ADVERTISEMENT

ദിവസങ്ങൾക്ക് മുൻപാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വീണ്ടും അണ്വായുധ ഭീഷണിയുമായി രംഗത്തെത്തിയത്. ഇന്ത്യക്കെതിരെ പാക്കിസ്ഥാന് അണ്വായുധം പ്രയോഗിക്കേണ്ടി വന്നാൽ അതിന്റെ ദുരന്തം ലോകം ഒന്നടങ്കം അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഇമ്രാൻ ഖാന്റെ ഭീഷണി. എന്നാൽ ഇത് സംബന്ധിച്ച് നടന്ന ശാസ്ത്രീയ ഗവേഷണ റിപ്പോർട്ട് തന്നെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും ആണവയുദ്ധം നടത്തിയാൽ ദിവസങ്ങൾക്കുള്ളിൽ 12.5 കോടി ജനങ്ങൾ വെന്തു മരിക്കുമെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ ശാസ്ത്രീയ പഠനത്തിൽ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ ആറുവർഷത്തിനിടയിൽ സംഭവിച്ച മരണസംഖ്യയേക്കാൾ കൂടുതലാണ് ഇത്.

 

അത്തരമൊരു യുദ്ധം ബോംബുകൾ ലക്ഷ്യമിടുന്ന സ്ഥലങ്ങളെ മാത്രമല്ല ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്തുമെന്നും റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്ര പ്രൊഫസറും എഴുത്തുകാരനുമായ അലൻ റോബോക്ക് പറഞ്ഞു. സ്ഫോടനങ്ങൾക്ക് ശേഷം ആഗോള കാലാവസ്ഥ മാറിമറിയും. ഭൂമിയിലുടനീളം കൃഷികൾ ഇല്ലാതാകും. വൻതോതിൽ പട്ടിണി മരണങ്ങൾ സംഭവിക്കും.

 

ഇത് മനുഷ്യന്റെ അനുഭവത്തിൽ യാതൊരു മാതൃകയുമില്ലാത്ത ഒരു യുദ്ധമാണെന്നും മറ്റൊരു എഴുത്തുകാരൻ ബ്രയാൻ ടൂൺ പറഞ്ഞു. കൊളറാഡോ-ബൗൾഡർ സർവകലാശാലയിലെ അന്തരീക്ഷ ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. ടൂൺ പതിറ്റാണ്ടുകളായി ന്യൂക്ലിയർ യുദ്ധ സാഹചര്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1980 കളിൽ ‘ന്യൂക്ലിയർ വിന്റർ’ എന്ന പദം ഉപയോഗിച്ച ടീമിന്റെ ഭാഗമായിരുന്നു ടൂൺ. യുഎസും റഷ്യയും തമ്മിലുള്ള ആണവയുദ്ധത്തെ തുടർന്നേക്കാവുന്ന കടുത്ത തണുപ്പിന്റെ കാലഘട്ടത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമായിരുന്നു അത്.

 

ശാസ്ത്രജ്ഞർ കംപ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ച് 2025 ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഭവിക്കാനിടയുള്ള ഒരു യുദ്ധത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. കശ്മീർ പ്രദേശത്ത് അവകാശവാദമുന്നയിക്കുകയും നിരവധി യുദ്ധങ്ങൾ നടത്തുകയും ചെയ്ത ഇരു രാജ്യങ്ങൾക്കും അപ്പോഴേക്കും 400 മുതൽ 500 വരെ അണ്വായുധങ്ങൾ സംഭരിക്കാൻ കഴിയും.

 

പൊട്ടിത്തെറിക്കുന്ന ഓരോ അണ്വായുധവും 7 ലക്ഷം പെരെ കൊല്ലുമെന്ന് പഠനത്തിൽ പറയുന്നത്. അണ്വായുധങ്ങൾ പൊട്ടിത്തെറിക്കുന്ന തീപിടുത്തത്തിൽ 36 ദശലക്ഷം ടൺ വരെ ചൂട് (കറുത്ത കാർബൺ) പുക പുറപ്പെടുവിക്കുമെന്നും അത് മുകളിലെ അന്തരീക്ഷത്തിലേക്ക് ഉയരുമെന്നും ആഴ്ചകൾക്കുള്ളിൽ ലോകമെമ്പാടും വ്യാപിക്കുമെന്നും ഗവേഷണം കണ്ടെത്തി.

 

ഇത് സൂര്യപ്രകാശത്തെ തടയും, ആഗോള ഉപരിതലത്തെ 9 ഡിഗ്രി വരെ തണുപ്പിക്കുകയും 30 ശതമാനം വരെ മഴ കുറയ്ക്കുകയും ചെയ്യും. ഇത് ലോകമെമ്പാടുമുള്ള ഭക്ഷ്യക്ഷാമത്തിനും വലിയ പട്ടിണിക്കും കാരണമാകും. അന്തരീക്ഷം തണുക്കുന്നതോടെ താപനില കുത്തനെ കുറയ്ക്കും. ഇത് ഭൂമിയിലെ ജീവികൾക്ക് വൻ ഭീഷണിയാകും. പിയർ റിവ്യൂഡ് ജേണൽ സയൻസ് അഡ്വാൻസിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

അനുബന്ധ എഡിറ്റോറിയലിൽ സയൻസ് അഡ്വാൻസിന്റെ ഡെപ്യൂട്ടി എഡിറ്റർ കിപ് ഹോഡ്ജസ് പറയുന്നത് ഇങ്ങനെ, ശീതയുദ്ധകാലത്ത് നിന്ന് വ്യത്യസ്തമായി, കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ അണ്വായുദ്ധം പ്രയോഗിക്കാൻ കഴിയൂ, ഒൻപത് രാജ്യങ്ങളിൽ മൊത്തം 14,000 അണ്വായുധ പോർമുനകളുണ്ട്.

 

ഇന്ത്യയെയും പാക്കിസ്ഥാനെയും സംബന്ധിച്ചിടത്തോളം ഈ അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാകുന്നത് ദക്ഷിണേഷ്യയെ - ലോകത്തിന്റെ മറ്റ് ഭാഗങ്ങൾക്കൊപ്പം അപകടത്തിലാക്കുന്നുവെന്ന് ഹോഡ്ജസ് പറഞ്ഞു. യുക്തിസഹമായ ഒരു സാഹചര്യത്തിലും അണ്വായുധങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. പക്ഷേ അത് ആകസ്മികമായി അല്ലെങ്കിൽ ഹാക്കിങ്ങിലൂടെ അല്ലെങ്കിൽ ലോക നേതാക്കളെ ഭീഷണിപ്പെടുത്തിയതിന്റെ ഫലമായി ഉപയോഗിക്കാമെന്നും റോബോക്ക് പറഞ്ഞു. ഇത് തടയാനുള്ള ഏക മാർഗം അവ ഇല്ലാതാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

പാക്കിസ്ഥാനും ഇന്ത്യയും ഈ പ്രബന്ധം ശ്രദ്ധിക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ, അണ്വായുദ്ധത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് അമേരിക്കക്കാരെ അറിയിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com