ADVERTISEMENT

ഇറാനിലെ ഉന്നത സൈനിക മേധാവിയായ സുലൈമാനിയെ വധിച്ചതിന്റെ പശ്ചാത്തലത്തിൽ അമേരിക്ക പ്രദേശത്തെ സൈനിക നീക്കം സജീവമാക്കി. യുഎസ് വ്യോമസേന ഇന്ത്യൻ മഹാസമുദ്രത്തിലെ രഹസ്യ സൈനിക ഔട്ട്‌പോസ്റ്റായ ഡീഗോ ഗാർസിയയിൽ ആറ് ബി -52 സ്ട്രാറ്റോഫോർട്രസ് ലോങ് റേഞ്ച് ബോംബറുകളാണ് വിന്യസിക്കുന്നത്.

 

ഉത്തരവിട്ടാൽ ഇറാനെതിരായ നീക്കങ്ങൾക്ക് ബോംബറുകൾ ലഭ്യമാക്കുമെന്നാണ് യുഎസ് സൈനിക വക്താവ് പറഞ്ഞത്. ലൂസിയാനയിലെ ബാർക്‌സ്‌ഡേൽ വ്യോമസേനാ താവളത്തിൽ നിന്ന് കുറഞ്ഞത് രണ്ട് ബോംബറുകളെങ്കിലും പുറപ്പെട്ടുവെന്ന് വ്യോമയാന നിരീക്ഷകർ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ആറ് ബോംബറുകൾക്ക് പുറമെ 4,000 സൈനികരെ ഈ മേഖലയിലേക്ക് വിന്യസിക്കാൻ യുഎസ് നീക്കം നടത്തുന്നുണ്ട്.

തിങ്കളാഴ്ചത്തെ ബി -52 വിന്യാസത്തിന് പുറമെ കഴിഞ്ഞ മെയ് മാസത്തിൽ ഖത്തറിലെ അൽ ഉയിദ് എയർ ബേസിലേക്ക് നാല് ദീർഘദൂര ഹെവി ബോംബറുകളും അയച്ചിരുന്നു.

 

ഡീഗോ ഗാർഷ്യ ദ്വീപ് അമേരിക്കയുടെ ‘യുദ്ധ ലോഞ്ച് പാഡ്’

 

സൈനികശക്തികളെപ്പറ്റിയും അധിനിവേശ ചരിത്രങ്ങളെപ്പറ്റിയും അറിയാൻ ആഗ്രഹിക്കുകയും വായിക്കുകയും ചെയ്യുന്നവരിൽ താൽപര്യമുളവാക്കുന്ന നാമമാണ് ഡീഗോ ഗാർഷ്യ എന്ന ദ്വീപിന്റേത്. ബ്രിട്ടന്റെ ഉടമസ്ഥതയിൽ ആണെങ്കിലും അമേരിക്കയുടെ നടത്തിപ്പിൻ കീഴിലുള്ള ഒരു ദ്വീപാണ് ഡീഗോ ഗാർഷ്യ. എന്നാൽ അതുള്ളതോ, നമ്മുടെ മൂക്കിനുകീഴെയും. ഇന്ത്യൻ മഹാസമുദ്രത്തിൽ മാലിദ്വീപിനു സമീപത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. യുഎസ്സിന് അവിടെ വ്യോമ-നാവിക കേന്ദ്രങ്ങളുള്ളതിനാൽ  ഇറാൻ ഉൾപ്പടെയുള്ള രാജ്യങ്ങളെ സൈനികശക്തി കാട്ടി വരുതിയിൽ നിർത്താനുള്ള അമേരിക്കയുടെ ഉപായങ്ങളിലൊന്നാണ് ഡീഗോ ഗാർഷ്യ എന്ന് പറയുന്നതിൽ തെറ്റില്ല. ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പൽ ഗതാഗതം, കടൽക്കൊള്ളക്കാരെ അമർച്ച ചെയ്യൽ, എണ്ണവ്യാപാരം തുടങ്ങി എന്തിലും അമേരിക്കക്ക് സ്വാധീനം ചെലുത്താൻ ഡീഗോ ഗാർഷ്യ മൂലം സാധ്യമാണ്.

