ADVERTISEMENT

അതിർത്തി കടന്നുള്ള ഇറാന്റെ മിസൈലാക്രമണം പാക്കിസ്ഥാനെ കടുത്ത സമ്മർദത്തിലാക്കിയിരിക്കുകയായിരുന്നു. ഒരു ആണവ ശക്തിയെയാണ് ആണവവിദ്യ കൈവശമില്ലാത്ത രാജ്യം ആക്രമിച്ചതെന്നത് മറ്റൊരു കൗതുകകരമായ വസ്തുത. ഇത്തരമൊരു ആക്രമണം അപൂർവമാണ്. ഇപ്പോഴിതാ ഇറാനിലെ ഏഴോളം മേഖലകളി‍ൽ പാക്കിസ്ഥാൻ തിരിച്ചടിച്ചിരിക്കുന്നു.

പാക്കിസ്ഥാനിലെ ജെയ്ഷ് അൽ അദ്ൽ എന്ന ഭീകരസംഘടനയെ ലക്ഷ്യമിട്ടായിരുന്നു ആദ്യം ഇറാന്റെ ആക്രമണം. അതിൽ രണ്ടുപേർ മരിച്ചെന്നും മൂന്നു പേർക്കു പരുക്കേറ്റെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പാക്കിസ്ഥാനിലെ പാഞ്ച്ഗുർ നഗരത്തിനു സമീപമായിരുന്നു ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.

(Photo: Aamir Qureshi/AFP)
(Photo: Aamir Qureshi/AFP)

തിങ്കളാഴ്ച വൈകിട്ടു വടക്കൻ ഇറാഖിലെ കുർദിസ്ഥാൻ നഗരമായ ഇർബിലിലും വടക്കൻ സിറിയയിലെ ഐഎസ് താവളങ്ങളിലും ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. ജയ്ഷെ അൽ അദ്‌ൽ എന്ന ഭീകരസംഘടനയുടെ ബലൂച് പഞ്ച്ഗറിലെ 2 താവളങ്ങളും തകർത്തുവെന്നാണ് ഇറാൻ ചൊവ്വാഴ്ച വെളിപ്പെടുത്തിയത്.

 മിസൈൽ ആക്രമണങ്ങളിൽ 2 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടെന്നു പാക്കിസ്ഥാനും അറിയിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാൻ ഇറാനിലെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചു. ഇറാന്റെ പ്രതിനിധിയോട് തിരികെ വരേണ്ടെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞമാസം ഇറാന്റെ തെക്കുകിഴക്കൻ പ്രവിശ്യയായ സിസ്തൻ ബലൂചിസ്ഥാനിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് 11 പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത് അടക്കം ഇറാന്റെ അതിർത്തി മേഖലയിൽ സമീപകാലത്തു നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ പാക്ക് ഭീകരസംഘടനയാണെന്നാണ് ഇറാൻ ആരോപിക്കുന്നത്. 

താരതമ്യേന സൗഹാർദപരമായ ബന്ധമായിരുന്നു ഇറാനും പാക്കിസ്ഥാനും തമ്മിലുണ്ടായിരുന്നത്. പാക്കിസ്ഥാൻ പിറവികൊണ്ടപ്പോൾ തന്നെ അംഗീകരിച്ച രാജ്യമാണ് ഇറാൻ. ശീതയുദ്ധകാലത്ത് ഇരുവരും പടിഞ്ഞാറൻ ബ്ലോക്കിലെ പ്രധാന അംഗങ്ങളുമായിരുന്നു. അടുത്തിടെ സൈനിക, ഭരണതലങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കെയാണ് ആക്രമണം നടന്നത്.

 ഈ ആക്രമണം നിയമവിരുദ്ധമാണെന്നും തിരിച്ചടിക്കാൻ തങ്ങൾക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്നും പാക്ക് പ്രതിരോധവകുപ്പ് തങ്ങളുടെ പ്രതികരണത്തിൽ പറയുന്നു. അതേസമയം, ഇന്ത്യയുമായും അഫ്ഗാനിസ്ഥാനുമായും കലുഷിതമായ ബന്ധമുള്ള പാക്കിസ്ഥാൻ തങ്ങളുടെ മൂന്നാമത്തെ അയൽക്കാരുമായും പ്രശ്‌നമുണ്ടാക്കാൻ താൽപര്യം കാട്ടിയേക്കില്ലെന്നു രാജ്യാന്തര നിരീക്ഷകർ പറയുന്നുണ്ട്. കാവൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭരണം നടക്കുന്ന പാക്കിസ്ഥാനിൽ ഇപ്പോൾ ശക്തമായ ഒരു നേതൃത്വമില്ല. സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയുമാണ് രാജ്യം. ഈ അവസരത്തിലുള്ള യുദ്ധം ഭരണകൂടത്തെ സമ്മർദത്തിലാക്കുമെന്നാണ് നിരീക്ഷകരുടെ വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT