ADVERTISEMENT

ഹമാസ് ഇസ്രയേലിനു മേൽ  റോക്കറ്റ് മഴ വർഷിച്ചപ്പോൾ അയൺ ഡോം എന്ന കരുത്തനും ഒന്നു ഉലഞ്ഞു. പക്ഷേ ഈ സംവിധാനമില്ലാതിരുന്നെങ്കിൽ 20 മിനുറ്റുകൊണ്ട് ഇസ്രയേലിലേക്ക് ഹമാസ് തൊടുത്ത 5000 റോക്കറ്റുകളുടെ പരിണിതഫലം ചിന്തിക്കാനേ കഴിയില്ല. ആദ്യഘട്ടത്തിൽ ഹമാസ് നടത്തിയ ഇത്തരം ആക്രമണരീതി ഇന്ത്യയെയും വ്യോമ പ്രതിരോധ സാങ്കേതികതയിൽ കൂടുതൽ ജാഗ്രതകൾക്കായി പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അയൽരാജ്യങ്ങളായ ചൈനയുമായും പാക്കിസ്ഥാനുമായും സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സംവിധാനങ്ങളുടെ അതിവേഗത്തിലുള്ള വിന്യാസം രാജ്യം ആലോചിക്കുന്നത്.

 'അയൺ ഡോം' ഇല്ലായിരുന്നെങ്കിൽ മരണനിരക്ക് വളരെ കൂടുതലാകുമായിരുന്നുവെന്ന് ഇസ്രായേൽ പറയുമ്പോൾ, അതിശക്തമായ, അല്ലെങ്കിൽ ഒരുപക്ഷേ ഒരു ആണവ പോർമുനയുള്ള മിസൈൽ പ്രതിരോധ പാളികളെ മറികടന്നെത്തിയാൽ ഈ സംവിധാനം എല്ലാം വെറുതെയാവുകയില്ലേ? .  മിസൈൽ ആക്രമണങ്ങൾക്കെതിരായ പ്രതിരോധത്തിനു ഇത്തരം സംവിധാനങ്ങൾക്കായി കോടിക്കണക്കിന് രൂപ  ചെലവഴിക്കുന്നത് ഗുണം ചെയ്യുമോ? ഇത്തരം ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. 

Israel's Iron Dome anti-missile system intercepts rockets launched from the Gaza Strip, as seen from Ashkelon in southern Israel on Monday. Photo: REUTERS/Amir Cohen
Israel's Iron Dome anti-missile system intercepts rockets launched from the Gaza Strip, as seen from Ashkelon in southern Israel on Monday. Photo: REUTERS/Amir Cohen

ഇത്തരം സംവിധാനങ്ങളുടെ കാര്യത്തിൽ ഡിഫൻസ് രംഗത്തെ നിരീക്ഷകർ രണ്ടു വാദങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. പൊടുന്നനെയുള്ള സംയുക്ത ആക്രമണങ്ങളിൽ നിന്നുള്ള അഭേദ്യമായ സംരക്ഷണ കവചം വേണം,  ഒപ്പം ഇത്തരം സംവിധാനങ്ങളുടെ അമിത ചെലവും കുറയ്ക്കേണ്ടതുണ്ട്.

 95.6 ശതമാനം ഫലപ്രദമായ ഒരു പ്രതിരോധസംവിധാനമാണ് അയൺഡോമെന്നാണ് ഇസ്രയേലി അധികൃതർ അവകാശപ്പെടുന്നത്. 2007 മുതല് ഇസ്രയേൽ ഇതു വികസിപ്പിക്കുന്നുണ്ടായിരുന്നു. 2011ൽ സംവിധാനം യാഥാർഥ്യമായി.ഓരോ എതിർറോക്കറ്റും നശിപ്പിക്കാൻ അയൺ ഡോമിനു വേണ്ടിവരുന്നത് ഏകദേശം 40000 യുഎസ് ഡോളറാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. 33 ലക്ഷത്തിലധികം രൂപ വരുമിത്.