 

മാലിദ്വീപിനു തെക്കുമാറി ഷാഗോസ് ദ്വീപു സമൂഹത്തിലെ ഒരംഗമാണ് ഡീഗോ ഗാർഷ്യ. ആകെ മുപ്പതു ചതുരശ്ര കിലോമീറ്റർ വിസ്തൃതി. എ. ഡി. 1512-ൽ യൂറോപ്യന്മാർ ഇവിടെ വരുംമുൻപേ ഈ ചെറുദ്വീപിൽ മനുഷ്യവാസം ഉണ്ടായിരുന്നില്ല എന്നുള്ളതാണ് ചരിത്രം പറയുന്നത്. എങ്കിലും, ഈ ദ്വീപ്‌ ചുറ്റുമുള്ള മനുഷ്യ ലോകത്തിന് അജ്ഞാതമായിരുന്നില്ല എന്നാണ് അനുമാനം. കച്ചവടക്കാരായ അറബ് നാവികർ എ.ഡി. 900-ൽ ത്തന്നെ ഈ ദ്വീപിൽ സന്ദർശനം നടത്തിയിരിക്കാമെന്ന് അനുമാനിക്കുന്നു. ഈ ദ്വീപിനടുത്തുള്ള പ്രധാനരാജ്യം മാലിദ്വീപ് ആണ്. മത്സ്യബന്ധനമാണവിടത്തെ മുഖ്യമായ ഉപജീവനമാർഗം. മാലിദ്വീപുകാരായ മീൻപിടുത്തക്കാർ കടലിൽ വഴി തെറ്റി ഇവിടെ എത്തപ്പെടാറുണ്ടായിരുന്നുവെന്നും, അവിടെ അങ്ങനെ ഒറ്റപ്പെടുന്നവരെ സമീപത്തുകൂടി പോകുന്ന കപ്പലുകൾ രക്ഷിക്കുമായിരുന്നുവെന്നും മാലി ദ്വീപുകാരുടെ നാടൻകഥകളിൽ പറയുന്നു. എങ്കിലും ഈ ദ്വീപിനെ ആധുനുക ലോകത്തിന് പരിചയപ്പെടുത്തിയവർ എന്ന് സ്വയം ക്രെഡിറ്റ് ഏറ്റെടുത്തിരിക്കുന്നവർ പോർച്ചുഗീസ് നാവികരാണ്. ഡീഗോ ഗാർഷ്യ എന്ന നാമകരണത്തിലും പോർച്ചുഗീസ് പങ്കുണ്ട്.

 

