പോർവിമാനങ്ങളും യാത്രാവിമാനങ്ങളും പറന്നിറങ്ങും; വിവാദങ്ങൾക്കിടെ ലക്ഷദ്വീപിലൊരു വിമാനത്താവളം!
Mail This Article
മാലദ്വീപ് വിവാദങ്ങള്‍ക്കിടെ ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. പൊതുജനങ്ങള്‍ക്കും സൈന്യത്തിനും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയും വിധമാവും വിമാനത്താവളം നിര്‍മിക്കുക. സാധാരണ യാത്രാ വിമാനങ്ങള്‍ക്കു പുറമേ പോര്‍വിമാനങ്ങള്‍ അടക്കമുള്ള സൈനിക വിമാനങ്ങളും ഇവിടെ വന്നിറങ്ങുകയും പറന്നുയരുകയും ചെയ്യുമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
സര്‍ക്കാര്‍ സ്രോതസുകളെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സി ലക്ഷദ്വീപില്‍ സിവിലിയന്‍-സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിമാനത്താവളം വരുന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. മിനിക്കോയ് ദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മിക്കാനുള്ള നിര്‍ദേശം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഈ നിര്‍ദേശം പുതിയ സാഹചര്യത്തില്‍ യാഥാര്‍ഥ്യമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
ലക്ഷദ്വീപിന്റെ വിനോദ സഞ്ചാര സാധ്യതകളെ കണ്ടു മാത്രമല്ല മിനിക്കോയിയില്‍ വിമാനത്താവള പദ്ധതിക്ക് പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ മേഖലയിലും സമുദ്ര അതിര്‍ത്തി നിരീക്ഷണത്തിനും വലിയ ഉപകാരപ്രദമാവും മിനിക്കോയിയിലെ വിമാനത്താവളം. പ്രത്യേകിച്ച് തന്ത്രപ്രധാനമായ ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡാണ് ആദ്യം മിനിക്കോയ് വിമാനത്താവള പദ്ധതി ആദ്യം മുന്നോട്ടുവെക്കുന്നത്. നിലവിലെ പദ്ധതിയില്‍ വ്യോമസേനക്കായിരിക്കും മിനിക്കോയ് വിമാനത്താവളത്തിന്റെ നിയന്ത്രണ ചുമതല. ഒരേ പോലെ പ്രതിരോധ രംഗത്തും വിനോദ സഞ്ചാര മേഖലയിലും ഉപകാരമാവുന്ന പദ്ധതിയായാണ് ലക്ഷദ്വീപിലെ വിമാനത്താവളത്തെ കണക്കാക്കുന്നത്. നിലവില്‍ അഗത്തിയില്‍ മാത്രമാണ് ലക്ഷദ്വീപില്‍ വിമാനത്താവളമുള്ളത്. എന്നാല്‍ പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള ഇവിടെ പല വിമാനങ്ങള്‍ക്കും ഇറങ്ങാന്‍ പോലും കഴിയില്ല.
ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അവിടേക്ക് യാത്രികരെ ക്ഷണിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ജനുവരി നാലിനായിരുന്നു ലക്ഷദ്വീപില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ സഹിതമുള്ള മോദിയുടെ പോസ്റ്റ്. ലക്ഷദ്വീപില്‍ സ്നോര്‍ക്കലിങ് ചെയ്യുന്നതിന്റെ ചിത്രങ്ങളും മോദി എക്സില്‍ പോസ്റ്റു ചെയ്തിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ലക്ഷദ്വീപിനെ പ്രകീര്‍ത്തിച്ചുള്ള പോസ്റ്റുകള്‍ മാലദ്വീപ് ടൂറിസത്തെ തകര്‍ക്കാനാണെന്ന ആരോപണം ഉയര്‍ന്നു. മാലദ്വീപിലെ മന്ത്രിമാരടക്കം ഈ ആരോപണം ഉന്നയിച്ചതോടെ വിവാദം പുതിയ തലത്തിലേക്കെത്തി.
നരേന്ദ്ര മോദിയുടെ പോസ്റ്റിനെതിരെ മാലദ്വീപ് ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവരാണ് പ്രതികരിച്ചത്. വിവാദമായതോടെ ഇവര്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇത് ഔദ്യോഗിക നിലപാടല്ലെന്ന് വിശദീകരിച്ച മാലദ്വീപ് സര്‍ക്കാര്‍ മൂന്നു മന്ത്രിമാര്‍ക്കെതിരെയും നടപടിയെടുക്കുകയും ചെയ്തു.
മറിയം ഷിയുനയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയയില്‍ 'മാലദ്വീപിനെ ബഹിഷ്കരിക്കൂ, ഇന്ത്യന്‍ ദ്വീപുകളെ കൂടുതലറിയൂ' എന്ന ആഹ്വാനം ഉയര്‍ന്നിരുന്നു. മാലദ്വീപിലേക്കുള്ള വിദേശ ടൂറിസ്റ്റുകളില്‍ ഇന്ത്യക്കാരാണ് മുന്നില്‍. മാലദ്വീപിന്റെ പുതിയ പ്രധാനമന്ത്രിയും സര്‍ക്കാരും ഇന്ത്യയേക്കാള്‍ ചൈനയുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്കെന്ന മാലദ്വീപ് പ്രസിഡന്റുമാരുടെ കീഴ്വഴക്കം മുഹമ്മദ് മുയിസു പാലിച്ചിരുന്നില്ല. തുര്‍ക്കിയും യു.എ.ഇയും സന്ദര്‍ശിച്ച ശേഷം മാലദ്വീപ് പ്രസിഡന്റ് ചൈനയിലേക്കും എത്തിയിരുന്നു.