ഇസ്രയേലിലെമ്പാടും പത്തിലധികം അയൺഡോം സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.റഡാർ ഉപയോഗിച്ച്, റോക്കറ്റുകളെ കണ്ടെത്തിയശേഷം മിസൈലുകൾ തൊടുക്കുകയെന്നതാണ് അയൺ ഡോമിന്‌റെ രീതി. അയൺഡോം മാത്രമല്ല മിസൈൽ വേധ സംവിധാനമെന്നതു ഓർക്കുക. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ ആരോയും മധ്യദൂര റോക്കറ്റുകളേയും മിസൈലുകളേയും പ്രതിരോധിക്കാന്‍ ഡേവിഡ്‌സ് സ്ലിങും ഇസ്രയേലിനുണ്ട്.

പ്രൊജക്ട് കുശ‌

iron-dome-rocket-2 - 1
Image Created WIth Canva AI

 ‌കാർഗിൽ യുദ്ധത്തിന് ശേഷം 2000 മുതൽ ഇന്ത്യയ്ക്ക് സ്വന്തമായി തദ്ദേശീയമായ മിസൈൽ പ്രതിരോധ പദ്ധതിയുണ്ട്. പൃഥ്വി എയർ ഡിഫൻസ് മിസൈൽ (പിഎഡി), അഡ്വാൻസ്ഡ് എയർ ഡിഫൻസ് എന്നിവയാണ് അതിർത്തി കാക്കുന്നത്.  എന്നാൽ അതിനൂതനമായതും അതേസമയം തദ്ദേശീയവുമായ  വ്യോമ പ്രതിരോധ സംവിധാനം പ്രൊജക്ട് കുശ എന്ന പേരിൽ  ഇന്ത്യയുടെ സൈനിക ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ.

അയൺ ഡോം പോലെയെന്നു പറയുന്നുവെങ്കിലും ഇതു റഷ്യയുടെ എസ് 400 എയർ ഡിഫൻസ് സിസ്റ്റവുമായായിരിക്കും സാമ്യം. സംഘർഷത്തിലുള്ള ചൈനയും പാകിസ്ഥാനും പോലുള്ള അതിർത്തി രാജ്യങ്ങൾ ദീര്‍ഘദൂര മിസൈലുകൾ സ്വന്തമാക്കുന്ന സാഹചര്യത്തിൽ അതിവേഗ മിസൈലുകളെ തടയുന്ന പ്രതിരോധ സംവിധാനം തന്നെയായിരിക്കും ആവശ്യമായി വരിക.

വിവിധ രാജ്യങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പരിശോധിക്കാം

അമേരിക്ക നിർമിച്ച ഒരു വ്യോമ പ്രതിരോധ സംവിധാനമാണ് THAAD,അല്ലെങ്കിൽ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ്. യുഎഇ, ഇസ്രായേൽ, റൊമാനിയ, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ ഇതു പ്രവർത്തിക്കുന്നു. മിഡ് റേഞ്ച്, ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകളെ നിലംപതിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഹിറ്റ്-ടു-കിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇൻകമിങ് മിസൈൽ നശിപ്പിക്കുന്നത് പലപ്പോഴും  പോർമുനയുള്ള റോക്കറ്റു കൊണ്ടല്ല, മറിച്ച് ടാർഗെറ്റ് ഇൻറർസെപ്റ്ററിന്റെ ആഘാതം കൊണ്ടാണ്.

എച്ച്ക്യു9 വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ചൈനയുടേത് . റഷ്യയുടെ എസ് 300 സംവിധാനത്തിനു തുല്യമാണ് ഇത്. റഷ്യൻ സാങ്കേതിക സഹായത്തോടെയാണ് നിര്‍മാണം. കയറ്റുമതി പതിപ്പുകൾ വിവിധ രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.  പാകിസ്ഥാനും ഇതിന്റെ അപ്ഡേറ്റഡ് പതിപ്പ് സ്വന്തമാക്കി. ടൈപ്പ് 120 ലോ-ആൾട്ടിറ്റ്യൂഡ് അക്വിസിഷൻ റഡാർ, ടൈപ്പ് 305 എ 3 ഡി അക്വിസിഷൻ റഡാർ, ടൈപ്പ് 305 ബി 3 ഡി അക്വിസിഷൻ റഡാർ, എച്ച്-200 മൊബൈൽ എൻഗേജ്‌മെന്റ് റഡാർ എന്നിങ്ങനെ വിവിധ റഡാറുകളുമുണ്ട്.

