ADVERTISEMENT

പ്രതിരോധ രംഗത്തെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതും പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കുന്നതും നമ്മുടെ പ്രഖ്യാപിത ലക്ഷ്യമാണ്. 2021-22 സാമ്പത്തിക വര്‍ഷം നമ്മുടെ പ്രതിരോധ കയറ്റുമതി 13,000 കോടിയിലെത്തിയിട്ടുണ്ട്. സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് പ്രകാരം പ്രതിരോധരംഗത്തെ ആഭ്യന്തര ഉത്പാനം നടത്തുന്ന ഇന്തോ പസിഫിക് മേഖലയിലെ 12 രാജ്യങ്ങളില്‍ ഇന്ത്യ നാലാമതാണ്. ഇനിയും നില മെച്ചപ്പെടുത്തണമെങ്കില്‍ നയങ്ങളില്‍ സാരമായ മാറ്റങ്ങള്‍ വേണ്ടി വരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

 

ജനുവരിയിലാണ് 2770 കോടിയുടെ ബ്രഹ്‌മോസ് മിസൈലുകള്‍ ഫിലിപ്പീന്‍സിലേക്ക് കയറ്റുമതി ചെയ്യാന്‍ ധാരണയായത്. ഇത് 2021-22 ലെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതിനൊപ്പം കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡ് എന്ന ഇന്ത്യന്‍ കമ്പനി 155 എംഎം ആര്‍ട്ടിലറി ഗണ്‍ പ്ലാറ്റ്‌ഫോമുകള്‍ നല്‍കാനുള്ള 15.55 കോടി ഡോളറിന്റെ വലിയൊരു കരാറും സ്വന്തമാക്കിയിരുന്നു. മൂന്നു വര്‍ഷത്തെ പരിധിയില്‍ പൂര്‍ത്തിയാക്കേണ്ട ഈ കരാറും ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ല.

 

കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡ് ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കരാറിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ആര്‍ക്കാണ് കരാര്‍ നല്‍കുന്നതെന്ന് അവര്‍ പരസ്യമാക്കിയിട്ടില്ല. അതേസമയം യുദ്ധമേഖലയിലേക്കല്ല ഈ കയറ്റുമതിയെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ നിര്‍മിത പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി സാധ്യത ഈ കരാറോടെ കൂടുതല്‍ തെളിയുന്നുണ്ട്. 2025 ആവുമ്പോഴേക്കും പ്രതിവര്‍ഷം 35,000 കോടിയുടെ പ്രതിരോധ കരാര്‍ നേടുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിനുള്ളില്‍ പ്രതിരോധ കയറ്റുമതിയില്‍ ലോകത്തെ മുന്‍നിരയിലെ അഞ്ചു രാഷ്ട്രങ്ങളില്‍ ഒന്നാവുകയെന്ന ലക്ഷ്യവും പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചിരുന്നു. 

 

പ്രതിരോധ രംഗത്ത് പരമ്പരാഗതമായി വലിയ തോതില്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ 2021-22 വര്‍ഷത്തില്‍ 13,000 കോടിയുടെ പ്രതിരോധ കയറ്റുമതി യാഥാര്‍ഥ്യമായെന്നത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. പ്രത്യേകിച്ചും ആഗോള ആയുധ വിപണിയുടെ വലിയ പങ്കും മൂന്നു രാഷ്ട്രങ്ങള്‍ കൈവശം വെച്ചിരിക്കുന്നുവെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുമ്പോള്‍. ആഗോള ആയുധകച്ചവടത്തിന്റെ 39 ശതമാനം അമേരിക്കക്കാണെങ്കില്‍ 19 ശതമാനം റഷ്യക്കും 11 ശതമാനം ഫ്രാന്‍സിനുമാണ്. 

 

നിലവില്‍ ആഗോള ആയുധ വിപണിയില്‍ ചൈന വലിയ സാന്നിധ്യമല്ലെങ്കിലും അവര്‍ വളരെ വേഗത്തില്‍ മുന്നിലേക്ക് വരുന്നുണ്ട്. പ്രതിരോധ വസ്തുക്കളുടെ ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തില്‍ ചൈന വളരെ മുന്നിലാണ്. ഇതും കയറ്റുമതി അവര്‍ ശ്രദ്ധിക്കാത്തതിന്റെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നുമുണ്ട്. എന്നാല്‍ ഇന്ന് ലോകത്ത് എവിടെയുമുള്ള പോര്‍വിമാനങ്ങളും മിസൈലുകളും റോക്കറ്റുകളും ഉള്‍പ്പടെയുള്ള പ്രതിരോധ ഉപകരണങ്ങള്‍ സ്വന്തം വിപണിയില്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി അവരുടെ ആയുധ വിപണി നേടിക്കഴിഞ്ഞു.

