ADVERTISEMENT

മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ കഴിഞ്ഞ ദിവസവും മിഗ് -21 തകർന്നു വീണു. പൈലറ്റുമാർ രക്ഷപ്പെട്ടു. ഈ വർഷം തകർന്ന ഇന്ത്യൻ വ്യോമസേനയുടെ പന്ത്രണ്ടാമത്തെ വിമാനമാണിത്. ജനുവരി മുതൽ വിവിധ അപകടങ്ങളിൽ 20 സൈനികരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ പതിവ് ദൗത്യത്തിനിടെയാണ് മിഗ് -21 ട്രെയിനർ വിമാനം തകർന്ന് വീണത്. രണ്ട് പൈലറ്റുമാരും സുരക്ഷിതമായി നിലത്തിറങ്ങി. 

 

2016 ന് ശേഷം 27 ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ തകർന്നതായി പ്രതിരോധ മന്ത്രാലയം നേരത്തെ പാർലമെന്റിനെ അറിയിച്ചിരുന്നു. 2016-17ൽ ആറ് വ്യോമസേന യുദ്ധവിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും ഒരു ഗതാഗത വിമാനവും ഒരു ട്രെയിനർ വിമാനവും തകർന്നുവീണു. 2017-18 ൽ രണ്ട് യുദ്ധവിമാനങ്ങളും ഒരു ട്രെയിനർ വിമാനവും ഐ‌എ‌എഫിന് നഷ്ടമായി.

 

2018-19 ൽ വ്യോമസേനയ്ക്ക് ഏഴ് യുദ്ധവിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും രണ്ട് ട്രെയിനർ വിമാനവും നഷ്ടമായപ്പോൾ ഈ എണ്ണം ഉയർന്നു.

 

ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള പഴയ പോർവിമാനങ്ങള്‍ തിരിച്ചുവിളിച്ചു പുതിയത് വിന്യസിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ഇത്രയും പഴക്കമുള്ള കാറുകള്‍ പോലും ആരും ഓടിക്കില്ല എന്നാണ് മിഗ്–21 നെ കുറിച്ച് ഒരു ചടങ്ങിൽ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ അഭിപ്രായപ്പെട്ടത്.

 

ഇന്ത്യ‍ൻ വ്യോമസേനയിൽ 44 വര്‍ഷം വരെ പഴക്കമുള്ള മിഗ് 21 പോർവിമാനങ്ങളുണ്ട്. ഇതെല്ലാം ഇന്ത്യ ഇപ്പോഴും ഉപയോഗിക്കുന്നുമുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യോമദുരന്തത്തിൽ പെട്ടതും മിഗ് വിമാനങ്ങൾ തന്നെയാണ്. വ്യോമസേനയുടെ ആധുനികവത്കരണവും തദ്ദേശീയവത്കരണവും എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വ്യോമസേന മേധാവി.

 

2019ൽ അവസാനത്തോടെ മിഗ് പോർ വിമാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാകുമെന്നാണ് വ്യോമസേനയുടെ പ്രതീക്ഷ. റഷ്യൻ നിർമിത മിഗ് പോര്‍വിമാനങ്ങള്‍ അവർ പോലും ഉപയോഗിക്കുന്നില്ല. എന്നാൽ ഇന്ത്യ വർഷങ്ങളായി ഇതു തന്നെയാണ് ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ മിഗ് പോർവിമാനത്തിൽ 95 ശതമാനവും ഇന്ത്യന്‍ നിര്‍മിത ഘടകങ്ങളാണ് ഉപോഗിക്കുന്നത്.

