യുക്രെയ്ന്‍ യുദ്ധത്തിലെ നിര്‍ണായകമായ ഒരു സംഭവം കഴിഞ്ഞ ദിവസം നടന്നു. കരിങ്കടലിനു മുകളില്‍പറന്ന യുഎസിന്റെ എംക്യു 9 റീപ്പര്‍ എന്ന സൈനികഡ്രോണിനെ സു 27 ഗണത്തിലുള്ള റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വളയുകയും അതിലൊരു വിമാനം ഡ്രോണിനെ ഇടിച്ചു കടലില്‍ താഴ്ത്തുകയും ചെയ്തു. എന്നും കലുഷിതമായ യുഎസ്- റഷ്യ നയതന്ത്രത്തെ പൊടുന്നനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് സംഭവം തള്ളിവിട്ടു. യുഎസും റഷ്യയും തമ്മില്‍ നേരിട്ടൊരു പോരാട്ടം വരുമോയെന്ന് പോലും പലകോണുകളില്‍ നിന്നു ഭയമുണ്ടായി.
ബ്രിട്ടനും യൂറോപ്യന്‍ ശക്തികളും അരങ്ങുവാണ കൊളോണിയല്‍ കാലഘട്ടത്തിന്റെ പരിസമാപ്തി കുറിച്ച രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകത്ത് രണ്ട് ശക്തികളായി യുഎസും ഇപ്പോഴത്തെ റഷ്യയുടെ കരുത്തനായ പൂര്‍വികനായ സോവിയറ്റ് യൂണിയനും ഉയര്‍ന്നു വന്നു. ഇന്ന് ആ ദ്വന്ദ ചേരികളെന്ന സങ്കല്‍പം തകര്‍ന്നെങ്കിലും റഷ്യ ഇപ്പോഴും ഒരു വന്‍ശക്തി തന്നെയാണ്.
അതിനാല്‍ തന്നെ റഷ്യയും യുഎസും തമ്മിലുള്ള ഏറ്റുമുട്ടല്‍ എപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ്. ഇരു രാജ്യങ്ങളും പതിറ്റാണ്ടുകളോളം ശീതസമരത്തില്‍ ഏര്‍പെട്ടെങ്കിലും അന്യോന്യമുള്ള ഏറ്റുമുട്ടലുകള്‍ ഇല്ലായിരുന്നു. എന്നാല്‍ അങ്ങനെയുള്ള ഏറ്റുമുട്ടലുകള്‍ക്ക് പലപ്പോഴും അരങ്ങൊരുങ്ങിയിട്ടുണ്ട്. ലോകാവസാനത്തിനു പോലും കാരണമാകാമായിരുന്ന അത്തരം സംഭവങ്ങള്‍ തികച്ചും യാദൃച്ഛികമായി ഒഴിഞ്ഞുപോകുകയാണ് ഉണ്ടായത്.
ഇത്തരം അപകടകരമായ സംഭവങ്ങളില്‍ ആദ്യത്തേത് 1962 ഒക്ടോബര്‍ 27നാണ് ഉണ്ടായത്. ക്യൂബയിലായിരുന്നു സംഭവം. 1959നു മുന്‍പ് ക്യൂബ യുഎസിന് ഒരു എതിരാളിയേ അല്ലായിരുന്നു, മറിച്ച് പ്രിയരാജ്യമായിരുന്നു. അന്ന് ക്യൂബ ഭരിച്ച ഏകാധിപതിയായ ജനറല്‍ ഫുല്‍ജനികോ ബാറ്റിസ്റ്റ തീര്‍ത്തും അമേരിക്കന്‍ പക്ഷപാതിത്വം പുലര്‍ത്തി. ക്യൂബയിലെ സംരംഭങ്ങളില്‍ പകുതിയും നിയന്ത്രിച്ചത് അമേരിക്കയില്‍ നിന്നുള്ള ധനികരും മറ്റു കമ്പനികളുമായിരുന്നു. ക്യൂബയില്‍ നിന്നുള്ള പ്രധാന കയറ്റുമതിയിനമായ പഞ്ചസാരയുടെ 80 ശതമാനവും വാങ്ങിയിരുന്നതും യുഎസ് തന്നെ.
1959 ജനുവരി ഒന്നിന് ഫിദല്‍ കാസ്ട്രോ എന്ന യുവകമ്യൂണിസ്റ്റ് തന്റെ വിപ്ലവസേനയുമായി ഹവാനയിലെത്തി ക്യൂബയുടെ അധികാരം പിടിച്ചെടുത്തു. ബാറ്റിസ്റ്റയുടെ അഴിമതി നിറഞ്ഞ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയിരുന്ന ക്യൂബന്‍ ജനത കാസ്ട്രോയ്ക്കു വലിയ പിന്തുണയാണു നല്‍കിയത്. എന്നാല്‍ 150 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന യുഎസിനെ ഈ വിപ്ലവം നന്നായി അലോസരപ്പെടുത്തിയിരുന്നു. യുഎസ് -സോവിയറ്റ് ശീതയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന അക്കാലത്ത് തങ്ങളുടെ സാമന്തരാജ്യം പോലെ സ്ഥിതി ചെയ്തിരുന്ന ക്യൂബ കമ്യൂണിസ്റ്റ് ചേരിയിലേക്കു പോകുന്നത് അവര്‍ക്ക് അംഗീകരിക്കാനാവുന്നതായിരുന്നില്ല. കാസ്ട്രോയാണെങ്കില്‍ തികഞ്ഞ അമേരിക്കന്‍ വിരുദ്ധനും.
