ADVERTISEMENT

ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പോര്‍വിമാനമായ അതേസമയം ചെലവേറിയതായി കണക്കാക്കുന്ന ലോക്ഹീഡ് മാര്‍ടിന്‍ എഫ് 35 വാങ്ങുന്ന പണം  മാത്രം മതി, ആയിരക്കണക്കിനു എണ്ണം രംഗത്തിറക്കാം. അപ്രതീക്ഷിതമായി ശത്രുപക്ഷത്തു  നാശനഷ്ടങ്ങൾ സൃഷ്ടിക്കാനുമാകും. പൈലറ്റില്ല അതിനാൽത്തന്നെ തകർന്നുവീണാൽ പോകട്ടേന്നും കരുതും. പറഞ്ഞുവരുന്നത് യുക്രെയ്നിന്റെ ഡ്രോൺ യുദ്ധതന്ത്രത്തെക്കുറിച്ചാണ്. റഷ്യന്‍ സൈന്യത്തെ പരിഭ്രാന്തിയിലാക്കി, വ്യോമ പ്രതിരോധ സംവിധാനങ്ങളെല്ലാം യുദ്ധമുന്നണിയില്‍നിന്നു സ്വന്തം രാജ്യ തലസ്ഥാനത്തേക്കു ശ്രദ്ധ തിരിച്ചുവിടാനിടയാക്കിയ ആ നീക്കത്തെക്കുറിച്ചറിയാം.

Image Credit: Anelo/Shutterstock
Image Credit: Anelo/Shutterstock

മെയ് 3 ന് രാത്രി, സ്‌ഫോടക വസ്തുക്കളുമായി രണ്ട് ഡ്രോണുകൾ മോസ്കോയ്ക്ക് മുകളിലൂടെ തടസ്സമില്ലാതെ പറന്നു , ക്രെംലിനിലെ സെനറ്റ് ഡോമിൽ ഇടിച്ചു . റഷ്യൻ തലസ്ഥാനത്താണ് ഈ ആദ്യത്തെ ഡ്രോൺ ആക്രമണം നടന്നത് . അതിനുശേഷം കഴിഞ്ഞ കുറേ ആഴ്ചകളായി റഷ്യയുടെ തലസ്ഥാന നഗരം യുക്രെയ്ൻ ഡ്രോണുകളെ ഭയന്നാണ് കഴിയുന്നത്. 450 കിലോമീറ്ററുകൾ യുക്രെയ്ൻ അതിര്‍ത്തിയിൽനിന്നു അകലെ സ്ഥിതി ചെയ്തിട്ടും ഡ്രോണുകൾ പറന്നെത്തി കെട്ടിടങ്ങളെ ലക്ഷ്യം വച്ചു ബോംബുകൾ വർഷിക്കുന്നു. എയർപോർട്ടുകൾ പലതും അടച്ചിടേണ്ടി വന്നിരിക്കുന്നു. ആരും പ്രതീക്ഷിക്കാത്ത യുദ്ധതന്ത്രം.

രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് മാത്രം കുറഞ്ഞത് ആറ് പ്രദേശങ്ങളിലെങ്കിലും ഡ്രോൺ ആക്രമണം  ഒറ്റരാത്രികൊണ്ട് പരാജയപ്പെടുത്തിയെന്ന് റഷ്യ പറയുന്നു. എസ്തോണിയയുടെയും ലാത്വിയയുടെയും അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന റഷ്യയിലെ ഒരു വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ യുക്രെയ്ൻ ഡ്രോണുകൾ നാല് സൈനിക ഗതാഗത വിമാനങ്ങൾക്ക് കേടുപാടുകൾ വരുത്തിയതായി റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫൂട്ടേജുകളും ചിത്രങ്ങളും പ്സ്കോവ് നഗരത്തിന് മുകളിൽ പുക ഉയരുന്നതും വലിയ തീപിടുത്തവും കാണിക്കുന്നുണ്ട്.

അതേസമയം  തുറമുഖ നഗരമായ സെവാസ്റ്റോപോളിന് സമീപം ഒരു കടൽ ഡ്രോൺ ആക്രമണം തങ്ങളുടെ സൈന്യം ചെറുത്തുവെന്നും റഷ്യൻ സൈന്യം പറഞ്ഞു. എന്തായാലും അതിർത്തി പ്രദേശങ്ങളിൽനിന്നു മോസ്കോയിലേക്ക് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മാറ്റാൻ ആക്രമണങ്ങൾ റഷ്യയിൽ സമ്മർദ്ദം ചെലുത്തിയിരിക്കുകയാണ്. മോസ്കോയിലെ ഈ ആക്രമണങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലാൻ ലക്ഷ്യമിട്ടുള്ളതല്ല,  പകരം മോസ്കോയുടെ വ്യോമാതിർത്തിയും ലോജിസ്റ്റിക് ചാനലുകളും തടയുക, വിമാനത്താവളങ്ങളും ഗതാഗത സംവിധാനവും സ്തംഭിപ്പിക്കുക എന്നതാണ് ലക്ഷ്യം എന്തായാലും ഈ തന്ത്രം ഫലവത്തായെന്നാണ് ഇപ്പോൾ റഷ്യയിൽനിന്നു വരുന്ന വാർത്തകൾ. 

