ADVERTISEMENT

അറബിക്കടലിൽ പുതിയ നാവികത്താവളമായ ഐഎൻഎസ് ജടായു, ഇന്ത്യൻ മഹാസമുദ്രത്തിലെ അഗലേഗ ദ്വീപിൽ മൊറീഷ്യസുമായി കൈകോർത്ത് എയർ സ്ട്രിപ്പും അനുബന്ധ സൗകര്യങ്ങളും, ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ കേന്ദ്രീകരിച്ച് നാവികത്താവളം. സമുദ്രമേഖലയിൽ ആധിപത്യം അരക്കിട്ടുറപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇന്ത്യ. ലക്ഷദ്വീപിലും ഇന്ത്യൻ മഹാസമുദ്രത്തിലും ആൻഡമാനിലുമെല്ലാമായി ഇന്ത്യ സൈനികസാന്നിധ്യം ശക്തമാക്കുന്നതെന്തുകൊണ്ടാണ്?

ഐഎൻഎസ് ചെന്നൈയുടെ ഫയൽ ചിത്രം (Photo by INDRANIL MUKHERJEE / AFP)
ഐഎൻഎസ് ചെന്നൈയുടെ ഫയൽ ചിത്രം (Photo by INDRANIL MUKHERJEE / AFP)

മഹാസമുദ്രങ്ങളിൽ ചൈനയ്ക്കെതിരെ പടയ്ക്കിറങ്ങിയിരിക്കുകയാണോ ഇന്ത്യ?  7,517 കിലോമീറ്റർ സമുദ്രതീരം, 1300 ദ്വീപുകൾ, 24 ലക്ഷം ചതുരശ്ര കിലോമീറ്റർ എക്സ്ക്ലൂസിവ് ഇക്കണോമിക് സോൺ (ഇന്ത്യയുടെ അധീനതയിലുള്ള സമുദ്രമേഖല), 13 പ്രധാന തുറമുഖങ്ങൾ, 14,500 കിലോമീറ്റർ ജലപാത എന്നിവയുൾപ്പെടുന്ന വിശാല സമുദ്രമേഖലയുടെ അധിപയായ ഇന്ത്യയുടെ ആഴക്കടലിലെ മുന്നേറ്റത്തെക്കുറിച്ചറിയാം.

ജടായു നാവികത്താവളത്തിന്റെ ചിഹ്നം.
ജടായു നാവികത്താവളത്തിന്റെ ചിഹ്നം.

മാർച്ച് ആറിനാണ്  മിനിക്കോയിയിൽ ലക്ഷദ്വീപിലെ രണ്ടാമത്ത് നാവികത്താവളമായ ഐഎൻഎസ് ജടായു ഇന്ത്യ കമ്മീഷൻ ചെയ്തത്. സീതാപഹരണം ആദ്യം കാണുകയും തടയാൻ ശ്രമിക്കുകയും ചെയ്ത പക്ഷിരാജൻ ജടായുവിൻറെ പേര് അന്വർഥമാക്കുംവിധം ഏറ്റവുമാദ്യം പ്രതികരിക്കുന്ന നാവികശക്തിയാകും ഐഎൻഎസ് ജടായുവെന്നാണ് നാവികത്താവളം കമ്മിഷൻ ചെയ്തുകൊണ്ട് മേധാവി അഡ്‌മിറൽ ആർ. ഹരികുമാർ പറഞ്ഞത്. ‌ 

' ഏറ്റവുമാദ്യം പ്രതികരിക്കുന്ന നാവികശക്തിയാകും ഐഎൻഎസ് ജടായു'

