വർണപ്പടക്കങ്ങൾക്കു പകരം പുതുവർഷത്തിലും ഗാസയുടെ ആകാശത്തു മിസൈലുകൾ; ആക്രമണം തുടർന്ന് ഇസ്രയേൽ
Mail This Article
ഹമാസിനെതിരെ പോരാട്ടം തുടരുമെന്നും യുദ്ധം ഇനിയും നീളുമെന്നും ഇസ്രയേൽ സൈനിക വൃത്തങ്ങൾ. അധിക ദൗത്യങ്ങളോടെ 2024ലും കടുത്ത തിരിച്ചടിക്കുള്ള തയാറെടുപ്പിലാണെന്നാണ് ഇസ്രയേൽ പ്രതിരോധ സേനയുടെ വക്താവ് ഡാനിയൽ ഹഗാരി നൽകുന്ന സൂചന. ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്കെത്താൻ സമയമെടുക്കുമെന്നതിനാൽ യുദ്ധം നീളുമെന്ന് ഇസ്രയേൽ സൈനിക മേധാവി പറഞ്ഞതു ടിവി പ്രസംഗത്തിൽ പ്രധാനമന്ത്രി നെതന്യാഹു ആവർത്തിക്കുകയും ചെയ്തു.
നഷ്ടങ്ങൾ, വേദനകൾ
11 ആഴ്ചയോളമായി നടക്കുന്ന ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 21,822 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഒക്‌ടോബർ 7 ന് ഹമാസ് നടത്തിയ കടന്നാക്രമണത്തെത്തുടർന്നാണ് ഇസ്രയേൽ തിരിച്ചടി ആരംഭിച്ചത്. 1,200 പേർ കൊല്ലപ്പെട്ടു. 240 ഓളം പേർ ബന്ദികളാക്കപ്പെട്ടു. ഏതാനും ദിവസങ്ങൾ നീണ്ടുനിന്ന താൽക്കാലിക വെടിനിർത്തൽ കരാറിനിടെ ചില ബന്ദികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതിഷേധങ്ങൾ
പലസ്തീനിന്റെ സമാധാനത്തിനുള്ള ആഹ്വാനവുമായാണ് പല രാജ്യങ്ങളിലും ജനങ്ങൾ പുതുവത്സരാഘോഷം നടത്തിയത്. ലഹോറിൽ മോട്ടർ ബൈക്കുകളിലും മറ്റും പലസ്തീൻ പതാകകൾ വീശി ജനങ്ങൾ തെരുവിലിറങ്ങി. ബാഗ്ദാദിലെ തഹ്‌രീർ സ്‌ക്വയറിൽ, പലസ്തീനികൾക്കുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചെറിയ ശവക്കച്ചകളാൽ പൊതിഞ്ഞ വസ്തുക്കള്‍ കൊണ്ടു നിറഞ്ഞ ഒരു ക്രിസ്മസ് ട്രീ പ്രദർശിപ്പിച്ചു.
തുർക്കിയില്‍ ഇസ്തംബൂളിലുള്ള യുഎസ് കോൺസുലേറ്റിലേക്ക് മാർച്ച് നടത്തി. ഇസ്രയേലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന അടിയന്തര ആവശ്യം ഉന്നയിക്കാൻ പുതുതായി ആരംഭിച്ച ഓൺലൈൻ ക്യാംപെയ്‌ൻ കൗണ്ട്ഡൗൺ 2 വെടിനിർത്തൽ ലക്ഷ്യമിട്ടു നിരവധി പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
നിലവിലെ അവസ്ഥ
അതേസമയം പുതുവർഷം ഗാസയിൽ ശോകമയമാണ്. ഗാസയിലെ 40% ജനങ്ങളും പകർച്ചവ്യാധി ഭീഷണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ അഭയാർഥി ഏജൻസി അറിയിച്ചു. മാസങ്ങളായി തുടരുന്ന ബോംബാക്രമണം മൂലം 70% വീടുകളും തകർന്നിരിക്കുകയാണ്.