പ്രത്യേകിച്ച് ആൾത്താമസം ഉണ്ടായിരുന്നില്ല എങ്കിലും ദ്വീപിനെ മൗറീഷ്യസിന്റെ ഭാഗമായാണ് കരുതപ്പെട്ടിരുന്നത്. മൗറീഷ്യസ് ഫ്രഞ്ച് ഭരണത്തിലായിരുന്ന പതിനെട്ടാം നൂറ്റാണ്ടിൽ, തേങ്ങാ ശേഖരിക്കാനും മീൻപിടുത്തത്തിനുമായി ഫ്രഞ്ചുകാർ ഇടയ്ക്കിടെ ദ്വീപ്‌ സന്ദർശിച്ചിരുന്നതിന് തെളിവുകളുണ്ട്. അവിടെ അവർ കുറെ വീടുകളും വച്ചിരുന്നു. 1786-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അറ്റ്ലസ് എന്ന കപ്പൽ തകർന്നപ്പോൾ ഈ ദ്വീപിൽ കപ്പലിലെ യാത്രക്കാരായിരുന്ന ഇരുനൂറ്റി എഴുപത്തഞ്ചോളം ബ്രിട്ടീഷ് നാവികർ ദ്വീപിൽ എത്തുകയും കുറെനാൾ അവിടെ താമസിക്കുകയും ചെയ്തു. അവർ ദ്വീപുവിട്ട ശേഷം പിന്നീട് മൗറീഷ്യസ് ഈ ദ്വീപിനെ ഉപയോഗിച്ചത് കുഷ്ഠരോഗികളെ ഉപേക്ഷിക്കുന്നതിനായിട്ടായിരുന്നു. 1793 ആയപ്പോഴേക്കും ഫ്രഞ്ചുകാർ പല നാട്ടുകാരായ അടിമകളെ ഉപയോഗിച്ച് അവിടെ തെങ്ങിൻതോപ്പുകൾ ഉണ്ടാക്കുകയും തെങ്ങിന്റെയും തേങ്ങയുടെയും ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും കയറ്റിയയയ്ക്കുകയും ചെയ്തുപോന്നു.

 

ആയതോടെ ഡീഗോ ഗാർഷ്യ ദ്വീപിന്റെ ഉടമസ്ഥാവകാശം ബ്രിട്ടീഷുകാർക്കായി. നെപ്പോളിയനുമായുള്ള യുദ്ധങ്ങൾക്കുശേഷം നിലവിൽവന്ന പാരീസ് ഉടമ്പടിയാണ് ഇതിലേക്ക് വഴിവച്ചത്. മൗറീഷ്യസ് എന്ന ഫ്രഞ്ച് കോളനി ബ്രിട്ടീഷ് കോളനിയായി മാറിയതാണ് കാരണം. 1881 മുതൽ 1888 വരെ ഡീഗോ ഗാർഷ്യ ആവി എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കപ്പലുകളുടെ കൽക്കരി സ്റ്റേഷൻ ആയി വർത്തിച്ചു.

 

ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയമാറ്റങ്ങൾ ദ്വീപിലെ പ്രവർത്തനങ്ങളിലും മാറ്റങ്ങളുണ്ടാക്കി. ബ്രിട്ടീഷുകാർ ദ്വീപ്‌ അക്കാലത്ത് സൈനികാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങി. 1942-ൽ ബ്രിട്ടീഷുകാർ അവിടെ പറക്കാനും നുക പോലെ സഞ്ചരിക്കാനുമാകുന്ന ഫ്ലൈയിംഗ് ബോട്ടുകൾ എന്നറിയപ്പെടുന്ന വിമാനങ്ങളെ വിന്യസിച്ചു. കറ്റലിന എന്നും സന്ദർലാൻഡ് എന്നും ആയിരുന്നു അവയുടെ പേരുകൾ. രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാന്റെയും ജർമ്മനിയുടെയും മുങ്ങിക്കപ്പലുകളെ കണ്ടെത്തുക എന്നുള്ളതായിരുന്നു ഇവയുടെ ദൗത്യം. പ്രശസ്തമായ ജർമ്മൻ യുദ്ധക്കപ്പൽ എംഡൻ ഈ ദ്വീപിനടുത്ത് എത്തിയിരുന്നുവെന്നുള്ളത് ഇതിന്റെ ചരിത്രത്തിന്റെ ഭാഗം.

 

ആ ഡീഗോ ഗാർഷ്യ ഇന്നിപ്പോൾ ഒരു അമേരിക്കാൻ സൈനിക കേന്ദ്രമാണ്. അറുപതുകളുടെ തുടക്കത്തിൽ, ബ്രിട്ടൻ തങ്ങളുടെ സൈനികപരമായ പ്രവർത്തനങ്ങൾ ഡീഗോ ഗാർഷ്യയിൽ മരവിപ്പിക്കാൻ തീരുമാനിച്ചു. പക്ഷേ, അവർ അവിടെ ഒരു നാവിക വാർത്താവിനിമയ കേന്ദ്രം തുടങ്ങാൻ അമേരിക്കക്ക് അനുമതി നൽകി. ഇതിനായുള്ള കരാറുകൾ പൂർണമാകാനായി ബ്രിട്ടൻ അവരുടെ തന്നെ നിയന്ത്രണത്തിൽ ആയിരുന്നു എങ്കിൽപ്പോലും മൗറീഷ്യസ് ഭരണം കൈയ്യാളിയിരുന്ന സ്വയംഭരണ സമിതിയിൽനിന്നും ഡീഗോ ഗാർഷ്യ മുപ്പതുലക്ഷം പൗണ്ടിന് വിലയ്ക്കു വാങ്ങി. അതേത്തുടർന്ന് ഒപ്പുവച്ച ഒരു കരാറിലൂടെ അടുത്ത അൻപതു വർഷത്തേയ്ക്ക്, അതായത്, 2016 ഡിസംബർ വരെ, അമേരിക്കയ്ക്ക് അവിടെ സൈനികപ്രവർത്തനങ്ങൾ നടത്താനുള്ള കേന്ദ്രം പ്രവർത്തിപ്പിക്കാൻ ബ്രിട്ടൻ അനുമതി നൽകി. മാത്രവുമല്ല, വേണമെങ്കിൽ ഈ കാലാവധി വീണ്ടും ഇരുപത് വർഷം ദീർഘിപ്പിക്കാനും അതിൽ വ്യവസ്ഥ ചെയ്തിരുന്നു. അതായത്, കാലാവധി നീട്ടിയാൽ, അമേരിക്കയ്ക്ക് 2036 വരെ ഡീഗോ ഗാർഷ്യ സൈനികപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാം.

 

അമേരിക്കയ്ക്ക് ഇതിനായുള്ള സൗകര്യങ്ങൾ ബ്രിട്ടൻ ചെയ്തുകൊടുത്തത് നാണം കേട്ട കളികളിലൂടെയാണെന്നും ആക്ഷേപമുണ്ട്. കാരണം, ഫ്രഞ്ച് കോളനി കാലഘട്ടത്തിൽ അടിമകളായി അവിടെയെത്തിച്ച ഇന്ത്യൻ-ആഫ്രിക്കൻ വിഭാഗങ്ങളുടെ പിന്മുറക്കാർ. ചാഗോസിയൻസ് എന്ന പേരിൽ അറിയപ്പെടുന്നവർ ഏതാണ്ട് രണ്ടായിരം പേർ അവിടെ ശേഷിച്ചവരെ ബലമായി അവിടെ നിന്നും ഒഴിപ്പിച്ചിട്ടാണ് ബ്രിട്ടൻ അമേരിക്കയ്ക്ക് ഡീഗോ ഗാർഷ്യയിലെ ബേസ് കൈമാറിയത്. ഇത് വിവാദമാകുകയും, തങ്ങൾ ജനിച്ചു വളർന്ന ദ്വീപിനെ ഉപേക്ഷിക്കാൻ മടി കാണിച്ച ചാഗോസിയാൻമാർ ഇതിനെതിരായി രാജ്യാന്തര തലത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോയി എങ്കിലും അതിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ ഡീഗോ ഗാർഷ്യയിൽ 2000 തൊട്ട് 5000 വരെ പാശ്ചാത്യസൈനികർ ആണുള്ളത്.