Russian S-400 anti-aircraft missile systems move through Red Square during the Victory Day military parade in Moscow on May 9, 2021. Photo: Kirill Kudryavtsev/AFP
Russian S-400 anti-aircraft missile systems move through Red Square during the Victory Day military parade in Moscow on May 9, 2021. Photo: Kirill Kudryavtsev/AFP

എസ്-400 ട്രയംഫ്: റഷ്യയുടെ  മിസൈൽ  പ്രതിരോധ സംവിധാനമാണ്. എസ്-300 മിസൈലുകളുടെ കുടുംബം. ലോകത്തിലെ ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. വിമാനം, ആളില്ലാ വിമാനങ്ങൾ , ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ നേരിടാൻ എസ്-400 ന് കഴിയും.

400 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഇതിന് ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യാനും ഇടപഴകാനും കഴിയും. ഉയർന്ന ഉയരത്തിലും വേഗത്തിലും പറക്കുന്ന ലക്ഷ്യങ്ങൾ കണ്ടെത്താനും ട്രാക്കുചെയ്യാനും കഴിയുന്ന അത്യാധുനിക റഡാർ സംവിധാനവും എസ്-400-ൽ സജ്ജീകരിച്ചിരിക്കുന്നു.റഷ്യ, ചൈന, ഇന്ത്യ, തുർക്കി തുടങ്ങി നിരവധി രാജ്യങ്ങളിൽ എസ്-400 വിന്യസിച്ചിട്ടുണ്ട്. 

ഉത്തര കൊറിയയിൽ നിന്നുള്ള മിസൈൽ ഭീഷണി നേരിടാൻ ദക്ഷിണ കൊറിയ ഇത്തരമൊരു വ്യോമ പ്രതിരോധ പദ്ധതി നടപ്പാക്കുന്നുണ്ട്.260 കോടി യുഎസ് ഡോളർ (ഏകദേശം 19,240 കോടി രൂപ) മുതൽമുടക്കിലാണു പദ്ധതി. ഇതിന്റെ വികാസത്തിനുള്ള അംഗീകാരം ദക്ഷിണകൊറിയൻ പ്രതിരോധവൃത്തങ്ങൾ നൽകിക്കഴിഞ്ഞു.

2035 ൽ പദ്ധതി പൂർത്തീകരിക്കാനാണ് ദക്ഷിണ കൊറിയയുടെ ലക്ഷ്യം.38 പാരലൽ എന്നറിയപ്പെടുന്ന അതിർത്തിയാണ് ഇരു കൊറിയകളെയും വിഭജിക്കുന്നത്. 1953ൽ കൊറിയൻ യുദ്ധം തീർന്ന ശേഷം ലോകശക്തികളുടെ നിർദേശത്തിൽ ഇവിടെ വന്ന വെടിനിർത്തൽ കരാർ ഇന്നും പാലിക്കപ്പെടുന്നുണ്ട്. എന്നാൽ അതിർത്തി വലിയ സമ്മർദത്തിലാണു നിലനിൽക്കുന്നത്. 

ഏതു നിമിഷവും ആക്രമണമുണ്ടാകാമെന്ന ഭീതിയിൽ.അതിർത്തി രേഖയ്ക്ക് വടക്ക് ഉത്തരകൊറിയ ആയിരത്തിലധികം റോക്കറ്റ് ലോഞ്ചറുകൾ സജ്ജമാക്കി നിർത്തിയിട്ടുണ്ട്, എപ്പോൾ വേണമെങ്കിലും പൊട്ടിക്കാമെന്ന രീതിയിൽ. ദക്ഷിണ കൊറിയയുടെ തലസ്ഥാനനഗരിയും രാജ്യത്തിന്റെ ഹൃദയവുമായ സോളിനെ ലക്ഷ്യം വച്ചാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നാണു പ്രതിരോധ വിദഗ്ധർ പറയുന്നത്.