 

ഇന്ത്യയില്‍ നിലവില്‍ അമ്പതോളം പ്രതിരോധ കമ്പനികള്‍ സ്വകാര്യ മേഖലയിലുണ്ട്. ഇറ്റലി, മാലദ്വീപ്, ശ്രീലങ്ക, റഷ്യ, ഫ്രാന്‍സ്, നേപ്പാള്‍, മൗറീഷ്യസ്, ശ്രീലങ്ക, ഇസ്രയേല്‍, ഈജിപ്ത്, യുഎഇ, ഭൂട്ടാന്‍, ഇതോപ്യ, സൗദി അറേബ്യ, ഫിലിപ്പീന്‍സ്, പോളണ്ട്, സ്‌പെയിന്‍, ചിലെ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് നിലവില്‍ ഇന്ത്യ പ്രതിരോധ ഉപകരണങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ് തേജസ്, തോക്കുകള്‍, ടാങ്കുകള്‍, മിസൈല്‍, ടാങ്കുകളെ തകര്‍ക്കുന്ന മൈനുകള്‍, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, നിരീക്ഷണ ബോട്ടുകള്‍, എഎല്‍എച്ച് ഹെലികോപ്റ്റര്‍, എസ്‌യു ഏവിയോണിക്‌സ്, ഭാരതി റേഡിയോ, കോസ്റ്റല്‍ സര്‍വെയ്‌ലന്‍സ് സിസ്റ്റംസ്, കവച് MoD || ലോഞ്ചറുകള്‍, എഫ്‌സിഎസ്, റഡാറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ലൈറ്റ് എൻജിനീയറിങ് മെക്കാനിക്കല്‍ ഭാഗങ്ങള്‍ തുടങ്ങി നിരവധി പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.

 

വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള പൊതു കയറ്റുമതി നയത്തിന്റെ ഭാഗമാണ് ഇപ്പോള്‍ പ്രതിരോധ കയറ്റുമതിയും ഉള്‍പ്പെട്ടിരിക്കുന്നത്. കയറ്റുമതി പ്രോത്സാഹന പദ്ധതികളും നികുതിയിളവുകളും ഉള്ളതിനാല്‍ പ്രത്യേകം നയത്തിന്റെ ആവശ്യമില്ലെന്നാണ് പ്രതിരോധ വകുപ്പിന്റെ നയം. പ്രതിരോധ കയറ്റുമതിക്കുള്ള ഉത്പന്നങ്ങളുടെ ടെസ്റ്റിങ്ങിനും സര്‍ട്ടിഫിക്കേഷനുമാണ് നയംമാറ്റങ്ങള്‍ വേണ്ടത്. രാജ്യാന്തര നിലവാരത്തിലുള്ള പരിശോധനകളും സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചാല്‍ മാത്രമേ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ സ്വാധീനം ചെലുത്താനാവൂ. 

 

നിലവില്‍ പ്രതിരോധ മന്ത്രാലയം അമേരിക്കന്‍ കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയാണ് പല പ്രതിരോധ കരാറുകളും ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭ്യമാക്കിയത്. ഇതിന്റെ കാലാവധി കഴിയുന്ന മുറക്ക് വീണ്ടും കയറ്റുമതി കുറയാമെന്ന ഭീഷണിയും നിലവിലുണ്ട്. അതേസമയം സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിലൂടെയും പ്രതിരോധ കയറ്റുമതി നമുക്ക് മെച്ചപ്പെടുത്താനാകും. അതിന്റെ ഉദാഹരണമാണ് വിയറ്റ്‌നാമുമായി നടത്തിയ 10 കോടി ഡോളറിന്റെ കരാര്‍. 

 

നമ്മുടെ വിദേശകാര്യവകുപ്പ് പല പദ്ധതികളിലും ഉള്‍പ്പെടുത്തി ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങള്‍ക്ക് ഇളവുകളും കടവും നല്‍കാറുണ്ട്. ഇത്തരം പല പദ്ധതികളും പ്രാവര്‍ത്തികമാവാതെ പോവുകയാണ് പതിവ്. എന്നാല്‍ അടുത്തിടെ ഇന്ത്യ വിയറ്റ്‌നാമിന് 12 അതിവേഗ നിരീക്ഷണ ബോട്ടുകള്‍ കൈമാറിയത് ഇങ്ങനെയൊരു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു. 10 കോടി ഡോളറിന്റെ കരാര്‍ പൂര്‍ണമായും കടമായാണ് വിയറ്റ്‌നാമിന് നടപ്പിലാക്കി കൊടുത്തത്. 

 

ആദ്യ അഞ്ച് ബോട്ടുകള്‍ ഇന്ത്യയിലെ എല്‍ ആൻഡ് ടി കപ്പല്‍ നിര്‍മാണ ശാലയില്‍ വച്ചും ബാക്കിയുള്ള ഏഴ് ബോട്ടുകള്‍ വിയറ്റ്‌നാമിലെ ഹോങ് ഹാ കപ്പല്‍ നിര്‍മാണ ശാലയില്‍ വച്ചുമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇത്തരത്തിലുള്ള ഏകോപനവും നയങ്ങളിലുള്ള മാറ്റങ്ങളും കൊണ്ട് മാത്രമേ പ്രതിരോധ കയറ്റുമതി ഇന്ത്യക്ക് വര്‍ധിപ്പിക്കാനാവൂ എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

English Summary: Defence export needs cohesive policy thrust

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com