 

ഡീഗോ ഗാർഷ്യയുടെ നിയന്ത്രണം കയ്യിലായതോടെ, അമേരിക്കക്കുണ്ടായ നേട്ടം, ദക്ഷിണേഷ്യയിലെ സൈനികവും നയതന്ത്രപരവുമായ കാര്യങ്ങളിൽ മേൽക്കൈ വന്നു എന്നുള്ളതാണ്. ഭൂഗോളത്തിൽ അമേരിക്കയുടെ മറു വശത്തുള്ള പ്രദേശത്ത്, അവർക്ക് നേരിട്ട് നിയന്ത്രണമുള്ള ഒരു സൈനിക കേന്ദ്രം. അവിടെ അതിശക്തമായ നാവികപ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ. അതാകട്ടെ തന്ത്രപ്രധാനമായ ഒരിടത്തും.

 

ഓർക്കണം, ഇന്ത്യൻ മഹാസമുദ്രം ലോകത്ത് ഏറ്റവും അധികം വ്യോമ-നാവിക ഗതാഗതങ്ങൾ നടക്കുന്ന സ്ഥലമാണ്. ഹോർമുസ് മുനമ്പ് ഭാഗത്തുനിന്നുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാരപഥത്തോട് തൊട്ടടുത്താണ് ഡീഗോ ഗാർഷ്യ. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ഗൾഫ് മേഖല, ഇറാൻ, പാക്കിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മാർ തിടങ്ങിയ രാജ്യങ്ങൾ, തായ്‌ലൻഡ്, സിംഗപ്പൂർ മലേഷ്യ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങൾ തുടങ്ങി ചൈന ഉൾപ്പെടെ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങൾക്കും അവരുടെ വ്യവസായപരവും സൈനികവുമായ വിനിമയങ്ങൾ കടൽ വഴി സാധ്യമാകുന്ന മേഖലയാണ് ഇന്ത്യൻ മഹാസമുദ്രം. പ്രാദേശികമായ പ്രത്യേകതകളാൽ ഇന്ത്യക്കാണ് ഇവിടെ മേൽക്കൈ ഉള്ളതെങ്കിലും ഇക്കാര്യത്തിൽ ചൈനയും ഡീഗോ ഗാർഷ്യയിലെ സൈനിക സാന്നിധ്യത്താൽ അമേരിക്കയും ഇന്ത്യയുടെ പ്രതിയോഗികളാണ്.

 

മാത്രവുമല്ല, ഇറാഖ്, അഫ്ഘാൻ യുദ്ധകാലങ്ങളിൽ ആ രാജ്യങ്ങളിലേക്ക് ആക്രമണം നടത്താനുള്ള ലോഞ്ച് പാഡ് ആയി അമേരിക്ക ദ്വീപിനെ ഉപയോഗിച്ചിട്ടുമുണ്ട്. അവിടെ മിസൈലുകൾ അടക്കമുള്ള സൈനിക വിന്യാസങ്ങളും പോർ വിമാനങ്ങൾ ഇറങ്ങാനുള്ള വിമാനത്താവളവും പോർക്കപ്പലുകൾ അടുക്കാനുള്ള സൗകര്യങ്ങളുമുണ്ട്. എല്ലാം കൊണ്ടും അമേരിക്കക്ക് ശത്രുതയുള്ള ഏതെങ്കിലും രാജ്യം ദക്ഷിണേഷ്യയിലുണ്ടെങ്കിൽ അതിനെ ആക്രമിക്കാൻ അമേരിക്കക്ക് ഏറ്റവും വലിയ സൗകര്യം ഡീഗോ ഗാർഷ്യ കൈവശം ഉണ്ടെന്നുള്ളതാണ്. ദക്ഷിണ മഹാസമുദ്രത്തിൽ ആകമാനം നോട്ടം ചെല്ലുകയും വേണ്ടി വന്നാൽ പോർക്കപ്പലുകളെ അയച്ച് നടപടികൾ അവിടെ കൈക്കൊള്ളുകയും ചെയ്യേണ്ട സ്വാഭാവികമായ തയ്യാറെടുപ്പമുള്ള കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിന് ഡീഗോ ഗാർഷ്യ ഒരു പരിധിവരെ തലവേദനയാണ്. ദക്ഷിണ സമുദ്രത്തിലെ നിയന്ത്രണത്തിൽ ഇന്ത്യയോടു മത്സരിക്കുന്ന ചൈനയ്ക്കും ഡീഗോ ഗാർഷ്യ അങ്ങനെതന്നെ. ഇക്കാരണങ്ങളാൽ ഇന്ത്യ വളരെ കരുതിയാണ് ഇടപെടുന്നതും. മാലിദ്വീപിലെ രാഷ്ട്രീയത്തിൽ എന്നും ഇന്ത്യക്ക് താൽപര്യമുള്ളതിനും അവിടെ നമ്മുടെ സൈനികസാന്നിധ്യം രഹസ്യമായെങ്കിലും തുടരുന്നതിനും ഡീഗോ ഗാർഷ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യം ഒരു കാരണമാണ്. മാലദ്വീപ് കഴിഞ്ഞാൽ വടക്കൻ ദിശയിൽ ഡീഗോ ഗാർഷ്യക്ക് ഏറ്റവും അടുത്തുള്ള രാജ്യം ആണ് ഇന്ത്യ. അതിലെ ഏറ്റവും അടുത്തു കിടക്കുന്ന പ്രദേശങ്ങൾ ആകട്ടെ കന്യാകുമാരിയും തിരുവനന്തപുരവും.

