ADVERTISEMENT

'ഏറെ വിലമതിക്കുന്ന, അതീവപ്രധാന്യമേറിയ യുദ്ധവിമാനങ്ങളിലൊന്നായ എഫ് 35 ഹാക്ക് ചെയ്തു, അജ്ഞാത സ്ഥലത്തേക്കു കടത്തി'-ഇതായിരുന്നു എക്സ് പ്ലാറ്റ്ഫോമിലും(ട്വിറ്റർ) മറ്റും വൈറലായ നിരവധി പോസ്റ്റുകളിലെ വാർത്ത. സൗത്ത് കരലൈനയിൽ യുഎസ് മറീൻ കോറിന്റെ എഫ് 35 എന്ന ഫൈറ്റർ ജെറ്റായിരുന്നു ഇന്നലെ ദുരൂഹമായി 'മുങ്ങിയത്'. തകരാർ കണ്ടെത്തിയപ്പോൾ പൈലറ്റ് ഇജക്ട് സംവിധാനം ഉപയോഗപ്പെടുത്തി രക്ഷപ്പെടുകയും, വിമാനം ഓട്ടോപൈലറ്റിൽ യാത്ര തുടരുകയുമായിരുന്നു.

പ്രദേശവാസികളുടെ ഉൾപ്പടെ സഹായത്തോടെ വലിയ തെരച്ചിൽ പ്രഖ്യാപിച്ചിരുന്നു. നഷ്ടപ്പെട്ട വിമാനത്തെക്കുറിച്ചുള്ള വിവരങ്ങളുമായി പൊതുജനങ്ങൾക്ക് വിളിക്കാൻ ഒരു ഫോൺ നമ്പർ പോലും പുറത്തു വിട്ടിരുന്ന എന്തായാലും ഒരു ദിവസം നീണ്ട തെരച്ചിലിനും ആശങ്കയ്ക്കും ഒടുവിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. പക്ഷേ അപ്പോഴേക്കും നിരവധി ആശങ്ക നിറഞ്ഞ പോസ്റ്റുകളും തിയറികളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. അതോടൊപ്പം നിരവധി ട്രോളുകളും ഇറങ്ങി.

വിമാനത്തെ കണ്ടെത്താൻ സഹായിക്കണമെന്നഭ്യർഥിച്ചു മരത്തിൽ പതിച്ച നിലയിലുള്ള പോസ്റ്ററുകളും വൈറലായി.  അതേസമയം ഇതിലൊരു ഏലിയന്റെ കൈകടത്തലുണ്ടെന്നാണ് അന്യഗ്രഹ ജിവി സിദ്ധാന്തക്കാരുടെ വാദം. ചിലർ തങ്ങളുടെ പൂന്തോട്ടത്തിൽ ദേ ഒരു വിമാനം കിട്ടിയെന്നും വിൽപ്പനക്കു വയ്ക്കുകയാണെന്നുമൊക്കെ തമാശകളിറക്കി.  അതേസമയം സര്‍വ സജ്ജമായി ഉണർന്നിരിക്കുന്ന സൈന്യവും റഡാറുകളും മറ്റു നിരവധി സുരക്ഷാ മുൻകരുതലുകളുടെയുമിടയിൽ എവിടെയാണെന്നറിയാതെ വിമാനം 24 മണിക്കൂർ അപ്രത്യക്ഷമായത് സുരക്ഷാ വീഴ്ചയാണെന്ന വിലയിരുത്തലുമുണ്ട്. 

F-35 ന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുമ്പോൾ പോലും, പെന്റഗൺ സംഭവം മൂടിവയ്ക്കുകയാണെന്നും യഥാർഥ സംഭവം മറ്റെന്തോ ആണെന്നുമൊക്കെ വന്യമായ ഭാവനകൾ പോലും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. അതേസമയം പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന മറൈൻ ഫൈറ്റർ അറ്റാക്ക് ട്രെയിനിങ് സ്ക്വാഡ്രൺ 501-ൽ പെട്ട വിമാനമാണ് തകർന്നതെന്നും പ്രദേശത്തു ഒരു അപകടത്തിനിടയാക്കിയെന്നും ചില ഉദ്യോഗസ്ഥർ പറഞ്ഞു.

എന്താണ് അപകടമെന്നതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുന്നതിന് പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കുശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കാം.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com