ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്ന് മാധ്യമങ്ങൾ: വിവാദമുയർത്തുന്ന നിയന്ത്രിത ആയുധം എന്താണ്?
Mail This Article
ഗാസയിലെ വ്യോമാക്രമണത്തിൽ ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്ന വിവാദമുയർത്തി ചില മാധ്യമറിപ്പോർട്ടുകൾ. നിയന്ത്രിത മാരക രാസവസ്തുവായ വൈറ്റ്ഫോസ്റസ് എയർസ്ട്രൈക്കുകളിൽ ഉപയോഗിച്ചെന്നാണ് ആരോപണം. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ശക്തമായ യുദ്ധമാണ് നടന്നത് .ഇസ്രയേൽ വമ്പിച്ച എയർസ്ട്രൈക്കുകൾ നടത്തി.
ജനനിബിഡമായ ഗാസയിൽ വൈറ്റ് ഫോസ്ഫറസും പ്രയോഗിക്കപ്പെട്ടു എന്നാണു പിന്നാലെ ആരോപണമുയർന്നത്. ഇസ്രയേൽ ഗാസയിൽ ഇതുപയോഗിക്കുന്നതു ആദ്യമല്ല. 2008–2009 കാലയളവിലും ഇസ്രയേൽ ഇത് ഗാസയിൽ പ്രയോഗിച്ചിരുന്നു. യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തിലും വൈറ്റ് ഫോസ്ഫറസ് രാസായുധം റഷ്യ പ്രയോഗിച്ചെന്ന് ആരോപണമുയർന്നിരുന്നു.
യുക്രെയ്ന്റെ കിഴക്കൻ മേഖലയായാ ലുഹാൻസ്കിലുള്ള പോപാസ്ന പട്ടണത്തിലാണു വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ ഉപയോഗിച്ചതെന്നായിരുന്നു ആരോപണം. റോം കൺവൻഷൻ പ്രകാരം വൈറ്റ് ഫോസ്ഫറസ് ജനവാസമേഖലയിൽ പ്രയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതു യുദ്ധ കുറ്റകൃത്യമാണെന്നും അന്ന് യുക്രെയ്ൻ ചൂണ്ടിക്കാട്ടിയിരുന്നു.
എന്താണ് ഈ ആയുധം
പേരു സൂചിപ്പിക്കുന്നതു പോലെ ഫോസ്ഫറസാണ് ഈ ആയുധത്തിന്റെ പ്രധാനഭാഗം. കത്തിത്തുടങ്ങിയാൽ എണ്ണൂറു ഡിഗ്രിക്കുമേൽ ഉയർന്ന താപനിലയിൽ കത്താൻ ഇതിനു സാധിക്കും. നൂറുകണക്കിനു ചതുരശ്ര കിലോമീറ്റർ ഭാഗത്തു കത്താൻ വൈറ്റ് ഫോസ്ഫറസ് ഇടയൊരുക്കും. ഫോസ്ഫറസ് പെന്റോക്സൈഡ് പോലുള്ള രാസവസ്തുക്കൾ ഇതിന്റെ ഉപോൽപന്നമായി ഉടലെടുക്കാം. വളരെ വേദനാജനകമായ മരണവും അതിഗുരുതരമായ പരുക്കുകളും ഇതുമൂലം സംഭവിക്കാം.
വൈറ്റ് ഫോസ്ഫറസിനെ ഒരു രാസായുധമായി രാജ്യാന്തര കെമിക്കൽ വെപ്പൺസ് കൺവൻഷൻ പരിഗണിച്ചിട്ടില്ല. ഇവയുടെ പ്രധാന ലക്ഷ്യം പുകപടലങ്ങൾ കൊണ്ട് ഒരു മേഘമൊരുക്കി താഴെയുള്ള ഗ്രൗണ്ട് ഫോഴ്സുകളെ വ്യോമാക്രമണങ്ങളുടെ ദൃഷ്ടിയിൽ നിന്നു സംരക്ഷിക്കുക എന്നതാണ്. ജനവാസമേഖലയിൽ ഇവ ഉപയോഗിക്കുന്നതിനെ ജനീവ കൺവൻഷനും വിലക്കിയിട്ടുണ്ട്.വില്ലിപീറ്റർ എന്ന വിളിപ്പേരിലാണ് സൈനികർക്കിടയിൽ വൈറ്റ് ഫോസ്ഫറസ് അറിയപ്പെടുന്നത്.