ജടായുച്ചിറകിൻ കീഴിൽ

ലക്ഷദ്വീപിലെ രണ്ടാമത്തെ നാവികത്താവളമാണ് ഐഎൻഎസ് ജടായു. 2012ൽ കവരത്തിയിൽ സ്ഥാപിച്ച ഐഎൻഎസ് ദ്വീപ്‌രക്ഷകാണ് ലക്ഷദ്വീപിലെ ആദ്യത്തെ നാവികസേനാത്താവളം. എൺപതുകളുടെ തുടക്കത്തിൽ മിനിക്കോയിയിൽ സ്ഥാപിച്ച നേവി ഡിറ്റാച്ച്മെൻറ് കേന്ദ്രത്തെയാണ് ഐഎൻഎസ് ജടായുവാക്കി മാറ്റിയത്. ഡിറ്റാച്ച്മെൻറ് മിനിക്കോയിയിൽ ഭരണ, മെഡിക്കൽ സൗകര്യങ്ങൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ റഡാർ സ്റ്റേഷൻ, കമ്യൂണിക്കേഷൻ സെൻറർ, ബാരക്കുകൾ, ബേസ് ഹെഡ്ക്വാട്ടേഴ്സ് എന്നിവയടക്കം സമ്പൂർണ സൗകര്യങ്ങളുള്ള നാവികത്താവളമാക്കിയാണ് ജടായുവിനെ വികസിപ്പിക്കുന്നത്. കടൽക്കൊള്ളയ്ക്കും ലഹരിക്കടത്തിനുമെതിരേയുള്ള സേനയുടെ പോരാട്ടങ്ങൾക്ക് ജടായു കൂടുതൽ ശക്തിപകരുമെന്നും നാവികസേന പറയുന്നു. 


ഗോവയിൽ അഭ്യാസത്തിനിടെ  ഇന്ത്യൻ നേവിയുടെ മിഗ് 29 വിമാനം തലകുത്തനെ പറപ്പിക്കുന്ന പൈലറ്റ് (Photo by HO / MOD / AFP)
ഗോവയിൽ അഭ്യാസത്തിനിടെ ഇന്ത്യൻ നേവിയുടെ മിഗ് 29 വിമാനം തലകുത്തനെ പറപ്പിക്കുന്ന പൈലറ്റ് (Photo by HO / MOD / AFP)

മാർച്ച് ആറിന് തന്നെ കൊച്ചിയിലെ ഐഎൻഎസ് ഗരുഡിൽ നാവികസേന കമ്മിഷൻ ചെയ്ത മുങ്ങിക്കപ്പൽ വേധ ഹെലികോപ്റ്ററായ എംഎച്ച്60 റോമിയോ, പി81 സമുദ്ര നിരീക്ഷണവിമാനങ്ങൾ, മിഗ് 29 യുദ്ധവിമാനങ്ങൾ എന്നിവ ഇന്ത്യൻ സമുദ്രമേഖലയെ കാത്ത് ജടായുവിൽ സുസജ്ജമായുണ്ടാകും.  യുഎസിൽനിന്ന് വാങ്ങാൻ ഇന്ത്യ ഓർഡർ നൽകിയ 24 എംഎച്ച്60 റോമിയോ മൾട്ടിറോൾ ഹെലികോപ്റ്ററുകളിൽ എത്തിയ ആറെണ്ണം ഇപ്പോൾ ഐഎൻഎസ് വിക്രാന്തിലാണ്. ഈ കോപ്റ്ററുകളുടെ രണ്ടാമത്തെ പ്രവർത്തനകേന്ദ്രമാകും ജടായു. 

ലക്ഷദ്വീപിലെ മിനിക്കോയിയിൽ പുതിയ നാവികത്താവളം ഐഎൻഎസ് ജടായുവിന്റെ കമ്മിഷനിങ്ങിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു. നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ സമീപം.
ലക്ഷദ്വീപിലെ മിനിക്കോയിയിൽ പുതിയ നാവികത്താവളം ഐഎൻഎസ് ജടായുവിന്റെ കമ്മിഷനിങ്ങിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു. നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ സമീപം.

ജടായുവിന് പുറമേ മിനിക്കോയിയിൽ സൈനിക–സിവിലിയൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന വിമാനത്താവളത്തിൻറെ നിർമാണം അവസാനഘട്ടത്തിലാണ്. കവരത്തിയിൽ 24 മണിക്കൂറും പ്രവർത്തനസജ്ജമായ ഹെലികോപ്റ്റർ ഹാങർ നിർമിക്കാനും കേന്ദ്രം അനുമതി നൽകിക്കഴിഞ്ഞു.  

