ചരിത്ര നിമിഷം! ലോകത്തെവിടെയും ആക്രമിക്കാൻ ശേഷിയുള്ള ബി-1ബി ലാന്‍സർ ഇന്ത്യയിലെത്തി

b-1b
Photo: US Airforce
SHARE

ബി-1ബി ലാന്‍സര്‍ സൂപ്പര്‍സോണിക് ഹെവി ബോംബര്‍ ഒരു അസാധാരണ പോര്‍വിമാനമാണ്. ലോകത്തെവിടെയും ആക്രമണം നടത്താന്‍ കെല്‍പ്പുള്ള ഒന്ന്. ഗൈഡഡ്, അണ്‍ഗൈഡഡ് വിഭാഗങ്ങളില്‍ പെടുന്ന പേലോഡുകള്‍ ഏറ്റവുമധികം വഹിക്കാന്‍ ശേഷിയുണ്ട് എന്നതാണ് ബി-ഇതിനെ യുദ്ധവിമാന സാങ്കേതികവിദ്യാ പ്രേമികളുടെ പ്രിയതാരമാക്കുന്നത്. ഇത്തരം രണ്ട് ബി-1ബി ലാന്‍സര്‍ വിമാനങ്ങളാണ് ബെംഗളുരുവില്‍ നടന്ന എയ്‌റോ ഇന്ത്യ 2023 (Aero India 2023) ൽ പങ്കെടുക്കാനായി അമേരിക്ക അയച്ചത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഉന്മേഷം പകരുന്നതായിരുന്നു.

∙ ഇന്ത്യയുമായുള്ള സഹകരണത്തിന് പ്രാധാന്യമെന്ന് അമേരിക്ക

ഇന്ത്യയുമായി കൂടുതല്‍ കാര്യങ്ങളില്‍ സഹകരിക്കുന്നതിന് തങ്ങള്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്ന് അമേരിക്ക പറയുന്നു. അത്തരം ഒരു സാഹചര്യത്തില്‍ പ്രതീകാത്മകമായാണ് ബി-1ബി ലാന്‍സറിന്റെ പ്രകടനത്തെ കാണേണ്ടത്. ഇതിനു മുൻപ് 2021ലാണ് ബി-1ബി ലാന്‍സര്‍ ഇന്ത്യയിലെത്തിയത്. അന്ന് അതിന് അകമ്പടിയായി പറന്നത് ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് ഫൈറ്റര്‍ വിമാനമായിരുന്നു. യുഎസ് അഡ്മിറല്‍ മൈക്കിള്‍ ബെയ്കര്‍ സീനിയര്‍ അടക്കമാണ് ഇത്തവണ ബി-1ബി ലാന്‍സറുകള്‍ക്കൊപ്പം ഇന്ത്യയിലെത്തിയത്. രണ്ടാം തവണയും ബി-1ബി ലാന്‍സര്‍ ഇന്ത്യയില്‍ എത്തിക്കാനായതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വിമാനങ്ങള്‍ സൗത്ത് ഡക്കൊട്ടയില്‍ നിന്ന് ഗുവാമിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും പറന്നു.

∙ ബി വണ്‍ കേമന്‍

ബി-1ബി ലാന്‍സറിന്റെ ചുരുക്കപ്പേര് ബി വണ്‍ (Bone അല്ലെങ്കില്‍ B-one) എന്നാണ്. ദീര്‍ഘദൂര, സൂപ്പര്‍സോണിക്, ഹെവിബോംബര്‍ എന്ന വിവരണമാണ് ഇതിനുള്ളത്. ബി വണിനെ വീണ്ടും ഇന്ത്യയിലെത്തിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് എന്തുമാത്രം പ്രാധാന്യമാണ് കല്‍പിക്കുന്നത് എന്നതിനു തെളിവാണെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