1916ൽ ഒന്നാം ലോകയുദ്ധത്തിനിടെ ബ്രിട്ടിഷ് സൈന്യമാണ് വൈറ്റ് ഫോസ്ഫറസ് ഗ്രനേഡുകൾ ആദ്യമായി കൊണ്ടുവന്നത്.യുഎസ്, ജാപ്പനീസ് സേനകളും ഇക്കാലയളവിൽ ഇതുപയോഗിച്ചിരുന്നു.രണ്ടാം ലോകയുദ്ധ സമയത്ത് നാത്‌സി സേനയ്ക്കെതിരെ സഖ്യസേനകൾ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നു. നാത്‌സികൾ ഇവയെ കത്തുന്ന ഉള്ളി എന്നാണു വിശേഷിപ്പിച്ചത്. പിൽക്കാലത്ത് കൊറിയ, വിയറ്റ്നാം യുദ്ധങ്ങളിലും ഇവ ഉപയോഗിക്കപ്പെട്ടിരുന്നു.
വിയറ്റ്നാമിൽ, വിയറ്റ്കോങ് ഗറില്ലകൾ ഉപയോഗിച്ച ഭൂഗർഭടണലുകളിൽ ഇതിട്ടുകത്തിച്ച് ഓക്സിജൻ വലിച്ചെടുക്കുന്ന രീതി യുഎസ് സേനയ്ക്കുണ്ടായിരുന്നു. റഷ്യ, ചെച്നിയയിൽ നടത്തിയ രണ്ടു യുദ്ധങ്ങളിലും ഇതുപയോഗിക്കപ്പെട്ടു.യുഎസ് ഇറാഖിൽ നടത്തിയ യുദ്ധത്തിൽ ഈ ആയുധം ഉപയോഗിച്ചെന്ന് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും യുഎസ് സേന ഇതു നിഷേധിച്ചു. എന്നാൽ പിന്നീട് അവർ ഇതു സ്ഥിരീകരിച്ചു.
പൊള്ളലും അവയവങ്ങൾക്കു തകരാറും
ഓക്സിജനുമായി ഇടപഴകുമ്പോൾ വെളുത്ത ഫോസ്ഫറസ് ജ്വലിക്കുന്നു, ജ്വലന സമയത്ത് വലിയ അളവിൽ പുക പുറത്തുവിടുന്നു. സൈനിക നീക്കങ്ങളെ മറയ്ക്കാൻ സൈന്യം ഇതു ഉപയോഗിക്കുന്നു. എന്നിരുന്നാലും, രാസ സ്വഭാവസവിശേഷതകൾ ഫോസ്ഫറസ് ബോംബുകളെ അപകടകരമാക്കുന്നത്. ഫോസ്ഫറസിന്റെ കത്തുന്ന താപനില 800-2500 സെൽഷ്യസാണ്. ചർമവും വസ്ത്രവും ഉൾപ്പെടെ വിവിധ പ്രതലങ്ങളിൽ പറ്റിനിൽക്കുന്നു.
കത്തുന്ന പദാർത്ഥം കെടുത്താൻ പ്രയാസമാണ്. വൈറ്റ് ഫോസ്ഫറസ് അസ്ഥികള്‍വരെ ഉരുകാൻ ഇടയാക്കും. പൊള്ളലേറ്റവരിൽ പോലും വൈറ്റ് ഫോസ്ഫറസിന്റെ വിഷാംശം മൂലം അവയവങ്ങൾ തകരാറിലായി മരിക്കാം. ഇതുകൂടാതെ കെട്ടിടങ്ങള്‍ നശിക്കുകയും വിളകൾക്കും കന്നുകാലികൾക്കും നാശമുണ്ടാക്കുകയും ചെയ്യും.