ഡ്രോണുകൾ പലതും ലോഹ വസ്തുക്കളാലല്ല നിർമിച്ചതെന്നതിനാലും വളരെ സങ്കീർണമായ പറക്കൽ രീതികൾ സ്വീകരിക്കുന്നതിനാലും വ്യോമ പ്രതിരോധ സംവി​ധാനങ്ങൾക്കു വലിയ വെല്ലുവിളിയായിരിക്കുകയാണ്. . ഓസ്‌ട്രേലിയന്‍ കമ്പനിയായ സിപാക്ക് യുക്രെയ്നായി  കാര്‍ഡ്‌ബോഡ് ഡ്രോണുകളും നിര്‍മിച്ചു നല്‍കിയിരുന്നു. സാധാരണ കാര്‍ഡ്‌ബോര്‍ഡ് ഒട്ടിക്കുന്ന പശയും ടേപ്പുമുണ്ടെങ്കില്‍ ഈ ഡ്രോണ്‍ കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കാനാവും. മൂന്നു കിലോഗ്രാം മുതല്‍ അഞ്ച് കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ഇവയ്ക്ക് സാധിക്കും. പരമാവധി 120 കിലോമീറ്റര്‍ വരെ ദൂരത്തേക്കും ഈ കാര്‍ഡ്‌ബോര്‍ഡ് ഡ്രോണ്‍ പറന്നെത്തും.റഡാറുകള്‍ക്ക് കാര്‍ഡ്‌ബോര്‍ഡ് ഡ്രോണുകളെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നത് ഇതിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചു. 

വിഡിയോ എടുക്കാൻ സാധാരണ ഉപയോഗിക്കുന്ന ഡ്രോണുകളും പരിഷ്കരിച്ചാണ് യുക്രെയ്ൻ റഷ്യയ്ക്കെതിരെ പ്രയോഗിക്കുന്നത്. മാത്രമല്ല സൈനിക നവീകരണ പരിപാടിയുടെ ഭാഗമായി ഉക്രെയ്‌നിലെ സായുധ സേന 2019-ൽ 12 ബെയ്‌രക്തർ TB2എന്ന സൈനിക ഡ്രോൺ വാങ്ങിയിരുന്നു. അധിനിവേശത്തിന്റെ തുടക്കം മുതൽ ജൂൺ അവസാനം വരെ, ഉക്രെയ്‌നിന് 50 ടിബി യൂണിറ്റുകളാണ് ലഭിച്ചത്. 2023 ജൂണോടെ, ടിബി2 ഡ്രോണുകളുടെ പങ്ക് ആക്രമണത്തിൽ നിന്ന് നിരീക്ഷണത്തിലേക്ക് മാറി, റഷ്യൻ വ്യോമ പ്രതിരോധത്തിന്റെ പരിധിയിൽ നിന്ന് മാറിനിൽക്കുകയും മറ്റ് ഡ്രോണുകളെ നയിക്കാൻ അവയുടെ കൂടുതൽ നൂതനമായ ഒപ്റ്റിക്‌സും സെൻസറുകളും ഉപയോഗിക്കുകയും ചെയ്തു.

യുദ്ധവിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഡ്രോൺ പറത്താൻ, വിപുലവും ചെലവേറിയതുമായ പൈലറ്റ് പരിശീലനത്തിന്റെ ആവശ്യമില്ല. മാത്രമല്ല, ഒരു പൈലറ്റിനെയോ വിലകൂടിയ വിമാനത്തെയോ അപകടത്തിലാക്കുന്ന അപ്രായോഗികമായ സ്ഥലങ്ങളിൽ ഈഡ്രോണുകൾ എളുപ്പത്തിൽ വിന്യസിക്കാനാകും.വൻകിട ആയുധങ്ങളുമായി രംഗത്തിറങ്ങിയപ്പോൾ, സാധാരണ ഡ്രോണുകൾ ഉപയോഗിച്ചുള്ള ചെറുത്തുനിൽപ് ഇത്രയേറെ നാശമുണ്ടാക്കുമെന്നു റഷ്യ കരുതിയില്ല. 

ഡ്രോണുകളുടെ മൂളൽ കേൾക്കുമ്പോഴേക്കും റഷ്യൻ സൈനികർ പരിഭ്രാന്തരായി ആകാശത്തേക്കു നിറയൊഴിക്കുന്ന സാഹചര്യമാണ്. ഇപ്പോൾ റഷ്യൻ സേനയും കൺസ്യൂമർ ഡ്രോൺ പ്രയോഗിക്കാൻ തുടങ്ങി. എങ്കിലും എണ്ണത്തിൽ യുക്രെയ്നിനാണു മേധാവിത്വം. തിരിച്ച‌‌ടിക്കൽ സാധ്യമാണെന്നും റഷ്യയെ പരിഭ്രാന്തരാക്കാൻ കഴിയുമെന്നും തിരിച്ചറിഞ്ഞതിനാൽ വരും മാസങ്ങളിലും ഡ്രോണുകൾ യുദ്ധത്തിൽ പ്രധാന പങ്ക് വഹിക്കാൻ സാധ്യതയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com