∙ പ്രതിരോധ സഖ്യത്തിന് ഊന്നല്‍ നല്‍കി അമേരിക്ക

അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് ഇന്ത്യന്‍ സമുദ്രത്തിലേക്ക് പറക്കുക എന്നത് ദൈര്‍ഘ്യമേറിയ ദൗത്യമാണെന്നും എന്നാല്‍ അത് ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യോമ പ്രദര്‍ശനമായ എയ്‌റോ ഇന്ത്യ 2023യില്‍ പങ്കെടുക്കാനാണ് എന്നത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കാണുന്നുവെന്നും അഡ്മിറല്‍ മൈക്കിൾ ബെയ്കര്‍ സീനിയര്‍ പറഞ്ഞു. തങ്ങളുടെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായ ഇന്ത്യ ആതിഥേയത്വം നല്‍കുന്ന ഷോയിലാണ് ഇതെന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തും. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും അതിശക്തമായ സൈനിക ശക്തിയാണ് ഉള്ളത്. എന്നാല്‍, ഇവ രണ്ടും ഒരുമിച്ചാല്‍ കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

∙ ബി-1ബി ലാന്‍സര്‍ മാത്രമല്ല എത്തിയത്

എയ്‌റോ ഇന്ത്യ 2023ക്ക് പിന്തുണ അറിയിച്ച് യുഎസില്‍നിന്ന് കരുത്തുറ്റ ഒരു പറ്റം വിമാനങ്ങളാണ് എത്തിയത്. യുഎസ് വ്യോമസേനയുടെ ഏറ്റവും പുതിയ, 5–ാം തലമുറ ഫൈറ്റര്‍ വിമാനങ്ങളും എത്തി. ഒളിയാക്രമണത്തിന് ഉപയോഗിക്കുന്ന, സൂപ്പര്‍സോണിക് ബഹുമുഖ ആക്രമണകാരിയായ എഫ്-35എ ലൈറ്റ്‌നിങ് 2, എഫ്-35എ ജോയിന്റ് സ്‌ട്രൈക് ഫൈറ്റര്‍ എന്നിവയും എത്തിയിരുന്നു. വ്യോമ പ്രദര്‍ശനം നടന്ന ദിവസങ്ങളിലെല്ലാം രണ്ട് എഫ്-16 ഫൈറ്റിങ് ഫാൽക്കൺ വ്യോമപ്രകടനം നടത്തി. അമേരിക്കയുടെ ഏറ്റവും കരുത്തുറ്റ വിമാനങ്ങളിലൊന്നാണിത്. യുഎസ് നേവിയുടെ എഫ്/എ-18ഇ, എഫ്/എ-18എഫ് സൂപ്പര്‍ ഹോണെറ്റ് മള്‍ട്ടിറോള്‍ ഫൈറ്ററുകള്‍ ബെംഗളൂരുവിലെ യെലഹങ്കാ എയര്‍ ഫോഴ്‌സ് കേന്ദ്രത്തിൽ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഷോയില്‍ പങ്കെടുക്കാനെത്തിയ മേജര്‍ ജനറല്‍ ജൂലിയന്‍ സി. ചീറ്റര്‍ പറഞ്ഞത് ബി-1ബി ലാന്‍സര്‍ കമാന്‍ഡര്‍മാര്‍ക്കും മറ്റും നല്ല അവസരമാണ് നല്‍കുന്നതെന്നാണ്. തങ്ങളുടെ സഖ്യ കക്ഷികളുമായി ഈ മേഖലയില്‍ കൂടുതല്‍ അടുപ്പം പ്രകടിപ്പിക്കുക എന്നതും അമേരിക്കയെ സംബന്ധിച്ച് മുന്നോട്ടുള്ള ഒരു പടിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിരോധ വകുപ്പു മന്ത്രി രാജ്‌നാഥ് സിങും സഹകരണത്തിന്റെ കാര്യം ഊന്നിപ്പറഞ്ഞു. രണ്ടു വര്‍ഷത്തിലൊരിക്കലാണ് എയ്‌റോ ഇന്ത്യാ ഷോ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 13ന് തുടങ്ങിയ ഈ വര്‍ഷത്തെ പ്രദര്‍ശനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.
 

English Summary: US heavy bombers at Aero India 2023 mark strategic partnership with India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS