍ക്കാവുകയും ചെയ്യും.

 

English Summary: How are 'kamikaze' drones being used by Russia and Ukraine?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com