ADVERTISEMENT

പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിര്‍മിത ദുരന്തങ്ങളും നമുക്ക് പ്രവചിക്കുക എളുപ്പമല്ല. എങ്കിലും ഒരു യുദ്ധം വന്നാലോ വെള്ളപ്പൊക്കം വന്നാലോ എങ്ങനെ പ്രതിരോധിക്കണമെന്നു മുന്‍കരുതലെടുക്കാന്‍ നമുക്കാവും. ഇത് ഇത്തരം ദുരന്തസമയങ്ങളിലുണ്ടാവുന്ന ആഘാതം കുറക്കാന്‍ സഹായിക്കും. തുടര്‍ച്ചയായുള്ള ബോധവല്‍ക്കരണവും പ്രവര്‍ത്തനങ്ങളും മൂലം മാത്രം സാധ്യമാവുന്നതാണിത്. വേള്‍ഡ് സിവില്‍ ഡിഫെന്‍സ് ഡേ ഇത്തരമൊരു കൂട്ടായ്മയുടെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതാണ്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സാധാരണക്കാരും കൈകോര്‍ത്തുകൊണ്ട് ദുരന്തങ്ങളെ അതിജീവിക്കേണ്ടതുണ്ടെന്ന ആശയത്തിലാണ് സിവില്‍ ഡിഫെന്‍സ് സംഘടനകള്‍ പിറവിയെടുക്കുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ച് ഒന്നിനാണ് വേള്‍ഡ് സിവില്‍ ഡിഫെന്‍സ് ഡേയായി ആചരിക്കുന്നത്. ദുരന്തങ്ങളുടേയും അപകടങ്ങളുടേയും മറ്റ് അടിയന്തിര സാഹചര്യങ്ങളുടേയും ഘട്ടത്തില്‍ സിവില്‍ ഡിഫെന്‍സ് സംഘങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസമാവാറുണ്ട്. സമൂഹത്തിന്റെ പൊതു നന്മക്കു വേണ്ടി നിസ്വാര്‍ഥ സേവനത്തിനു തയ്യാറാവുന്ന സുമനസുകളാണ് സിവില്‍ ഡിഫെന്‍സിന്റെ കരുത്ത്.

civil-defence-1 - 1
സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള പരിശീലനം

യുഎന്‍ മുന്‍കയ്യെടുത്ത് തുടക്കം

വേള്‍ഡ് സിവില്‍ ഡിഫെന്‍സ് ഡേയുടെ ചരിത്രം ചികഞ്ഞു പോയാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിലേക്കു വരെ പോവേണ്ട വരും. സാങ്കേതികമായും സാമൂഹ്യമായും രാഷ്ട്രീയമായും അന്താരാഷ്ട്ര തലത്തില്‍ അതിവേഗത്തില്‍ മാറ്റങ്ങള്‍ സംഭവിച്ച ശീതയുദ്ധകാലത്തിന്റെ തുടക്കത്തിലായിരുന്നു അന്താരാഷ്ട്ര തലത്തില്‍ ഒരു സിവില്‍ ഡിഫെന്‍സ് സംഘടന വരുന്നത്. 1950ല്‍ രൂപീകരിച്ച ഐസിഡിഒ അഥവാ ഇന്റര്‍നാഷണല്‍ സിവില്‍ ഡിഫെന്‍സ് ഓര്‍ഗനൈസേഷനായിരുന്നു അത്. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ രൂപവത്ക്കരിച്ച ഈ സംഘടനയുടെ ആസ്ഥാനം സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയാണ്. 1990ല്‍ ഐസിഡിഒയാണ് വേള്‍ഡ് സിവില്‍ ഡിഫെന്‍സ് ഡേ ആചരിച്ചു തുടങ്ങിയത്.

ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു മുന്‍പേ

ഇന്ത്യയിലെ സിവില്‍ ഡിഫന്‍സ് പരിശ്രമങ്ങള്‍ സ്വാതന്ത്ര്യ പൂര്‍വ ഇന്ത്യയോളം പഴക്കമുള്ളതാണ്. 1941 ഒക്ടോബര്‍ 24നാണ് സിവില്‍ ഡിഫെന്‍സ് എന്ന പേരില്‍ സംഘടന രൂപവത്ക്കരിച്ചത്. യുദ്ധങ്ങളുടേയും പ്രകൃതി ദുരന്തങ്ങളുടേയും സമയത്ത് സിവില്‍ ഡിഫെന്‍സ് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചിട്ടുണ്ട്. ഇന്ത്യയില്‍ സര്‍ക്കാരിനു കീഴിലുള്ള ഏറ്റവും വലിയ സിവില്‍ ഓര്‍ഗനൈസേഷനാണിത്. സിവില്‍ ഡിഫന്‍സ് ആക്ട് 1968 മെയ് മാസത്തില്‍ നമ്മുടെ പാര്‍ലമെന്റ് പാസാക്കുകയും ചെയ്തിരുന്നു.

1962 നവംബറില്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ സിവില്‍ ഡിഫെന്‍സ് രാജ്യത്തിനോടുള്ള പ്രതിബന്ധതയും കരുത്തും തെളിയിച്ചിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 1965ല്‍ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധമുണ്ടായപ്പോഴും സിവില്‍ ഡിഫെന്‍സ് നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ നടത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം സിവില്‍ ഡിഫെന്‍സ് സേനകളുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും മാറി. മനുഷ്യ നിര്‍മിതവും അല്ലാത്തതുമായ ദുരന്തങ്ങള്‍ക്കു നേരെ ആദ്യം പ്രതികരിക്കുന്ന സംഘങ്ങളായി സിവില്‍ ഡിഫെന്‍സ് സേനകള്‍ മാറി.

140 കോടി ഇന്ത്യക്കാരെ ബഹിരാകാശത്തേക്കുയർത്തുന്ന 4 യാത്രികർ

കേരളത്തിലെ സിവില്‍ ഡിഫെന്‍സ്

2018ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തില്‍ സിവില്‍ ഡിഫെന്‍സ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായിരുന്നു. കേരളാ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വ്വീസസ് ഡയറക്ടര്‍ ജനറലാണ് സിവില്‍ ഡിഫന്‍സിന്റേയും മേധാവി. ഓരോ അഗ്നിരക്ഷാ നിലയങ്ങളുടെ കീഴിലും പരിശീലനം നേടിയ 50 പേരുടെ സംഘമാണ് ലക്ഷ്യമിടുന്നത്. ദുരന്ത നിവാരണ അഗ്നിരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും പ്രതിസന്ധിഘട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് നഷ്ടങ്ങള്‍ പരമാവധി കുറക്കുകയുമാണ് കേരളത്തിലെ സിവില്‍ ഡിഫെന്‍സിന്റെ ലക്ഷ്യം.. ദുരന്തമുഖത്ത് പ്രതിരോധത്തിന്റെ ഉറച്ച കോട്ട പടുത്തുയർത്തുന്ന കേരള സിവില്‍ ഡിഫൻസിനെക്കുറിച്ച് കൂടുതൽ അറിയാനും അംഗമാകാനും–https://www.cds.fire.kerala.gov.in/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com