ADVERTISEMENT

പിറവിയിലേ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. സംഘര്‍ഷഭരിതമായ പിറവിക്കു ശേഷവും പല രീതിയില്‍ ഇന്ത്യ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. ചേരി ചേരാനയം തുടരുമ്പോള്‍ പോലും അയല്‍ക്കാരുമായി, പ്രത്യേകിച്ചും പാക്കിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളും പലപ്പോഴും യുദ്ധത്തിലാണ് അവസാനിച്ചത്. ആഭ്യന്തര സംഘര്‍ഷങ്ങളിലും പലപ്പോഴും സൈനിക ഇടപെടലുകള്‍ നടന്നുവെങ്കിലും പ്രധാനമായും നാല് യുദ്ധങ്ങളാണ് സ്വതന്ത്ര ഇന്ത്യ നേരിടേണ്ടി വന്നത്. വിഭജനത്തിന് പിന്നാലെ 1947ലുണ്ടായ ഇന്ത്യ പാക്ക് യുദ്ധമാണ് ആദ്യത്തേത്. പിന്നീട് 1965ലും 1971ലും 1999ലും ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സൈന്യങ്ങള്‍ മുഖാമുഖം വന്നു. 1962ല്‍ ചൈനയുമായി നടന്ന യുദ്ധത്തില്‍ ഒഴികെ വിജയം ഇന്ത്യന്‍ പക്ഷത്തായിരുന്നു. 

 

∙ ഇന്ത്യ പാക്ക് യുദ്ധം (1947-49)

 

ഇന്ത്യയും പാക്കിസ്ഥാനും സ്വതന്ത്രമായതിന് പിന്നാലെ സ്വതന്ത്ര പ്രദേശമായി നിലകൊണ്ട ജമ്മു കശ്മീരിനെ ആക്രമിച്ചു കീഴടക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചതാണ് യുദ്ധത്തിന് തുടക്കമിട്ടത്. 1947 ഒക്ടോബര്‍ 22ന് ആരംഭിച്ച യുദ്ധം 1949 ജനുവരി അഞ്ചു വരെ നീണ്ടു. പാക്ക് പിന്തുണയുള്ള ഭീകരവാദികള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ബാരാമുള്ള വരെയെത്തി. ശ്രീനഗര്‍ പിടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതോടെ ജമ്മു കശ്മീര്‍ മഹാരാജാവായ ഹരി സിങ് ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. ഇതോടെ യുദ്ധം ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സൈന്യങ്ങള്‍ നേരിട്ടായി.

 

Indian Army soldiers are pictured on a Bofors gun positioned at Penga Teng Tso ahead of Tawang, near the Line of Actual Control (LAC), neighbouring China, in India's Arunachal Pradesh state on October 20, 2021. (Photo by Money SHARMA / AFP)
Photo by Money SHARMA / AFP

യുഎന്‍ ഇടപെടുകയും 1949 ജനുവരി ഒന്നിന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരികയും ചെയ്തു. യുഎന്‍ കമ്മീഷന്‍ വെടിനിര്‍ത്തല്‍ കരാര്‍ 1949 ജനുവരി അഞ്ചിന് പ്രഖ്യാപിച്ചു. തുടക്കത്തില്‍ കരാര്‍ അംഗീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറായില്ല. എന്നാല്‍ യുദ്ധത്തില്‍ കനത്ത തിരിച്ചടി തുടര്‍ന്നതോടെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. അപ്പോഴേക്കും യുദ്ധത്തില്‍ രണ്ടായിരത്തിലേറെ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അന്ന് കശ്മീരില്‍ നിന്നും പാക്കിസ്ഥാന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിച്ചു. ക്രമസമാധാന പരിപാലനത്തിന് മാത്രം അത്യാവശ്യം മാത്രം ഇന്ത്യന്‍ സൈനികര്‍ കശ്മീരില്‍ തുടരുകയും ചെയ്തു. 

 

∙ ഇന്ത്യ-ചൈന യുദ്ധം (1962)

india-pak-war-1971-jpeg

 

തികച്ചും അപ്രതീക്ഷിതമായിരുന്നു ഇന്ത്യ ചൈനയുടെ ഭാഗത്തു നിന്നും നേരിട്ട ആക്രമണം. മക്‌മോഹന്‍ ലൈന്‍ അംഗീകരിക്കാതെ ചൈനീസ് സൈന്യം ടിബറ്റ് കീഴടക്കി. അയല്‍രാജ്യത്തു നിന്നൊരു സൈനിക നടപടി പ്രതീക്ഷിക്കാതിരുന്ന ഇന്ത്യ പതറി. ചൈനയുടെ 80,000ത്തോളം വരുന്ന സൈനികരെ ഇന്ത്യയുടെ 20000ത്തോളം വരുന്ന സൈന്യം ഒരു മാസത്തോളമാണ് എതിരിട്ടത്. ഒടുവില്‍ ചൈന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ 1962 നവംബറില്‍ യുദ്ധം അവസാനിച്ചു. ചൈന വിജയിച്ച യുദ്ധത്തില്‍ ഇരുപക്ഷത്തുമായി ആറായിരത്തോളം സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. 

kargil-vijay-
Photo: PTI

 

∙ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം (1965)

 

ചൈനയുമായുള്ള യുദ്ധം കഴിഞ്ഞ് വെറും മൂന്നു വര്‍ഷത്തിന് ശേഷം ഇന്ത്യ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചെറിയപ്പെട്ടു. ഇക്കുറി കശ്മീരില്‍ നിന്നും പാക്ക് സൈന്യമായിരുന്നു ഇന്ത്യക്ക് തലവേദനയായത്. കശ്മീര്‍ ഇന്ത്യയുടെ നിയന്ത്രണത്തിലായത് പാക്കിസ്ഥാന് ഒരിക്കലും അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ യുഎന്‍ പ്രമേയം നിലവില്‍ വന്നെങ്കിലും അതിര്‍ത്തിയില്‍ ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം തുടര്‍ച്ചയായി. കശ്മീരികളുടെ വേഷത്തിലെത്തിയ പാക്കിസ്ഥാനി സൈനികര്‍ കച്ചിലെ കന്‍ജാര്‍കോട്ട് മേഖല കീഴടക്കി. ഇതിന്റെ തുടര്‍ച്ചയായി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ട് യുദ്ധം ആരംഭിച്ചു. 

kargil-vijay

 

വീണ്ടും ഐക്യരാഷ്ട്ര സഭ ഇടപെടുകയും 1966 ജനുവരി 10ന് ഇന്ത്യയേയും പാക്കിസ്ഥാനേയും താഷ്‌കന്റ് സമാധാന കരാറില്‍ ഒപ്പുവെപ്പിക്കുകയും ചെയ്തു. യുദ്ധത്തിന് മുൻപുണ്ടായിരുന്ന പ്രദേശങ്ങളിലേക്ക് രണ്ടു വിഭാഗവും മാറണമെന്നായിരുന്നു നിര്‍ദേശം. ഇരുപക്ഷവും വിജയം അവകാശപ്പെട്ട യുദ്ധമായിരുന്ന ഇതെങ്കിലും ഇന്ത്യന്‍ സൈന്യം പാക്ക് സൈന്യത്തിന് വലിയ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഏതാണ്ട് 12,000 പട്ടാളക്കാര്‍ക്ക് ഇരുപക്ഷത്തുമായി ജീവന്‍ നഷ്ടമായെന്ന് കണക്കാക്കപ്പെടുന്നു. 

 

∙ വിജയ് ദിവസ് (1971)

 

കിഴക്കന്‍ പാക്കിസ്ഥാനെ പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നിന്നും മോചിപ്പിക്കാന്‍ ഇന്ത്യ ഇടപെട്ടതോടെ അത് മൂന്നാം ഇന്ത്യ–പാക് യുദ്ധമായി മാറുകയായിരുന്നു. ഒരേസമയം കിഴക്കന്‍ അതിര്‍ത്തിയിലും പടിഞ്ഞാറന്‍ അതിര്‍ത്തിയിലും ഇന്ത്യക്ക് പോരാടേണ്ടി വന്നു. എങ്കിലും 13 ദിവസം നീണ്ട യുദ്ധത്തിനൊടുവില്‍ പാക്കിസ്ഥാന്റെ കിഴക്കന്‍ കമാന്‍ഡ് കീഴടങ്ങി. 