ഇതോടൊപ്പം തന്നെ മേഖലയിലെ മറ്റു സൈനിക ശക്തികളായ ചൈന, ജപ്പാൻ, റഷ്യ എന്നിവരോടും ഒരു സൂക്ഷ്മത ദക്ഷിണ കൊറിയ പുലർത്തുന്നുണ്ട്.ഇതെല്ലാം പരിഗണിച്ചാണ് രാജ്യത്തെ പൂർണമായും മിസൈലുകളിൽ നിന്നു സുരക്ഷിതമാക്കാനായി ഇസ്രയേലിന്റെ അയൺ ഡോം പോലുള്ള ഒരു സംവിധാനത്തിന് ദക്ഷിണ കൊറിയ ആക്കം കൂട്ടുന്നത്.എന്നാൽ ഇസ്രയേൽ വികസിപ്പിച്ചതിനേക്കാൾ ശേഷിയുള്ള സംവിധാനമാണു ദക്ഷിണ കൊറിയയുടെ ലക്ഷ്യം.

സ്‌കൈ ഡിഫൻഡേഴ്സ് വെലായത് 1400: അയൺ ഡോമിന്റെ തദ്ദേശീയ പതിപ്പ് ഇറാനും വികസിപ്പിച്ചിരുന്നു.ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് നെറ്റ്വർക്ക് എന്ന ഗണത്തിൽ വരുന്ന മിസൈൽവേധ സംവിധാനത്തിന്റെ പേര് സ്‌കൈ ഡിഫൻഡേഴ്സ് വെലായത് 1400 എന്നാണ്. ഇതിന്‌റെ ഒരു വിഡിയോയും ഇറാൻ പുറത്തിറക്കിയിരുന്നു.സംവിധാനം ഉപയോഗിച്ച് വിവിധ മിസൈലുകളെ നിർവീര്യമാക്കുന്നത് വിഡിയോയിലുണ്ടായിരുന്നു.

ക്രൂയിസ് മിസൈലുകളെ നേരിടാനാണ് ഇറാന്‌റെ സംവിധാനം ലക്ഷ്യം വയ്ക്കുന്നത്. നിലവിൽ മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കുന്ന മിസൈൽ ഡിഫൻസ് സിസ്റ്റമുകളിൽ നിന്നു വ്യത്യസ്തമാണ് ഇതെന്നും സൈന്യത്തിന്റെ റിപ്പോർട്ടിലുണ്ട്.നാലു വിക്ഷേപണ കാനിസ്റ്ററുകളുള്ള സംവിധാനത്തിന് ഒറ്റത്തവണ 12 മിസൈൽ വേധ റോക്കറ്റുകൾ വിക്ഷേപിക്കാൻ സാധിക്കും. 

ഹമാസ് റോക്കറ്റ് ആക്രമണം  മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഒരു ദൗർബല്യമാണ് തുറന്നു കാണിച്ചത്. ഇതിൽനിന്നു പഠിച്ച ഒരു പ്രധാന പാഠം, ഏത് മിസൈൽ പ്രതിരോധ സംവിധാനത്തെയും തുളച്ചുകയറാൻ  ഒരേസമയം വിക്ഷേപിക്കുന്ന നിരവധി മിസൈലുകൾക്കു കഴിയുമെന്നതാണ്.  എന്നിരുന്നാലും, ഈ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വളരെ ദൂരത്തിൽ നിന്ന് വരുന്ന ബാലിസ്റ്റിക് മിസൈലുകളെ നേരിടാൻ പര്യാപ്തവുമാണ്. ഇന്ത്യക്ക് അയൽരാജ്യങ്ങളുമായി പതിനായിരത്തിലേറെ കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയുള്ളതിനാൽ, ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നിന്ന് അതിന്റെ എല്ലാ നഗരങ്ങളെയും തന്ത്രപ്രധാനമായ സ്ഥലങ്ങളെയും പ്രതിരോധിക്കാൻ ഒരു വലിയ നിക്ഷേപവും നിർമാണവും ആവശ്യമാണ്.

English Summary:

India Making Its Own Iron Dome, More Lethal Than Israel, Amid Threats From Pak & China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com