കാസ്ട്രോ അധികാരത്തിലെത്തിയ നാള്‍മുതല്‍ ആ ഭരണകൂടത്തെ വലിച്ചു താഴെയിടാന്‍ യുഎസ് ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ സോവിയറ്റ് യൂണിയന്റ് പിന്തുണ വലിയൊരു പ്രതിബന്ധമായിരുന്നു. 1961 ആയപ്പോഴേക്കും ക്യൂബ-യുഎസ് ബന്ധം തീര്‍ത്തും വഷളായി. അക്കാലത്ത് മയാമിയിലെ ക്യൂബന്‍ പ്രവാസികളെ സംഘടിപ്പിച്ച് ഒരു ഗറില്ല സൈന്യത്തിനു സിഐഎ രൂപം നല്‍കി. ഈ സൈന്യത്തെ ഉപയോഗിച്ച് ഹവാനയിലെത്തി അധികാരം പിടിക്കാന്‍ ലക്ഷ്യമിട്ട ബേ ഓഫ് പിഗ്സ് ദൗത്യം യുഎസിന് ഒരു പരാജയമായി മാറി.
1962ല്‍ തങ്ങളുടെ ഭൂമിയില്‍ മിസൈല്‍ ബേസുകളുണ്ടാക്കാന്‍ സോവിയറ്റ് യൂണിയന് ക്യൂബ അനുവാദം കൊടുത്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത പതിന്‍മടങ്ങായി. ക്യൂബയ്ക്ക് ചുറ്റും നാവിക ഉപരോധം യുഎസ് പ്രഖ്യാപിച്ചു. ആ സമയത്ത് ക്യൂബയ്ക്ക് സമീപം ഒരു സോവിയറ്റ് ആണവ മുങ്ങിക്കപ്പല്‍ കിടന്നിരുന്നു. ബി-59 എന്ന ഗണത്തിലുള്ള ഈ മുങ്ങിക്കപ്പല്‍ യുഎസ് നാവികസേന കണ്ടെത്തുകയും ഇതിനു നേരെ സ്‌ഫോടകവസ്തുക്കള്‍ പ്രയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. യുഎസ് റാന്‍ഡോല്‍ഫ് എന്ന വമ്പന്‍ വിമാനവാഹിനിക്കപ്പലായിരുന്നു ആക്രമണത്തിനു നേതൃത്വം വഹിച്ചത്.
എന്നാല്‍ അവിടെ കിടന്ന ബി-59 മുങ്ങിക്കപ്പല്‍ നിസ്സാര കക്ഷിയായിരുന്നില്ല. ആണവപോര്‍മുനകളുള്ള ടോര്‍പിഡോകള്‍ അതിനുണ്ടായിരുന്നു. ഓരോ ടോര്‍പിഡോയ്ക്കും ഹിരോഷിമയില്‍ വീണ ബോംബിന്റെ കരുത്തും. ഈ മുങ്ങിക്കപ്പലിലെ സോവിയറ്റ് സൈനികര്‍ ഒരുമാസമായി പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു. അവരുടെ വയര്‍ലെസ് സംവിധാനവും കേട്. എന്താണ് യുദ്ധത്തില്‍ സംഭവിക്കുന്നതെന്നറിയാന്‍ അവര്‍ക്കൊരു നിര്‍വാഹവുമില്ലായിരുന്നു. യുഎസ് നാവികസേന സ്‌ഫോടകവസ്തുക്കള്‍ പ്രയോഗിക്കുന്നത് കണ്ട് യുഎസ് -സോവിയറ്റ് യൂണിയന്‍ യുദ്ധം തുടങ്ങിയിട്ടുണ്ടെന്ന് മുങ്ങിക്കപ്പലിലെ സൈനികര്‍ തെറ്റിദ്ധരിച്ചു.
