ADVERTISEMENT

അമേരിക്കയുമായുള്ള പുതിയ ആണവ ചർച്ചകൾക്ക് മുന്നോടിയായി കടലിൽ നിന്ന് പുതിയ അണ്വായുധ മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. മുങ്ങിക്കപ്പലിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ (എസ്‌എൽ‌ബി‌എം) പരീക്ഷണം വിജയകരമായിരുന്നു എന്നാണ് ഉത്തര കൊറിയൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

 

എന്നാൽ പരീക്ഷണത്തിനു സാക്ഷിയാകാൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ വിക്ഷേപണ സ്ഥലത്ത് എത്തിയില്ല. എന്നാൽ പരീക്ഷണം നടത്തിയ പ്രതിരോധ ശാസ്ത്രജ്ഞർക്ക് കിം ഊഷ്മളമായ അഭിനന്ദനങ്ങൾ അയച്ചതായും സ്റ്റേറ്റ് വാർത്താ ഏജൻസി കെസിഎൻഎ അറിയിച്ചു.

 

കിഴക്കൻ നഗരമായ വോൺസാനിലെ കടലിൽ പുക്ക്ഗുസോങ് -3 എന്ന പുതിയ തരം എസ്‌എൽ‌ബി‌എം വെർട്ടിക്കൽ മോഡിൽ പരീക്ഷിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ജപ്പാനിലെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിന് സമീപം ഒരു മുങ്ങിക്കപ്പൽ വിക്ഷേപിച്ചത് ബാലിസ്റ്റിക് മിസൈലാണെന്ന് നേരത്തെ തന്നെ ദക്ഷിണ കൊറിയയുടെ സൈന്യം തിരിച്ചറിഞ്ഞിരുന്നു.

 

എന്നാൽ ഈ പരീക്ഷണം അയൽ രാജ്യങ്ങളുടെ സുരക്ഷയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി അവകാശപ്പെട്ടു. എന്നാൽ യുഎൻ സുരക്ഷാ സമിതിയുടെ പ്രമേയങ്ങളുടെ ലംഘനമാണിതെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ ആരോപിച്ചു. ദക്ഷിണ കൊറിയയും ശക്തമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

 

ദക്ഷിണ കൊറിയൻ പ്രതിരോധമന്ത്രി ജിയോംഗ് ക്യോങ്-ഡു പറയുന്നത് ഈ മിസൈലിന് 1,300 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ്. ഈയാഴ്ച യുഎസുമായി ചർച്ച പുനരാരംഭിക്കാൻ പ്യോങ്‌യാങ് സമ്മതിച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബുധനാഴ്ച പരീക്ഷണമെന്നത് ശ്രദ്ധേയമാണ്.

 

ഉത്തര കൊറിയയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പലപ്പോഴും അതിർത്തികളും അതിർവരമ്പുകളും കടന്നുള്ള യുദ്ധ സമാന സാഹചര്യത്തിലേക്കു നീങ്ങാറുണ്ട്. അണ്വായുധങ്ങൾ നിർമിക്കുന്നതിലും പരീക്ഷിക്കുന്നതിലും ഉത്തര കൊറിയ സ്വയംപര്യാപ്തരാണെന്നു പലകുറി ലോകത്തിനു മുന്നിൽ തെളിയിച്ചുകളിഞ്ഞതാണ്. വരുംവരായ്കകൾ നോക്കാതെ അണ്വയുധങ്ങൾ പ്രയോഗിച്ചേക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ലോകരാജ്യങ്ങൾ ഉത്തര കൊറിയയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ ഏറ‌െ ഭയാനകവും ആശങ്കാജനകവുമായ യുദ്ധ സാങ്കേതികവിദ്യയുടെ വാർത്തകളാണ് അവിടെനിന്നു വരുന്നത്.

 

സമുദ്രത്തിനടിയിൽ നിന്നു പ്രയോഗിക്കാവുന്ന മിസൈലിന്റെ അറ്റത്ത് ആണവായുധ ശേഖരം ഘടിപ്പിക്കാവുന്ന സാങ്കേതികവിദ്യ ഉത്തര കൊറിയൻ സൈന്യം നേരത്തെ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. ദക്ഷിണ കൊറിയയ്ക്കു പുറമേ അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കും വലിയ ഭീഷണി സൃഷ്ടിക്കുന്നതാണ് പുതിയ വാർത്ത.

 

മിസൈലുകൾ പ്രയോഗിക്കാൻ ശേഷിയുള്ള അന്തർവാഹനികളെല്ലാം അത്യാധുനികമാണ്. റോമിയോ ഇനത്തിൽപ്പെട്ട അന്തർവാഹനിക്ക് 17.3 മൈൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. 251.3 അടിയാണു നീളം. ഇതു കാലങ്ങളായി ഉത്തര കൊറിയയ്ക്കുള്ളതാണ്. ഗോർ‌ എന്ന ഏറ്റവും പുതിയ അന്തർവാഹനിക്ക് 11.5 മൈൽ വേഗത്തിൽ സഞ്ചരിക്കാനാകും. ഇതിന് 219 അടി നീളമുണ്ട്. ഇതിൽനിന്നാണ് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com