ADVERTISEMENT

ലോകത്തെ എല്ലാ പ്രതിരോധ കവചങ്ങളെയും ഭേദിക്കാൻ ശേഷിയുള്ള അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ നിർമിച്ചെന്ന് ഇറാൻ. ഇതോടെ റഷ്യയുമായുള്ള ഇറാന്‍റെ പ്രതിരോധ സഹകരണം കൂടുതൽ ചർച്ചയാവുകയാണ്. പുതിയ ഹൈപ്പർസോണിക് മിസൈൽ വികസിപ്പിച്ചതായി റെവലൂഷണറി ഗാർഡ്‌സ് എയ്‌റോസ്‌പേസ് യൂണിറ്റിന്റെ കമാൻഡർ ജനറൽ അമീറലി ഹാജിസാദെയാണ് വെളിപ്പെടുത്തിയത്.

 

ആണവായുധങ്ങൾ എത്തിക്കാൻ കഴിയുന്ന പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകൾ പോലെയുള്ള ഹൈപ്പർസോണിക് മിസൈലുകൾക്ക് ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ കുതിക്കാൻ കഴിയും. ഈ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ചെടുത്തത് വ്യോമ പ്രതിരോധ സംവിധാനങ്ങളെ പ്രതിരോധിക്കുന്നതിനാണെന്നും ഹാജിസാദെ പറഞ്ഞു.

 

എല്ലാ മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും തകർക്കാൻ ഇതിന് കഴിയും. ഇതിനെ തകർക്കാൻ ശേഷിയുള്ള മറ്റൊരു സംവിധാനം വികസിപ്പിക്കുന്നതിന് പതിറ്റാണ്ടുകൾ എടുക്കുമെന്നും ഹാജിസാദെ പറഞ്ഞു. ശത്രുക്കളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യം വയ്ക്കുന്ന ഈ മിസൈൽ പ്രതിരോധ മേഖലയിൽ വലിയൊരു കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

റഷ്യയിലേക്ക് ഡ്രോണുകൾ അയച്ചതായി സമ്മതിച്ചതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ഹൈപ്പർസോണിക് മിസൈൽ നിർമിച്ചെന്ന പ്രഖ്യാപനവും നടത്തിയത്. ഇറാൻ റഷ്യയിലേക്ക് മിസൈലുകൾ അയയ്ക്കാൻ തയാറെടുക്കുകയാണെന്ന് ഒക്ടോബർ 16 ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തികച്ചും തെറ്റാണെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു.

 

ആണവായുധങ്ങൾ എത്തിക്കാൻ കഴിയുന്ന പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകൾ പോലെയുള്ള ഹൈപ്പർസോണിക് മിസൈലുകൾക്ക് ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ പറക്കാൻ കഴിയും. എന്നാൽ ബാലിസ്റ്റിക് മിസൈലുകൾ അവയുടെ ലക്ഷ്യത്തിലെത്താൻ ആദ്യം ബഹിരാകാശത്തേക്ക് കുതിക്കുകയും പിന്നീട് താഴോട്ട് വരികയുമാണ് ചെയ്യുന്നത്. അതേസമയം, ഒരു ഹൈപ്പർസോണിക് മിസൈൽ അന്തരീക്ഷത്തിലെ താഴ്ന്ന പാതയിലൂടെ പറന്നു ടാർഗറ്റിനെ നേരിടുന്നു. കൂടുതൽ വേഗത്തിൽ ലക്ഷ്യത്തിലെത്താനും ഇതുവഴി സാധിക്കുന്നു.

 

യുഎസ് പോലുള്ള രാജ്യങ്ങൾ ക്രൂസ്, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ പ്രതിരോധിക്കാൻ രൂപകൽപന ചെയ്തിട്ടുള്ള സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു ഹൈപ്പർസോണിക് മിസൈൽ ട്രാക്ക് ചെയ്യാനും താഴെയിറക്കാനുമുള്ള ശേഷി ഒരു രാജ്യത്തിനും ഇല്ലെന്നാണ് അറിയുന്നത്.

 

യുഎസ്, ചൈന, റഷ്യ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് രാജ്യങ്ങൾ ഹൈപ്പർസോണിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്. യുഎസിൽ നിന്ന് വ്യത്യസ്തമായി ചൈനയും റഷ്യയും ആണവായുധങ്ങളുമായി പൊരുത്തപ്പെടുന്ന ഹൈപ്പർസോണിക് മിസൈലുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

 

English Summary: Iran claims to develop hypersonic missile that can breach all defense shields

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com