 

2036 കഴിഞ്ഞാൽ, ഡീഗോ ഗാർഷ്യയിൽ അമേരിക്കക്ക് തുടരാനാകുമോ എന്നുറപ്പില്ല. മാത്രവുമല്ല, ആഗോളതാപനം മൂലം അന്റാർട്ടിക്കയിൽ മഞ്ഞുരുകി കടൽ നിരപ്പ് വർധിക്കുന്നത് ഡീഗോ ഗാർഷ്യ മുങ്ങിപ്പോക്കാനും സാധ്യതയുണ്ടാക്കുന്നു. ഇതിനാൽ അമേരിക്കയ്ക്ക് ദക്ഷിണേഷ്യയിൽ മറ്റൊരു വ്യോമകേന്ദ്രമോ നാവികകേന്ദ്രമോ നോക്കേണ്ട ആവശ്യകതയുണ്ടാക്കിയിട്ടുണ്ട്. ഇതിനായി തായ്‌ലൻഡും സിംഗപ്പൂരും പോലുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സ്ഥലങ്ങളും ദക്ഷിണ ഭാരതത്തിലെ ചില ഇടങ്ങളും അമേരിക്ക പരിഗണിക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. വിവാദമായ ആറന്മുളയിലെ നിർമ്മിക്കാനൊരുങ്ങിയ വിമാനത്താവളവും അമേരിക്കയുടെ ഈ ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് ആരോപണമുണ്ട്.

 

ഡീഗോ ഗാർഷ്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് പുറം ലോകത്തിനു അറിയില്ല. പുറത്തുനിന്നുള്ള റഡാറുകളിലൊന്നും ഡീഗോ ഗാർഷ്യ കുടങ്ങില്ല. കാരണം എല്ലാം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അത്യാധുനിക പരീക്ഷണങ്ങളെല്ലാം നടക്കുന്നത് ഇവിടെയാണ്. ആൾതാമസമുള്ള സ്ഥലത്ത് ചെയ്യാൻ ഭീതിയുള്ള എല്ലാ രഹസ്യ പരീക്ഷണങ്ങളും ഇവിടെ നടക്കുന്നുണ്ട്. അതേസമയം, അമേരിക്കയുടെ ഏറ്റവും വലിയ തടവറയും ഈ ദ്വീപാണെന്ന് ആരോപണമുണ്ട്. വിവിധ രാജ്യങ്ങളിലെ ഗവേഷകരും കുറ്റവാളികളും ഇവിടെ തടവറയിലുണ്ടെന്നാണ് ചിലർ ആരോപിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com