 

ലോകത്തിൽ ഏറ്റവും അധികം നിർമിക്കപ്പെട്ടിട്ടള്ള സൂപ്പർസോണിക് ജെറ്റ് വിമാനങ്ങളിലൊന്നാണ് മിഗ് 21. നാലു ഭൂഖണ്ഡങ്ങളിലായി ഏകദേശം 60 രാജ്യങ്ങൾ ഇതിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. സോവിയറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ പോർവിമാനം എച്ച്എഎല്ലാണ് ഇന്ത്യക്കു വേണ്ടി നിർമിക്കുന്നത്. മിഗ് 21 വിമാനങ്ങൾ ഏറ്റവും അധികം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 1961 ലാണ് മിഗ് 21 വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന തീരുമാനിക്കുന്നത്. വ്യോമസേന സ്വന്തമാക്കിയ ഈ ആദ്യ സൂപ്പർസോണിക് ജെറ്റ് വിമാനം 1963 ൽ സേനയുടെ ഭാഗമായി. 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലും 1999 കാര്‍ഗില്‍ യുദ്ധത്തിലും പ്രധാന പങ്കുവഹിക്കുയും ചെയ്തു മിഗ് 21. സർവീസിലെ മിഗിന്റെ 50 വർഷം 2013 ൽ എയർഫോഴ്സ് ആഘോഷിച്ചിരുന്നു. 

 

മിഗ്21 ബൈസൺ

 

മിഗ് 21 ന്റെ നവീകരിച്ച പതിപ്പാണ് ബൈസൺ. മികച്ച മൾട്ടി മോഡ് റെഡാർ, കൂടുതൽ മികച്ച എവിയോണിക്സ്, കമ്യൂണിക്കേഷൻ സിസ്റ്റം എന്നിവയാണ് മിഗ് 21 ബൈസണിൽ ഉപയോഗിക്കുന്നത്. ആർ 73 ഷോർട്ട് റേഞ്ച്, ആർ 77 മീഡിയം റേഞ്ച് ആന്റി എയർക്രാഫ്റ്റ് മിസൈലുകൾ, എയർ ടു സർഫസ് മിസൈലുകൾ, ബോംബുകള്‍ എന്നിവ വഹിക്കാൻ മിഗ് 21 ബൈസണിനാകും. മിറാഷ് 2000 പോലുള്ള അഡ്വാൻസ്ഡ് യുദ്ധ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഹെൽമെറ്റ് മൗണ്ടഡ് സൈറ്റ് മിഗ് 21 ലെ പൈലറ്റുമാർക്കുമുണ്ട്.

 

ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തുന്ന ശത്രുയുദ്ധവിമാനങ്ങളെയും നിരീക്ഷണ വിമാനങ്ങളെയും തുരത്താനാണ് വ്യോമസേന മിഗ് 21 ബൈസൺ ഉപയോഗിക്കുന്നത്. ഭാരക്കുറവുള്ള വിമാനമായതിനാൽ അതിവേഗം ശത്രുവിമാനങ്ങളെ ആക്രമിക്കാം. പെട്ടെന്നു ടേക്ക് ഓഫ് ചെയ്യാൻ സാധിക്കും എന്നതും മിഗ് 21 ന്റെ പ്രത്യേകതയാണ്.

 

ഒരു പൈലറ്റ് പറത്തുന്ന വിമാനമാണ് മിഗ് 21 ബൈസൺ. 14.3 മീറ്റർ നീളവും 7.154 മീറ്റർ വിങ്സ്പാനും 4 മീറ്റർ നീളവുമുണ്ട് ഈ വിമാനത്തിന്.12675 എൽബി ത്രസ്റ്റുള്ള എൻജിനാണ് ഉപയോഗിക്കുന്നത്. 8825 കിലോഗ്രാം ഭാരം വരെ വഹിച്ച് പറന്നുയരാനാകും. 2230 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാവുന്ന വിമാനത്തിന്റെ ഓപ്പറേഷണൽ റേഞ്ച് 1210 കിലോമീറ്ററാണ്. പരമാവധി 57400 അടി ഉയരത്തിൽ വരെ മിഗ് 21 ബൈസണിന് പറക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com