ADVERTISEMENT

അമേരിക്കയെ ഞെട്ടിച്ച ഭീകരാക്രമണമായിരുന്നു 9/11ലേത്. തുടര്‍ന്ന് ഭീകരര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്കക്ക് കഴിഞ്ഞ 18 വര്‍ഷത്തിനിടെ ഇതിനായി വലിയ വിലയാണ് നല്‍കേണ്ടി വന്നത്. വിവിധ രാജ്യങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളിലും യുദ്ധങ്ങളിലുമായി ചെലവായത് 6.4 ട്രില്യണ്‍ ഡോളറാണ് (ഏകദേശം 45.85 ലക്ഷം കോടി രൂപ). ഈ 'ഭീകര യുദ്ധങ്ങളില്‍' എട്ട് ലക്ഷത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.

 

2001 മുതല്‍ 2020 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ അമേരിക്കക്ക് ചെലവായ തുകയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബ്രൗണ്‍ സര്‍വ്വകലാശാലയാണ് അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധ ചെലവുകളെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് നവംബര്‍ 13ന് പുറത്തുവിട്ടത്. ഇതുപ്രകാരം യുദ്ധചിലവ് 5.4 ട്രില്യണ്‍ ഡോളറാണെങ്കില്‍ വരും വര്‍ഷങ്ങളിലേതുകൂടി  കണക്കാക്കിയാല്‍ ഈ യുദ്ധങ്ങളില്‍ പങ്കാളികളായ സൈനികര്‍ക്കുള്ള ചെലവിലേക്ക് ഒരു ട്രില്യന്‍ ഡോളര്‍ കൂടി അമേരിക്ക മാറ്റിവെക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് കണക്കുകൂട്ടുന്നു.

 

അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇറാഖ്, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും അമേരിക്ക ഭീകരതക്കെതിരായ യുദ്ധത്തിന്റെ പേരില്‍ അധിനിവേശവും ആക്രമണവും നടത്തിയത്. ഈ യുദ്ധങ്ങളില്‍ 7,70,000 മുതല്‍ 8,01,000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജിബൗട്ടി, എറിത്രിയ, ജോര്‍ദാന്‍, ഇതോപ്യ, കെനിയ, കിര്‍ഗിസ്ഥാന്‍, ഫിലിപ്പീന്‍സ്, ഗ്വാണ്ടാനാമോ ഉള്‍ക്കടല്‍ (ക്യൂബ), സുഡാന്‍, താജികിസ്ഥാന്‍, തുര്‍ക്കി, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങി പല രാജ്യങ്ങളിലും അമേരിക്ക നടത്തി ഇടപെടലുകള്‍ സംഘര്‍ഷങ്ങളിലും ജീവഹാനിയിലും കലാശിച്ചിട്ടുണ്ട്. 

 

കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് യുദ്ധ ചെലവ് 5.9 ട്രില്യണ്‍ ഡോളറും മരണം അഞ്ച് ലക്ഷത്തിലേറെയുമായിരുന്നു. പെന്റഗണിന്റെ ചിലവുകളുടെ കണക്ക് മാത്രമല്ല ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹോംലാൻഡ് വകുപ്പ് (1.05 ട്രില്യണ്‍), പ്രതിരോധ ബജറ്റിന് പുറമേയുള്ള ചെലവുകള്‍ (803 ബില്യണ്‍), അന്യരാജ്യങ്ങളിലെ ആക്രമണങ്ങള്‍ (100 ബില്യണ്‍ ഡോളര്‍) യുദ്ധചെലവിന് വാങ്ങിയ കടത്തിന്റെ തിരിച്ചടവ് (925 ബില്യണ്‍ ഡോളര്‍) USAID പോലുള്ള അമേരിക്കന്‍ സര്‍ക്കാരിന് കീഴിലുള്ള വകുപ്പുകളുടെ ചെലവ് (131 ബില്യണ്‍ ഡോളര്‍) വിമുക്ത ഭടന്മാരുടെ ആരോഗ്യ- പരിചരണ ചെലവ് ( ഇപ്പോള്‍ 437 ബില്യണ്‍ ഡോളര്‍ 2059 വരെ നോക്കിയാല്‍ 1 ട്രില്യണ്‍ ഡോളര്‍) എന്നിങ്ങനെ പോകുന്നു അമേരിക്കയുടെ കൈപൊള്ളിച്ച ഭീകരതക്കെതിരായ യുദ്ധത്തിന്റെ ചെലവുകള്‍.

 

ഈ കാലത്ത് ഇറാഖിലാണ് അമേരിക്കന്‍ ഇടപെടല്‍ മൂലം ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. 2003 മുതല്‍ ഇറാഖില്‍ അധിനിവേശം നടത്തിയ അമേരിക്ക ഇപ്പോഴും പൂര്‍ണ്ണമായും പിന്‍മാറിയിട്ടില്ല. അമേരിക്ക ലോകത്താകെ 3.12 ലക്ഷം മുതല്‍ 3.35 ലക്ഷം വരെ വിവിധ രാജ്യക്കാരുടെ മരണത്തിനിടയാക്കിയെങ്കില്‍ അതില്‍ ഭൂരിഭാഗവും ഉണ്ടായത് (1.84 ലക്ഷം-2.07 ലക്ഷം) ഇറാഖിലായിരുന്നു. 49591 സിറിയക്കാര്‍ക്കും 43074 അഫ്ഗാനികള്‍ക്കും അമേരിക്കന്‍ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായി. 

ഇക്കാലയളവില്‍ 7014 അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. കൂട്ടത്തില്‍ 7950 യുഎസ് കരാര്‍ സൈനികര്‍ക്കും സ്വന്തം ജീവന്‍ നഷ്ടപ്പെട്ടു. 2.54 ലക്ഷം മുതല്‍ 2.59 ലക്ഷം വരെ ശത്രുരാജ്യത്തെ സൈനികര്‍ക്കും ജീവഹാനിയുണ്ടായി. ഈ കണക്കില്‍ പലതും സാധാരണ ജനങ്ങളാണെന്ന ആരോപണവും അമേരിക്കക്കെതിരെ നിലവിലുണ്ട്. 

 

യുദ്ധത്തില്‍ നേരിട്ട് മരിക്കുന്നവരുടെ കണക്കുകളാണ് ഇതില്‍. അതേസമയം, യുദ്ധക്കെടുതിയിലെ മരണസംഖ്യ ഇപ്പോഴും പുറത്തുവന്നിട്ടില്ല. യുദ്ധത്തെ തുടര്‍ന്നുണ്ടാകുന്ന ക്ഷാമങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ജലജന്യ രോഗങ്ങളുടെ വ്യാപനവുമെല്ലാം കണക്കില്‍ പെടാത്ത മരണങ്ങളായി അവശേഷിക്കുന്നു. 2015ല്‍ ഇതേ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ 3.60 ലക്ഷം അഫ്ഗാനിസ്ഥാന്‍കാര്‍ക്ക് നേരിട്ട് യുദ്ധത്തിലല്ലാതെ ജീവന്‍ നഷ്ടമായെന്ന് പറഞ്ഞിരുന്നു. 

 

ഭീകരതക്കെതിരായ യുദ്ധത്തിന്റെ പേരില്‍ ആഗോളതലത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും അമേരിക്ക പൂര്‍ണ്ണമായും പിന്‍മാറിയാല്‍ പോലും അവരുടെ തലവേദന തീരില്ല. സൈനികരുടെ ചെലവിന്റെയും യുദ്ധത്തിനായി എടുത്ത കടങ്ങളുടെ തിരിച്ചടവിന്റെ പേരിലും അമേരിക്കക്ക് ചെലവേറെ വരും. സെപ്റ്റംബര്‍ 11ന്റെ ഭീകരാക്രമണം തിരിച്ചുപോക്കില്ലാത്തവിധം അമേരിക്കയെ കൂടുതല്‍ യുദ്ധമേഖലകളിലേക്ക് എത്തിക്കുകയാണ് ചെയ്തതെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com