മുങ്ങിക്കപ്പലിന്റെ ക്യാപ്റ്റനായ വാലന്റിന്‍ സാവിറ്റ്‌സ്‌കി അമേരിക്കന്‍ നാവികസേനയ്ക്കു നേരെ ആണവ ടോര്‍പിഡോ പ്രയോഗിക്കാന്‍ നിര്‍ദേശം നല്‍കി. അന്നത്തെ സോവിയറ്റ് യുദ്ധനിയമമനുസരിച്ച് മുങ്ങിക്കപ്പലിലെ 3 മുതിര്‍ന്ന ഓഫിസര്‍മാര്‍ തീരുമാനമെടുത്താല്‍ ആണവായുധം പ്രയോഗിക്കാമായിരുന്നു. മോസ്‌കോയില്‍ നിന്നുള്ള അംഗീകാരം ആക്രമണത്തിനു വേണ്ടിയിരുന്നില്ല.
മറ്റൊരു ഓഫിസറും വാലന്റിന്‍ സാവിറ്റ്‌സ്‌കിയുടെ നിര്‍ദേശത്തോടു യോജിച്ചു. എന്നാല്‍ വാസിലി ആര്‍ഖിപോവ് എന്ന ഓഫിസര്‍ ഇതിനെ എതിര്‍ത്തു. ഏതു മുങ്ങിക്കപ്പലാണെന്ന് അറിയാനായി അതിനെ ഉപരിതലത്തിലേക്കു കൊണ്ടുവരാനാണ് യുഎസ് ശ്രമിക്കുന്നതെന്നും ആക്രമണമല്ല അതെന്നും ആര്‍ഖിപോവ് ശക്തമായി വാദിച്ചു. ഒടുവില്‍ ആ വാദം അംഗീകരിക്കപ്പെട്ടു. ബി-59 മുങ്ങിക്കപ്പല്‍ ഉപരിതലത്തിലേക്ക് ഉയര്‍ത്തി. യുഎസ് നാവികര്‍ മുങ്ങിക്കപ്പലിനെ കണ്ടു. അവര്‍ ആക്രമണം നിര്‍ത്തി. പരിശോധനകളോ തടയലോ ഉണ്ടായില്ല. മുങ്ങിക്കപ്പല്‍ അതിന്റെ വഴിക്കുപോയി.
അന്ന് മുങ്ങിക്കപ്പലില്‍ നിന്ന് ആണവായുധം പ്രയോഗിക്കപ്പെട്ടിരുന്നെങ്കില്‍ യുഎസ് നേവിക്കു വന്‍നാശമുണ്ടായേനെ. ആണവശക്തിയായ യുഎസ് വെറുതെ ഇരിക്കുമായിരുന്നില്ല. അങ്ങോട്ടുമിങ്ങോട്ടും ശക്തമായ ആണവയുദ്ധം ചിലപ്പോള്‍ നടന്നേനെ. ഒരുപക്ഷേ ലോകാവസാനം പോലും അത്തരമൊരു യുദ്ധത്തിന്റെ ഫലമായി ഉണ്ടായേനെ. പില്‍ക്കാലത്ത് 1983ല്‍ സ്റ്റാനിസ്ലാവ് പെട്രോവ് എന്ന സോവിയറ്റ് ഓഫിസറും ഒരു ആണവയുദ്ധം തടയാനുള്ള നിര്‍ണായക ഇടപെടല്‍ നടത്തി. അന്ന് മിസൈല്‍ നിരീക്ഷണത്തിന്റെ ചുമതലായിരുന്നു കേണലായ പെട്രോവിന്. ഒരു ദിവസം നിരീക്ഷണ സംവിധാനങ്ങളില്‍ അലര്‍ട്ടുകള്‍ കാണിച്ചു. യുഎസിന്റെ ഒരു മിസൈല്‍ ആക്രമണമാണ് ഇതെന്ന രീതിയിലായിരുന്നു അലര്‍ട്ടുകള്‍.
ആ അലര്‍ട്ട് മോസ്‌കോയ്ക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി തിരിച്ച് ആണവാക്രമണം ഉണ്ടാകുമെന്ന് പെട്രോവിനറിയാമായിരുന്നു. എന്നാല്‍ പെട്രോവ് അതു ചെയ്തില്ല. കുറേസമയത്തിനു ശേഷം ആ അലര്‍ട്ടുകള്‍ വ്യാജമായിരുന്നെന്നും സൂര്യന്റെ പ്രതിഫലനം മൂലമുണ്ടായതാണെന്നും തെളിഞ്ഞു. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന ശേഷം 1995ല്‍ ഇതേപോലൊരു അലര്‍ട്ട് ഉണ്ടായി. ബോറിസ് യെല്‍ത്സിന്‍ ആയിരുന്നു അന്ന് റഷ്യന്‍ പ്രസിഡന്റ്. ആണവാക്രമണം നടത്തണമോയെന്ന് യെല്‍ത്സിനോട് ചോദ്യം വന്നു. എന്നാല്‍ നടത്തേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. റഷ്യയും നോര്‍വേയുമായി നടന്ന സംയുക്ത മിസൈല്‍ അഭ്യാസമാണ് അങ്ങനെയൊരു അലര്‍ട്ടിനു കാരണമായത്.
English Summary: A spat between the US and Russia over a downed drone is escalating. Here's what you need to know