യുദ്ധത്തില്‍ 90,000 ലേറെ പാക്കിസ്ഥാനി സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യ പിന്നീട് കരസേനയുടെ പരമോന്നത പദവി നല്‍കി ആദരിച്ച സാം മനേക്ഷാ ഡിസംബര്‍ 13 വാക്കുകള്‍ കൊണ്ട് ആഞ്ഞടിച്ചു 'നിങ്ങള്‍ കീഴടങ്ങുന്നോ? അതോ, ഞങ്ങള്‍ നിങ്ങളെ തുടച്ചു മാറ്റണോ?'. ദിവസങ്ങള്‍ക്കകം പാക്കിസ്ഥാന്‍ കീഴടങ്ങി. പാക്കിസ്ഥാനു മേലുള്ള വിജയത്തിന്റെ ഓര്‍മക്കായി ഡിസംബര്‍ 16ന് വിജയ് ദിവസായി ഇന്ത്യ ആചരിക്കുന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമായി മൂന്നു ലക്ഷത്തിലേറെ മനുഷ്യര്‍ക്ക് യുദ്ധത്തില്‍ ജീവന്‍ നഷ്ടമായി. 

 

∙ കാര്‍ഗില്‍ യുദ്ധം (1999)

 

കനത്ത മഞ്ഞു വീഴ്ച്ച ആരംഭിക്കുന്നതോടെ കാര്‍ഗില്‍ പോലുള്ള ഉയര്‍ന്ന മേഖലകളില്‍ നിന്നും ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സൈനികര്‍ പിന്‍വാങ്ങുകയും പിന്നീട് മഞ്ഞു കാലം കഴിയുന്നതോടെ തിരിച്ചെത്തുകയുമാണ് പതിവ്. അങ്ങനെ ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങിയ മേഖലകള്‍ പാക്ക് സൈന്യം പിടിച്ചെടുത്തതോടെയാണ് കാര്‍ഗില്‍ യുദ്ധം ആരംഭിക്കുന്നത്. 

പാക്കിസ്ഥാന്റെ ഓപറേഷന്‍ ബാദറിന് മറുപടിയായി ഇന്ത്യ ഓപറേഷന്‍ വിജയ് ആരംഭിച്ചു. കരസേനയെ പിന്തുണക്കാനായി വ്യോമസേന ഓപറേഷന്‍ സഫദ് സാഗറിന് തുടക്കമിട്ടു. വലിയ തോതില്‍ വ്യോമസേന യുദ്ധ മുന്നണിയില്‍ സ്വാധീനം ചെലുത്തിയ യുദ്ധം കൂടിയായിരുന്നു കാര്‍ഗിലിലേത്. പാക്ക് സൈന്യത്തിന്റെ വിതരണ ശൃംഖല തകര്‍ക്കാന്‍ വ്യോമാക്രമണം വഴി ഇന്ത്യക്ക് സാധിച്ചു. 

 

കാര്‍ഗിലിലെ പാക്ക് ചതി മനസിലാക്കി 1999 മെയ് മാസത്തോടെയാണ് ഇന്ത്യ തിരിച്ചടിച്ചു തുടങ്ങുന്നത്. പാക്കിസ്ഥാന്റെ നിയന്ത്രണത്തില്‍ നിന്നും ഓരോ പ്രദേശങ്ങളായി ഇന്ത്യ തിരിച്ചു പിടിച്ചു. 60 ദിവസത്തോളം നീണ്ടു കാര്‍ഗില്‍ യുദ്ധം. രണ്ട് ലക്ഷത്തോളം സൈനികരാണ് ഓപറേഷന്‍ വിജയുടെ ഭാഗമായി പാക്കിസ്ഥാന്‍ സൈന്യത്തിനെതിരെയും ഭീകരര്‍ക്കെതിരെയും പോരാടിയത്. 1999 ജൂലൈ 26ന് കാര്‍ഗില്‍ യുദ്ധം അവസാനിച്ചു. ജൂലൈ 26 പിന്നീടുള്ള വര്‍ഷങ്ങളില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആയി ആചരിക്കുന്നു. കാര്‍ഗിലില്‍ ഇന്ത്യയുടെ 527 പട്ടാളക്കാര്‍ക്ക് ജീവഹാനി സംഭവിച്ചു.

 

English Summary: Major Operations of Indian Army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT