ADVERTISEMENT

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ക്രൂസ് മിസൈൽ വിദേശത്തേക്ക് കയറ്റുമതി ചെയ്യുമെന്ന് റിപ്പോർട്ട്. സൗത്ത് ഈസ്റ്റ് ഏഷ്യൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ബ്രഹ്മോസ് മിസൈലിന്റെ ആദ്യ ബാച്ച് കയറ്റുമതി ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ വർഷം തന്നെ കയറ്റുമതി നടക്കും. ഐഎംഡിഇഎക് ഏഷ്യ 2019 എക്സിബിഷനിൽ പങ്കെടുത്ത് സംസാരിക്കവെ ബ്രഹ്മോസ് ഏറോസ്പേസ് മേധാവി എസ്.കെ അയ്യരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ തമ്മിൽ കരാറിലെത്തിയാൽ ബ്രഹ്മോസ് കയറ്റുമതി തുടങ്ങും. അത് ഈ വർഷം അവസാനത്തോടെ നടക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ വന്നിരിക്കുന്നത്.

 

കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യ സ്വന്തമായി നിരവധി മിസൈലുകളും ആയുധങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങളെ പോലെ ആയുധങ്ങൾ വിൽക്കാൻ ഇന്ത്യ മുന്നിട്ടിറങ്ങിയിട്ടില്ല. കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ പോർവിമാനവും മിസൈലുകളും വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ, യൂറോപ്യൻ, ഗൾഫ് രാജ്യങ്ങളെല്ലാം ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ട്.

 

പ്രധാനമായും ആസിയാന്‍ രാജ്യങ്ങളാണ് ഇന്ത്യയുടെ ആയുധം വാങ്ങാൻ സമീപിച്ചിരിക്കുന്നത്. തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന പത്തു രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാൻ. ഇന്ത്യ സ്വന്തമായി നിർമിച്ച ആകാശ്, ഇന്ത്യ–റഷ്യ സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ക്രൂസ് മിസൈലുകൾ എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ.

 

അത്യാധുനിക ക്രൂസ് മിസൈൽ ബ്രഹ്മോസ് വാങ്ങാൻ താൽപര്യപ്പെട്ട് നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിക്കുന്നത്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ഫിലിപ്പെയിൻസ്, ദക്ഷിണ കൊറിയ, അൾജീരിയ, ഗ്രീസ്, മലേഷ്യ, തായ്‌ലൻഡ്, ഈജിപ്ത്, സിംഗപ്പൂർ, ബൾഗേറിയ എന്നീ രാജ്യങ്ങളെല്ലാം ബ്രഹ്മോസ് വാങ്ങാൻ ഇന്ത്യയുമായി ചർച്ച നടത്തിയിട്ടുണ്ട്.

 

ചിലെ, പെറു എന്നീ രാജ്യങ്ങളും ബ്രഹ്മോസ് മിസൈൽ തേടി ഇന്ത്യയിൽ എത്തിയിരുന്നു. ആസിയാൻ രാജ്യങ്ങളിൽ ഇന്തൊനീഷ്യ, വിയറ്റ്നാം, ഫിലിപ്പെയിൻസ് എന്നിവരാണ് മുന്നിലുള്ളത്. എന്നാൽ ആസിയാൻ രാജ്യങ്ങൾക്ക് ഇന്ത്യ ആയുധം വിൽക്കുന്നത് സംബന്ധിച്ച് തീരുമാനത്തിൽ എത്തിയിട്ടില്ല. ഇതിൽ ചില രാജ്യങ്ങൾക്ക് ഇപ്പോൾ തന്നെ ചൈന ആയുധം നൽകുന്നുണ്ട്. നിലവിൽ ഇന്ത്യ ഒരു രാജ്യത്തിനും ആയുധങ്ങൾ വിൽക്കുന്നില്ല.

 

ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന ക്രൂസ് മിസൈലുകളിലൊന്നാണ് ബ്രഹ്മോസ്. ഈ അത്യാധുനിക ക്രൂസ് മിസൈലിന്റെ നിർമാണ ചിലവ് 27.3 ലക്ഷം ഡോളറാണ്. ബ്രഹ്മോസ് ഇടപാട് സംബന്ധിച്ച് ചിലെ പ്രതിരോധ വകുപ്പുമായി ചർച്ച നടന്നിരുന്നു.

 

ദുബായ് എയർഷോയിൽ ബ്രഹ്മോസ് മിസൈലും പ്രദർശിപ്പിച്ചിരുന്നു. ഇതോടെ കസാക്കിസ്ഥാൻ, ബ്രസീൽ, ഇന്തൊനീഷ്യ തുടങ്ങി രാജ്യങ്ങൾ ബ്രഹ്മോസ് വാങ്ങാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ബ്രഹ്മോസ് മിസൈൽ വ്യോമസേന പരീക്ഷണവും പൂർത്തിയാക്കിയിരുന്നു. ഇന്ത്യയുടെ അത്യാധുനിക പോര്‍വിമാനം സുഖോയ്–30 എംകെഐ യിൽ നിന്നാണ് ബ്രഹ്മോസ് പരീക്ഷിച്ചത്. ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകൾക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകൾ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്കരിച്ച് തയാറാക്കുകയായിരുന്നു. ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) പരിഷ്കരിച്ച വിമാനം 2015 ഫെബ്രുവരിയിലാണു വ്യോമസേനയ്ക്കു കൈമാറിയത്. വീണ്ടും ഒരു വർഷത്തെ പരീക്ഷണങ്ങൾക്കും ജോലികൾക്കുമൊടുവിലാണു സുഖോയ് 30-ബ്രഹ്മോസ് സംയോജനം പൂർത്തിയായത്.

 

ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഈ സാങ്കേതിക വിദ്യയുള്ള ഏക രാജ്യവും ഇന്ത്യതന്നെ. നാസിക്കിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിന്റെ കേന്ദ്രത്തിലായിരുന്നു സംയോജനം പൂർത്തിയായത്. മണിക്കൂറിൽ 3600 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാൻ അത്രതന്നെ കരുത്തുള്ള സൂപ്പർ സോണിക് ഫൈറ്റർ ജറ്റ് ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com