എന്തുകൊണ്ട് ലക്ഷദ്വീപും മിനിക്കോയിയും

1947ൽ ഇന്ത്യ സ്വതന്ത്രയായ കാലം. മുസ‍്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ അടിസ്ഥാനമാക്കി വിഭജിക്കപ്പെട്ട പാക്കിസ്ഥാൻ പടിഞ്ഞാറും കിഴക്കുമായി ചിതറിക്കിടക്കുന്നു. ഇതിനിടെ  ദക്ഷിണേന്ത്യയ്ക്ക് തൊട്ടടുത്തായി ജനസംഖ്യയുടെ 93%  മുസ്‌ലിങ്ങളുള്ള ദ്വീപസമൂഹങ്ങളിൽ പാക്കിസ്ഥാൻറെ കണ്ണുപതിഞ്ഞു. ഇന്ത്യയുടെ പടിഞ്ഞാറ്  മാലയിൽ കോർത്ത മുത്തുപോലെ കിടക്കുന്ന ലക്ഷദ്വീപ്. ‌

KOZHIKODE 14th April 2014 : Aerial view of Suheli Dweep at Lakshadweep Islands / Photo from Feroke Manorama #
KOZHIKODE 14th April 2014 : Aerial view of Suheli Dweep at Lakshadweep Islands / Photo from Feroke Manorama

ലക്ഷദ്വീപ് ലക്ഷ്യമിട്ട് കറാച്ചിയിൽനിന്ന് പാക്ക് കപ്പൽ പുറപ്പെട്ടു. വിവരം ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സർദാർ വല്ലഭ്‌ഭായ് പട്ടേലിൻറെ കാതിലുമെത്തി. കേരളത്തിൽനിന്ന് വെറും 400 കിലോമീറ്റർ മാത്രം അകലെയുള്ള ലക്ഷദ്വീപിൻറെ തന്ത്രപ്രാധാന്യം തിരിച്ചറിഞ്ഞ പട്ടേൽ ദ്വീപ് വിട്ടുനൽകാൻ ഒരുക്കമായിരുന്നില്ല. വല്ലഭ്ഭായ് പട്ടേൽ ഉടൻതന്നെ മൈസൂർ ദിവാനായിരുന്ന രാമസ്വാമി മുദലിയാർ, സഹോദരനും പ്രസിദ്ധ ഫിസീഷ്യനുമായിരുന്ന ലക്ഷ്മൺസ്വാമി മുദലിയാർ തുടങ്ങിയവരെ ബന്ധപ്പെട്ടു. എത്രയുംവേഗം പൊലീസ് ലക്ഷദ്വീപിലെത്തണമെന്ന് മുദലിയാർ സഹോദരങ്ങൾ വഴി പട്ടേൽ തിരുവിതാംകൂർ കളക്ടറെ അറിയിച്ചു. 

ലക്ഷദ്വീപ് ലക്ഷ്യമിട്ട് കറാച്ചിയിൽനിന്ന് പാക്ക് കപ്പൽ പുറപ്പെട്ടു

ത്വരിതവേഗത്തിൽ നടപടി. 2,294 കിലോമീറ്റർ താണ്ടി പാക്കിസ്ഥാൻ കപ്പലെത്തുമ്പോൾ കണ്ടത് ലക്ഷദ്വീപിൽ പാറുന്ന ത്രിവർണപതാക. അതോടെ പാക്ക് കപ്പൽ കറാച്ചിയിലേക്ക് തന്നെ തിരികെപ്പോയി. പാക്കിസ്ഥാൻ മാത്രമല്ല തൊട്ടടുത്തുള്ള മാലദ്വീപിൽ കടന്നുകയറി ചൈനയും ലക്ഷദ്വീപിനെ ലക്ഷ്യംവെയ്ക്കുന്നുണ്ട്. ചൈനാ ഭീഷണി ചെറുക്കാനായി അറബിക്കടലിലെ ഇന്ത്യയുടെ നാവികശക്തികേന്ദ്രമായി മാറാൻ ലക്ഷദ്വീപിനാകും. യൂറോപ്പും കിഴക്കനേഷ്യയും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ കപ്പൽപ്പാതയായ 9 ഡിഗ്രി ചാനലിന് തൊട്ടടുത്തുള്ളതിനാൽ ഇവിടെനിന്ന് ചരക്കുനീക്കവും നിരീക്ഷിക്കാനാകും. ഇസ്രയേൽ–പലസ്തീൻ യുദ്ധം തുടങ്ങിയതോടെ ചെങ്കടലിൽ ഹൂതി വിമതർ കപ്പലുകൾക്ക് നേരെ ആക്രമണം തുടങ്ങിയതും സൊമാലിയൻ കടൽക്കൊള്ളക്കാർ വീണ്ടും സജീവമാകുകയും ചെയ്ത കാലത്താണ് അറബിക്കടലിൽ ഇന്ത്യയുടെ നിർണായക നീക്കം.

 2023 നവംബർ മുതൽ ഇതുവരെ ഇരുപതോളം കപ്പലുകൾ സൊമാലിയൻ കൊള്ളക്കാർ ആക്രമിച്ചിട്ടുണ്ട്. ഇതിൽ ഏതാനും ആക്രമണങ്ങൾ ഫലവത്തായി ചെറുക്കാൻ ഇന്ത്യൻ നാവികസേനയ്ക്കായി. ഹൂതി, സൊമാലിയൻ ആക്രമണം പ്രതിരോധിക്കാൻ പത്തിലേറെ യുദ്ധക്കപ്പലുകളാണ് ഇന്ത്യ ഏദൻ കടലിടുക്കിൽ വിന്യസിച്ചിട്ടുള്ളത്. ജടായുവിൻറെ വരവ് ഈ പോരാട്ടത്തിനും കരുത്താകും. 

36 ദ്വീപുകളുള്ള ലക്ഷദ്വീപിൻറെ  ഏറ്റവും തെക്കേ അറ്റത്താണ് മിനിക്കോയ്. കൊച്ചിയിൽനിന്ന് ഏകദേശം  400 കിലോമീറ്റർ ദൂരെയാണ് മിനിക്കോയ്. എന്നാൽ മാലദ്വീപിൽനിന്ന് മിനിക്കോയിലേക്കുള്ളത് വെറും 130 കിലോമീറ്റർ മാത്രം.  അതുകൂടാതെ കിഴക്ക്–പടിഞ്ഞാറൻ ഏഷ്യയിലേക്കുള്ള ചരക്കുനീക്കത്തിൻറെ സിംഹഭാഗവും നടക്കുന്ന പ്രധാന സമുദ്രപാതയായ 9 ഡിഗ്രി ചാനല്‍ കടന്നുപോകുന്നത് മിനിക്കോയിക്കും സുഹാലി പാർ ദ്വീപിനും നടുവിലൂടെയാണ്. വലിയതോതിൽ ചൈനയും 9 ഡിഗ്രി ചാനലിനെ ആശ്രയിക്കുന്നുണ്ട്. മാലദ്വീപിലൂടെ അറബിക്കടലിൽ സാന്നിധ്യം വർധിപ്പിക്കാൻ ശ്രമിക്കുന്ന ചൈനയെ പ്രതിരോധിക്കാനാകുമെന്നതാണ് മിനിക്കോയിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള രണ്ടാമത്തെ ഘടകം. 2023 നവംബറിൽ അറബിക്കടലിന് വടക്ക് ചൈനയും പാക്കിസ്ഥാനും സംയുക്ത സൈനികാഭ്യാസം സംഘിടിപ്പിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. (File Photo by PTI)
പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. (File Photo by PTI)

അഗലേഗയിലെ ഇന്ത്യൻ കണ്ണ് 

‘ഇന്ത്യൻ മഹാസമുദ്രം നിയന്ത്രിക്കുന്നതാരോ അവർ ഏഷ്യ ഭരിക്കും’–യുഎസ് നാവികസേന അഡ്‌മിറൽ ആൽഫ്രഡ് മഹാൻറെ വാക്കുകളാണ്.  ഇന്ത്യൻ സമുദ്രം കീഴടക്കി ഏഷ്യയെ ഭരിക്കുന്ന ശക്തിയാകാൻ ഇന്ത്യയും ചൈനയും തമ്മിലുള്ള പോര് തുടങ്ങിയിട്ട് വർഷങ്ങളായി.  ഇന്ത്യൻ സമുദ്രത്തിൻറെ 40 % കൈയാളുന്ന ഇന്ത്യയ്ക്കാണ് മേഖലയിൽ മേൽക്കൈയെങ്കിലും മാലദ്വീപിനെ വരുതിയിലാക്കിയതിനു പുറമേ ജിബൂട്ടിയിൽ സൈനികത്താവളം, പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖം, ശ്രീലങ്കയിലും മ്യാൻമറിലും നടത്തിവരുന്ന ദുരൂഹ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി 20 വർഷത്തിനിടെ  ഇന്ത്യൻ മഹാസമുദ്രത്തിൽ സാന്നിധ്യമുറപ്പിക്കാൻ ചൈന നടത്തുന്ന ശ്രമങ്ങളുയർത്തുന്ന ഭീഷണി ചെറുതല്ല. ചൈനയെ പ്രതിരോധിക്കാനും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ മേൽക്കൈ നിലനിർത്താനുമുള്ള ഇന്ത്യയുടെ ഏറ്റവും പുതിയ നീക്കമാണ് മൊറീഷ്യസിലെ അഗലേഗ ദ്വീപിൽ ഇന്ത്യ നിർമിച്ചു നൽകിയ എയർസ്ട്രിപ്പും ജെട്ടിയും. 

ഫെബ്രുവരി 29ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്‌നാഥും സംയുക്തമായാണ് എയർസ്ട്രിപ്പും ജെട്ടിയും ഉദ്ഘാടനം ചെയ്തത്. മൊറീഷ്യസ് തലസ്ഥാനമായ പോർട്ട് ലൂയിസിൽനിന്ന് 1,100 കിലോമീറ്റർ വടക്കുള്ള അഗലേഗയിൽ ‌ ഇന്ത്യയുടെ സമുദ്രനിരീക്ഷണ വിമാനമായ പി81ന് പ്രവർത്തിക്കാൻ കഴിയുംവിധമാണ് മൂന്ന് കിലോമീറ്ററുള്ള എയർസ്ട്രിപ്പിൻറെ നിർമാണം. അവശ്യസാഹചര്യങ്ങളിൽ ഈ എയർസ്ട്രിപ്പ് ഇന്ത്യയ്ക്ക് ലോഞ്ചിങ് പാഡായി ഉപയോഗിക്കാനാകും. ഇവിടെനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിൻറെ പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിലും ആഫ്രിക്കയുടെ തെക്ക്, കിഴക്ക് തീരങ്ങളും നാവികസേനയുടെ നിരീക്ഷണവലയത്തിനുള്ളിലാകും. 

മഡഗാസ്കറിനും കിഴക്കൻ ആഫ്രിക്കയ്ക്കും മധ്യേയുള്ള പ്രധാന കപ്പൽപ്പാതയായ മൊസാംബിക്ക് ചാനലിന് അടുത്താണെന്നതും അഗലേഗയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ആഗോള ടാങ്കർ ചരക്കുനീക്കത്തിൻറെ 30 ശതമാനവും കടന്നുപോകുന്നത് മൊസാംബിക്ക് ചാനലിലൂടെയാണ്. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്കടലിലൂടെയുള്ള ചരക്കുനീക്കത്തിൽ ഭൂരിഭാഗവും അഗലേഗയ്ക്ക് സമീപമുള്ള പ്രതീക്ഷാ മുനമ്പിലേക്ക് ( കേപ് ഓഫ് ഗുഡ് ഹോപ്) തിരിച്ചുവിടുന്നതിനാൽ എയർസ്ട്രിപ്പ് പ്രവർത്തനം തുടങ്ങാൻ ഇന്ത്യ തിരഞ്ഞെടുത്ത സമയവും നിർണായകമാണ്.

Image Credit: Dushyant Kumar Thakur/istockphoto
Image Credit: Dushyant Kumar Thakur/istockphoto

ബംഗാൾക്കടലിന് കാവൽ ബാസു കൊഹാസയും 

ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ കേന്ദ്രീകരിച്ചാണ് ഇന്ത്യയുടെ നാവികമുന്നേറ്റം. 2019ൽ  ആൻഡമാനിൽ സൈനികസംവിധാനങ്ങൾ ഒരുക്കുന്നതിനായി 5,500 കോടി രൂപയാണ് ഇന്ത്യ നീക്കിവെച്ചത്.  ഷിബ്‌പുരിലെ ഐഎൻഎസ് കൊഹാസ്സ, കാംപ്ബെൽ ബേയിലെ ഐഎൻഎസ് ബാസ് എന്നിവയാണ് ആൻഡമാനിലെ നാവികകേന്ദ്രങ്ങൾ. പി81 നിരീക്ഷണ വിമാനങ്ങൾക്ക് പറന്നിറങ്ങാനാകുന്ന തരത്തിൽ രണ്ടിടങ്ങളിലെയും റൺവേകൾ അടുത്തിടെ നീളം കൂട്ടി നവീകരിച്ചിട്ടുണ്ട്. 

450 നോട്ടിക്കൽ മൈലിൽ 572 ദ്വീപുകളും 24 തുറമുഖങ്ങളുമുള്ള ആൻഡമാൻ നിക്കേബാർ ദ്വീപസമൂഹം തെക്കുകിഴക്കൻ ഭാഗങ്ങളിൽ ഇന്ത്യയുടെ സാന്നിധ്യവും നിരീക്ഷണവും ഉറപ്പിക്കാൻ സഹായിക്കുന്നു.  മലേഷ്യയ്ക്കും ഇന്തൊനീഷ്യയ്ക്കുമിടയിലുള്ള സുപ്രധാന കപ്പൽപ്പാതയായ മലാക്ക കടലിടുക്കിന് തൊട്ടുപടിഞ്ഞാറാണ് ആൻഡമാൻ ദ്വീപുകളുടെ സ്ഥാനം. ലോകത്തെ ഏറ്റവും പ്രധാന കപ്പൽപ്പാതകളിലൊന്നാണിത്. പ്രതിവർഷം ഇന്ത്യൻ സമുദ്രത്തിലൂടെ കടന്നുപോകുന്ന 1.20 ലക്ഷത്തോളം കപ്പലുകളിൽ എഴുപതിനായിരവും മലാക്ക കടലിടുക്കിനെ ആശ്രയിക്കുന്നു. 

ചൈനയിലേക്കുള്ള എണ്ണക്കപ്പലുകളിൽ 80 ശതമാനവും കടന്നുപോകുന്നത് മലാക്ക കടലിടുക്കിലൂടെയായതിനാൽ അവിടേക്ക് മിഴിതുറന്നിരിക്കുന്ന നാവികകേന്ദ്രം ഇന്ത്യയ്ക്ക് കരുത്താണ്. മ്യാൻമറിൽനിന്ന് വെറും 22 നോട്ടിക്കൽ മൈലും ഇന്തൊനീഷ്യയിൽനിന്ന് 90 നോട്ടിക്കൽ മൈലുമാണ് ആൻഡമാനിലേക്കുള്ള ദൂരം. മലാക്ക കടലിടുക്ക് കൂടാതെ പ്രധാന കപ്പൽപ്പാതകളായ ആറാം ഡിഗ്രി ചാനലും പത്താം ഡിഗ്രി ചാനലും ആൻഡമാന് സമീപത്താണ്. വർഷംതോറും അറുപതിനായിരത്തോളം കപ്പലുകളാണ് ഈ ചാനലിലൂടെ കടന്നുപോകുന്നത്. ഇന്ത്യയെ വളഞ്ഞ് മേധാവിത്വം സ്ഥാപിക്കാനുള്ള ചൈനയുടെ സ്ട്രിങ് ഓഫ് പേൾസ് തന്ത്രത്തിനുള്ള മറുപടി കൂടിയാണ് സമുദ്രമേഖലയിലെ ഇന്ത്യയുടെ ഈ മുന്നേറ്റം. 

English Summary:

Navy commissions INS Jatayu at Minicoy, MH-60R helicopter squadron at Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com